ഒരുപിടി മികച്ച ക്ലാസിക് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് കെജി ജോര്‍ജ്ജ്. രാമൂ കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിലൂടെ സംവിധായ സഹായിയായി സിനിമ ജീവിതം ആരംഭിച്ച അദ്ദേഹം മൂന്ന് വര്‍ഷത്തോളം രാമൂ കാര്യാട്ടിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സ്വതന്ത്ര സംവിധായകനാവുകയായിരുന്നു. കണ്ടുപരിചയിച്ച ചിത്രങ്ങളില്‍ നിന്നുളള വ്യത്യസ്ത തന്നെയായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളെ വ്യത്യസ്തമാക്കിയതും. മലയാള സിനിമയില്‍ മികച്ച ക്ലാസിക് ചിത്രങ്ങള്‍ ഒരുക്കിയെങ്കിലും വലിയ സാമ്പത്തിക നേട്ടമുണ്ടായിരുന്നില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. മാധ്യമം ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദഹം പറഞ്ഞത്. കൂടാത സിനിമയില്‍ നിന്ന് പിന്‍മാറാനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നു.
മമ്മൂട്ടി നായകനായ 'ഇലവങ്കോട് ദേശം' എന്ന സിനിമയാണ് കെജി ജോര്‍ജ്ജ് അവസാനമായി സംവിധാനം ചെയ്തത്. കുറച്ച് നല്ല ചിത്രങ്ങള്‍ ചെയ്തുവെങ്കിലും സാമ്പത്തികമായി വലിയ നേട്ടമൊന്നും ഉണ്ടായിരുന്നില്ല. അന്ന് കണക്ക് പറഞ്ഞ് വാങ്ങുന്ന രീതിയില്ലായിരുന്നു. എന്നെ സഹായിക്കാനായി മമ്മൂട്ടിയും മാക് അലിയും കൂടിയാണ് ഞാന്‍ നിര്‍മ്മാതാവായ 'മഹാനഗരം' നിര്‍മ്മിച്ചത്. മികച്ച സിനിമയല്ലെങ്കിലും സാമ്പത്തികമായി വിജയമായി. എനിക്ക് എടുത്തു പറയത്തക്ക സാമ്പത്തിക നേട്ടമുണ്ടാക്കിയ സിനിമ അത് മാത്രമാണ്. അതിന്റെ വിജയത്തിലൂടെ കുറച്ചു പണം കിട്ടിയത് ആശ്വാസമായി-കെജി ജോര്‍ജ്ജ് പറഞ്ഞു.
ഞാന്‍ ചെയ്ത ഇരകള്‍ സിനിമ വരെ നന്നായി പോയി. എന്നാല്‍ പിന്നീട് 90 കളില്‍ സിനിമക്ക് മാറ്റങ്ങള്‍ വന്നു. കഥയ്ക്കും സിനിമയ്ക്കും ആവശ്യമായ അഭിനേതാക്കളെ കാസ്റ്റ് ചെയ്യുന്നതാണ് എന്റെ രീതി. അത് പറ്റാതെ വന്നു. നിര്‍മ്മാതാക്കളും വിതരണക്കാരും താരങ്ങളും പ്രധാനമായി. സംവിധായകന്റെ ക്രീയേറ്റീവ് ആര്‍ട്ട് ആണ് സിനിമ. ആ അവസ്ഥയിലെ എനിക്ക് വര്‍ക്ക് ചെയ്യാനാവൂ. അങ്ങനെയല്ലാതെ വന്നപ്പോള്‍ പതുക്കെ പിന്മാറി. കെജി ജോര്‍ജ്ജ് അഭിമുഖത്തില്‍ പറഞ്ഞു.1998 ല്‍ മമ്മൂട്ടി ചിത്രമായ ഇലവങ്കാട് ദേശമാണ് ജോര്‍ജ്ജ് അവസാനം നിര്‍മ്മിച്ച ചിത്രം. മമ്മൂട്ടി വളരെ ഡെഡിക്കേറ്റഡായ നടനാണെന്നും ജോര്‍ജ്ജ് അഭിമുഖത്തില്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ സിനിമയാണ്.നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യും. ഇത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന നടനില്ല. കൂടാതെ മമ്മൂട്ടി സ്വയം പഠിച്ച് വളര്‍ന്ന് ഉന്നതിയില്‍ എത്തിയ നടനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള സിനിമ അധികം ഉപയോഗിച്ചിട്ടില്ലാത്ത താരങ്ങളെ കുറിച്ചും അഭിമുഖത്തില്‍ പറഞ്ഞു. തിലകന്റേയും ഭരത് ഗോപിയുടേയും പ്രതിഭ അധികം മലയാള സിനിമ ഉപയോഗിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. അവര്‍ മികച്ച ആര്‍ട്ടിസ്റ്റുകളാണ്. അവരുടെ കൂടെ എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റി. അതെനിക്കും അവര്‍ക്കും ഗുണമായി.ഗോപിയുടേയും തിലകന്റേയും ഒന്നും ടാലന്റ് മലയാള സിനിമയ്ക്ക് ശരിക്കും ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് തോന്നാറുണ്ട് അദ്ദേഹം വ്യക്തമാക്കി.