ഉച്ചയൂണ് കഴിഞ്ഞു സീറ്റില്‍ വിശ്രമിക്കുന്ന സമയത്ത് നേരെ എതിരെ, വശം തിരിഞ്ഞിരിക്കുന്ന നന്ദിതയെ ഞാന്‍ നോക്കി. ഇവളെ കെട്ടുന്നവന്‍ എത്ര ഭാഗ്യവാനായിരിക്കും? എന്ത് നല്ല സ്വഭാവമുള്ള പെണ്ണ്! എത്ര ശാലീനമായ സൌന്ദര്യം. അന്നൊരു ദിവസം വെറുതെ പറഞ്ഞതാണ് കരിമീന്‍ ഇലയില്‍ പൊള്ളിച്ചു വറുത്തത് എനിക്ക് വലിയ ഇഷ്ടമാണെന്ന്. അവള്‍ താമസിക്കുന്നിടത്ത് പുഴമീനുകള്‍ ഇഷ്ടം പോലെ ലഭിക്കുമത്രേ. ഇന്ന് ഉച്ചയ്ക്ക് ലഞ്ച് കഴിക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് ഇരിക്കുന്ന സമയത്ത് നന്ദിത എന്റെ അരികിലെത്തി ഒരു പൊതി എന്റെ മുന്‍പിലേക്ക് വച്ചു. മറ്റുള്ളവരുടെ കണ്ണുകളിലെ അസൂയ കണ്ടില്ലെന്നു നടിച്ച് ചോദ്യഭാവത്തില്‍ ഞാനവളെ നോക്കി. ''അന്നൊരിക്കല്‍ പറഞ്ഞില്ലേ കരിമീന്‍ വലിയ ഇഷ്ടാണെന്ന്? ഇന്നലെയെ കിട്ടിയുള്ളൂ നല്ല മീന്‍..അപ്പോള്‍ത്തന്നെ ഞാന്‍ അച്ഛനെക്കൊണ്ട് വാങ്ങിപ്പിച്ചു..കഴിച്ചിട്ട് പറയണേ ഇഷ്ടപ്പെട്ടോ എന്ന്'' ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞിട്ട് അവള്‍ പോയപ്പോള്‍ ചുറ്റിലും ഇരുന്നിരുന്ന സഹജീവനക്കാരുടെ അസൂയ അഭിമാനത്തോടെ ഞാന്‍ നേരിട്ടു. ''നന്ദിതയ്ക്ക് ജയിംസിനോട് മാത്രമേ ഉള്ളു സ്‌നേഹം..കണ്ടില്ലേ കരിമീന്‍ പൊള്ളിച്ചത്..ഉം..യോഗം മോനെ..യോഗം..'' കൂട്ടത്തില്‍ എന്തും തുറന്ന് പറയുന്ന ശീലമുള്ള സുഗതന്‍ പറഞ്ഞു. ''ഞാന്‍ ഒരിക്കല്‍ അവളുടെ മുന്‍പില്‍ വച്ച് അറിയാതെ പറഞ്ഞു കരിമീന്‍ എനിക്ക് വലിയ ഇഷ്ടമാണെന്ന്..അല്ലാതെ ഞാന്‍ ആവശ്യപ്പെട്ടിട്ടൊന്നുമല്ല'' ''അങ്ങനെ ആയിരുന്നെങ്കില്‍ ഞങ്ങള്‍ക്കും വിഷമം ഉണ്ടാകത്തില്ലയിരുന്നു..അല്ലേടാ ജേക്കബ്ബേ..ഇതിപ്പോള്‍ പറയാതെ തന്നെ കൊണ്ടുത്തന്നാല്‍..ങാ..സഹിക്കാം മോനെ..അല്ലാതെന്ത് വഴി'' സുഗതന്റെ അഭിനയം കണ്ട് എല്ലാവരും ചിരിച്ചപ്പോള്‍ അല്‍പ്പം മാറി സ്ത്രീകള്‍ക്കൊപ്പം ലഞ്ച് കഴിച്ചുകൊണ്ടിരുന്ന നന്ദിത ഒരു ഗൂഡമായ പുഞ്ചിരിയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു; മറ്റാരും അറിയാതെ. ''നന്ദിത..വളരെ നന്ദി..നല്ല ഉഗ്രന്‍ മീനായിരുന്നു..താങ്ക്‌സ് എ ലോട്ട്'' ഊണ് കഴിഞ്ഞു വന്നിരുന്നപ്പോള്‍ ഞാന്‍ അവളെ നോക്കി വിളിച്ചു പറഞ്ഞു. നന്ദിത ഇഷ്ടപ്പെടാത്ത മട്ടില്‍ മുഖം വീര്‍പ്പിച്ച് എന്നെ നോക്കി. പിന്നെ അടുത്തേക്ക് വന്ന് ശബ്ദം താഴ്ത്തി ഇങ്ങനെ പറഞ്ഞു: ''എന്നോട് നന്ദി പറയരുത്..എനിക്കതിഷ്ടമല്ല..'' ഞാന്‍ അത്ഭുതപ്പെട്ടുപോയി.
എന്തിനാണ് ഈ പെണ്‍കുട്ടി എന്നോട് ഇത്ര അടുപ്പം കാണിക്കുന്നത്? എന്താണ് ഇവള്‍ക്ക് എന്നോടിത്ര വിധേയത്വം? ഞാന്‍ എന്ത് പറഞ്ഞാലും അക്ഷരം പ്രതി അനുസരിക്കുന്ന നന്ദിതയെ എന്റെ പേര് ചേര്‍ത്ത് കഥയുണ്ടാക്കാന്‍ പലര്‍ക്കും പ്രചോദനം ആയേക്കാമായിരുന്നു എങ്കിലും, ആര്‍ക്കും അതിനു കഴിയില്ലായിരുന്നു. കാരണം നന്ദിതയുടെ വിവാഹം അവളുടെ മുറച്ചെറുക്കനുമായി എന്നേ ഉറപ്പിച്ചതാണ്. നാലുമാസങ്ങള്‍ കഴിഞ്ഞാല്‍ അവള്‍ മംഗല്യവതി ആകും. അതുകൊണ്ട് എന്നോടവള്‍ കാണിക്കുന്ന സ്‌നേഹത്തിനും വിധേയത്വതിനും അര്‍ഥം കണ്ടുപിടിക്കാന്‍ ആര്‍ക്കും കഴിയുന്നുണ്ടായിരുന്നില്ല; എനിക്ക് പോലും. നന്ദിത തിരികെ കസേരയില്‍ ചെന്നിരുന്നു ജോലി തുടരുന്നത് കൌതുകത്തോടെ ഞാന്‍ നോക്കി. ''സര്‍..ബിസ്‌ക്കറ്റ് വേണോ?'' ഞാന്‍ നോക്കി; ഓഫീസ് ബോയ് ആണ്. ''കൊട്..ഒരെണ്ണം കടത്തിവിടാന്‍ സ്ഥലം ബാക്കിയുണ്ട്'' ഞാന്‍ കൈനീട്ടി. അവന്‍ ഒരു ഹോര്‍ലിക്‌സ് ബിസ്‌ക്കറ്റ് എന്റെ കൈയിലേക്ക് വച്ചുതന്നു. ''ഈ കുന്തം തിന്നാല്‍ വിശപ്പ് മാറുമോടെ? നിനക്ക് ചോറ് വേണ്ടേ?'' ''ഞാന്‍ ഉണ്ട് സാറെ..ഇത് എം ഡി സാറ് തന്നതാ..'' പറഞ്ഞിട്ട് അവന്‍ നന്ദിതയുടെ അരികിലെത്തി. ''മാഡം..ബിസ്‌ക്കറ്റ്'' ''വേണ്ട ദീനു'' അവള്‍ അവനെ നോക്കാതെ പറഞ്ഞു. അവന്‍ അതുമായി മറ്റുള്ളവരുടെ അരികിലേക്ക് നീങ്ങിയപ്പോള്‍ എനിക്ക് ഒരു കൌതുകം തോന്നി. ഞാന്‍ ആ ബിസ്‌ക്കറ്റ് രണ്ടായി മുറിച്ചു; ഒരു കഷണം എന്റെ വായില്‍ വച്ചിട്ട് ബാക്കി കൈയില്‍ ചുരുട്ടിപ്പിടിച്ച് ഞാന്‍ അവളുടെ അരികിലെത്തി.
''നന്ദു..ഇന്നാ..'' ഞാനത് അവള്‍ക്ക് നേരെ നീട്ടി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ ഒരു പാല്‍പ്പുഞ്ചിരിയോടെ അത് വാങ്ങി മെല്ലെ കഴിച്ചു. ''നല്ല ടേസ്റ്റ്..'' അവള്‍ എന്റെ കണ്ണുകളിലേക്ക് നോക്കി. എനിക്ക് അവിശ്വസനീയമായിരുന്നു അവളുടെ ആ ചെയ്തി. ''നീ എന്താ അവന്‍ തന്നപ്പോള്‍ വാങ്ങാഞ്ഞത്?'' എനിക്ക് ചോദിക്കാതിരിക്കാന്‍ സാധിച്ചില്ല. ''അത് അവനല്ലേ..'' എന്നെ നോക്കാതെ ആയിരുന്നു മറുപടി. ഉത്തരമില്ലാത്ത ഒരു സമസ്യ പോലെയാണ് അവളെന്ന് എനിക്ക് തോന്നി. എന്നെ അവള്‍ പ്രേമിക്കുന്നുണ്ടോ? അവള്‍ വളരെയധികം സ്‌നേഹിക്കുന്നു എന്നെന്നോട് പലവുരു പറഞ്ഞിട്ടുള്ള സ്വന്തം മുറച്ചെറുക്കനുമായി വിവാഹം നിശ്ചയിച്ചു കഴിഞ്ഞിട്ടും? അതും ഒരു അന്യമതസ്ഥനായ എന്നെ? ആ ചിന്ത എന്നെ പൊടുന്നനെ വീര്‍പ്പുമുട്ടിച്ചു. അവളോട് എനിക്ക് പ്രേമമുണ്ടോ മനസ്സില്‍? ഞാന്‍ സ്വയം ചോദിച്ചു. ഏയ്..ഒരിക്കലുമില്ല. പക്ഷെ ഇഷ്ടമാണ് അവളെ. അതൊരിക്കലും പ്രേമം അല്ല. പക്ഷെ ഓഫീസില്‍ മറ്റൊരു വ്യക്തിയോടും ഇല്ലാത്ത വിധേയത്വം എന്നോടവള്‍ക്ക് എന്തിനാണ്? ''നന്ദു..നിനക്കെന്നോട് പ്രേമം ആണോ?'' എന്തും വെട്ടിത്തുറന്ന് ചോദിക്കുന്ന ശീലമുള്ള ഞാന്‍ അമാന്തിച്ചില്ല; തോന്നലുണ്ടായ ഉടന്‍ തന്നെ അവളോടത് ചോദിച്ചു. നന്ദിത എന്റെ കണ്ണുകളിലേക്ക് നോക്കി. പിന്നെ ഒരു ഫലിതം കേട്ടതുപോലെ പൊട്ടിച്ചിരിച്ചു. എന്ത് ഭംഗിയാണ് ആ നിഷ്‌കളങ്കമായ ചിരിക്ക്. ഞാന്‍ നോക്കിനിന്നുപോയി. ''സാറിനു വട്ടുണ്ടോ? അതോ എന്നെ കളിയാക്കാനുള്ള ശ്രമമാണോ?'' ചിരിക്കൊടുവില്‍ അവള്‍ ചോദിച്ചു. ''ഹാവൂ..ആശ്വാസമായി..ഞാനാകെ ടെന്‍ഷന്‍ അടിച്ചു പോയാരുന്നു..'' ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടി ഉണ്ടായിരുന്നു എന്റെ ആ പറച്ചിലിന്. ''സാറിനെ പ്രേമിക്കാനുള്ള യോഗ്യത ഒന്നും എനിക്കില്ല..അങ്ങനെ ഞാന്‍ ചിന്തിക്കുക പോലുമില്ല'' നന്ദിത വീണ്ടും പുഞ്ചിരിച്ചു. അവളുടെ കണ്ണുകളില്‍ ഒരു വിഷാദഭാവം തളംകെട്ടിയൊ അത് പറഞ്ഞപ്പോള്‍? അതോ എന്റെ തോന്നലോ.
''ഇനി പറയാതെ കരിമീന്‍ കൊണ്ടുവരല്ലേ..ആ കാലന്മാര്‍ക്ക് ഒടുക്കത്തെ അസൂയ'' നന്ദിത ഉറക്കെ ചിരിച്ചു. ഞാന്‍ മെല്ലെ സീറ്റിലേക്ക് ചെന്നിരുന്നു. വല്ലാത്തൊരു പെണ്‍കുട്ടി. ഒരു പിടിയും തരാത്ത പ്രകൃതം. സ്‌നേഹത്തിന്റെ പര്യായം. ങാ എന്തെങ്കിലും ആകട്ടെ..ഞാന്‍ മെല്ലെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അടുത്ത ദിവസം ഞാന്‍ കുറെ വൈകിയാണ് ഓഫീസില്‍ എത്തിയത്; രാവിലെ ബാങ്കില്‍ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. എത്തിയയുടന്‍ തന്നെ എന്റെ കണ്ണുകള്‍ തേടിയത് അവളെയാണ്; നന്ദിതയെ. പക്ഷെ അവള്‍ സീറ്റില്‍ ഇല്ല. ''നന്ദിത എവിടെ ഗ്രീഷ്‌മേ?'' അവളുടെ അടുത്ത സീറ്റില്‍ ഇരിക്കുന്ന കുട്ടിയോട് ഞാന്‍ ചോദിച്ചു. ''അവള്‍ വന്നില്ല സര്‍..'' ''വിളിച്ചിരുന്നോ?'' ''ഇല്ല'' എനിക്കെന്തോ കടുത്ത അസ്വസ്ഥത തോന്നി. നന്ദിത ഇല്ലാത്ത ഓഫീസ് ആകെ ശൂന്യമായിക്കിടക്കുന്നത് പോലെ. എനിക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ സാധിച്ചില്ല. അവധി വേണമായിരുന്നു എങ്കില്‍ എന്താണ് അവള്‍ ഫോണ്‍ ചെയ്യാഞ്ഞത്? ഇനി വീട്ടിലാര്‍ക്കെങ്കിലും അസുഖമോ മറ്റോ? എന്റെ മനസ്സില്‍ ചിന്തകള്‍ കാടുകയറി. അവളെ വിളിച്ചു ചോദിക്കണോ എന്ന് പലവുരു ഞാന്‍ ആലോചിച്ചു. മനസ്സില്‍ അവളോടുള്ള ഇഷ്ടം കൂടുന്നത് ആപത്താണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ട് ഞാനാ ചിന്തയെ ഉന്മൂലനം ചെയ്തു. അവള്‍ നാളെ വരുമല്ലോ; അപ്പോള്‍ ചോദിക്കാം. പക്ഷെ അടുത്ത ദിവസവും നന്ദിത വന്നില്ല; അതിനടുത്ത ദിവസവും. ''ജയിംസ്..നിങ്ങളുടെ ഒരു സ്റ്റാഫ് അവധിയിലാണോ? ഒരു മിസ്സ് നന്ദിത?'' ജനറല്‍ മാനേജര്‍ അന്നുരാവിലെ എന്നെ വിളിപ്പിച്ച് അന്വേഷിച്ചു. ''ആണ് സര്‍'' ''എന്ത് പറ്റി? എനി പ്രോബ്ലം?'' ''അറിയില്ല സര്‍..ഞാന്‍ തിരക്കാം'' ''ഒകെ..പ്ലീസ് ഡൂ ഇറ്റ്..'' ഞാന്‍ പുറത്തിറങ്ങി. മൂന്നു ദിവസങ്ങളായി ഓഫീസ് എനിക്കൊരു ശ്മശാനം പോലെയാണ് അനുഭവപ്പെട്ടത്. മടുപ്പിക്കുന്ന ഏകാന്തത. അവളുടെ സാന്നിധ്യത്തിന് ഇത്രയധികം ശക്തി ഉണ്ടായിരുന്നോ? എങ്കിലും അവള്‍ക്ക് എന്നെയെങ്കിലും വിളിച്ച് ഒന്ന് പറയാമായിരുന്നല്ലോ? അതോ അവള്‍ എന്നോട് കാണിച്ച അടുപ്പമൊക്കെ വെറും പ്രഹസനം ആയിരുന്നോ? ഛെ..എന്തൊക്കെയാണ് ഞാനീ ചിന്തിക്കുന്നത്. എന്നോടവള്‍ക്ക് പ്രേമം ഒന്നുമില്ല എന്നവള്‍ തന്നെ പറഞ്ഞതല്ലേ. എന്തായാലും ജി എം പറഞ്ഞതല്ലേ; വിളിച്ചു തിരക്കിയെ പറ്റൂ. ഞാന്‍ സീറ്റിലെത്തി ഇരുന്നിട്ട് ഫോണെടുത്തു. അപ്പോഴാണ് രണ്ടാമത്തെ ഫോണില്‍ ഒരു കോള്‍ എത്തിയത്. ഞാന്‍ ഫോണെടുത്ത് ചെവിയോട് ചേര്‍ത്തു. ''സര്‍..ഏതോ ഒരു രവി..'' റിസപ്ഷനിസ്റ്റ് പറഞ്ഞു. ''കണക്റ്റ്'' ''ഹലോ..മിസ്റ്റര്‍ ജയിംസ്?'' അപ്പുറത്ത് നിന്നും പരിചയമില്ലാത്ത ഒരു പുരുഷശബ്ദം. ''യെസ്'' ''എന്നെ നിങ്ങള്‍ക്ക് അറിയില്ല..പക്ഷെ എനിക്ക് നിങ്ങളെ അറിയാം. നിങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുന്ന നന്ദിത ഇല്ലേ?'' എന്റെ സിരകള്‍ വലിഞ്ഞുമുറുകി. നന്ദിതയെപ്പറ്റി എന്തോ പറയാനാണ് ഈ വിളി. ''യെസ്..പറയൂ'' ''അവള്‍..അവളൊരു വേശ്യയാണ്..അഞ്ഞൂറോ ആയിരമോ കൊടുത്താല്‍ അവളെ കിട്ടും'' ഇടിവെട്ട് ഏറ്റതുപോലെ തരിച്ചിരുന്നുപോയി ഞാന്‍. ഒരു നിമിഷത്തേക്ക് പ്രതികരണ ശേഷി പൂര്‍ണ്ണമായി നഷ്ടമായത് പോലെ. ''നിങ്ങള്‍ ആരാണ്? എന്തിനാണ് ഈ അപവാദം പ്രചരിപ്പിക്കുന്നത്?' സമനില വീണ്ടെടുത്തപ്പോള്‍ എന്റെ സ്വരം ഉയര്‍ന്നു. ''മിസ്റ്റര്‍..നിങ്ങളോട് അവള്‍ക്ക് അടുപ്പമുണ്ട് എന്നെനിക്കറിയാം..ചതിക്കപ്പെടാതെ ഇരിക്കാനാണ് ഞാനിത് പറയുന്നത്..ടു ഹെല്‍പ് യു....ഹൈ സൊസൈറ്റി വേശ്യയാണ് അവള്‍..ഒകെ ബൈ..'' അവന്‍ ഫോണ്‍ കട്ട് ചെയ്തത് ഞാനറിഞ്ഞു. ഒരു നിമിഷം ഞാന്‍ അസ്തപ്രജ്ഞനായി ഇരുന്നുപോയി. നന്ദിത ഒരു വേശ്യ ആണെന്നോ? ആരാണീ രവി? എന്തിനാണ് എന്നോടവന്‍ ഇത് പറഞ്ഞത്? അവന്റെ ശബ്ദം ഞാന്‍ എന്റെ ഓര്‍മ്മയില്‍ സൂക്ഷിച്ചു. മനസ്സ് ദ്രുതഗതിയില്‍ ചില തീരുമാനങ്ങള്‍ എടുത്തു. ''ഞാന്‍ പുറത്തേക്ക് പോകുകയാണ്..എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കില്‍ മെസേജ് അയയ്ക്കുക..വിളിക്കരുത്'' സെക്രട്ടറിയെ വിളിച്ച് പറഞ്ഞിട്ട് ഞാന്‍ വണ്ടിയുടെ താക്കോല്‍ എടുത്ത് പുറത്തേക്ക് നടന്നു. കായലിന്റെ തീരത്ത് നിരനിരയായി നില്‍ക്കുന്ന വീടുകളില്‍ നന്ദിതയുടെ വീട് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. മുന്‍പൊരിക്കല്‍ ലേറ്റ് ആയപ്പോള്‍ അവളെ കൊണ്ടുവിടാന്‍ ഞാന്‍ നേരില്‍ വന്നിട്ടുള്ളതാണ് ഇവിടെ. വീടിന്റെ മുന്‍പില്‍ റോഡില്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ട് ഞാന്‍ ചെന്നു ബെല്ലിന്റെ സ്വിച്ചില്‍ വിരലമര്‍ത്തി. അല്‍പ്പം കഴിഞ്ഞപ്പോള്‍ കതക് തുറക്കപ്പെട്ടു. മുന്‍പില്‍ നില്‍ക്കുന്നത് നന്ദിതയുടെ പ്രേതം ആണോ എന്ന് ഒരുനിമിഷം ഞാന്‍ ശങ്കിച്ചു. വെറും നാലുദിനങ്ങള്‍ കൊണ്ട് അവള്‍ ആകെ മാറിയിരിക്കുന്നു. മുഖത്തെ പ്രസരിപ്പ് പൂര്‍ണ്ണമായി നഷ്ടപ്പെട്ട്, ഒരു ജീവച്ഛവം പോലെ എന്നെയവള്‍ നോക്കി. ആ വരണ്ടുണങ്ങിയ ചുണ്ടുകള്‍ മെല്ലെ ചലിക്കുന്നത് ഞാന്‍ കണ്ടു. ''സാറോ..വരണം സര്‍..'' അവള്‍ കതക് തുറന്നിട്ട് എനിക്ക് കയറാനായി വഴി മാറി. ഞാന്‍ ഉള്ളിലേക്ക് കയറി. ശ്മശാനമൂകത തളംകെട്ടി നില്‍ക്കുന്ന അന്തരീക്ഷം. ''ആരാ മോളെ'' ഉള്ളില്‍ നിന്നും ദുര്‍ബ്ബലമായ ഒരു സ്ത്രീശബ്ദം.
''എന്റെ സാറാ അമ്മെ..സാറിരിക്ക്'' നന്ദിത വേഗം ഒരു കസേര നീക്കിയിട്ടുകൊണ്ട് പറഞ്ഞു. ഞാന്‍ ഇരുന്നു. അവളുടെ അമ്മ പുറത്തേക്ക് വരുന്നത് ഞാന്‍ കണ്ടു. അന്ന് വന്നപ്പോള്‍ പ്രസരിപ്പോടെ എന്നെ സ്വീകരിച്ച് ചായയും മറ്റും തന്ന അവരുടെ ഇപ്പോഴത്തെ ദയനീയാവസ്ഥ എന്നില്‍ സംശയങ്ങള്‍ തീര്‍ത്തു. ''സര്‍ കുടിക്കാന്‍ ചായ എടുക്കട്ടെ?'' ''ഒന്നും വേണ്ട..നന്ദിത എന്താണ് ഓഫീസില്‍ വരാതിരിക്കുന്നത്? എന്തുകൊണ്ടാണ് അവധി വേണമെങ്കില്‍ വിളിച്ചു പറയാഞ്ഞത്?'' ഞാന്‍ നേരെ വിഷയത്തിലേക്ക് കടന്നു. അല്‍പ്പനേരം അവള്‍ മൌനം പാലിച്ചു. സംസാരിക്കാന്‍ അവള്‍ ബുദ്ധിമുട്ടുന്നത് പോലെ. ''ഞാനിനി വരുന്നില്ല സര്‍...' ഒടുവില്‍ ദൂരേക്ക് നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു. ഞാന്‍ എന്റെ ഞെട്ടല്‍ ഉള്ളിലൊതുക്കി. ''വാട്ട് ഡൂ യൂ മീന്‍?'' എന്റെ സ്വരമുയര്‍ന്നു. എനിക്ക് കോപം വരുന്നുണ്ടായിരുന്നു. മറുപടി ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു; കരഞ്ഞുകൊണ്ട് അവള്‍ ഉള്ളിലേക്ക് ഓടി. ഞാന്‍ ചോദ്യഭാവത്തില്‍ അമ്മയെ നോക്കി. അവര്‍ക്ക് പിന്നാലെ ദുഖത്തിന്റെ മറ്റൊരു പ്രതീകം പോലെ അവളുടെ അച്ഛന്‍ ഇറങ്ങി വരുന്നത് ഞാന്‍ കണ്ടു. ഞാന്‍ എഴുന്നേറ്റ് ആദരവ് പ്രകടിപ്പിച്ച ശേഷം ഇരുന്നു. ''അച്ഛന്‍ ഇരിക്ക്'' അദ്ദേഹം എനിക്കെതിരെ ഇരുന്നു. ''അവളിനി ജോലിക്ക് വരുന്നില്ലെന്നാ സാറേ പറയുന്നത്..ഞാനും ഓഫീസില്‍ പോയിട്ട് നാല് ദിവസങ്ങള്‍ ആയി..'' അയാള്‍ ഇടറുന്ന സ്വരത്തില്‍ പറഞ്ഞു. ''എന്ത് പറ്റി..എന്ത് തന്നെ ആണെങ്കിലും തുറന്ന് പറയൂ'' അയാള്‍ അല്‍പനേരം മൌനമായിരുന്നു. പിന്നെ ആലോചിച്ച് ഉറച്ച മട്ടില്‍ എന്റെ കണ്ണുകളിലേക്കു നോക്കി. ''സാറിനോട് ഞാനത് പറയാം. ആരോടും പറയാതെ സ്വയം വിഴുങ്ങി ഞങ്ങള്‍ ഉരുകുകയായിരുന്നു ഈ ദിവസങ്ങളിലെല്ലാം..പക്ഷെ സാറ് അതറിയണം..ആരെങ്കിലും ഒക്കെ അതറിയണം..'' അയാള്‍ മന്ത്രിക്കുന്നത് പോലെ പറഞ്ഞു. ഞാന്‍ കേള്‍ക്കാനായി കസേരയില്‍ ഒന്നിളകി ഇരുന്നു. ''അന്ന്, മോള് ജോലി കഴിഞ്ഞു വന്ന ദിവസം അവനിവിടെ വന്നു സാറേ..അവളുടെ മുറച്ചെറുക്കന്‍..സുധി..അവനുമായിട്ടാണല്ലോ മോള്‍ടെ കല്യാണം ഉറപ്പിച്ചിരുന്നത്. അന്നവന്‍ വന്നത് എന്നെയും ഇവളെയും എന്റെ മോളെയും പുലഭ്യം പറയാന്‍ വേണ്ടി ആയിരുന്നു..അതവന്‍ ആവോളം ചെയ്തു...എന്റെ മോളൊരു..മോളൊരു.. ഇല്ല..എനിക്കത് പറയാന്‍ കഴിയില്ല..ഞങ്ങള് തങ്കം പോലെ സന്മാര്‍ഗ്ഗത്തില്‍ മാത്രം നടക്കാന്‍ പരിശീലിപ്പിച്ച് വളര്‍ത്തിയ എന്റെ മോളെപ്പറ്റി അവനോട് ആരോ കുറെ കള്ളങ്ങള്‍ പറഞ്ഞുകൊടുത്തു സാറെ..അതവന്‍ വിശ്വസിച്ചു..കള്ളമാണ് എന്ന് ഞങ്ങള്‍ മൂന്നുപേരും കരഞ്ഞു പറഞ്ഞിട്ടും അവന്‍ വിശ്വസിച്ചില്ല. തീയില്ലാതെ പുക ഉണ്ടാകില്ലത്രേ..അവന്‍ അവളിട്ടിരുന്ന മോതിരം ഊരി എറിഞ്ഞിട്ടാണ് പോയത്..പലരോടും, ഞങ്ങളുടെ പല ബന്ധുക്കളോടും അവനിത് പറഞ്ഞു പരത്തി. ബന്ധുക്കളുടെ ഫോണ്‍ വിളികളും കുറ്റപ്പെടുത്തലുകളും അസഹ്യമായതുകൊണ്ട് ഞാന്‍ ഫോണ്‍ ഊരി വച്ചിരിക്കുവാ സാറേ..ഒരു തെറ്റും ചെയ്യാതെ ദുഷ്‌പേര് കേട്ട എന്റെ മോളുടെ ജീവിതം തകര്‍ന്നില്ലേ സാറെ..ഞങ്ങള്‍ക്ക് ആണും പെണ്ണുമായി ഉള്ളത് അവള് മാത്രമാണ്..അവള് മാത്രം'' ഒരു കുട്ടിയെപ്പോലെ ആ വലിയ മനുഷ്യന്‍ കരയുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സ് കടല്‍ പോലെ ഇരമ്പുകയായിരുന്നു. ആരോ നന്ദിതയ്ക്ക് എതിരെ കളിക്കുന്നുണ്ട് എന്നെനിക്ക് മനസിലായി! അവള്‍ക്കെതിരെ അപവാദം പറഞ്ഞുണ്ടാക്കി മുതലെടുക്കാന്‍ ആരോ രംഗത്ത് ഇറങ്ങിയിരിക്കുന്നു! എന്റെ ബുദ്ധി ഉണര്‍ന്നു. മനസ്സില്‍ കണക്കുകൂട്ടലുകള്‍ ദ്രുതഗതിയില്‍ നടന്നു. ''അച്ഛന്‍ വിഷമിക്കാതെ..എല്ലാത്തിനും നമുക്ക് പരിഹാരം ഉണ്ടാക്കാം'' അങ്ങനെ പറഞ്ഞിട്ടു ഞാന്‍ അമ്മയെ നോക്കി. ''അമ്മെ..നന്ദിതയെ ഒന്ന് വിളിക്ക്..അച്ഛന്‍ ഉള്ളിലേക്ക് പൊയ്‌ക്കോ..എനിക്കവളോട് അല്‍പ്പം സംസാരിക്കാനുണ്ട്'' ഞാന്‍ പറഞ്ഞു. അയാള്‍ അവരുടെ ഒപ്പം ദുര്‍ബ്ബലമായ കാലടികളോടെ ഉള്ളിലേക്ക് പോയപ്പോള്‍, നന്ദിത കരഞ്ഞുകലങ്ങിയ കണ്ണുകളോടെ എന്റെ മുന്‍പിലെത്തി.
''ഇരിക്ക് നന്ദിതെ'' ഞാന്‍ പറഞ്ഞു. അവള്‍ ഇരുന്നു. ''നന്ദിതെ..നിന്നെ ആരെങ്കിലും പ്രേമിച്ചിട്ടുണ്ടോ?'' എന്റെ ചോദ്യമുയര്‍ന്നു. നന്ദിത നിര്‍ജീവങ്ങളായ മിഴികളോടെ എന്നെ നോക്കി നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. ''നന്നായി ആലോചിക്ക്..ഏതെങ്കിലും പുരുഷന്‍ നിന്നെ പ്രേമാഭ്യര്‍ത്ഥനയുമായി സമീപിച്ചിട്ടുണ്ടോ? ഓര്‍ത്തുനോക്കിക്കേ'' നന്ദിത ആലോചിക്കുന്നത് നോക്കിക്കൊണ്ട് ഞാന്‍ മനസ്സില്‍ ഹരിക്കലും ഗുണിക്കലും നടത്തി. ''ഉം..ഉണ്ട്..ഒരാള്‍..'' അവസാനം അവള്‍ പറഞ്ഞു. ''ആരാണത്? അയാള്‍ നിന്നോട് ഇഷ്ടമാണെന്ന കാര്യം നേരില്‍ പറഞ്ഞിരുന്നോ? അങ്ങനെ പറഞ്ഞപ്പോള്‍ എന്തായിരുന്നു നിന്റെ മറുപടി?'' ഉത്സാഹത്തോടെ ഞാന്‍ ചോദിച്ചു. ''ഞങ്ങളുടെ ഒരു അകന്ന ബന്ധുവാണ്..പേര് അനില്‍..പക്ഷെ അടുത്തൊന്നുമല്ല..വളരെ മുന്‍പാണ്..അന്നെന്റെ വിവഹം ഉറപ്പിച്ചിട്ടില്ല..കുറെ നാള്‍ അയാള്‍ എന്റെ പിന്നാലെ നടന്നു..അവസാനം അയാളില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ വെറുതെ ഒരു കള്ളം പറഞ്ഞു..'' ഓര്‍ത്തെടുത്തുകൊണ്ട് അവള്‍ പറഞ്ഞു. ''എന്ത് കള്ളം'' അവളുടെ മുഖത്ത് ചമ്മല്‍ പടരുന്നത് ഞാന്‍ കണ്ടു. ''പറ..'' ''ഞാന്‍..ഞാന്‍ പറഞ്ഞു സാറും ഞാനുമായി ഇഷ്ടത്തിലാണെന്ന്..ചുമ്മാ പറഞ്ഞതാ..വേറെ ആരുടെയും പേര് അപ്പോള്‍ നാവില്‍ വന്നില്ല'' അവളുടെ മുഖം ആ സ്ഥിതിയിലും ചുവന്നു തുടുക്കുന്നത് കണ്ട എന്റെ ഉള്ളില്‍ പൊടുന്നനെ ഒരു പ്രണയമഴ പെയ്യാന്‍ ആരംഭിച്ചത് ഞാനറിഞ്ഞു. പക്ഷെ വേഗം തന്നെ ഞാനതിനെ തടഞ്ഞുനിര്‍ത്തി. ''അനില്‍..അവന്റെ ഫോണ്‍ നമ്പരുണ്ടോ?'' ഞാന്‍ ചോദിച്ചു. ''ഉണ്ട്'' ,,,,, ''താ'' അവള്‍ നമ്പര്‍ ഒരു കടലാസില്‍ കുറിച്ച് തന്നു. ഞാന്‍ ഉടന്‍ തന്നെ അതിലേക്ക് വിളിച്ചു. എന്റെ മനസ് പിടയ്ക്കുന്നുണ്ടായിരുന്നു. കണക്കുകൂട്ടലുകള്‍ തെറ്റിയാല്‍ ഇനിയും അന്വേഷണം വേറെ വഴികളിലേക്ക് തിരിച്ചു വിടേണ്ടി വരും. മറുഭാഗത്ത് ബെല്ലടിക്കുന്ന ശബ്ദം ശ്രവിച്ചുകൊണ്ട് ഞാന്‍ ഉദ്വേഗത്തോടെ ഇരിക്കുന്ന നന്ദിതയെ നോക്കി. എന്റെ നമ്പര്‍ അവനറിയില്ല; ഓഫീസ് നമ്പര്‍ മാത്രമേ അറിയാവൂ. ''ഹലോ..'' മറുഭാഗത്ത് അവന്റെ സ്വരം ഞാന്‍ കേട്ടു. എന്റെ മനസ്സില്‍ ഒരായിരം പൂത്തിരികള്‍ കത്തിവിരിയുന്നത് ഞാനറിഞ്ഞു. അതേ ശബ്ദം! എന്നെ ഓഫീസിലേക്ക് വിളിച്ച് അവളെപ്പറ്റി അപവാദം പറഞ്ഞ അതെ ശബ്ദം! എന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. ''ഹലോ..ആരാണിത്'' അവന്റെ സ്വരം എന്നെ ഉണര്‍ത്തി. ''അനില്‍?'' ഗൌരവത്തോടെ, സ്വരം ലേശം കടുപ്പിച്ച് ഞാന്‍ ചോദിച്ചു, ''അതെ'' ''ഭ..പന്ന നായിന്റെ മോനെ..മാനം മര്യാദയ്ക്ക് ജീവിക്കുന്ന പെണ്‍കുട്ടികളെക്കുറിച്ച് നീ അപവാദം പറയും അല്ലേടാ..ഞാന്‍ ശാസ്താംകോട്ട സി ഐ മുഹമ്മദ് ആണ്..അരമണിക്കൂറിനുള്ളില്‍ പട്ടിക്കഴുവേറി മോനെ നീ ഇവിടെ ഹാജരയിരിക്കണം..ആളെ വിട്ടു വിളിപ്പിക്കേണ്ടി വന്നാല്‍ നിന്റെ ശവം ആയിരിക്കും ഇവിടെ എത്തുക..മനസിലായോടാ..'' എന്റെ ഭാവമാറ്റം കണ്ട് നന്ദിത പോലും ഭയന്ന് പോയിരുന്നു. ഉച്ചത്തിലുള്ള എന്റെ ശബ്ദം കേട്ട് അവളുടെ അച്ഛനും അമ്മയും വേഗം പുറത്തെത്തി. ''അയ്യോ സാറെ..എനിക്കൊരബദ്ധം..ഇനി ആവര്‍ത്തിക്കില്ല സാറെ..മാപ്പാക്കണം'' മറുഭാഗത്ത് അവന്റെ കരച്ചില്‍ ഞാന്‍ കേട്ടു. ''നായിന്റെ മോനെ അരമണിക്കൂര്‍..'' ഞാന്‍ ഫോണ്‍ കട്ട് ചെയ്തിട്ട് നന്ദിതയെ നോക്കി. അവളുടെ കവിളുകളിലൂടെ കണ്ണീര്‍ മടവെട്ടി വിട്ട വെള്ളം പോലെ ഒഴുകുന്നത് കണ്ടുകൊണ്ട് ഞാന്‍ എഴുന്നേറ്റു. ''അവന്‍..അവനാണ് എല്ലാം ചെയ്തത്..നീ പേടിക്കണ്ട നന്ദൂ..അവന്‍ ഉടന്‍ സി ഐ ഓഫീസില്‍ എത്തും. മുഹമ്മദ് എന്റെ സുഹൃത്താണ്..അവനെ ഞാന്‍ കാര്യം വിളിച്ചു പറഞ്ഞോളാം..സുധിയുടെ കാര്യത്തിലും നീ പേടിക്കണ്ട..അവന്റെ തെറ്റിദ്ധാരണ ഞാന്‍ മാറ്റിക്കോളാം'' വര്‍ധിച്ച സന്തോഷത്തോടെ ഞാന്‍ പറഞ്ഞു. ''ആരാ..ആരാ മോനെ ഞങ്ങളെ ചതിച്ചത്..ആരാ?'' വികാര വിക്ഷുബ്ധതയോടെ അവളുടെ അച്ഛനും അമ്മയും ഒരേ സ്വരത്തില്‍ ചോദിച്ചു. സാറേ എന്നുള്ള വിളി മോനെ എന്ന് മാറിയത് എനിക്ക് ഇഷ്ടപ്പെട്ടോ? ''പറയാം അമ്മെ..സുധിയുടെ നമ്പര്‍ താ നന്ദൂ..ഞാനവനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കാം. അവന്റെ മുന്‍പില്‍ വച്ചു തന്നെ ആ പന്നിയെക്കൊണ്ട് മുഹമ്മദ് സത്യം പറയിക്കും..'' നന്ദിത എഴുന്നേറ്റു. പിന്നെ കത്തുന്ന കണ്ണുകളോടെ എന്നെ നോക്കി. അവളുടെ ഭാവമാറ്റത്തിന്റെ കാരണം എനിക്ക് മനസിലായില്ല. ''ഏത് സുധി..ഞാനിട്ട മോതിരം എന്റെ അച്ഛന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ അവന്റെ കൂടെ ഞാന്‍ ജീവിക്കണം എന്നാണോ സാറ് പറയുന്നത്? ആരോ ഒരുത്തന്‍ പറഞ്ഞ നുണ കണ്ണടച്ചു വിശ്വസിച്ച അവന്റെ ഒപ്പം ഞാന്‍ ജീവിക്കണം അല്ലെ..സാറ്..സാറ് തന്നെ ഇത് പറഞ്ഞല്ലോ..'' നന്ദിത ആര്‍ത്തലച്ചു കരഞ്ഞു. ഞാന്‍ അന്ധാളിച്ച് അവളെയും അവളുടെ മാതാപിതാക്കളെയും നോക്കി. മനസ്സില്ലാമനസ്സോടെ ഞാന്‍ പറഞ്ഞ ആ കാര്യം അവളെ എത്ര വേദനിപ്പിച്ചിരിക്കുന്നു. നന്ദിത ഉറക്കെയുറക്കെ കരയുകയാണ്..നിയന്ത്രണം നഷ്ടപ്പെട്ടതുപോലെ. ഞാന്‍ അവളുടെ അച്ഛന്റെ മുന്‍പിലെത്തി ആ കൈകള്‍ എന്റെ കൈകളിലാക്കി. ''അച്ഛാ..ഞാന്‍ ഹിന്ദു അല്ല..ക്രിസ്ത്യാനി ആണ്..അച്ഛന് അതൊരു വിഷയമല്ല എങ്കില്‍..അമ്മയ്ക്ക് സമ്മതം ആണെങ്കില്‍, നന്ദിതയെ ഞാന്‍ എടുത്തോട്ടെ..എനിക്കിവളെ വേണം'' മനസില്‍ തോന്നുന്നത് ഉടനടി പറയുന്ന എനിക്ക് അത് പറയാനും ഒട്ടും അമാന്തമുണ്ടായില്ല. നന്ദിതയുടെ കരച്ചില്‍ ബ്രേക്ക് ഇട്ടതുപോലെ നില്‍ക്കുന്നത് ഞാന്‍ കണ്ടു. ആ മുഖത്ത് മഴ പെയ്ത് മാറി സൂര്യന്‍ ഉദിച്ചു വരുന്നത് പോലെ പുഞ്ചിരി വിടരുന്നത് കണ്ട ഞാന്‍ പുറത്തേക്ക് കുതിച്ചു. ''യ്യോ ലവനിപ്പം സ്റ്റേഷനില്‍ എത്തും..അതിനു മുന്‍പേ ഞാന്‍ മുഹമ്മദിനെ കാണട്ടെ..'' പോകുന്ന പോക്കില്‍ ഞാന്‍ വിളിച്ചു പറഞ്ഞു. ''മോനെ..പോയിട്ട് ഇതിലെ വരണം..ഞങ്ങളുടെ മറുപടി മോന് കേള്‍ക്കണ്ടേ'' അച്ഛന്‍ വിളിച്ചു പറയുന്നത് കേട്ടു തലയാട്ടിക്കൊണ്ട് ഞാന്‍ കാറിലേക്ക് കയറി. ഓടി അടുത്തെത്തിയ നന്ദു എന്റെ കൈ പിടിച്ച് അതില്‍ തെരുതെരെ ചുംബിച്ചു..അവളെ വിടര്‍ത്തി മാറ്റി കാര്‍ മുന്‍പോട്ട് എടുത്തപ്പോള്‍, നിറ കണ്ണുകളോടെ കൈകള്‍ കൂപ്പി, എന്റെ പിന്നില്‍ അവള്‍ നില്‍ക്കുന്നത് കണ്ണാടിയിലൂടെ ഞാന്‍ കാണുന്നുണ്ടായിരുന്നു