Latest News

കരിയറില്‍ തിളങ്ങി നില്‍ക്കവേ ജര്‍മ്മനിക്കാരിയുമായി പ്രണയവിവാഹം; ഓവറിയിലെ കാന്‍സര്‍ രോഗത്തിനു പിന്നാലെ പിന്നാലെ ചേച്ചിയുടെ മരണവും;പ്രശസ്ത ഗായകന്‍ രാഹുല്‍ രാജിന് സംഭവിച്ചത്

Malayalilife
 കരിയറില്‍ തിളങ്ങി നില്‍ക്കവേ ജര്‍മ്മനിക്കാരിയുമായി പ്രണയവിവാഹം; ഓവറിയിലെ കാന്‍സര്‍ രോഗത്തിനു പിന്നാലെ പിന്നാലെ ചേച്ചിയുടെ മരണവും;പ്രശസ്ത ഗായകന്‍ രാഹുല്‍ രാജിന് സംഭവിച്ചത്

ഛോട്ടാ മുംബൈയിലെ തലാ എന്ന പാട്ട്.. ഋതുവിലെ പ്രണയ സുന്ദരമായ ഗാനങ്ങള്‍.. തുടങ്ങി 2023 വരെ എത്തി നില്‍ക്കുന്ന നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍.. അതു മാത്രം മതി ഗായകനും സംഗീത സംവിധായകനുമായ രാഹുല്‍ രാജിനെ പരിചയപ്പെടുത്തുവാന്‍. അവാര്‍ഡുകളുടെ പൊന്‍തിളക്കവുമായി മലയാള സിനിമയില്‍ തിളങ്ങിയിട്ടുള്ള രാഹുലിന്റെ സ്വകാര്യ ജീവിതം ഒന്നല്ല.. ഒരു കൂട്ടം അത്ഭുതകള്‍ നിറഞ്ഞതാണ്. ശരിക്കും പറഞ്ഞാല്‍ ദൈവത്തിന്റെ കയ്യൊപ്പു ചാര്‍ത്തിയതു പോലെയുള്ള ദാമ്പത്യ ജീവിതവും സംഗീത ലോകവും. അതിനിടെ വേദനയായി ഒപ്പം വളര്‍ന്നവളുടെ അപ്രതീക്ഷിത വിയോഗവും ഉണ്ട്.

കൊച്ചി മാമംഗലം കാരനാണ് രാഹുല്‍ രാജ്. അഡ്വക്കേറ്റായ അച്ഛന്‍ തങ്കപ്പന്റെയും കുസാറ്റില്‍ ജോയിന്റ് ട്രഷററായ അമ്മ കുഞ്ഞൂഞ്ഞാമ്മയുടെയും ഇളയ മകന്‍. ചേച്ചി രഹ്നയായിരുന്നു രാഹുലിന്റെ ആദ്യത്തെ സുഹൃത്തും കൂട്ടുകാരിയും. കുട്ടിക്കാലം മുതല്‍ക്കെ സംഗീതം പഠിച്ചിരുന്ന രാഹുല്‍ കുസാറ്റില്‍ നിന്നുമാണ് ഐടി എഞ്ചിനീയറിംഗ് പാസായത്. ജര്‍മ്മനിക്കാരിയായ മിരിയയാണ് രാഹുലിന്റെ ജീവിത പങ്കാളി. അമൃതാനന്ദമയിയുടെ ഭക്തയായിരുന്നു മിരിയ. 16 വയസ്സുള്ളപ്പോള്‍ അമൃതപുരിയില്‍ അമ്മയുടെ കൂടെ കുറച്ചുകാലം താമസിച്ച മിരിയ കേരളം ഇഷ്ടപ്പെട്ടപ്പോള്‍ അമൃതപുരിയിലെ കോളജില്‍ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സിനു ചേര്‍ന്നു പഠനം തുടര്‍ന്നു. അങ്ങനെയിരിക്കെയാണ് അമ്മയോട് ഒരു ഇന്ത്യാക്കാരനെ വിവാഹം കഴിക്കണമെന്ന ഇഷ്ടം പറഞ്ഞതും.

ആ സമയത്ത് അഞ്ചു വര്‍ഷത്തെ പ്രണയം തകര്‍ന്ന് ഡിപ്രഷനായി നടക്കുന്ന വേളയിലാണ് രാഹുല്‍ മിരിയെ പരിചയപ്പെട്ടതും ഓര്‍ക്കുട്ടില്‍ ചാറ്റ് ചെയ്യാന്‍ തുടങ്ങിയതും. എന്നാല്‍ രാഹുലിന്റെ ഇഷ്ടം മിരിയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് മാത്രമല്ല, മെസേജ് അയക്കുന്നതും നിര്‍ത്തി. അങ്ങനെയിരിക്കെയാണ് അമൃതാനന്ദമയി അമ്മ കൊടുങ്ങല്ലൂരില്‍ വന്നുത്. അവിടെ വച്ചു കണ്ടപ്പോള്‍ അമ്മയാണ് മിരിയെ കുറിച്ച് രാഹുലിനോട് പറഞ്ഞത്. പിന്നെ കാര്യങ്ങള്‍ വളരെ സ്പീഡിലായി. അങ്ങനെ വിവാഹം നടന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കക്ഷിയാണ് മിരിയ. അതുകൊണ്ടു തന്നെ 2012ല്‍ മകള്‍ ജനിച്ചത് വാട്ടര്‍ ബെര്‍ത്ത് സംവിധാനത്തിലായിരുന്നു.

പൊക്കിള്‍ കൊടി മുറിച്ചു മാറ്റിയത് രാഹുലും. അതോടെ ഭാര്യയോടും മകളോടുമുള്ള സ്നേഹവും അടുപ്പവുമെല്ലാം രാഹുലിന് ഇരട്ടിയായി. മകളെ വളര്‍ത്തുന്നതിനും മിരിയ ശ്രദ്ധിച്ചിരുന്നു. പുതിയ കളിപ്പാട്ടങ്ങളൊന്നും വാങ്ങിയിരുന്നില്ല. മറ്റു കുട്ടികള്‍ കളിച്ചു മടുത്ത കളിപ്പാട്ടങ്ങളും ഉപേക്ഷിച്ചവയും ഒക്കെയായിരുന്നു മിരിയ മകള്‍ക്കായി തെരഞ്ഞെടുത്തത്. ഇന്ന് ഒരു തനി മലയാളിയായി മിരിയ മാറിക്കഴിഞ്ഞു. ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം സന്തോഷകരമായി ജീവിച്ചു വരവേയാണ് രാഹുലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായി ചേച്ചിയുടെ മരണം സംഭവിച്ചത്.

എഞ്ചിനീയറിംഗ് പാസായതിനു പിന്നാലെ മൈസൂരുവിലെ ഒരു യുഎസ് കമ്പനിയില്‍ ജോലി കിട്ടി. അവിടെ നിന്നു ലണ്ടനിലെ ഓക്സ്ബ്രിജ് നെറ്റ്വര്‍ക്സ് എന്ന കമ്പനിയിലേക്ക്. അതിനിടെയും സംഗീതം കൈവിട്ടിരുന്നില്ല. മോര്‍ലി കോളജ് ഓഫ് മ്യൂസിക്കില്‍ നിന്ന് ഇലക്ട്രോണിക് മ്യൂസിക്കില്‍ ഡിപ്ലോമ എടുത്തു. അങ്ങനെ ഒരു മ്യൂസിക് ഷോപ്പിന്റെ ക്യൂവില്‍ നില്‍ക്കവേയാണ് തൊട്ടടുത്ത് എ ആര്‍ റഹ്മാനെ കണ്ടത്. ഓടിച്ചെന്നു.. സംസാരിച്ചു. അതിനിടെ അദ്ദേഹം രാഹുലിന്റെ കയ്യിലിരുന്ന പാക്കറ്റു തുറന്നു പാട്ടിന്റെ സിഡികള്‍ നോക്കി. തുടര്‍ന്നാണ് പാട്ടിനോട് ഇത്ര ഇഷ്ടമുള്ളയാള്‍ ഈ ജോലി ചെയ്യുന്നത് എന്തിനാണെന്ന ചോദ്യം ചോദിച്ചത്.

അത് രാഹുലിന്റെ ജീവിതം മാറ്റിമറിച്ചു. ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അമ്മയും ചേച്ചിയുമെല്ലാം പിന്തുണച്ചു. അങ്ങനെ തിരിച്ചെത്തി. നിരവധി സംഗീത സംവിധായകരെയും ആളുകളെയും ഒക്കെ കണ്ടു. നാലര വര്‍ഷത്തെ അലച്ചില്‍. അത്രയും കാലം ജോലി ചെയ്ത് സമ്പാദിച്ചതെല്ലാം അപ്പോഴേക്കും കാലിയായിരുന്നു. അങ്ങനെയിരിക്കെയാണ് അന്‍വര്‍ റഷീദിലേക്കും അതു വഴി ഛോട്ടാ മുംബൈയിലെ തലാ.. എന്ന പാട്ടിലേക്ക് എത്തിയതും. അടിച്ചുപൊളിയില്‍ നിന്ന് മെലഡിയിലേക്കുള്ള മാറ്റമായിരുന്നു ഋതു എന്ന ചിത്രം. അതിന് സംസ്ഥാന അവാര്‍ഡ് അടക്കം എത്തുകയും ചെയ്തു. അങ്ങനെ പത്തു വര്‍ഷത്തെ കരിയറിനിടെ പ്രണയതകര്‍ച്ചയും വിവാഹവും മകളുടെ ജനനവും നിരവധി വിജയങ്ങളുമായി നില്‍ക്കവേയാണ് ചേച്ചി മരണപ്പെട്ടത്.

വലിയ പഠിപ്പിസ്റ്റായിരുന്നു രഹ്ന. പിഎച്ച്ഡി ചെയ്യുന്നതിനിടെ വിദേശത്തെ നിരവധി യൂണിവേഴ്സിറ്റികളില്‍ അപേക്ഷകള്‍ അയക്കും. അക്കൂട്ടത്തില്‍ രാഹുലിനും അയക്കും. അങ്ങനെയിരിക്കെയാണ് വല്ലാതെ ചുമ തുടങ്ങിയത്. പല ടെസ്റ്റുകള്‍ നടത്തി, മരുന്നുകള്‍ മാറിമാറി കഴിച്ചു. എന്നിട്ടും ചുമ മാറുന്നില്ല.  ഒരു വര്‍ഷത്തോളം നീണ്ട ചുമയ്ക്കൊടുവില്‍ വയറു വീര്‍ക്കാന്‍ തുടങ്ങി. സ്‌കാനിങ്ങില്‍ ഓവറിയില്‍ 16 സെന്റീമീറ്റര്‍ വലുപ്പമുള്ള ട്യൂമര്‍ കണ്ടു. എത്രയും വേഗം സര്‍ജറി ചെയ്യണമെന്നാണു ഡോക്ടര്‍ പറഞ്ഞത്. അപ്പോഴേക്കും കാന്‍സര്‍ തേഡ് സ്റ്റേജില്‍ എത്തിയിരുന്നു.

പിന്നീട് കീമോയും റേഡിയേഷനും ഒക്കെയായി ഒരു വര്‍ഷം. പക്ഷേ, ചേച്ചി പോയി. അന്നു 39 വയസ്സായിരുന്നു രഹ്നയ്ക്ക്. അതോടെ എല്ലാവരും ഉലഞ്ഞു. അങ്ങനെയിരിക്കെ രാഹുലിന് വേണ്ടി പല യൂണിവേഴ്സിറ്റികളിലും ചേച്ചി അയച്ച അപേക്ഷകളുടെ റിപ്ലൈ മെയിലുകള്‍ വന്നു തുടങ്ങിയത്. അപ്പോഴേക്കും കരിയറില്‍ ഒരു വലിയ ബ്രേക്ക് വന്നിരുന്നു. അങ്ങനെയാണ് സ്പെയിനിലെ ബര്‍ക്ലി കോളജ് ഓഫ് മ്യൂസിക്കില്‍ പിജി അഡ്മിഷന്‍ കിട്ടിയത്. അതോടെ അമ്മയേയും മിരിയേയും മകളേയും ഒപ്പം കൂട്ടി വിമാനം കയറിയത്. പിന്നെ, ഒന്നര വര്‍ഷം സംഗീതം മാത്രമായിരുന്നു ജീവിതം. പഠനം കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ രണ്ടാം ജന്മവും.

മ്യൂസിക് അക്കാദമിയിലെ പഠനത്തിനിടെ ലണ്ടന്‍ ഓര്‍ക്കസ്ട്രയോടു ചേര്‍ന്ന് അവതരിപ്പിച്ച തിസീസിന്റെ ലിങ്ക് ചിലര്‍ക്ക് നല്‍കിയിരുന്നു. അതു സംവിധായകന്‍ പ്രിയദര്‍ശനിലേക്ക് എത്തുകയും അതു വഴി കുഞ്ഞാലിമരയ്ക്കാറിലൂടെയായിരുന്നു തിരിച്ചു വരവ്.


 

Music Director Rahul Raj life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES