വിവാഹമോചനത്തില്‍ ഔദ്യോഗിക സ്ഥിരീകരണവുമായി എ.ആര്‍. റഹ്മാന്‍. എ.ആര്‍. റഹ്മാനും ഭാര്യ സൈറയും വേര്‍പിരിയാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സാമൂഹികമാധ്യമമായ എക്‌സിലൂടെ അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞദിവസമാണ് എ.ആര്‍. റഹ്മാനും ഭാര്യ സൈറയും വേര്‍പിരിയാന്‍ പോവുകയാണെന്ന ചര്‍ച്ച ഉയര്‍ന്നത്. സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് റഹ്മാനും സ്ഥിരീകരിക്കുകയാണ്.
'ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ഥം തേടുകയാണ്. ആകെ തകര്‍ന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു', എന്നായിരുന്നു റഹ്മാന്റെ കുറിപ്പ്. 29 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് എ.ആര്‍. റഹ്മാനും ഭാര്യ സൈറ ബാനുവും വേര്‍പിരിയുന്നത്. 1995-ലാണ് ഇരുവരും വിവാഹിതരായത്. ഖദീജ റഹ്മാന്‍, റഹീമ റഹ്മാന്‍, എ.ആര്‍. അമീന്‍ എന്നിവരാണ് മക്കള്‍.
റഹ്മാന്റെ കുറിപ്പ് എക്സില്‍ ഷെയര്‍ ചെയ്ത് കൂപ്പുകയ്യുമായി മകള്‍ ഖജീജ റഹ്മാനും രംഗത്തു വന്നു. സ്വകാര്യത മാനിക്കണമെന്ന് മകള്‍ റഹീമയും ആവശ്യപ്പെട്ടു. എ.ആര്‍.റഹ്മാനും ഭാര്യ സൈറയും വേര്‍പിരിയാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സാമൂഹികമാധ്യമമായ എക്‌സിലൂടെ അദ്ദേഹം പ്രതികരിച്ചത്.
ഇരുവര്‍ക്കുമിടയിലെ വൈകാരികബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ഇത് ഏറെ പ്രയാസകരമായ തീരുമാനമാണെന്നും സൈറയുടെ അഭിഭാഷക പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള വൈകാരികസംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. പരസ്പരസ്‌നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയെന്നും കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്താക്കുറിപ്പിലുണ്ടായിരുന്നു.
നേരത്തെ മകള്‍ ഖദീജ റഹ്മാന്റെ സിനിമാസംഗീതരംഗത്തേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ചു വാചാലനായി എ.ആര്‍.റഹ്മാന്‍ രംഗത്ത് വന്നിരുന്നു . മകളെ അധിക്ഷേപിക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കുമുള്ള മറുപടിയാണ് ഈ പുതിയ തുടക്കമെന്ന് റഹ്മാന്‍ പറഞ്ഞു. ഹലിത ഷമീം സംവിധാനം ചെയ്യുന്ന 'മിന്‍മിനി' എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് ഖദീജ സിനിമാരംഗത്തു തുടക്കം കുറിച്ചത്. 'എന്റെ മകള്‍ ആദ്യമായി സംഗീതമൊരുക്കുന്ന ചിത്രമാണ് മിന്‍മിനി. സംവിധായിക ഹലിത ഷമീം ആണ് അതിലേക്ക് അവളെ ക്ഷണിച്ചത്. ചിത്രം ഏറ്റവും മികവുറ്റതാകട്ടെ. ഖദീജയെക്കുറിച്ച് എന്ത് വാര്‍ത്ത വന്നാലും ദശലക്ഷക്കണക്കിനാളുകള്‍ അവളെ പരിഹസിക്കും. അധിക്ഷേപങ്ങള്‍ക്കെല്ലാം അവള്‍ ജോലിയിലൂടെ മറുപടി നല്‍കി. ഞാന്‍ എന്റെ മകളെയോര്‍ത്ത് അഭിമാനിക്കുന്നു. ഇനിയും കൂടുതല്‍ വിജയങ്ങള്‍ നല്‍കി ദൈവം അവളെ അനുഗ്രഹിക്കട്ടെ', റഹ്മാന്‍ പറഞ്ഞു.
തങ്ങളുടേത് വീട്ടുകാര്‍ ഉറപ്പിച്ചു നടത്തിയ വിവാഹമാണെന്നും, അമ്മയാണ് സൈറയെ കണ്ടെത്തിയത് എന്നും താന്‍ അക്കാലത്ത് സംഗീതവുമായി ബന്ധപ്പെട്ട് വലിയ തിരക്കിലായിരുന്നു എന്നും റഹ്മാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് മൂന്ന് നിബന്ധനകളായിരുന്നു അമ്മ കരീമ ബീഗത്തോട് റഹ്മാന്‍ മുന്നോട്ട് വെച്ചത്. വിദ്യാഭ്യാസം, സംഗീതത്തോടുള്ള ആദരവ്, മനുഷ്യത്വം ഇത് മൂന്നുമായിരുന്നു പങ്കാളിയെ കുറിച്ചുള്ള റഹ്മാന്റെ സങ്കല്‍പങ്ങള്‍.
ഒരു ദിവസം പള്ളിയില്‍ പ്രാര്‍ഥനാ നിര്‍ഭരയായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ കരീമ ബിഗം കണ്ടു. സൈറയുടെ സഹോദരി മെഹര്‍ ആയിരുന്നു അത്. തുടര്‍ന്ന് കരീമ ബീഗം റഹ്മാന്റെ ആലോചനയുമായി മെഹറിന്റെ വീട്ടിലെത്തി. അപ്പോഴാണ് മെഹര്‍ വിവാഹിതയാണെന്ന് അറിഞ്ഞത്. ആ വീട്ടിലെത്തിയ കരീമ ബീഗം അവിടെവച്ച് മെഹറിന്റെ സഹോദരി സൈറ ബാനുവിനെ കണ്ടു. റഹ്മാന് ഇണങ്ങിയ വധുവാണ് സൈറയെന്ന് അമ്മയ്ക്ക് ബോധ്യമായി. അങ്ങനെയായിരുന്നു റഹ്മാന്‍ സൈറയെ വിവാഹം കഴിക്കുന്നത്. അമ്മയ്ക്ക് ശേഷം റഹ്മാന്റെ ജീവിതത്തില്‍ ശക്തി കേന്ദ്രമായി പ്രവര്‍ത്തിച്ചിട്ടുള്ളവരില്‍ പ്രധാനിയും ഭാര്യ സൈറ ബാനു ആയിരുന്നു. സൈറയെ വിവാഹം ചെയ്യുമ്പോള്‍ റഹ്മാന് 27 ഉം സൈറയ്ക്ക 21ഉം വയസായിരുന്നു പ്രായം.