സിനിമയില്‍ പുതിയ തലമുറയുടെ തള്ളിക്കയറ്റത്തില്‍, കാലാനുസൃതം സ്വയം പുതുക്കാത്ത കലാകാരന്മാര്‍, സംവിധായകരായാലും, എഴുത്തുകാരായാലും പിന്തള്ളപ്പെട്ടുപോകാറുണ്ട്. എന്നാല്‍, തിങ്കളാഴ്ച അന്തരിച്ച സംവിധായകന്‍ ഹരികുമാര്‍ അങ്ങനെയല്ലായിരുന്നു. എപ്പോഴും താന്‍ സിനിമയെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. സിനിമ ജനങ്ങള്‍ കാണുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ പടമെടുക്കുന്നതെന്ന് 2022 ല്‍ തന്റെ ഒടുവിലത്തെ ചിത്രമായ 'ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ' റിലീസ് ചെയ്യുന്ന സമയത്തും അദ്ദേഹം പറഞ്ഞു.
മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെ: 'ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള പുതിയ സിനിമ കാണുന്ന ആള്‍ ആണ് ഞാന്‍.നല്ല സിനിമ കാണുക എന്ന ലക്ഷ്യത്തോടെ ആണ് പല ജൂറികളിലും അംഗമാകുന്നത്.ഇപ്പോഴും ഞാന്‍ സിനിമയെക്കുറിച്ചു പഠിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ സംവിധാന രംഗത്തു വന്ന കാലത്തെ സിനിമ അല്ല ഇന്ന് ഉള്ളത്.നിര്‍മ്മാണ രീതിയും സാങ്കേതിക വിദ്യയും മാറി.കഥ പറയുന്ന രീതിയും അഭിനയ ശൈലിയും മാറി. ഞാന്‍ 'ആമ്പല്‍പൂവ്','ഒരു സ്വകാര്യം' ഒക്കെ എടുക്കുന്ന കാലത്തെക്കാള്‍ കാര്യമായ മാറ്റം 'സുകൃതം' എടുക്കുമ്പോള്‍ ഉണ്ടായിരുന്നു.'സുകൃത'ത്തിന്റെ കാലത്തു നിന്ന് ഇപ്പോള്‍ വലിയ മാറ്റങ്ങള്‍ വന്നു.സംവിധായകന്‍ ജോഷിയെ പോലുള്ളവര്‍ കാലാനുസൃതമായി മാറി. അദ്ദേഹം പുതിയ അവതരണ ശൈലിയിലാണ് പടം ചെയ്യുന്നത്.''
സിനിമയില്‍ ഫിലിം ഇല്ലായതിനെ കുറിച്ചും ഡിജിറ്റല്‍ വന്നപ്പോള്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും എല്ലാം അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ പങ്കിട്ടിരുന്നു. സ്പോട്ട് ഡബ്ബിങ് ചെയ്യുമ്പോള്‍ സംഭാഷണങ്ങള്‍ വളരെ സ്വാഭാവികമായി തോന്നുമെങ്കിലും, കൂടുതല്‍ സമയം എടുക്കുമെന്നതില്‍ അദ്ദേഹം അസൗകര്യം കണ്ടു. 'ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ' പഴയ രീതിയിലുള്ള ഡബ്ബിങ് ഉപയോഗിച്ച് 40 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കാരവന്‍ സംസ്‌കാരം വന്നതിന്റെ ദോഷങ്ങളെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. കാരവന്‍, സിനിമാ സെറ്റില്‍ കലാകാരന്മാര്‍ക്ക് വലിയ സൗകര്യമാണെങ്കിലും, അത് പഴയകാലത്തെ സൗഹൃദ കൂട്ടായ്മ ഇല്ലാതാക്കി എന്നായിരുന്നു ഹരികുമാറിന്റെ വിമര്‍ശനം.
'കാരവന്‍ വന്നതോടെ പലര്‍ക്കും രഹസ്യമായി ലഹരി ഉപയോഗിക്കാം. കാരവന്‍ സംസ്‌കാരം വന്നപ്പോള്‍ ചിത്രീകരണ സമയത്തെ രസകരമായ സൗഹൃദ കൂട്ടായ്മ ഇല്ലാതായി. എന്റെ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടി,നെടുമുടി,ജഗതി എന്നിവര്‍ മാറിയിരുന്നു തമാശ പറയുകയും ലോകത്തുള്ള സകല കാര്യങ്ങളും സംസാരിക്കുകയും ചെയ്തിരുന്നു. ഇന്നിപ്പോള്‍ ഓരോരുത്തര്‍ക്കും പ്രത്യേകം കാരവന്‍ ആണ്. ചിത്രീകരണം കഴിഞ്ഞാല്‍ ഉടന്‍ എല്ലാവരും കാരവനിലെക്ക് പോകുന്നു.''-ഹരികുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.
മടിയനായ ഓട്ടോ റിക്ഷക്കാരന്റെ ജീവിതത്തിലേക്ക് അയാളുട സ്വഭാവത്തെക്കുറിച്ച് അറിയാതെ കടന്നു വരുന്ന ഭാര്യയും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ എന്ന ഹരികുമാറിന്റെ ഒടുവിലത്തെ ചിത്രത്തിന്റെ പ്രമേയം. എം മുകുന്ദന്റെ നാടായ മാഹിയിലായിരുന്നു ഷൂട്ടിങ്. മുകുന്ദന്‍ മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തിട്ടുണ്ട്.
സുകൃതം, ഉദ്യാനപാലകന്‍, സ്വയംവരപന്തല്‍, എഴുന്നള്ളത്ത് എന്നിവ ഹരികുമാറിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. നാല് പതിറ്റാണ്ടോളം സിനിമാ രംഗത്ത് സജീവമായിരുന്ന ഹരികുമാര്‍ 18 ഓളം സിനിമകള്‍ സംവിധാനം ചെയ്തു.
1981ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ് ആദ്യചിത്രം. സുകുമാരി, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 1994-ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം.മമ്മൂട്ടി, ഗൗതമി എന്നിവര്‍ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പൂരസ്‌കാരം നേടുകയും ചെയ്തു. ലോഹിതദാസിന്റെ തിരക്കഥയില്‍ ഉദ്യാനപാലകനും സംവിധാനം ചെയ്തിട്ടുണ്ട്.
സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, സ്വയംവരപന്തല്‍, ഉദ്യാനപാലകന്‍, സുകൃതം, എഴുന്നള്ളത്ത്, ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്‌നേഹപൂര്‍വം മീര. ആമ്പല്‍ പൂവ്, ക്ലിന്റ്, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. സുരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.