പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ അതിഗംഭീര സംഘട്ടന രംഗങ്ങളുമായി 'ഇടിയന്‍ ചന്തു'വിന്റെ ഇടിവെട്ട് ടീസര്‍ പുറത്തിറങ്ങി. ആക്ഷനോടൊപ്പം നര്‍മ്മവും വൈകാരിക ജീവിത മുഹൂര്‍ത്തങ്ങളുമായി എത്തുന്ന സിനിമയുടെ റിലീസ് ജൂലൈ 19-നാണ്.
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കി ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഇടിയന്‍ ചന്തു.' ചന്തു എന്ന കഥാപാത്രമായാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രത്തിലെത്തുന്നത്. കലഹപ്രിയനായ ചന്തു, പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി പൊലീസുകാരനായ അച്ഛന്റെ ജോലി വാങ്ങാനായി ശ്രമിക്കുന്നതും, തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 'ദി സ്റ്റുഡന്റ്‌സ് വാര്‍' എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.
സലിംകുമാര്‍, മകന്‍ ചന്തു സലിംകുമാര്‍ എന്നിവര്‍ ഒരുമിച്ചെത്തുന്ന ചിത്രത്തില്‍ ജോണി ആന്റണി, ലെന, കിച്ചു ടെല്ലസ്, രമേശ് പിഷാരടി, ലാലു അലക്‌സ്, ഐ.എം.വിജയന്‍, ബിജു സോപാനം, ശ്രീജിത്ത് രവി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്.
ഹാപ്പി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബൈര്‍, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇടിയന്‍ ചന്തു നിര്‍മ്മിക്കുന്നത്. വിഘ്നേഷ് വാസു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വി. സാജനാണ്. പശ്ചാത്തല സംഗീതം ദീപക് ദേവ്, സംഗീതം അരവിന്ദ് ആര്‍ വാര്യര്‍, മിന്‍ഷാദ് സാറ എന്നിവര്‍ നിര്‍വഹിക്കുന്നു.