പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നിബിഡമായ വനങ്ങള്‍ നിറഞ്ഞ ഒരു ഒറ്റപ്പെട്ട ദ്വീപ്. ഇവിടെ മനുഷ്യവാസമുണ്ടെന്നല്ലാതെ അവരെക്കുറിച്ച് യാതൊരു അറിവും പുറംലോകത്തിനില്ല. ഇനി ഇവരെക്കുറിച്ച് പഠിച്ചുകളയാം എന്നു കരുതി ആരെങ്കിലും ഇവിടെ കാലുകുത്തിയാല്‍ അവരെ കൊല്ലാന്‍പോലും ഈ ദ്വീപ് നിവാസികള്‍ക്ക് അനുവാദമുണ്ട്. ഏതെങ്കിലും രാജ്യത്തിന്റെ നീതിവ്യവസ്തകളോ അന്താരാഷ്ട്ര് നീതിന്യായ കോടതിയോ ഒന്നും ഇവരുടെ പ്രവൃത്തിയെ ചോദ്യം ചെയ്യില്ല. പറഞ്ഞു വരുന്നത് ഇന്ത്യാ ഗവണ്‍മെന്റിന്റെ അധിനതയിലുള്ള നോര്‍ത്ത് സെന്റിനല്‍ എന്ന ദ്വീപിനെക്കുറിച്ചാണ്. ഭൂമിശാസ്ത്രപരമായി ഇവര്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ ഭാഗമാണെങ്കിലും തികച്ചും സ്വതന്ത്ര്യമായിരിക്കുന്ന ഒരു പ്രദേശമാണിത്. പുറത്തുനിന്ന് ആരും ഇവരുടെ ഈ ഒറ്റപ്പെട്ട ദ്വീപിലേക്ക് ചെല്ലുന്നത് ഇവിടെയുള്ളവര്‍ക്ക് ഇഷ്ടമില്ല. ഇനി ആരെങ്കിലും ചെന്നാല്‍ത്തന്നെ അവര്‍ ജീവനോടെ തിരിച്ചുവരുമെന്ന് വല്യ ഉറപ്പുമില്ല.
എവിടെയാണ് ഈ നിഗൂഢ ദ്വീപ്
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപിന്റെ ഭാഗമാണ് നോര്‍ത്ത് സെന്റിനല്‍ ദ്വീപ്. ഇന്ത്യന്‍ യൂണിയനുകീഴിലുള്ള ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാറിലെ സൗത്ത് ആന്‍ഡമാന്‍ ജില്ലയുടെ ഭാഗമാണിവിടം. എന്നാല്‍ ഒറ്റപ്പെട്ടുകഴിയാനുള്ള ഈ ദ്വീപുവാസികളുടെ താത്പര്യം മനസിലാക്കിയ ഇന്ത്യാ ഗവണ്‍മെന്റ് ഇവരെ രാജ്യത്തിന്റെ എല്ലാ നിയമങ്ങളില്‍നിന്നും ഒഴിവാക്കുകയായിരുന്നു. തങ്ങളുടെ കൂട്ടത്തിന് പുറത്തുനിന്നുള്ള ആരെങ്കിലും ഈ ദ്വീപില്‍ പ്രവേശിച്ചാല്‍ അവരെ കൊല്ലാനുള്ള അവകാശം പോലും ദ്വീപുവാസികള്‍ക്കുണ്ട്.
ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാറിന്റെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറില്‍നിന്ന് 50 കിലോമീറ്റര്‍ മാത്രം മാറിയാണ് ഏകദേശം 60 കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. തുറമുഖങ്ങളൊന്നുമില്ലാത്ത പവിഴപ്പുറ്റുകളാല്‍ ചുറ്റപ്പെട്ട ഒരു ദ്വീപാണിത്. 2004ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ശക്തമായ ഭൂചലനത്തെതുടര്‍ന്ന് ദ്വീപിന് ചുറ്റുമുള്ള പവിഴപ്പുറ്റുകള്‍ വെള്ളത്തിനുമുകളില്‍വരുകയും പിന്നീട് അവ വരണ്ടു പോവുകയും ചെയ്തിരുന്നു. എന്നാല്‍ ദ്വീപിനുള്ളില്‍ ഇത് എന്തു മാറ്റമുണ്ടാക്കി എന്ന കാര്യം ആര്‍ക്കുമറിയില്ല.
ആരാണ് ഇവിടെ താമസിക്കുന്നത്
ആധുനികതയുടെ യാതൊരുവിധ സ്വാധീനവും ഏല്‍ക്കാത്ത ലോകത്തിലെ അവസാനത്തെ മനുഷ്യവംശമാണ് ഇവിടെ താമസിക്കുന്നവര്‍. സെന്റിനെലെസ് എന്നാണ് ഇവരെ വിളിക്കുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഈ ദ്വീപില്‍താമസിക്കുന്നവരെക്കുറിച്ച് പഠനങ്ങള്‍ നടത്താന്‍ ശ്രമിച്ചിരുന്നു. ആന്‍ഡമാനില്‍ പണ്ടുമുതലേ താമസിച്ചുവന്നിരുന്ന ഓംഗേ വംശജരുമായി ഇവര്‍ക്ക് സാമ്യമുണ്ടെന്ന് കരുതുന്നു. എന്നാല്‍ സെന്റിനല്‍ വാസികളുടെ ഭാഷയും ഓംഗേ വംശജരുടെ ഭാഷയും തികച്ചും വ്യത്യസ്തമാണ്.
പണ്ടുമുതലേ അജ്ഞാതം
ചോള സാമ്രാജ്യകാലത്തും മാര്‍ത്ത സാമ്രാജ്യ കാലത്തും ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപില്‍ കുടിയേറ്റങ്ങളും അധിനിവേശങ്ങളും നടന്നതായി പല ചരിരേഖകളിലും വിവരിക്കുന്നുണ്ട്. എന്നാല്‍ സെന്റിനല്‍ ദ്വീപിനെപ്പറ്റി ഇവയിലൊന്നും ഒരു പരാമര്‍ശവുമില്ല.
ബ്രിട്ടീഷുകാരുടെ സന്ദര്‍ശനം
നിഗൂഢതകളുടെ ചുരുളഴിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നവരായിരുന്നു ബ്രിട്ടീഷുകാര്‍. ആന്‍ഡമാന്‍ നിക്കോബാറില്‍ എത്തിയ നിരവധി ബ്രിട്ടീഷുകാര്‍ സെന്റിനല്‍ ദ്വീപിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചിരുന്നു. 1867 ല്‍ ഒരു ഇന്ത്യന്‍ കപ്പല്‍ ഈ ദ്വീപിന്റെ സമീപം തകര്‍ന്നു . ഇതിലെ 106 യാത്രക്കാര്‍ നീന്തി സെന്റിനല്‍ ദ്വീപില്‍ കയറി. ദ്വീപുവാസികള്‍ ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതുവഴി കടന്നുപോയ ബ്രിട്ടീഷ് റോയല്‍ നേവിയുടെ കപ്പല്‍ ഇവരെ രക്ഷിച്ചു.
1880ല്‍ സെന്റിനലിലെ ആളുകളുടെ ജീവിതരീതിയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചു പഠിക്കാനായി ബ്രിട്ടീഷുകാരനായ മൈറിസ് വിഡാല്‍ പോര്‍ട്ട്മാന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഇവിടെയെത്തി. ചെറിയ നടപ്പാതകളും ആളുകളുപേക്ഷിച്ചുപോയ ചെറിയ ഗ്രാമങ്ങളുമാണ് ഇവര്‍ക്ക് ഇവിടെ കണ്ടെത്താന്‍ കഴിഞ്ഞത്. ദിവസങ്ങള്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ ആറ് സെന്റിനല്‍ നിവാസികളെ ഇവര്‍ പിടികൂടി. ഇവരെ പോര്‍ട്ട് ബ്ലെയറില്‍ എത്തിച്ചു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇതില്‍ മുതിര്‍ന്ന രണ്ടു പേരും മരിച്ചു. മിച്ചമുണ്ടായിരുന്ന നാലു കുട്ടികള്‍ യാതൊരുവിധത്തിലും പുറത്തുനിന്നുള്ളവരുമായി ആശയവിനിമയം നടത്താന്‍ തയാറായില്ല. ഇതേത്തുടര്‍ന്ന് ഇവരെ തിരിച്ച് സെന്റിനലില്‍ കൊണ്ടുപോയി വിട്ടു.
സ്വാതന്ത്ര്യശേഷം
സ്വാതന്ത്ര്യശേഷം സെന്റിനല്‍ വാസികളുമായി സൗഹൃദബന്ധം സ്ഥാപിക്കാന്‍ ഇന്ത്യ ഗവണ്‍മെന്റ് പലതവണ ശ്രമിച്ചു.1991ല്‍ ആന്ത്രോപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അന്നത്തെ ഡയറക്ടര്‍ ത്രിലോകനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തി ദ്വീപ് വാസികളുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. 1997ഓടെ ഇവിടെ പ്രവേശിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ പൂര്‍ണമായും ഉപേക്ഷിച്ചു.
2004 ലെ സുനാമി
2004 ലെ സുനാമി സെന്റിനല്‍ ദ്വീപിനെയും ബാധിച്ചിരുന്നു. സുനാമി ഉണ്ടായി രണ്ടു ദിവസം കഴിഞ്ഞ് സെന്റിനല്‍ നിവാസികളുടെ അവസ്ഥ അറിയാന്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ഒരു ഹെലികോപ്ടര്‍ ദ്വീപിന് ചുറ്റും താഴ്ന്ന് വട്ടമിട്ട് പറന്നിരുന്നു. ഹെലികോപ്ടറിനെ അന്പും വില്ലുമായി ആക്രമിക്കാന്‍ വരുന്ന ദ്വീപുവാസികളെയാണ് അന്ന് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നവര്‍ക്ക് കാണാനായത്. സുനാമിയില്‍ ദ്വീപിലെ മീന്‍പിടുത്ത സ്ഥലങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു.
2006ല്‍ സംഭവിച്ചത്
2006 ജനുവരി 26 ന് ആന്‍ഡമാനില്‍നിന്നുള്ള രണ്ടു മീന്‍പിടുത്തക്കാര്‍ അബദ്ധത്തില്‍ സെന്റിനല്‍ ദ്വീപില്‍ പ്രവേശിക്കുകയും ദ്വീപുവാസികളാല്‍ വധിക്കപ്പെടുകയും ചെയ്തു. ഇവരുടെ മൃതദേഹം പോലും വിട്ടുകിട്ടിയില്ല. ഈ സംഭവത്തിനുശേഷം സെന്റിനല്‍ ദ്വീപ് കൂടുതല്‍ ഒറ്റപ്പെട്ടു. ആരും അവരെ ശല്യപ്പെടുത്തരുതെന്ന് ആന്‍ഡമാന്‍ നിവാസികള്‍ക്ക് സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശം നല്‍കുകയും ചെയ്തു.നിലവില്‍ ഈ ദ്വീപില്‍ 50 മുതല്‍ 400 വരെ ആളുകള്‍ ഉണ്ടാകാം എന്നാണ് കരുതപ്പെടുന്നത്.