Latest News

ചോള വംശത്തിന്റെ കരവിരുതുകള്‍ കാണാന്‍ തമിഴന്റെ നെല്ലറയിലേക്ക് ഒരു യാത്ര

abu vk
ചോള  വംശത്തിന്റെ കരവിരുതുകള്‍ കാണാന്‍ തമിഴന്റെ നെല്ലറയിലേക്ക് ഒരു യാത്ര

മിഴ് നാട്ടിലെ തഞ്ചാവൂർ തഞ്ചൈ പെരിയ കോവിലിനെയും രാമേശ്വരം പാമ്പൻ പാലത്തെയും കോട്ടൈപട്ടണം കന്ത്രിയെയും കുറിച്ച് അറിയാൻ കഴിഞ്ഞത് മുതൽ അങ്ങോട്ടേക്കെല്ലാം ഒരു യാത്ര പോകണമെന്ന് ആഗ്രഹിച്ചിരുന്നു 
ജോലിയും കൂലിയും ഒന്നുമില്ലാതിരിക്കുന്ന ഈ അവസരത്തിൽ ഒരു യാത്രക്കുള്ള ബഡ്ജറ്റും കയ്യിലുണ്ടാവില്ലല്ലോ ! അപ്പൊൾ പിന്നെ ചിലവ് ചുരുക്കി ഒരു യാത്ര അങ് പോകാമെന്നു കരുതി .. പുതുക്കോട്ടയിലെ മുൻ പരിജയം ഉള്ള പ്രഭുവിനെ വിളിച്ചു അങ്ങോട്ടേക്കുള്ള വഴികളും മറ്റും ചോദിച്ചറിഞ്ഞു ... മച്ചാനെ നീ ധൈര്യമായിട്ട് വാ പ്പാ എന്ന് പറഞ്ഞു. 
പിന്നെ ഒന്നും നോക്കിയില്ല ഒരു പക്കാ ലോക്കൽ യാത്രക്കുള്ള തെയ്യാറെടുപ്പിലായി കാലത്ത് പതിനൊന്ന് മണി ആയപ്പഴേക്കും ബാഗും എടുത്ത് 18 കിലോമീറ്റർ അടുത്ത ബോർഡിങ് സ്റ്റേഷൻ ആയ കുറ്റിപ്പുറത്തേയ്ക്ക് പന്ത്രണ്ട് മണിക്ക് മുന്പായി എത്തിച്ചേർന്നു..സ്റ്റേഷനിൽ ചെന്ന് അന്വേഷിച്ചപ്പോൾ പറഞ്ഞു പതിനഞ്ച് മിനുറ്റിൻ ശേഷം തൃച്ചി വഴി ചെന്നൈ പോകുന്ന വണ്ടിയുണ്ടെന്നറിഞ്ഞു ചിലവ് ചുരുക്കലിന്റെ ഭാഗമായി ചെന്നൈ പോകുന്ന ആ ട്രെയിനിൻ തൃച്ചി വരേയ്ക്കും ലോക്കൽ ക്ലാസ്സ്‌ ടിക്കറ്റ് എടുത്തു.

പതിവ് പല്ലവിയിൽ തന്നെ നമ്മുടെ ഇന്ത്യൻ റയിൽവേയുടെ എനിക്ക് സഞ്ചരിക്കാനുള്ള ചെന്നൈ ട്രെയിൻ ലേറ്റായിട്ട് തന്നെ എത്തി. ഏറ്റവും പുറകിലത്തെ സെക്കന്റ്‌ ക്ലാസിൽ തന്നെ കയറിക്കൂടി.... ഇരിക്കുവാനുള്ള ഇരിപ്പിടങ്ങളെല്ലാം നിറഞ്ഞു കവിഞ്ഞിരിന്നു ഭാഗ്യത്തിന് വല്യ തിരക്കൊന്നും ഇല്ലാതാനും എന്നാ ഇച്ചിരി കാറ്റുകൊണ്ട് യാത്ര ചെയ്യാം എന്നു കരുതി വാതിൽ പടിയിലിൽ ചെന്നിരുന്നു അപ്പോഴേക്കും വിസിലടിച്ചു തീവണ്ടി പതിയെ നീങ്ങിത്തുടങ്ങി...

