മലയാളം ടെലിവിഷന്‍ രംഗത്തെ സംബന്ധിച്ച് തീരാ നഷ്ടങ്ങളുടെ ഒരു വര്‍ഷം കൂടിയായിരുന്നു 2023. മലയാളി പ്രേക്ഷകര്‍ക്ക് സിനിമാ താരങ്ങളെക്കാള്‍ എന്നും ഒരു അടുപ്പക്കൂടുതല്‍ ഉണ്ടാകുന്നത് മിനിസ്‌ക്രീന്‍ താരങ്ങളോട് തന്നെയാണ്. എന്നും ടിവിയില്‍ കാണാന്‍ കഴിയുന്നവര്‍ ആയത് കൊണ്ടതന്നെ സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയിരിക്കും. അതുകൊണ്ട് തന്നെ ഇവരില്‍ ആരുടെയെങ്കിലും വേര്‍പാട് ഉണ്ടാക്കുന്ന വേദനയുടെ ആഴവും വളരെ വലുതായിരിക്കും. അത്തരത്തില്‍ 2023 അവസാനിക്കുമ്പോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് നഷ്ടമായ താരങ്ങള്‍ ഇവരൊക്കെയാണ്. സുബി സുരേഷിന്റെ വിയോഗമാണ് ഈ വര്‍ഷം ആദ്യം മലയാളികളെ ഏറെ വേദനിപ്പിച്ചത്.
ഏഷ്യാനെറ്റിലെ സിനിമാല എന്ന പരിപാടിയിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന താരമാണ് സുബി സുരേഷ്. നടിയായും ടെലിവിഷന്‍ അവതാരികയായും ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും സുബി മിനിസ്‌ക്രീനില്‍ നിറഞ്ഞു നിന്നിരുന്നു. ഫെബ്രുവരി 22-ാം തീയതിയാണ് കരള്‍ രോഗത്തെ തുടര്‍ന്ന് തന്റെ 41 ആം വയസില്‍ അപ്രതീക്ഷിതമായി സുബി വിടപറഞ്ഞത്. വൈകിയ വേളയിലും ഒരു വിവാഹജീവിതത്തിനായി മനസു കൊണ്ട് തയ്യാറെടുത്ത് നില്‍ക്കവേയാണ് സുബിയെ തേടി മരണമെത്തിയത്. മിമിക്രി രംഗത്ത് സ്ത്രീ പ്രാതിനിധ്യം കുറവായിരുന്ന ഒരു കാലഘട്ടത്തില്‍ ജനപ്രീയ കോമഡി പരിപാടിയുടെ ഭാഗമായിരുന്ന ആളാണ് സുബി.
മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഞെട്ടിച്ച വിയോഗമായിരുന്നു വീണ്ടും സംഭവിച്ചത്. ജൂണ്‍ അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ ജീവന്‍ തട്ടിയെടുത്ത വാഹനാപകടം നടക്കുന്നത്. പരിപാടി കഴിഞ്ഞു മടങ്ങി വന്ന സുധിയും സംഘവും സഞ്ചാരിച്ച വാഹനത്തെ എതിരെ വന്ന പിക്കപ്പ് ഇടിച്ചതിനേത്തുടര്‍ന്നുണ്ടായ അപകടത്തില്‍ ആയിരുന്നു മരണം. മിമിക്രി പ്രോഗ്രാമുകളുടെയും സ്റ്റേജ് ഷോകളുടെയും നിറ സാന്നിധ്യം ആയിരുന്നു സുധി എങ്കിലും സ്റ്റാര്‍ മാജിക്കിന്റെ സ്വന്തമായിരുന്നു. ഇന്നും സുധിയുടെ വിയോഗം നല്‍കിയ വേദന മറികടക്കാനാകാതെ ആ ഓര്‍മ്മകളില്‍ വിതുമ്പുകയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു. ഇളയ മകന്‍ ഋതുല്‍ അച്ഛന്‍ മരിച്ചുപോയെന്ന് പറയുമെങ്കിലും അതിന്റെ യാഥാര്‍ത്ഥ്യം ആ കുഞ്ഞുമനസിന് എത്രത്തോളം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയില്ല.
ഓഗസ്റ്റ് മൂന്നാം തീയതിയാണ് നടന്‍ കൈലാസ് നാഥ് അന്തരിച്ചത്. സാന്ത്വനം സീരിയലിലെ പിള്ളേച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനിടയിലാണ് അസുഖം മൂര്‍ച്ഛിച്ച് അദ്ദേഹം ആശുപത്രിയില്‍ ആവുന്നത്. നോണ്‍ ആള്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ആയിരുന്നു അദ്ദേഹത്തിന്റെ അസുഖം. അഭിനയ മേഖലയില്‍ നിന്നടക്കം നിരവധി ആളുകള്‍ അദ്ദേഹത്തിന് ചികിത്സാ സഹായം ചെയ്തിരുന്നു എങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു.
