ഒരിക്കല്‍ ഏറെ കാണാന്‍ ആഗ്രഹിച്ചവരെയും ഉറ്റവരെയും ഓര്‍ത്തെടുക്കാന്‍ കഴിയാതെ വേദനിപ്പിക്കുന്ന ഓര്‍മകളൊന്നും അലോസരപ്പെടുത്താതെയായിരുന്നു ടി.പി. മാധവന്റെ അവസാന കാല ജീവിതം.സിനിമയുടെ മായികലോകത്തോട് മടുപ്പ് തോന്നിയ ശേഷം ആശ്രമജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയതായിരുന്നു ടി.പി. മാധവന്‍. എന്നാല്‍ അവിടെ മുതല്‍ ജീവിതം അദ്ദേഹത്തിന് കാത്തുവച്ചത് മറ്റൊരു മുഖമായിരുന്നു. ഹരിദ്വാറില്‍ വച്ച് പക്ഷാഘാതം സംഭവിക്കുകയും ഹരിദ്വാറിലെ സന്ന്യാസിമാരും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സിക്കുകയും ഏകദേശം നടക്കാമെന്നായപ്പോള്‍ അവര്‍ ചേര്‍ന്ന് തിരികെ നാട്ടിലേക്ക് അയയ്ക്കുകയുമായിരുന്നു.
തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ ദുരിതപൂര്‍ണ്ണമായ ജീവിതം നയിച്ചുവന്ന അദ്ദേഹം ഒടുവില്‍ 2016 ഫെബ്രുവരി 28 ന് ഗാന്ധിഭവനിലേക്ക് എത്തുകയായിരുന്നു. വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോള്‍ മാത്രം എല്ലാവരാലും ഓര്‍ക്കപ്പെടുകയും അതിന് ശേഷം വിസ്മൃതിയിലേക്ക് ആണ്ടുപോവുകയും ചെയ്യുന്നതാണ് സിനിമാ ജീവിതമെന്നതിന്റെ നേര്‍സാക്ഷ്യമാണ് ടി പി മാധവന്റെ ജീവിതം. 600ലേറെ സിനിമകളിലും ടെലിസീരിയലുകളിലും അഭിനയിച്ച് മലയാളി മനസ്സില്‍ ചിരപ്രതിഷ്്ഠ നേടിയ നടനാണ് അവസാനകാലത്ത് ഉറ്റവരോ ആരാധകവൃന്ദങ്ങളോ ഇല്ലാതെ വിടപറയുന്നത്. മധു കൈപിടിച്ചുയര്‍ത്തിയ പ്രതിഭ...സിനിമാ മോഹം കലശലായപ്പോള്‍ കുടുംബത്തില്‍ നിന്നും അകന്നു.
പ്രശസ്ത അധ്യാപകന്‍ പ്രഫ. എന്‍.പി പിള്ളയുടെ മകനാണ് ടി.പി മാധവന്‍. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ മാധവന്‍ സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം മുംബൈയിലും കൊല്‍ക്കത്തയിലും മറ്റും പരസ്യ ഏജന്‍സികള്‍ നടത്തിയിരുന്നു.കൂടാതെ മാധ്യമപ്രവര്‍ത്തകനായും ജോലി ചെയ്്തു. മധുവാണ് സിനിമയില്‍ അവസരം നല്‍കുന്നത്.നാല്‍പതാമത്തെ വയസ്സിലാണ് നടന്‍ മധുവിനെ പരിചയപ്പെട്ടതും മധു സംവിധാനം ചെയ്ത പ്രിയ എന്ന സിനിമയില്‍ അഭിനയിച്ചതും.മകന് രണ്ടര വയസ് പ്രായമുള്ളപ്പേഴാണ് ടി.പി മാധവന്‍ കുടുംബത്തെ ഉപേക്ഷിച്ച് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.സിനിമാ മോഹം കൂടിയപ്പോള്‍ കുടുംബവുമായി പിന്നെ ബന്ധപ്പെട്ടിട്ടില്ല.സിനിമയില്‍ ക്യാരക്ടര്‍ റോളുകളില്‍ തിളങ്ങിയതോടെ മാധവന് കൈനിറയെ അവസരങ്ങളായി.