കേരളത്തിന്റെ ഏറ്റവും വീതികൂടിയ നിളയായ ഭാരതപ്പുഴയുടെ ഓരങ്ങളിലൂടെ ട്രെയിൻ കൂകിപായുമ്പോൾ നിളയുടെ നിറമുള്ള ഓര്മകളിലൂടെ എന്നെയും വഹിച്ചുകൊണ്ട് ട്രെയിനിൽ മുന്നോട്ട് ചലിക്കുമ്പോൾ ട്രെയിനിന്റെ വാതിൽ പടിയിലിരിക്കുന്ന എന്റെ കാഴ്ചകളിലേക്ക് ഡോക്ടർ ഇഖ്‌ബാൽന്റെ കുറ്റിപ്പുറം പാലവും.. കമൽ പൂക്കളും ( സംവിധായകൻ കമലിന്റെ ) നിളയുടെ ഓളപ്പരപ്പുകളുമെല്ലാം ദൂര ദേശത്തേക്ക് എന്നെ യാത്രയാക്കാൻ തുടങ്ങി..

ട്രെയിൻ പിന്നിടുന്ന ഒരോ വഴികളിലെ കാഴ്ചകൾ ഇങ്ങനെ ആസ്വൊദിച്ചിരിക്കെ പെട്ടൊന്ന് ട്രെയിൻ നിൽക്കുകയും.... ഒരേ ബഹളവും.... ആളുകളെല്ലാം അവരുടെ ലഗേജുമായി ധൃതിപിടിച്ചു ഇറങ്ങുന്നുണ്ടയിരുന്നു ഒരുത്തൻ അവന്റെ ബാഗും കൊണ്ട് ഒരു തള്ള്... 
ഇനി ഈ വാതിൽ പടിയിലെ ഇരിപ്പ് താൽക്കാലികമായ് ഇറങ്ങുന്നവർക്കും കയറുന്നർക്കും വേണ്ടി ഒഴിഞ്ഞു കൊടുത്തേ പറ്റൂ.. എണീറ്റു നേരെ ജനലിനരികിലായ് ഒഴിഞ്ഞു കിടന്ന ഇരിപ്പിടത്തിലേക്ക് മെല്ലെ നീങ്ങി അങ്ങിനെ ഇരിക്കാനൊരു സീറ്റ് കിട്ടി... കാൽ മണിക്കൂർ വെയ്റ്റിംഗ്ന് ശേഷം വണ്ടി ഷൊർണൂർ വിടാൻ തുടങ്ങി.. ഇപ്പോൾ ഒരു വിധം കംപാർട്മെന്റ് എല്ലാം ഫുള്ളായിട്ടുണ്ട്.

ഓരോ സ്റ്റേഷനുകളും പിന്നിടുമ്പോൾ കാണുന്ന മഞ്ഞ ബോർഡുകളിലെ വലിയ കറുപ്പക്ഷരങ്ങൾ ഒരോന്നും എന്റെ കണ്ണുകൾ പരതാൻ തുടങ്ങി അവ ഓരോന്നും മനസ്സിൽ കോറി വെക്കേണ്ടതായിട്ടുണ്ട് വീണ്ടും ഇതു വഴി യാത്രചെയ്യുമ്പോൾ അവയൊന്നും എനിക്ക് അപരിചിത-മാകാതിരിക്കുവാൻ വേണ്ടി.

