Latest News

കുഞ്ഞി പാത്തു

sharjaha
topbanner
കുഞ്ഞി പാത്തു

ആർത്തിരമ്പുന്ന തിരമാലകളിൽ കുമിഞ്ഞു കൂടി വന്ന മണൽ തരികൾ പതഞ്ഞു പാഞ്ഞ് ഓടി അടുത്തത് ; കിലുങ്ങുന്ന മണി കളുള്ള പദസ്വരമിട്ട കടപ്പുറത്തുകാരി 'ഫാത്തിമ' എന്ന 'പാത്തു' വിന്റെ നഗ്നപാദത്തിൽ സ്പർശിക്കാനായിരിക്കണം. പക്ഷെ  തിരമാലകൾ തൊട്ടു തോട്ടില്ലെന്നായപ്പോൾ അവൾ രണ്ടു കൈകൊണ്ടും പുടവ അല്പം പൊക്കിപിടിച്ചു വെള്ളി ക്കൊലുസ്സു കിലുക്കി പിറകിലോട്ടു മാറാൻ   ശ്രമിക്കവെ പിന്നിൽ ചക്രവാള ചുകപ്പ് ആസ്വദിച്ചു കൊണ്ടു നിന്ന ബാബുവിന്റെ കൈതടഞ്ഞത് കൊണ്ട് ഒരു കൂട്ടി മുട്ടൽ ഒഴിവായി.പരസ്പരം  മിഴികൾ കോർത്തവർ മാറിനിന്നു.  കുട്ടിത്തം വിട്ടുമാറാത്ത അവളുടെ ഐശ്വര്യമുള്ള മുഖം. തലപിളർത്തി  ചീകിയ മുടിയിയുടെ വശങ്ങളിൽ കുത്തിയ സ്ലൈടിൽ കുരുങ്ങി പാറിപ്പറക്കുന്ന തട്ടത്തിനുള്ളിൽ ശോഭിച്ചു നില്ക്കുന്നു.മൊത്തത്തിൽ ഒരു ഗ്രാമീണ സുന്ദരി. 