ഇദ്ദേഹത്തിന്റെ കുടുംബം പിന്നീട് ബാംഗ്ലൂരിലായിരുന്നു.ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്. അമ്മയ്‌ക്കൊപ്പം ബാംഗ്ലൂരിലാണ് രാജകൃഷ്ണമേനോന്‍ പഠിച്ചതും വളര്‍ന്നതും. ഗാന്ധിഭവനിലെത്തിയ ശേഷമാണ് മാധവന്‍ തന്റെ മകനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്.എന്നാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഉപേക്ഷിച്ചുപോയ അച്ഛനെ ഇനി കാണണ്ട എന്ന നിലപാടിലാണ് രാജകൃഷ്ണമേനോന്‍. തന്റെ ഇതുവരെയുള്ള ജീവിതത്തില്‍ താന്‍ അച്ഛനെ കണ്ടിട്ടുള്ളത് രണ്ടു തവണ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സിനിമയാണ് തന്റെ ലക്ഷ്യമെന്ന് അറിഞ്ഞ അമ്മ അന്നത്തെ തങ്ങളുടെ ജീവിതാവസ്ഥ മോശമായിട്ടുപോലും തന്റെ ആഗ്രഹത്തെ എതിര്‍ത്തില്ലെന്നും പകരം അമ്മയുടെ വാക്കുകള്‍ നല്‍കിയ കരുത്തും ഊര്‍ജവുമാണ് തന്നെ ഇന്നത്തെ താനാക്കിയതെന്നും രാജകൃഷ്ണ മേനോന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.പിപ്പ, ഷെഫ്, എയര്‍ലിഫ്റ്റ് എന്നിവയാണ് രാജാ കൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.
ഗാന്ധിഭവനിലെത്തിയും ആരോഗ്യം മോശമാകുന്നത് വരെ സീരിയലുകളിലും മാധവന്‍ സജീവമായിരുന്നു.മാത്രമല്ല സിനിമരംഗത്ത് മറ്റ് മേഖലകളില്‍ പ്രതിഭ തെളിയിച്ച മറ്റുചിലരും അവിടെ അന്തേവാസികളായിരുന്നു.അതിനാല്‍ തന്നെ മലയാള സിനിമയുടെ ഒരു ഫ്്‌ളാഷ് ബാക്ക് കാലഘട്ടം അവിടെ പുനര്‍ജ്ജനിക്കുകയായിരുന്നു.ഇങ്ങനെ അല്ലലില്ലാതെ കഴിയുന്നതിനിടയിലാണ് മാധവനെ മറവി രോഗം ബാധിക്കുന്നത്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ ദയനീയമായി.'ഓണം വളരെ ഗംഭീരമായിരുന്നു. എന്റെ അച്ഛന്‍ എന്നെ കാണാന്‍ വന്നിരുന്നു. എന്നെ കണ്ട് സന്തോഷമായി തിരിച്ചുപോയി.
ഓണസദ്യ ഒക്കെ ഗംഭീരമായിരുന്നു' എന്നാണ് ഓണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ടി.പി. മാധവന്‍ പറഞ്ഞത്. 'സഹപ്രവര്‍ത്തകരെ ഒക്കെ പ്രതീക്ഷിക്കുന്നു, പക്ഷേ അവര്‍ക്കൊന്നും ഇങ്ങോട്ടു പോകാനുള്ള സമയവും വഴിയുമില്ല, റോഡുകളൊക്കെ ചീത്തയായി ഇരിക്കുകയല്ലേ, ഞാന്‍ എങ്ങും പോകുന്നില്ല' എന്നൊക്കെയാണ് ഓര്‍മകള്‍ നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ അവസാന നാളുകളിലെ വാക്കുകള്‍. പുരസ്‌കാരങ്ങള്‍ നിറഞ്ഞ മുറി..അഗ്രഹങ്ങള്‍ ബാക്കിയാക്കി മടക്കം. ഗാന്ധിഭവനിലെ പ്രധാന ഓഫിസിനു മുകളിലുള്ള മുറിയാണ് ടി.പി. മാധവനു താമസിക്കാന്‍ നല്‍കിയിരുന്നത്. അദ്ദേഹത്തിനു ലഭിച്ച പുരസ്‌കാരങ്ങളും മറ്റും ആ മുറിയിലെ ഷോകേസില്‍ വച്ചിരുന്നു. ഗാന്ധിഭവനില്‍ എത്തിയതിനു ശേഷമാണ് പ്രേം നസീര്‍ പുരസ്‌കാരം, രാമു കാര്യാട്ട് അവാര്‍ഡ് എന്നീ രണ്ടു പ്രമുഖ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചതും.
സിനിമാതാരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായി പത്തുവര്‍ഷം പ്രവര്‍ത്തിച്ചു. പത്തനാപുരത്തിന്റെ എംഎല്‍എ കൂടിയായ കെ.ബി. ഗണേഷ്‌കുമാര്‍ ഇടയ്ക്കിടെ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ആരോഗ്യവിവരങ്ങള്‍ തിരക്കുകയും വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. സുരേഷ് ഗോപിയും അദ്ദേഹത്തെ വന്നു കണ്ടു സഹായങ്ങള്‍ ചെയ്തിരുന്നു.നടി ചിപ്പിയും ഭര്‍ത്താവ് രഞ്ജിത്തും, ജയരാജ് വാര്യര്‍, മധുപാല്‍ തുടങ്ങി ചുരുക്കം ചിലര്‍ മാത്രമാണ് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നത്. സഹപ്രവര്‍ത്തകരെ കാണാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്ന കാലമുണ്ടായിരുന്നെങ്കിലും പിന്നീട് ആ ആഗ്രഹങ്ങളെല്ലാം നശിച്ച് ഓര്‍മയില്ലാത്ത അവസ്ഥയിലായിരുന്നു അവസാന നാളുകളില്‍ ആ പ്രതിഭ കഴിഞ്ഞിരുന്നത്.
അമേരിക്കയിലുള്ള സഹോദരി അയച്ചുനല്‍കുന്ന തുകയും ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മ നല്‍കുന്ന കൈനീട്ടവുമായിരുന്നു ഏക സമ്പാദ്യം.ആയിരത്തിയഞ്ഞൂറോളം അന്തേവാസികളുള്ള പത്തനാപുരം ഗാന്ധിഭവനില്‍ ടി.പി.മാധവന് സ്വന്തമായി ഒരു മുറി തന്നെ സോമരാജന്‍ ഏര്‍പ്പാടാക്കി. മാത്രമല്ല ചികിത്സിക്കാന്‍ ഡോക്ടറെയും ഏര്‍പ്പെടുത്തി. ഗാന്ധിഭവനിലെ ജീവിതം മാധവന്‍ ഏറെ ആസ്വദിച്ചിരുന്നു. വായിക്കാന്‍ പുസ്തകങ്ങളും സംസാരിക്കാന്‍ സുഹൃത്തുക്കളെയും ലഭിച്ചതോടെ അദ്ദേഹം വീണ്ടും ഊര്‍ജ്ജ്വസ്വലനായി. ആരോഗ്യം മോശമാകും വരെ ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. ഓര്‍മകളില്‍ വെള്ളിവെളിച്ചത്തിന്റെ ശോഭകള്‍ ഏതുമില്ലാതെയാണ് ടി പി മാധവന്‍ മടങ്ങുന്നത്.മൃതദേഹം കൊല്ലം എന്‍.എസ്. ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.നാളെ രാവിലെ 9 മണി മുതല്‍ 1 മണി വരെ പത്തനാപുരം ഗാന്ധിഭവനില്‍ പൊതുദര്‍ശനം.വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കാരം.