ഷൊർണൂർ പിന്നിട്ടപ്പോൾ അടുത്തിരുന്നു ഒരു ഫാമിലിയുമായി സൗഹാർദ്ദത്തിലായി, അവർ ഷൊർണൂർ നിന്നും ചെന്നൈയിലെ ഹോസ്പിറ്റലിലേക്ക് യാത്ര പോകുന്നവരാണ് കൂടെ അവരുടെ വൈഫും ഉണ്ട് കൂടുതൽ വാചാലനായാത് കൊണ്ടാവാം ഈ യാത്രയിലെ കുറച്ചു നിമിഷങ്ങൾ അവരുടെ ജീവിതയഥാർത്ഥങ്ങളിലേക്ക് സഞ്ചരിക്കാൻ തുടങ്ങി......

ഞാൻ കാണുന്ന പുറം കാഴ്ചകളേക്കാളും ഭംഗി വഴിയാത്രയിലെ ചില മുഖങ്ങൾക്കും ഉണ്ട് അതിലൊരു മുഖമായിയുന്നു അവരുടേത് അവരുടെ ജീവിതം പുറം കാഴ്ചകളേക്കാൾ ഇരുളടഞ്ഞാതായിരുന്നു അവരുടെ ജീവിതമെന്ന പകൽ യാത്രകൾ ഒരു പാട് യാതനകളും പ്രയാസങ്ങളും നിറഞ്ഞ ഒരു ട്രാക്കിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു തീവണ്ടി പോലെയാണ് അയാളിപ്പോൾ രണ്ടാഴ്ചയിൽ ഒരിക്കൽ ഇതുവഴി ഇതേ ട്രെയിനിൽ യാത്ര ചെയ്യാൻ തുടങ്ങിയിട്ട് മൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു

ട്രെയിൻ യാത്രയിൽ ജീവിതമെന്ന ദുരിതക്കയത്തിന്റെ മനോവ്യാധിയിലും മനോവിഷമത്തിലും വാടിത്തളർന്ന അപരിചിത മുഖങ്ങൾ പലതുമുണ്ടാവും അതിൽ സമ്പന്നനും... സാധാരണക്കാരനും... തെരുവിന്റെ മക്കളും... വിധി തളർത്തിയ വിചിത്ര രൂപങ്ങളുമെല്ലാം ഓടിക്കൊണ്ടിരിക്കുന്ന ഒരോ തീവണ്ടിയിലേയും കാഴ്ചകളിക്കുണ്ടാവാം. അവരുടെ ജീവിതം അതെന്തോ എന്നെ പിടിച്ചുലച്ചു !.

ജോൺ ബ്രെസ്റ്റലിയുടെ ട്രാവൽ ബൈ ട്രെയിൻ ആണ് അപ്പോൾ എനിക്ക് ഓർമ വരുന്നത്..........

" ജീവിതത്തിൽ വിഷമഘട്ടങ്ങൾ വരുമ്പോൾ നിങ്ങളൊരു ട്രെയിനിൽ യാത്ര നടത്തുക നിങ്ങളെക്കാൾ വിഷമത്തിലും പ്രയാസത്തിലും പുഞ്ചിരിക്കുന്ന മുഖങ്ങളായിരിക്കും ആ യാത്രയിലെ നിങ്ങളുടെ സഹയാത്രികർ, ആ യാത്ര അത് നിങ്ങൾക്കൊരു പ്രത്യേക എനർജി തന്നെ പകരും... സംശയമില്ല ".