അവളോടൊപ്പം അവളേക്കാൾ  പ്രായമുള്ള 'ബാബു'വും പിന്നെ ഉപ്പയും ഉമ്മയും രണ്ടനിയൻ  മാരും കടലിന്റെ നൃത്തം കണ്ട് ആസ്വദിക്കുകയായിരുന്നു.സന്ധ്യ യാകും വരെ അവർ അവിടെ കടലും കണ്ടു നിന്നു.പാത്തുവിനെ തങ്ങളുടെ  വീട്ടിലേക്കു കൊണ്ടുപോകാൻ വന്നതായിരുന്നു അന്നവർ ആ  കടപ്പുറത്തുള്ള അവളുടെ വീട്ടിലേക്ക്. ഓല മേഞ്ഞുള്ള;പരമ്പിൽ തീർത്തിരിക്കുന്ന ചുമരുകളുള്ള വീടിന്റെ കറുത്ത നിറത്തിൽ ചാന്തിട്ടു മിനുക്കിയ നിലം വൃത്തിയായി കിടക്കുന്നു.സീനറിയിൽ വരച്ച ചിത്രം പോലെ ഒരു കൊച്ചു വീട്.കടലൊന്ന് ആർത്തലച്ചു വന്നാൽ ആമുറ്റത്ത് വെള്ളം നിറയില്ലേ ?എന്നായിരുന്നു അവിടം കണ്ടപ്പോൾ മുതൽ ബാബു ചിന്തിച്ചുകൊണ്ടിരുന്നത് .വീടിന്റെ ഇടതു വശത്തായി ഒരു കൊച്ചു കുളം ആ കുളത്തിൽ കുഴിച്ചിട്ടിരിക്കുന്ന ഒരു മൺ കുഴലിൽ നിന്നും കുടത്തിലേക്ക് വെള്ളം കപ്പുകൊണ്ട് കോരി ഒഴിക്കുന്നതു കണ്ട് ബാബു അതിശയത്തോടെ ചോദിച്ചറിഞ്ഞു കുടിക്കാനുള്ള വെള്ളമാണതെന്നു പാത്തു വാണ് പറഞ്ഞുമനസ്സിലാക്കി കൊടുത്തത്.എങ്കിലും വിശ്വാസം വരാത്തത് പോലെ അവൻ  അത് ശ്രദ്ധിച്ചു കൊണ്ടിരുന്നു. കുളക്കരയിൽ  കള്ളിചെടികൾ അവിടെ നിറഞ്ഞു നിൽക്കുന്നു. വലിയ തൊപ്പി ധരിച്ച; പങ്കായം കയ്യിലേന്തിയ പലരും വീടിനരികിലൂടെ കടന്നു പോകുന്നുണ്ട്.ഉമ്മറത്തെ വിരിചിട്ട പായയിൽ പലഹാരവും ചായയും കൊട്ടുന്നു വെച്ചിട്ടുണ്ട്. കുളത്തിൽ നോക്കിനിന്ന ബാബുവിനെ പാത്തു വന്നു വിളിച്ചു.ഉമ്മറത്തു ഉമ്മയുടെ അരികുപറ്റി നിന്നുകൊണ്ട് പലഹാരങ്ങൾ  ഓരോന്നെടുത്ത് തിന്നു.ഉമ്മ അവരോടു കുശലം പറഞ്ഞു നിന്നു. ഉമ്മാക്ക് പെൺകുട്ടികൾ ഇല്ലാത്തതു കൊണ്ട് ഒരു സഹായത്തിനു നിറുത്തി തരാമെന്നും മാസം ഒരു തുക അവരുടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് സഹായമാകും എന്നൊക്കെ ഒരു ബന്ധുവിനെകൊണ്ട് അവരെ പറഞ്ഞു ധരിപ്പിച്ചിട്ടാണ് അവളുടെ വീട്ടുകാർ അവളെ പറഞ്ഞയക്കാൻ സമ്മതം മൂളിയിരിക്കുന്നത്. പോരാൻ നേരം ഒരിക്കൽ കൂടി കടൽ കാഴ്ചകൾ കണ്ടു ദൂരെ കറുത്തൊരു പൊട്ടുപോലെ കപ്പൽ കടന്നുപോകുന്നത് ബാബു അനിയന്മാർക്കു കാട്ടിക്കൊടുത്തു കൊണ്ടിരിക്കുമ്പോൾ അവരെ കാറിൽ കയറാനായി കൂക്കിവിളിച്ചു.പാത്തു പോകുമെന്ന സങ്കടം അവളുടെ ഉമ്മയുടെ മുഖത്തു തെളിഞ്ഞു കാണാം. ഉപ്പയുടെ മുഖവും അല്പം വിഷാദ ഭാവം പ്രകടമാക്കുന്നുണ്ട്..വിഹാഹ പ്രായമായ അവളുടെ സഹോദരികൾ അകത്തെ വാതിൽ പൊളിയിൽ  ചാരിപ്പിടിച്ചു എത്തി നോക്കുന്നു.അവൾ ഞങ്ങളോടൊപ്പം ആഹ്ലാദത്തോടെ  കാറിന്റെ അരികിലെ സീറ്റിലിരിക്കാൻ വേണ്ടി മാറിമാറി കയറിക്കൊണ്ടിരുന്നു.ഒടുവിൽ കാറിന്റെ ചില്ലു താഴ്ത്തി നോക്കി ടാറ്റ പറഞ്ഞു കൈ ഉയർത്തിക്കാട്ടി.ആദ്യമായി കാറിൽ കയറിയ സന്തോഷം പോലെ പുറത്തേക്കു നോക്കി അവൾ  ആസ്വദിച്ചു കൊണ്ടിരുന്നു. വീട്ടിലെത്തിയപ്പോൾ അയൽ വാസികൾ പെൺകുട്ടിയുടെ ശബ്ദം കേട്ടത് കൊണ്ടാകാം പലരും ഉമ്മയോട്  തിരക്കുന്നുണ്ട്. രാതി ആയതിനാൽ വിശദീകരണത്തിന് നിൽക്കാതെ ഉമ്മ അത് എട്ടത്തിയുടെ മകളെന്നു പറഞ്ഞു ഒഴിഞ്ഞു മാറി...പതിവുപോലെ അന്നും 

വീടികത്തു രാത്രിയുടെ ഇരുട്ടിൽ  ചിമ്മനി വിളക്ക്  അതിന്റെ കറുത്ത പുക പരത്തിക്കൊണ്ടിരുന്നു. ഉമ്മറത്തെ  ചുമരിന്റെ ത്രികോണ പൊത്തിലിരുന്ന്  ആകാശ വാണി പാട്ടു പെട്ടിയിൽ  ചിലച്ചു കൊണ്ടിരുന്നു , പായവിരിച്ച് ഒരുമിച്ചിരുന്ന്  ചോറു തിന്നു.അന്ന് അവിടെ ഉറങ്ങാൻ കിടക്കുന്നതിൽ ആകെ പ്രശ്നങ്ങൾ തനിക്കു ഉമ്മയുടെയും ഉപ്പയുടെയും ഇടയിൽ കിടക്കണമെന്ന് ഒരാൾ, ഉപ്പയുടെ മറുവശം വേണമെന്ന് മറ്റൊരുത്തൻ, പാത്തു ചെറിയൊരു വിഷാദ ഭാവത്തിൽ ഉറക്കത്തിന്റെ ആലസ്യത്തിൽ നിൽക്കുന്നു.  ഉമ്മയുടെഒരു വശത്തു അവളെ കിടത്തി,അന്ന് പൊട്ടലും ചീറ്റ ലുമായി അവർ  ഉറങ്ങി, മറ്റൊരു പുലരി പിറന്നു. പുട്ടും മുതിരയും കൂട്ടിതിരുമ്പി പ്രഭാത ഭക്ഷണം കഴിച്ചു,  ഉമ്മയെ തേങ്ങ ചിരകാനും മറ്റും  കുറച്ചൊക്കെ അവൾ സഹായിച്ചുകൊണ്ടിരുന്നു.വീട്ടിലെ കോലായിൽ  മടക്കാൻ പറ്റുന്ന ശീലക്കസേര യിൽ ഇരിക്കാൻ   വഴക്കിടുമ്പോഴാണ് പാത്തു അവിടേക്കു പ്രവേശിച്ചു കൊണ്ട്  "ഞാൻ ഒന്നിരിക്കട്ടെ"എന്ന്  ചോദിച്ചത്. ഒരു പെൺ ശബ്ദത്തിലെ യാചന അന്നാണ് ആദ്യമായി അവർ കേട്ടത്. "കുഞ്ഞി പാത്തു  "

തുടർച്ച :-

ബാബു അതിശയം പോലെ പരസ്പരം നോക്കി അവൾക്കിരിക്കാൻ  മാറിക്കൊടുത്തു ; ഇരുന്ന ഉടനെ അവളെ ഉമ്മ വിളിച്ചു . അവൾ എഴുനേറ്റു  പോയി. പോയ ഉടനെ  തിരിച്ചു  വരുമെന്നറിയാവുന്ന ബാബുവിന്റെ ചിന്തയിൽ അവളെ പറ്റിക്കാനുള്ള വക്ര ബുദ്ധിയുദിച്ചു, കസേരയുടെ ശീലയുടെ  ഒരു ഭാഗത്തെ വടി  ഊരി മാറ്റിഒളിപ്പിച്ചു.  അവൾ വീണ്ടും ഇരിക്കാനുള്ള ആവേശത്തിൽ ഓടിവന്നു. തന്റെ  പാവാട കൂട്ടിച്ചേർത്തു പിടിച്ചു നല്ലൊരു കുതിപ്പിൽ കസേരയിൽ ഇരുന്നതും ദാ കിടക്കുന്നു ധരണിയിൽ.മൂവരും  ചിരോയോടു ചിരി. പക്ഷെ അവൾ ചിരിച്ചില്ല. ഉമ്മാ എന്നു വിളിച്ചു ഉറക്കെ കരയുന്ന പോലെ ഒരു അലർച്ച അവളിൽ നിന്നു വന്നിരുന്നു. അത്  കേട്ടാണ് ഉമ്മ ഓടി വന്നത്. അവളെ പിടിച്ചു എഴുനേൽപ്പിച്ചു. പക്ഷെ അവൾക്കു കാലു നിലത്തു വെച്ചു നിൽക്കാൻ കഴിയുന്നില്ല. ഉമ്മ അവളെ നിർത്താൻ ശ്രമിച്ചു കൊണ്ടിരിന്നു. ഉപ്പ ചായക്കടയിൽ നിന്നും അപ്പോഴാണ് പത്രവുമായി വന്നത്.ബാബു പത്രത്തിലെ ചിത്രം നോക്കാൻ ഭാവിക്കവെ  ഉമ്മ അത് തട്ടിപ്പറിച്ചെടുത്തു അലറി  "ആ  കുട്ടിയെ തട്ടിയിട്ട്  തണ്ടലൊടിച്ചു" അല്ലെ ? അപ്പോഴും ഉമ്മ വാങ്ങിയ  പത്രത്തിലെ "ഇന്നത്തെ സിനിമ" കോളം നോക്കാൻ പറ്റാത്തതിലായിരുന്നു അവന്റെ സങ്കടം. ഉപ്പയും ഉമ്മയും 

