ബിഗ്ബോസ് അവസാനിക്കാന്‍ പത്തുദിവസം മാത്രം ബാക്കി നില്‍ക്കേ അവസാനത്തെ എലിമിനേഷനായി മത്സരാര്‍ഥികളും പ്രേക്ഷകരും ഒരുങ്ങിയിരിക്കുകയാണ്. ഇന്നും നാളെയുമാണ് എലിമിനേഷന്‍ എപിസോഡുകള്‍ അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ എത്തുന്നത്. ശക്തരായ മത്സരാര്‍ഥികളാണ് ഇക്കുറി എലിമിനേഷനില്‍ ഉള്ളതെന്നതിനാല്‍ തന്നെ ആരാകും എലിമിനേറ്റ് ആകുകയെന്നതിനെപറ്റി പ്രേക്ഷകര്‍ ഒരുപോലെ ആശങ്കയിലാണ്. അതേസമയം വോട്ടു കുറഞ്ഞതിനാല്‍ പേളി പുറത്താകുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്.
ബിഗ്ബോസ് ഹൗസില്‍ ഇനി അവശേഷിക്കുന്നത് ഏഴുപേരാണ്. ശ്രീനിഷ്, അരിസ്റ്റോ സുരേഷ്, അദിതി എന്നി ദുര്‍ബലരായ മത്സരാര്‍ഥികള്‍ വോട്ടിങ്ങില്ലാതെ ഗ്രാന്‍ഡ് ഫൈനലിലേക്ക് യോഗ്യത നേടിയപ്പോള്‍ സാബുമോന്‍, പേളി മാണി, ഷിയാസ് കരീം, അര്‍ച്ചന സുശീലന്‍ എന്നിവരാണ് ഈ വാരം എലിമിനേഷനെ നേരിടുന്നത്. അതേസമയം ഇവര്‍ എല്ലാവരും തുല്യശക്തികളാണെന്നതിനാല്‍ തന്നെ എലിമിനേഷനില്‍ ആരാധകര്‍ക്കും ടെന്‍ഷനുണ്ട്. ഇവര്‍ക്കായി ശക്തമായ വോട്ടിങ്ങ് ക്യാംപൈനിങ്ങും നടന്നിരുന്നു. സാധാരണഗതിയില്‍ എലിമിനേഷനില്‍ വരുന്നവരില്‍ ഒരാള്‍ മാത്രമേ പുറത്തു പോകാറുള്ളൂ എങ്കിലും ഈ ആഴ്ച്ച രണ്ട് പേര്‍ പുറത്തു പോകുമോ എന്നതാണ് ബിഗ് ബോസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു കാര്യം.
അതേസമയം അര്‍ച്ചനയോ പേളിയോ ഔട്ടാകുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. എന്നാല്‍ പേളിക്ക് മികച്ച വോട്ടിങ്ങ് ലഭിക്കുമെന്നും അതിനാല്‍ തന്നെ അര്‍ച്ചനയാകും പുറത്താകേണ്ടിവരുമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ പേളിക്ക് മുമ്പത്തെ പോലുളള മികച്ച വോട്ടിങ്ങ് എത്താത്തത് പേളി ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. അതേസമയം പേളി-ശ്രീനിഷ് പ്രണയം കാരണം റേങ്ങിങ്ങ് കുതിച്ച ബിഗ്ബോസ് അവസാനഘട്ടത്തിലെത്തിയതിനാല്‍ ഇനി ഷോയ്ക്ക് പേളിയുടെ സഹായം ആവശ്യമില്ലെന്നും അതിനാല്‍ പേളിയെ ഒഴിവാക്കിയേക്കും എന്ന സൂചനയും എത്തുന്നുണ്ട്. ഏഴുവട്ടം നോമിനേഷനില്‍ വന്നിട്ടും പേളിയെ പുറത്താക്കാതെ ഷോയുടെ റേറ്റിങ്ങ് ഏഷ്യാനെറ്റ് പിടിച്ചുനിര്‍ത്തുകയായിരുന്നു എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പേളിയെ ഇക്കുറി മനപ്പൂര്‍വ്വം പുറത്താക്കിയാല്‍ ഈ വിമര്‍ശനങ്ങളുടെ മുന ഒടിക്കാമെന്നും ഏഷ്യാനെറ്റ് കണക്കുകൂട്ടുന്നുണ്ട്. അതേസമയം വോട്ടിങ്ങ് കുറവായ ഷിയാസിന്റെ പേരാണ് ചില ഗ്രൂപ്പുകളില്‍ ഉയരുന്നത്.