തൊട്ടടുത്ത മാസം സെപ്റ്റംബര്‍ ഒന്നാം തീയതിയാണ് സീരിയല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് നടി അപര്‍ണ നായര്‍ ആത്മഹത്യ ചെയ്തത്. തിരുവനന്തപുരത്തെ വീട്ടിലാണ് അപര്‍ണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുന്‍പേ തന്നെ മരണം സംഭവിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങള്‍ കാരണം അപര്‍ണ ആത്മഹത്യ ചെയ്തുവെന്നാണ് പറയപ്പെടുന്നത്. മരിക്കുന്നതിന് മുന്‍പ് അപര്‍ണ അമ്മയെ വീഡിയോ കോള്‍ ചെയ്തിരുന്നു. താന്‍ പോവുകയാണെന്ന് അപര്‍ണ അമ്മയോട് പറഞ്ഞിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രണ്ടാം വിവാഹമായിരുന്നു അപര്‍ണയുടെത്. ആദ്യ വിവാഹത്തിലെ മകള്‍ അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഇപ്പോള്‍ ഇളയ മകള്‍ അച്ഛനൊപ്പമാണെന്നാണ് വിവരം. തനിച്ചായി പോയ മൂത്ത മകളെ സീരിയല്‍ നടി അവന്തികാ മോഹന്‍ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും നിയമപരമായി സാധിക്കാതെ വരികയായിരുന്നു.
പിന്നാലെ എത്തിയത് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകന്‍ ആദിത്യന്റെ ഹൃദയാഘാത മരണമായിരുന്നു. സാന്ത്വനം മാത്രമല്ല, അതിന് മുന്‍പ് കേരളക്കര ഏറ്റെടുത്ത വാനമ്പാടി, ആകാശദൂത്, അമ്മ എന്നിങ്ങനെ ആദിത്യന്‍ സംവിധാനം ചെയ്ത മറ്റ് പരമ്പരകളും പ്രേക്ഷകര്‍ ഏറ്റെടുത്തവ ആയിരുന്നു. 47 ആം വയസില്‍ ആയിരുന്നു രണ്ടു കുഞ്ഞുമക്കളെയും ഭാര്യയെയും സഹപ്രവര്‍ത്തകരെയും കണ്ണീരിലാഴ്ത്തി ആദിത്യന്റെ മടക്കം. പുതിയ വീടിന്റെ നിര്‍മ്മാണവും മറ്റും നടക്കവേ ആയിരുന്നു മരണം എത്തിയത്. തുടര്‍ന്ന് കൊല്ലത്തെ നാട്ടിലേക്ക് മടങ്ങിയ ആദിത്യന്റെ കുടുംബത്തിന് താങ്ങും തണലുമായി ഇപ്പോഴും സാന്ത്വനം കുടുംബം ഒപ്പം തന്നെയുണ്ട്.
ആദിത്യന്റെ മരണം കഴിഞ്ഞ് പത്തു ദിവസം തികയും മുന്നേയാണ് നടി രഞ്ജുഷ മേനോനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 30ന് ആയിരുന്നു സംഭവം. സംവിധായകന്‍ മനോജ് ശ്രീലകത്തിനൊപ്പം ലിവിങ് ടുഗെതര്‍ റിലേഷനിലായിരുന്നു രഞ്ജുഷ. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്‌ളാറ്റില്‍ മനോജിനൊപ്പം താമസിച്ചു വരികയായിരുന്നു. ഇതേ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് രഞ്ജുഷയുടെ മൃതദേഹം കണ്ടെത്തിയത്. അന്ന് രഞ്ജുഷയുടെ പിറന്നാള്‍ ആയിരുന്നു. അതിന് ആശംസയേകാത്തതിനെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കവും തുടര്‍ന്നുണ്ടായ മാനസിക വിഷമവും ആണ് രഞ്ജുഷയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. ആദ്യ വിവാഹത്തില്‍ ഉള്ള മകളെ കൊച്ചിയിലെ മാതാപിതാക്കളെ ഏല്‍പ്പിച്ചായിരുന്നു രഞ്ജുഷ തിരുവനന്തപുരത്ത് താമസിച്ചിരുന്നത്.
സ്റ്റാര്‍ മാജിക്ക് താരമായിരുന്ന കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദന മാറും മുന്‍പ് ആയിരുന്നു സ്റ്റാര്‍ മാജിക്ക് വേദിയെ കണ്ണീരിലാഴ്ത്തി വന്ന അടുത്ത മരണം. സ്റ്റാര്‍ മാജിക്കിന്റെ കോസ്റ്റ്യുമര്‍ സാദിന്റെ മരണമായിരുന്നു വീണ്ടും ഒരു വേദന സമ്മാനിച്ച് കടന്നുവന്നത്. എറണാകുളത്ത് വച്ച് നടന്ന ബൈക്ക് അപകടത്തിലാണ് ഇക്കഴിഞ്ഞ ദിവസം സാദ് മരണപ്പെട്ടത്. സ്റ്റാര്‍ മാജിക്കില്‍ മാത്രമല്ല, കോമഡി ഉത്സവത്തിലും സാദ് കോസ്റ്റ്യുമറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.