ഇന്ന് പുലര്‍ച്ചെ അന്തരിച്ച വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഒന്നര വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ലക്ഷ്മി ബാലുവിന്റെ ജീവിതത്തിലേക്ക് വരാന്‍ സമ്മതം മൂളിയത്. തന്റെ പ്രണയവും വിവാഹവുമെല്ലാം ബാലഭാസ്‌കര്‍ കൈരളിയിലെ ജെബി ജംഗ്ഷനില്‍ പങ്കുവച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്.
2000ലായിരുന്നു വീട്ടുകാരുടെ എതിര്‍പ്പിനെതുടര്‍ന്ന് ബാലഭാസ്‌കറും ഭാര്യയും ഒളിച്ചോടി വിവാഹം ചെയ്തത്. ലക്ഷ്മി വെജിറ്റേറിയനായതുകൊണ്ടും തന്റെ നല്ല ഫ്രണ്ടായതുകൊണ്ടുമാണ് തനിക്ക് ഇഷ്ടം തോന്നിയതെന്നാണ് ബാലു പറയുന്നത്. തുടക്കം മുതല്‍ തന്നെ സംസാരത്തില്‍ തനിക്ക് ഒരു അടുപ്പം തോന്നിയ തായും. പരിചയപ്പെട്ട് മൂന്നാമത്തെ ദിവസം ബാലഭാസ്‌കര്‍ ലക്ഷ്മിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ലക്ഷ്മിക്ക് വേറെ വിവാഹമുറപ്പിക്കുന്ന ഘട്ടമായപ്പോഴാണ് ഇരുവരും കോളേജില്‍ നിന്നും ഒളിച്ചോടിയത്. ട്യൂഷന്‍ അധ്യാപകനും ബാന്റിലെ സുഹൃത്തുക്കളുമാണ് ഇവര്‍ക്ക് എല്ലാ സഹായങ്ങളുമായി മുന്നില്‍ നിന്നത്.
ബാലുവിന് 22 വയസും ലക്ഷ്മിക്ക് 21 വയസുമുള്ളപ്പോഴായിരുന്നു കല്യാണം. ഒന്നായിചേര്‍ന്ന അന്ന് മുതല്‍ ആരിലും അസൂയ പടര്‍ത്തുന്ന ദാമ്പത്യമായിരുന്നു ഇരുവരുടെതും. ഇവര്‍ക്ക് കൂട്ടായി 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കുഞ്ഞുമാലാഖ കൂടിയെത്തിയപ്പോള്‍ ജീവിതത്തില്‍ ഇവര്‍ ഏറെ സന്തോഷിച്ചിരുന്നു. എന്നാല്‍ കാര്‍ അപകടത്തിന്റെ രൂപത്തില്‍ കാത്തിരുന്നു കിട്ടിയ കണ്‍മണിയും ബാലുവും യാത്രയായപ്പോള്‍ ഒറ്റയ്ക്കായിരിക്കുന്നത് ലക്ഷ്മിയാണ്. ഭാര്യ തന്നില്‍ ചെലുത്തിയ സ്വാധീനവും ജീവിതത്തില്‍ ലക്ഷ്മിക്കുള്ള പ്രാധാന്യവുമാണ് ബാലഭാസ്‌കര്‍ ജെബി ജംഗ്ഷനില്‍ ജോണ്‍ ബ്രിട്ടാസുമായി പങ്കുവച്ചത്. ലക്ഷ്മിയും ബാലുവിനെകുറിച്ച് ജെബി ജംഗ്ഷനില്‍ പറയുന്നുണ്ട്.