പാത്തുവിനെ  നിറുത്തിച്ചും,നടത്തിച്ചും നോക്കി. അവളെ എന്ത്‌ ചെയ്യുമ്പോളും വാവിട്ടു കരയാൻ തുടങ്ങി, ഉമ്മയും ഉപ്പയും കൂടി ഒരു കാറിനു കൈകാട്ടി നിറുത്തി അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോയി. കാര്യങ്ങൾ വലിയ ഗുരുതര മായ അവസ്ഥയിലേക്ക് പരിണമിച്ചു. അവളെ  ആശുപത്രിയിൽ  നിന്നു അവളുടെ വീട്ടിലേക്കാണ്  കൊണ്ടുപോയതത്രെ.  ഉമ്മയുടെ സ്വർണ്ണ കോട്ട കാതിൽ കാണാതെയായി.ഉപ്പയും ഉമ്മയും കൂടുതൽ സമയം ആശുപത്രിയിലെ കാര്യങ്ങൾ സംസാരിക്കുന്നു അവളെ ഇനി തങ്ങളുടെ അടുത്തേക്ക് കൊണ്ടു വരാൻ പറ്റില്ലെന്ന് മനസ്സിലായി. കാലങ്ങൾ മാറി മറിഞ്ഞു  ശീലക്കസേരയും കാലൊടിഞ്ഞൊരു  മുക്കിലായി. വർഷങ്ങൾ കടന്നു പോയിരിക്കുന്നു.   ആ കടപ്പുറത്തിന്റെ  ഓരത്തിൽ ഇന്നവർ വേച്ചു വേച്ചു നടക്കുമ്പോൾ കുഴിച്ചിട്ട കുഴലിൽ നിന്നും  വെള്ളമെടുത്തിരുന്ന കുളവും കള്ളിച്ചെടികൾ നിറഞ്ഞു ഉപയോഗ ശൂന്യമായ കെട്ടിക്കിടക്കുന്ന വെള്ളവും കണ്ടപ്പോൾ ബാബുവിന്റെ ഓർമ്മകളിൽ ചില ചിത്രങ്ങൾ മിന്നിമറഞ്ഞു  

കാലം ഈ  കടപ്പുറത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നു. കരിങ്കൽ ഭിത്തികളിൽ തല തല്ലി മരിക്കാൻ ശ്രമിക്കുന്ന തിരമാലകൾ. ബലൂണും, ഐസ് ക്രീമും കപ്പലണ്ടിയുമൊക്കെ  വിൽക്കുന്നവരുടെ  ഒരു നിരതന്നെയുണ്ട് ഇന്നിവിടെ  വലിയവരും കുട്ടികളും വയസ്സൻ മാരും കൊണ്ടു നിറഞ്ഞിരിക്കുന്ന കടലോരം.   എല്ലാവരും കടലിന്റെ മാറിൽ ചവിട്ടി മെതിക്കുന്നു.  അവിടെ ബാബുവും  അനുജന്മാരുമുണ്ട്  തങ്ങളുടെ   "കളിവേലക്കാരി "യുടെ വീട് ഇവിടെ ആയിരുന്നെന്ന് അവർക്കറിയാം പക്ഷെ  അവിടെങ്ങും ആ ഓലപ്പുര  കാണുന്നില്ല.തെങ്ങിൻ തൈകൾ കൊണ്ട് നിറഞ്ഞു നിന്നിരുന്ന ആ കടലോരത്ത് അന്ന് ഭൂമിയിൽ പച്ചപിടിച്ചിടം  ഇപ്പോൾ ആകാശത്തു  പച്ചപിടിച്ചിരിക്കുന്നു. ആ പന്ത ലിനടിയിൽ  ചുമരുകൾ തീർത്ത   ഒരോല ഷെഡ്‌  അതിൽ കറുത്ത നിറമുള്ള ഒരു വലിയ വഞ്ചി ചരിഞ്ഞുറങ്ങുന്നു. അതിന്റെ ഓരം ചേർന്ന് വട്ടത്തിലിരുന്ന് ചീട്ടുകളിക്കുന്നവരെ കാണാം. ഏതു  ഭാഗത്തും ആ പഴയ ഓലപ്പുര മാത്രം കാണുന്നില്ല. അന്യെഷിച്ചപ്പോഴാണ്  അറിയുന്നത്   അവൾ  പരസഹായമില്ലാതെ   നടക്കാവാത്ത വിധം അടച്ചിട്ട മുറിയുടെ  നാല് ചുവരുകൾക്കുള്ളിൽ കഴിഞ്ഞു കൂടുന്നു  എന്ന്. കടൽ കാണാനുള്ള എല്ലാ മൂടും അവർക്ക് നഷ്ടമായികാണണം . അവർ അവളുടെ വീട്ടിലെത്തി അവൾ ഒരു പരിചയവുമില്ലാത്ത മറ്റൊരു മുഖത്തിന്റെ ഉടമ  ഇരു വശങ്ങളിൽ സ്ലൈഡുകുത്തിയ തട്ടത്തിന് പകരം തട്ടം പുതച്ചിരിക്കുന്നു.  ബാബുവിനെ നോക്കി പുഞ്ചിരിക്കാൻ  ശ്രമിക്കുന്നുണ്ടവൾ  പക്ഷെ ബാബുവിന് ചിരിക്കാനായില്ല. ഒരുനിര്ജീവമായ അവസ്ഥയിൽ ബാബു നിന്നു. പിന്നെയും ത്തിരിച്ചവർ  കടപ്പുറത്തേക്ക് പൊന്നു.  ആർത്തലച്ചു വന്ന തിരമാലകൾ കിലുങ്ങുന്ന പാദസ്വരമുള്ള പാദങ്ങൾ  തിരക്കി അവരിലേക്ക്‌ പാഞ്ഞു വന്നു. ഉടനെ  വിഷാദ ഭാവത്തിൽ തിരികെ പോയി.ചിലപ്പോളവ രൗദ്ര ഭാവത്തിൽ ഉയര്ന്നു വന്നു. പണ്ടെപ്പൊഴൊ  അവളെ തേടി ഈ തിരമാലകൾ ഭ്രാന്തമായും അലതല്ലി  അലഞ്ഞിരിക്കാം. അതുകൊണ്ടാകാം ഈ കടപ്പുറത്തെ  പണ്ടത്തെ ഓല മേഞ്ഞ പുരകളെ  മുഴുവൻ നനുത്ത പൂഴികൊണ്ട്  മൂടിയിരിക്കുന്നത്.  ഇന്നിവിടെ  വിജനമായ ഒരു  കടൽ തീരം രൂപപ്പെട്ടിരിക്കുന്നു. എന്തെല്ലാം മാറ്റങ്ങൾ !ആ പഴയ  ഓലപ്പുര യുടെ സ്ഥാനത്ത്  ഇപ്പോൾ കരിങ്കൽ ഭിത്തികൾ കൈകോർത്ത് നീണ്ടു നിവർന്നു  കിടക്കുന്ന അവ കാണാ മറയത്തേക്ക്  അനന്തമായി നീണ്ട് പോകുന്നുണ്ട്.

short-story-kunji-pathu-written-by-shajarha

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES