ബിഗ് ബോസിന്റെ ആറാം സീസണ്‍ തുടക്കം കുറിച്ചിരിക്കുകയാണ് ഇന്നലെ. സിനിമാ-സീരിയല്‍ താരങ്ങളടക്കം സോഷ്യല്‍ മീഡിയിലൂടെ ശ്രദ്ധേയരായവരുമായി 19 പേരാണ് മത്സരാര്‍ത്ഥികള്‍. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന പരിപാടിയുടെ പ്രമോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വളരെ പുതുമയുള്ളതായിരിക്കും ഇത്തവണത്തെ ഷോ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചറായി ജോലി ചെയ്യുന്ന കൊച്ചി സ്വദേശി റസ്മിന്‍ ഭായി, ട്രാവല്‍ ഫ്രീക്കായ നിഷാന, നടി അന്‍സിബ ഹസന്‍, സിനിമ സീരിയല്‍ താരം യമുന റാണി, ബോഡി ബില്‍ഡര്‍ ജിന്റോ, സീരിയല്‍ താരം ശ്രീതു കൃഷ്ണന്‍, സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി ദാസ്, കോമഡി താരം സുരേഷ് മേനോന്‍, ഉപ്പും മുളകും താരം ഋഷി എസ് കുമാര്‍, ബ്യൂട്ടി വ്‌ളോഗര്‍ ജാസ്മിന്‍ ജാഫര്‍, സോഷ്യല്‍ മീഡിയ താരം സിജോ ടോക്‌സ്, സീരിയല്‍ താരം ശരണ്യ ആനന്ദ്, ഗായകന്‍ രതീഷ് കുമാര്‍, സിനിമാതാരം ശ്രീരേഖ, ടാറ്റൂ ആര്‍ട്ടിസ്റ്റ് അസി റോക്കി, സീരിയല്‍ താരം അപ്‌സര ആല്‍ബി, സിനിമാതാരം ഗബ്രി ജോസ്, ഇന്‍ഫ്‌ളുവന്‍സര്‍ നോറ മുസ്‌കന്‍, മോഡല്‍ അര്‍ജുന്‍ ശ്യാം എന്നിവരാണ് ഈ സീസണിലെ താരങ്ങള്‍.
തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9:30നും വാരാന്ത്യങ്ങളില്‍ രാത്രി 9 മണിയ്ക്കുമാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുക. 24X7 മണിക്കൂര്‍ എന്ന രീതിയില്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ബിഗ് ബോസ് ഷോ ലൈവായും കാണാം.
1. യമുന റാണി
സീരിയല്‍, സിനിമാ പ്രേക്ഷകര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടാത്ത ആളാണ് യമുന റാണി. ഒരു കാലത്ത് മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി നിറഞ്ഞുനിന്നിരുന്ന താരത്തിന്റെ ഫിലിമോഗ്രഫിയില്‍ മീശമാധവന്‍, പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങിയ ചിത്രങ്ങളൊക്കെയുണ്ട്. കരിയറില്‍ ഏറെ ശ്രദ്ധ നേടിയ സമയത്താണ് യമുന അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് യമുന.
2. അന്‍സിബ ഹസന്‍
ദൃശ്യത്തിലെ ജോര്‍ജ് കുട്ടിയുടെ മൂത്തമകള്‍ എന്ന പരിചയപ്പെടുത്തല്‍ മാത്രം മതിയാവും എത്ര കാലം കഴിഞ്ഞാലും ഈ നടിയെ പരിചയപ്പെടുത്താന്‍. കോഴിക്കോട് സ്വദേശിയായ അന്‍സിബ സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദധാരിയാണ്. ടെലിവിഷന്‍ അവതാരകയായി വന്നതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്.
3 ജിന്റോ
പേരുകേട്ട സെലിബ്രിറ്റി ഫിറ്റ്‌നെസ് ട്രെയ്‌നര്‍. ഐപിഎസ് ഓഫീസര്‍മാര്‍ക്കും നിരവധി സിനിമാ താരങ്ങള്‍ക്കും ഫിറ്റ്‌നെസ് ട്രെയ്‌നിംഗില്‍ മാര്‍ഗദര്‍ശിയാണ് ജിന്റോ. മോഡല്‍ എന്ന നിലയിലും തിളങ്ങിയിട്ടുണ്ട് ജിന്റോ. ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന സ്ഥാപനത്തില്‍ താരങ്ങളടക്കം നിരവധി പേരാണ് പരിശീലനം നടത്തുന്നത്.
4. ഋഷി എസ് കുമാര്‍
ഋഷി എസ് കുമാര്‍ എന്ന യഥാര്‍ഥ പേര് കേട്ടാല്‍ മനസിലാവാത്തവര്‍ക്കും മുടിയന്‍ എന്ന് കേട്ടാല്‍ മനസിലാവും. അതെ ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകപ്രിയം നേടിയ അഭിനേതാവ് ഋഷി സീസണ്‍ 6 ലെ ഒരു മത്സരാര്‍ഥിയാണ്. നര്‍ത്തകനെന്ന നിലയില്‍ പേരെടുത്തതിന് ശേഷമാണ് ഋഷി നടനാകുന്നത്. ഡി 4 ഡാന്‍സ് എന്ന ഷോയിലൂടെയായിരുന്നു ഋഷി നൃത്തത്തിലെ പ്രാവീണ്യം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
5. ജാസ്മിന്‍ ജാഫര്‍
സോഷ്യല്‍ മീഡിയയിലൂടെ ഏറെ പേര്‍ക്ക് സുപരിചിതയാണ് ജാസ്മിന്‍ ജാഫര്‍. ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെയാണ് ജാസ്മിന്‍ താരമായി മാറുന്നത്. 1.15 മില്ല്യണ്‍ സബ്‌സ്‌ക്രൈബേര്‍സ് ഉള്ള ഒരു യൂട്യൂബ് ചാനല്‍ ജാസ്മിനുണ്ട്. ഒപ്പം തന്നെ അര മില്ല്യണോളം ഫോളോവേര്‍സ് ഇന്‍സ്റ്റഗ്രാമിലും ഉണ്ട്. ഫാഷന്‍, ബ്യൂട്ടി ടിപ്പുകള്‍, സാമൂഹ്യ സേവനം ഇങ്ങനെ വിവിധ വിഷയങ്ങളില്‍ ജാസ്മിന്‍ ജാഫര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്.
6. സിജോ ജോണ്‍ (സിജോ ടോക്‌സ്)
സോഷ്യല്‍ മീഡിയയില്‍ അതാത് സമയങ്ങളില്‍ ലൈവ് ആയി നില്‍ക്കുന്ന വിവിധ വിഷയങ്ങളിലെ റിയാക്ഷന്‍ വീഡിയോകളിലൂടെ സിജോയെ നിങ്ങളില്‍ പലരും കണ്ടിരിക്കും. പല ബിസിനസിലും ഭാഗ്യം പരീക്ഷിച്ച് കൈ പൊള്ളിയിട്ടുള്ള സിജോ കൊവിഡ് കാലത്താണ് വീഡിയോകള്‍ ചെയ്ത് തുടങ്ങിയതും അവ ജനപ്രീതി നേടിയതും. വ്‌ലോഗിന് പുറമെ മോഡലിംഗിലും ഫിറ്റ്‌നസിലും തല്‍പരനാണ് സിജോ.
7. ശ്രീതു കൃഷ്ണന്‍
ശ്രീതു കൃഷ്ണന്‍ എന്ന പേര് കേട്ടാല്‍ മനസിലാവാത്തവര്‍ക്കും അലീന ടീച്ചര്‍ (അലീന പീറ്റര്‍) എന്ന് കേട്ടാല്‍ ആളെ മനസിലാവും. ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര അമ്മയറിയാതെയിലൂടെയാണ് ശ്രീതു ജനപ്രീതിയുടെ ഉയരങ്ങളില്‍ എത്തുന്നത്. എറണാകുളം സ്വദേശിയാണ് ശ്രീതു. ചെന്നൈയിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആയിരുന്നു വിദ്യാഭ്യാസ കാലം. ശേഷം ചെന്നൈയിലെ തന്നെ എതിരാജ് കോളേജ് ഫോര്‍ വുമണില്‍ നിന്നും ബിരുദവും നേടി.
8. ജാന്‍മോണി ദാസ്
വടക്കുകിഴക്ക സംസ്ഥാനമായ അസമിലെ ഗുവാഹത്തിയില്‍ ജനിച്ച ജാന്‍മോണി ഇന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തരായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ്. കലാപാരമ്പര്യമുള്ള ഒരു കുടുംബത്തിലായിരുന്നു ജാന്‍മോണിയുടെ ജനനം. വിഖ്യാത ഗായകന്‍ ഭൂപന്‍ ഹസാരിക ബന്ധുവാണ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, നസ്രിയ നസീം, നേഹ സക്‌സേന, രഞ്ജിനി ഹരിദാസ്, ശോഭ വിശ്വനാഥ്, സാനിയ ഇയ്യപ്പന്‍ എന്നിങ്ങനെ നീളുന്നു ഇന്ന് വിനോദ വ്യവസായ മേഖലയിലെ ജാന്‍മോണിയുടെ ക്ലയന്റ് ലിസ്റ്റ്.
9. ശ്രീരേഖ
കുട്ടിക്കാലത്തേ കലാഭിരുചി പ്രകടിപ്പിച്ചിരുന്ന ശ്രീരേഖയ്ക്ക് കലോത്സവമാണ് പ്രകടനങ്ങള്‍ക്കുള്ള ആദ്യ വേദികള്‍ നല്‍കിയത്. പിന്നീട് സീരിയലുകളിലും സിനിമകളിലെ ചെറുവേഷങ്ങളിലും അഭിനയിച്ചു. സൈക്കോളജിയില്‍ ബിരുദ പഠനത്തിന് ശേഷം താരം ശിശുക്ഷേമ സമിതിയില്‍ സൈക്കോളജിസ്റ്റായും പ്രവര്‍ത്തിച്ചു. അക്കാലത്ത് ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഷെയ്ന്‍ നിഗം നായകനായ വെയില്‍ എന്ന ചിത്രത്തിലൂടെ മികച്ച സഹ നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടി.
10. അസി റോക്കി
ബിഗ് ബോസ് മലയാളത്തിലേക്ക് വരുന്ന ആദ്യ ടാറ്റൂ ആര്‍ട്ടിസ്റ്റ്. തിരുവനന്തപുരം സ്വദേശിയാണ് അസി റോക്കി. ബിസിനസുകാരന്‍ ആയ റോക്കി ടച്ച് ഓഫ് ഇങ്ക് ടാറ്റൂ എന്ന സ്‌കൂളിലെ മാനേജിംഗ് ഡയറക്ടര്‍ ആണ്. കിക് ബോക്‌സിംഗ് ചാമ്പ്യന്‍, റൈഡര്‍ എന്നീ നിലകളിലും അറിയപ്പെടുന്ന അസി പാചകം ചെയ്യാന്‍ ഇഷ്ടമുള്ള ആള് കൂടിയാണ്.
11. അപ്‌സര രത്‌നാകരന്‍
സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ സാന്ത്വനത്തിലെ ജയന്തിയെ അറിയാത്തവരുണ്ടോ? മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സീരിയലുകളിലൊന്നായ സാന്ത്വനത്തിലെ ജയന്തിയെ അവതരിപ്പിച്ച അപ്‌സര ബിഗ് ബോസിലേക്കും എത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തുകാരിയായ അപ്‌സര മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ചയാളാണ്.
12. ഗബ്രി ജോസ്
അങ്കമാലി സ്വദേശിയായ ഗബ്രി ഒരു സിവില്‍ എന്‍ജിനീയര്‍ കൂടിയാണ്. റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറി. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രമായിരുന്നു ഗബ്രിയുടേത്.
13. നോറ മുസ്‌കാന്‍
കോഴിക്കോട് സ്വദേശിയായ നോറ മുസ്‌കാന്‍ ഡിജിറ്റര്‍ ക്രിയേറ്റര്‍ ആണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍, ട്രാവലര്‍, മോഡല്‍ ഇങ്ങനെയൊക്കെ നോറയെ പരിചയപ്പെടുത്താം. ഷൈബല്‍ സാദത്ത് എന്നാണ് നോറയുടെ യഥാര്‍ത്ഥ പേര്.
14. അര്‍ജുന്‍ ശ്യാം ഗോപന്‍
2020 ലെ മിസ്റ്റര്‍ കേരള. മോഡലിംഗ് എന്നത് അര്‍ജുനെ സംബന്ധിച്ച് ഒരു പാഷനാണ്. ഒരു ജൂഡോ പ്ലേയര്‍ കൂടിയായ അര്‍ജുന്‍ ആ ഇനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തില്‍ മത്സരിച്ചിട്ടുമുണ്ട്.
15. സുരേഷ് മേനോന്‍
ഭ്രമരം എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ഉണ്ണികൃഷ്ണന്‍ എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍. മുംബൈ മലയാളിയായ ഇദ്ദേഹം അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെയും ഹിന്ദിയില്‍.
16. ശരണ്യ ആനന്ദ്
ശരണ്യ ആനന്ദ് എന്ന് പറഞ്ഞാല്‍ അറിയാത്തവര്‍ക്ക് പോലും കുടുംബവിളക്കിലെ വേദികയെന്ന് പറഞ്ഞാല്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ബിഗ് സ്‌ക്രീനിലും ഇതിനകം നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ശരണ്യ ഒരു മികച്ച നര്‍ത്തകിയുമാണ്.
17. രതീഷ് കുമാര്‍
ടെലിവിഷന്‍ അവതാരകന്‍, ഗായകന്‍, നടന്‍ തുടങ്ങിയ വിശേഷണങ്ങള്‍ക്ക് പുറമേ മിമിക്രി കലാകാരന്‍ കൂടിയാണ് രതീഷ്. തൃശൂര്‍ സ്വദേശി.
18. നിഷാന എന്‍
ഇത്തവണത്തെ കോമണര്‍ മത്സരാര്‍ഥികളില്‍ ഒരാള്‍. കോതമംഗലം സ്വദേശിയും മൂന്ന് മക്കളുടെ അമ്മയുമായ നിഷാനയ്ക്ക് യാത്രകള്‍ ജീവിതത്തിന്റെ ഭാഗം തന്നെയാണ് ഇപ്പോള്‍. ട്രെക്കിംഗ് ഫ്രീക്കി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയ.
19. റസ്മിന്‍ ബായ്
മറ്റൊരു കോമണര്‍ മത്സരാര്‍ഥി. സെന്റ് തെരേസാസ് കോളേജില്‍ കായികാധ്യാപികയും ബൈക്ക് റൈഡറുമാണ് റസ്മിന്‍. കൊച്ചി സ്വദേശി. അറിയപ്പെടുന്ന ഒരു കബഡി താരവുമാണ്. കബഡിയിലുള്ള താല്‍പര്യത്താലാണ് പ്ലസ് ടുവിന് ശേഷം റസ്മിന്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ പഠനത്തിലേക്ക് തിരിഞ്ഞത്.