ഇരുമ്പ് പാളങ്ങളും ഇരുമ്പ് ചക്രങ്ങളും കൂട്ടിയുരഞു ചൂളം വിളിച്ചു പായുന്ന തീവണ്ടികളുടെ ശബ്ദങ്ങൾ അയാളുടെ കാതുകളിൽ ഇനിയും മുഴങ്ങിക്കേൾക്കാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു

ജീവിതത്തിൽ ഒരുപാട് ദൂരങ്ങൾ അയാൾക്ക് ഇനിയും താണ്ടേണ്ടതുണ്ട് ഇതു വഴിയല്ലാതെ.... ഓരോ കംപാർട്മെറ്റിലെയും ജനലരികിൽ ആകാംഷഭരിതയോടെ പുതിയ കാഴ്ചകൾ തേടിയിറങ്ങിയ സഞ്ചാരികളായ എന്നെപ്പോലെയുള്ള യാത്രികരെ ആ വഴിയിൽ അയാൾ ഇനി കണ്ട്മുട്ടാതിരിക്കട്ടെ ,,,

ഉദയാസ്തമയവും കടന്ന് പട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും സംസ്കാരം ഈ യാത്രയിൽ എനിക്കൊന്ന് തൊട്ടറിയണം, വയലുകളും കൃഷിയിടവും നൽകുന്ന കാഴ്ചകൾ മനസ്സിൽ എന്നും തളച്ചിടണം.. 
തരിശുഭൂമിയും പുഴകളും കൈവരികളും പിന്നിട്ട് ട്രെയിൻ രാത്രി പത്തേക്കാലിന് തൃച്ചി സ്റ്റേഷനിൽ എത്തി.

റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി മെയിൻ റോഡിന്റെ അടുത്ത് കണ്ട തട്ട് കടയിൽ കയറി കഴിക്കാൻ (ടിഫൺ )ഇഡ്‌ലിയും ചട്ണിയും ചമ്മന്തിയും അടങ്ങിയ തമിഴരുടെ ഡിന്നർ. പിന്നെ ഉള്ളത് ദോശയും ഓംബ്‌ലറ്റും. രണ്ടു ദോശയും ഓംപ്ലെയിറ്റും തട്ടി ഇരുപത്തിയഞ്ച് രൂപ ബില്ലും കൊടുത്തു നേരെ ബസ്റ്റാന്റിലേക്ക് നടന്നു. അവിടുന്ന് നേരെ തഞ്ചാവൂർ ലക്ഷ്യമാക്കി നീങ്ങി ട്രിച്ചിയിൽ നിന്നും 60കിലോമീറ്റർ അകലെയുള്ള തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പന്ത്രണ്ട് മണിക്കൊരു തമിഴ് നാട് ട്രാൻസ്‌പോർട് ബസ് കിട്ടി.. ഒന്നര മണിക്കൂർ യാത്രക്ക് ശേഷം തഞ്ചാവൂർ ബസ്റ്റാന്റിൽ ബസ് വന്നു നിന്നു....അന്ന് രാത്രി തങ്ങാൻ ബസ്റ്റാന്റിന് പിറകു വശത്തുള്ള ലോഡ്ജിൽ ചീപ് റേറ്റിൻ റൂം കിട്ടി. പിറ്റേന്ന് കാലത്ത് നേരെ തഞ്ചൈ പെരിയ കോവിൽ സന്ദർശിക്കാൻ ഇറങ്ങി

#തഞ്ചാവൂർ_കോവിൽ

തമിഴ് നാടിന്റെ ധാന്യ കലവറ, ലോക പ്രശസ്തമായ ചിത്രകലയുടെയും ബൊമ്മയുടെയും നാഡീശാസ്ത്രത്തിന്റെ ഈറ്റില്ലം വിശേഷണങ്ങൾ ഏറെയുണ്ട് തഞ്ചാവൂരിനെ കുറിച്ച് പറയാൻ.. തഞ്ചാവൂരിന്റെ വിശേഷണങ്ങളെക്കാൾ എന്നെ അത്ഭുതപെടുത്തിയ ചോള വംശത്തിന്റെ കരവിരുതിൽ രൂപം കൊണ്ട ക്ഷേത്രവും അതിന്റെ ചരിത്രവുമാണ്.

തഞ്ചാവൂർ എന്നസ്ഥലത്ത് പ്രസിദ്ധമായ ദക്ഷിണമേരു എന്നറിയപ്പെടുന്ന ശ്രീ ബൃഹദ്ദേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് അതൊന്ന് കാണണം ഇതിനെ ക്കുറിച്ച് അറിഞ്ഞതുമുതൽ ആഗ്രഹിക്കുകയായിരുന്നു തഞ്ചാവൂർ യാത്ര പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ഏക ക്ഷേത്രമായി ഇത് ഇന്നും നിലകൊള്ളുന്നു 
ആദ്യകാലങ്ങളിൽ തിരുവുടയാർ കോവിൽ എന്ന പേരിലാണു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. പിന്നീട് പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നും ഇത് അറിയപ്പെടാൻ തുടങ്ങി. 
ചോള രാജവംശത്തിലെ പ്രമുഖനായ രാജരാജചോഴൻ പണികഴിപ്പിച്ച ക്ഷേത്രം പരമശിവനെ ലിംഗരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് അത് കൊണ്ട് തന്നെ ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയും .

രാജരാജേശ്വര ക്ഷേത്രത്തിനു പ്രധാനമായും രണ്ട് ഗോപുരങ്ങളാണു കവാടങ്ങളായുള്ളത് ആദ്യം കാണുന്ന കവാടത്തിന്റെ പേരു “കേരളാന്തകൻ തിരുവയിൽ“ എന്നാണു. കേരളനാട്ടുരാജാവായ ശ്രീ ഭാസ്കരരവിവർമ്മനെ പരാജയപ്പെടുത്തിയതിനു ശേഷം രാജരാജൻ ഒന്നാമനു ലഭിച്ച പേരാണത്രെ കേരളാന്തകൻ. അതിന്റെ ഓർമ്മക്കായാണു ഈ അഞ്ചു നിലകളുള്ള ഗോപുരത്തിനു കേരളാന്തകൻ തിരുവയിൽ എന്ന് നാമകരണം ചെയ്തിരിക്കുന്നത്

കുഞ്ചരമല്ലൻ രാജരാജപെരുന്തച്ചനാണ്‌ രാജരാജക്ഷേത്രത്തിന്റെ ശില്പി. ക്ഷേത്രത്തിന്റെ മതിലിൽ അദ്ദേഹത്തിന്റെ പേര്‌ കൊത്തിവച്ചിട്ടുണ്ട്
നിരവധി മനോഹരമായ ശിൽപ്പങ്ങൾ ഗോപുരത്തിന്റെ മനോഹാരിതക്ക് ആക്കം കൂട്ടുന്നുണ്ട്. മാത്രമല്ല ഈ ഗോപുരത്തിൽ തന്നെ ദക്ഷിണാമൂർത്തിയുടേയും (തെക്ക്) ,ബ്രഹ്മാവിന്റേയും (വടക്ക്) പ്രതിഷ്ഠകളുണ്ട്.

രണ്ടാമത്തെ ഗോപുരത്തിന്റെ പേരു രാജരാജൻ തിരുവയിൽ. നിറയെ പുരാണകഥാസന്ദർഭങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ഈ ഗോപുരം വിജ്ഞാനകുതുകികൾക്ക് ഒട്ടേറേ പഠനവിഷയങ്ങൾ നൽകുന്നതാണു. ശിവ-മാർക്കണ്ഡേയപുരാണങ്ങൾ മാത്രമല്ല, അർജ്ജുനകിരാത സന്ദർഭവും ഇതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിനു മൂന്നുനിലകളാണുള്ളത്. ഇതിലെ ഒരു പ്രധാന ശിൽപ്പമായി പറയുന്നത്, ഒരു പാമ്പ് ആനയെ വിഴുങ്ങുന്ന ശിൽപ്പമാണു. ഒട്ടനവധി പഠനങ്ങൾക്ക് വിധേയമായിട്ടുണ്ടത്രെ ഇത്. ഈ ഗോപുരത്തിലെ ചില ശിൽപ്പങ്ങളൊക്കെ മറാത്താ ഭരണകാലത്തിന്റെ ശേഷിപ്പുകളാണ്. നാഗരാജാവിന്റേയും ഇന്ദിരാദേവിയുടേയും പ്രതിഷ്ഠകൾ ഈ ഗോപുരത്തിലുണ്ട്.

മനോഹരമായ ചോള വാസ്തു വിദ്യയുടെ നല്ല ഉദാഹരണമാണിവിടം. യുനസ്കോ ലോക പൈതൃക സ്ഥാനമായി ബൃഹതീശ്വരക്ഷേത്രത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജാക്കന്മാർക്ക് ചിത്രപണികളോടും കരിങ്കൽ കൊത്തുപണികളോടും ഉള്ള താല്പര്യവും പ്രതീതിയും എത്രമാത്രം ഉണ്ടെന്ന് പെരിയ കോവിൽ സന്ദർശിക്കുന്ന ഒരോ ആളുകൾക്കും മനസ്സിലാകും ഈ ക്ഷേത്രത്തിന്റെ കൊത്തുപണിയിലും ചിത്രപണിയിലും കലാകാരൻമാരുടെ കഴിവും ഈ ക്ഷേത്രത്തിൽ നിഴലിച്ചു നിൽക്കുന്നുണ്ടെന്നത് എടുത്തു പറയേണ്ട വസ്തുത തന്നെയാ 
നമ്മുടെ ഭാരതത്തിൽ ആദികാലങ്ങൾ മണ്മറഞ്ഞു പോയ കലാകാരന്മാരുടെ കലാ വൈഭവങ്ങളുടെ ചെറിയ ശേഷിപ്പുകളിൽ ഒന്നുമാത്രമാണ് തഞ്ചൈ പെരിയകോവിലെന്ന് എനിക്കു തോന്നുന്നു.

ക്ഷേത്രത്തിനുള്ളിൽ കണ്ട ചുവർ ചിത്രങ്ങൾ എന്നെ വീണ്ടും അത്ഭുതപ്പെടുത്തി അകത്തെ ചുവരുകളിൽ കാണപ്പെടുന്ന മാർക്കണ്ഡേയപുരാണം, തിരുവിളയാടൽ പുരാണം എന്നിവയുടെ കഥ പറയുന്ന ചുമർചിത്രങ്ങൾ കാണാം ചുവർചിത്രങ്ങൾ ചോള ചിത്രരചനാരീതിയുടെ മികച്ച ഉദാഹരണങ്ങളാണ് എന്തിനേറേ പറയണം ക്ഷേത്ര മതിൽക്കെട്ടിൽ പോലും കൊത്തുപണികൾ കാണാം


ക്ഷേത്രത്തിന്റെ സം‌രക്ഷണം പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്റെ ചുമതലയിൽ പെട്ടതിനാൽ തന്നെ അവ നല്ല രീതിയിൽ സംരക്ഷിച്ച് പോരുന്നുണ്ട്

ഈ ഭൂമിയിൽ ഒരുപക്ഷേ ഏറ്റവും വലിയ വാസ്തുവിദ്യ, കല, സംസ്കാരം, മഹത്വം തുടങ്ങി - 216 അടി ഉയരമുള്ള പ്രതിമകൾ, പ്രതിമകളുടെയും വിഗ്രഹങ്ങളുടെയും എണ്ണം കരിങ്കല്ലിൽ തീർത്ത കൊത്തുപണികളും ചുവർ ചിത്രങ്ങളും ഒരു നിമിഷം അവിടുത്തെ കാഴ്ചകളൊക്കെ ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ നിന്നും പഴയ ചോള സാമ്രാജ്യത്തിലേക്ക് എന്നെ തിരികെ കൊണ്ടു പോയി .

 തുടരും
 

Read more topics: # travel experience-Tamilnadu
travel experience-Tamilnadu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES