മഴക്കാലവും ശൈത്യകാലവും വേനൽക്കാലവും ഒന്നിന് പിറകേ മാറിമാറി വരുന്ന കേരളത്തിൽ ഏത് കാലത്തും യാത്ര ചെയ്യാൻ പറ്റിയ ഒരു സ്ഥലം നിങ്ങൾ തിരയുകയാണെങ്കിൽ, മൂന്നാർ നിങ്ങൾക്ക് തെരഞ്ഞെടുക്കാം. കാലവസ്ഥ തന്നെയാണ് മൂന്നാറിനെ കേരളത്തിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നത്.
മഴ പെയ്തതോടെ മൂന്നാർ കൂടുതൽ തണുത്ത് തുടങ്ങും, എന്നാലും പ്രശ്നമില്ല ചെറിയ കമ്പിളിഷാൾ പുതയ്ക്കുമ്പോൾ മാറുന്ന തണുപ്പേ മൂന്നാറിൽ ഉണ്ടാകാറുള്ളു. വേനൽക്കാലത്താണ് മൂന്നാർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. എന്നാലും ശൈത്യകാലത്ത് മൂന്നാർ നൽകുന്ന കുളിരിന് ഒരു സുഖമുണ്ട്. ഒരു റൊമാന്റിക്ക് യാത്രയാണെങ്കിൽ മൂന്നാറല്ലാതെ വേറെ എവിടെയ്ക്കും പോകണ്ട.
അഞ്ച് നദികളിൽ നിന്ന് പഞ്ചാബ് എന്ന പേരുണ്ടായി എന്ന് പറയുന്നത് പോലെയാണ് മൂന്ന് ആറുകളിൽ നിന്ന് മൂന്നാർ എന്ന പേരുണ്ടായത്. മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്ന് പുഴകളാണ് മൂന്നാറിന് ആ പേരു നൽകിയത്. മൂന്നാറിലാണ് ഈ മൂന്ന് പുഴകളും സംഗമിക്കുന്നത്. പുഴകളുടെ മാത്രം സംഗമ സ്ഥലമല്ല മൂന്നാർ, സംസ്കാരങ്ങളുടെ സംഗമവും അവിടെ കാണാം.കേരള - തമിഴ്നാട് അതിർത്തിയിൽ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽസ്റ്റേഷൻ ആണ് മൂന്നാർ. കോളനിഭരണകാലത്താണ് ഒരു ടൂറിസ്റ്റ് കേന്ദ്രമായി മൂന്നാർ വളർന്നത്. കേരളത്തിലെ നഗരങ്ങൾ കീഴടക്കിയ ബ്രിട്ടീഷുകരുടെ കുടിയേറ്റം പിന്നീട് മലനിരകളിലേക്കായിരുന്നു.
കാണാൻ ഭംഗിയുള്ള മലനിരകളിലേക്ക് കുടിയേറിയ ബ്രിട്ടീഷ് ഓഫീസർമാർ ഫാമുകളും പ്ലാന്റേഷനും സ്ഥാപിച്ച് സുഖവാസം തുടങ്ങിയതോടേയാണ് മൂന്നാറും ഒരു സുഖവാസ കേന്ദ്രമായി മറുന്നത്. ആദ്യകാലത്ത് തേയിലത്തോട്ടങ്ങളായിരുന്നു മൂന്നാറിൽ. ഇവിടെ ജോലി ചെയ്യാനായി നിരവധി തോട്ടം തൊഴിലാളികളെ അവർ ഇവിടെ എത്തിച്ചു. പിന്നീട് തോട്ടങ്ങളുടെ മേൽനോട്ടക്കാർക്ക് താമസിക്കാൻ ബംഗ്ലാവുകൾ നിർമ്മിച്ചു. പിന്നീട് ബ്രീട്ടീഷ് മേലധികരികൾക്കള്ള അവധിക്കാല വസതികളും ഇവിടെ സ്ഥാപിക്കപ്പെട്ടു. അങ്ങനെ ക്രമേണ മൂന്നാർ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറി.
ഹണിമൂൺ പറുദീസ
ഇന്ത്യയിൽ തന്നെ പേരുകേട്ട ഒരു ഹണിമൂൺ ലോക്കേഷനാണ് മൂന്നാർ. ഹണിമൂൺ ആഘോഷിക്കാൻ വരുന്ന ദമ്പതികൾക്കായി നിരവധി റിസോർട്ടുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ എറണാകുളത്ത് നിന്നും കോട്ടയത്തു നിന്നും മൂന്നാറിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.
തമിഴ് നാട്ടിലെ തേനിയിൽ നിന്നും മധുരയിൽ നിന്നും സേലത്തു നിന്നും മൂന്നാറിലേക്ക് വാഹനങ്ങൾ ലഭ്യമാണ്.
ട്രെക്കിംഗ് പ്രിയരുടെ സ്വർഗം
ട്രെക്കിംഗിന് പേരുകേട്ട ഇന്ത്യയിലെ സ്ഥലങ്ങളിൽ ഒന്നാണ് മൂന്നാർ. മൂന്നാറിൽ ചെന്ന് എവിടേയ്ക്ക് പോയാലും ട്രെക്കിംഗിന് അനുയോജ്യമായ നിരവധി സ്ഥലങ്ങൾക്കാണം. വെള്ളച്ചാട്ടങ്ങളും, ഡാമുകളും, തടാകങ്ങളും, തേയിലത്തോട്ടങ്ങളുടെയും മൊട്ടക്കുന്നുകളുടേയും ഹരിതഭംഗി ആസ്വദിച്ചു കൊണ്ടുള്ള ട്രെക്കിംഗ് മറക്കാനാവത്ത അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്.
ഇൻഡോ സ്വിസ്സ് ലൈവ് സ്റ്റോക്ക് പ്രൊജക്ട്
മൂന്നാറിൽ എത്തുന്നവർക്ക് കൗതുകം പകരുന്ന ഒരു കന്നുകാലി ഫാം ആണ് ഇത്. മൂന്നാറിന് പതിമ്മൂന്ന് കിലോമീറ്റർ അകലെ മാട്ടുപ്പെട്ടിയിലാണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്. രാവിലെ ഒൻപത് മണി മുതൽ പതിനൊന്ന് മണിവരെയും ഉച്ച കഴിഞ്ഞ് രണ്ട് മണിമുതൽ മൂന്നരെ വരേയും സഞ്ചാരികളെ ഇവിടെ സന്ദർശിക്കാൻ അനുവദിക്കും.ഈ ഫാം സന്ദർശിക്കാം ഒരാൾക്ക് അഞ്ചു രൂപ നിരക്കിൽ ടിക്കറ്റ് എടുക്കേണം.
സമീപ പ്രദേശങ്ങളും സുന്ദരം
മൂന്നാറിൽ എത്തിയാൽ, സമയം അനുവദിക്കുമെങ്കിൽ സമീപ പ്രദേശങ്ങളും സഞ്ചരിക്കാം. അപൂർവമായ നീലക്കുറിഞ്ഞികൾ പൂക്കുന്ന ടോപ്പ് സ്റ്റേഷനും, ചന്ദനമരങ്ങൾ വളരുന്ന മറയൂരും ചിന്നാർ വൈൽഡ് ലൈഫ് സാങ്ച്വറിയുമൊക്കെ മൂന്നാറിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.
(കടപ്പാട് : ശ്രീജിത്ത് അർ ഏസ്)