പിള്ളേച്ചോ, ഇന്നലെ ചന്ദ്രയാന്‍-രണ്ട് വിട്ടു'.
കാലുവെന്ത നായെപ്പോലെ ഓടിക്കിതച്ചുവന്ന അമ്മാനു തന്റെ കക്ഷത്തില്‍ യാപ്പണം പൊകയിലപോലെ മടക്കി തിരുകിക്കേറ്റി വച്ചിരുന്ന പ്രമുഖപത്രം നൂര്‍ത്ത് പിടിച്ച് പറഞ്ഞപ്പോള്‍, ഗാന്ധിമുക്കിനുള്ള തന്റെ ചായക്കടയില്‍ വീതിയിലും നീളത്തിലും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ തത്വം പ്രാവര്‍ത്തികമാക്കി ചായയടിച്ചുകൊണ്ടിരുന്ന പിള്ള തലയില്‍കെട്ട് ഒന്നഴിച്ചുടുത്തു.
'ചന്ദ്രന്‍ രണ്ടെണ്ണം വിട്ടേല്‍ നീ നാലെണ്ണം വീട്ടുകാണുമല്ലോ. പണ്ടേ നീ ഓസിന് കിട്ടിയാല്‍ അടിക്കാന്‍ കേമനാ അമ്മാനൂ'
'എന്റെ പിള്ളേ, രാധയുടെ ഷാപ്പിലെ അടിയുടെ കാര്യമല്ല. ഇങ്ങേര്‍ക്ക് എന്തോ പറഞ്ഞാലും കീടമടിയെപ്പറ്റി മാത്രമേ പറയാനുള്ളല്ലോ. ഞാന്‍ പറഞ്ഞത് നമ്മുടെ ഐ. എസ്. ആര്‍. വിട്ട റോക്കറ്റിന്റെ കാര്യമാ'
'അവന്മാര് റോക്കറ്റോ, പൂത്തിരിയോ എന്തോ വേണേലും വിടട്ടെടാ, നിനക്കെന്തൊ കുന്തമാ?'
അനാവശ്യമായി ലോകകാര്യം പറയുന്നത് ഇഷ്ടമല്ല എന്ന നയം പിള്ള ഊന്നിപ്പറഞ്ഞു. ഇത് കണ്ടുനിന്ന പിള്ളയുടെ കടയിലെ സ്ഥിരം കസ്റ്റമറായ സാര്‍തങ്കച്ചായന്‍ അടുത്തൊരു ചോദ്യം എടുത്തിട്ടു.
'അമ്മാനൂ, ഒരുമാതിരി പോക്കണംകേട് പറയാതെടാ, ഇന്നലെ കേറ്റിയ കള്ളിന്റെ കെട്ട് ഇപ്പോളും നിനക്ക് വിട്ടില്ലേ? ദാണ്ടേ ഇങ്ങോട്ട് നോക്ക്, നമ്മുടെ അച്ചായന്മാരുടെ കോട്ടയംപത്രം നിജസ്ഥിതി വെളിപ്പെടുത്തിയിരിക്കുന്നത് കണ്ടോ? നിന്റെ മറ്റേടത്തെ റോക്കറ്റും, എലിവാണോം ഇവിടെയാരും വിട്ടില്ല. ചന്ദ്രയാന്‍ രണ്ട് സസ്‌പെന്‍ഡ് ചെയ്തു'
ഒരു നിമിഷം അമ്മാനു അണ്ടിയാണോ മാങ്ങയാണോ മൂത്തത് എന്ന മട്ടില്‍ നില്‍പ്പ് നിന്നു. തന്റെ കയ്യിലിരുന്ന പത്രവും സാറിന്റെ കയ്യില്‍ ഇരുന്ന പത്രവും മാറിമാറി നോക്കി. എടായെടാ! നമ്മുടെ പാത്രത്തില്‍ സാധനം വിട്ടു, സാറിന്റെ പത്രത്തില്‍ വിട്ടില്ല. ഇതെന്തോ എടപാട്?
'മണിസാറേ നിങ്ങളുടെ പാര്‍ട്ടിപത്രത്തില്‍ എന്തോ കുന്തമാ എഴുതിവച്ചേക്കുന്നേ? ഇനിയിപ്പോ അങ്ങനെ ഒരു യാനമേ ഇല്ല എന്നോ മറ്റോ ആണോ?
പിള്ളേച്ചന്‍ ആക്കി ചോദ്യം ചോദിച്ചത്കേട്ട് പാര്‍ട്ടി പത്രത്തില്‍ തൂശനില ഇട്ടുവിളമ്പിയ വര്‍ത്തയാകുന്ന വിഭവങ്ങള്‍ വാരിവലിച്ച് ഉണ്ടുകൊണ്ടിരുന്ന മണിസാര്‍ ഭൂതക്കണ്ണാടി ഒന്ന് നേരെയാക്കി ചൊറിയുന്ന ചോദ്യംവന്ന ഉറവിടം തേടി.
'എന്റെ പൊന്നു പിള്ളേച്ചാ, നമ്മുടെ പത്രത്തില്‍ നേരും നെറിയുമേ വരൂ. അല്ലാതെ റബ്ബര്‍ അച്ചായന്മാരുടെ പത്രം പോലെയല്ല'
ഇതുകേട്ട അമ്മാനു വിടുമോ? 'പിന്നേ, നേരും നെറിയും! മണിസാര്‍ ഒന്ന് പോയേ, 'വായിക്കൂ വരിക്കാനാകൂ, വഴിയിലിരിക്കൂ' എന്നല്ലേ നിങ്ങളുടെ പരസ്യം?'
ചൊറികുത്തിയിരിക്കുന്ന അമ്മാനുവിനെ ചൊറിയുന്നത് തനിക്ക് ചേര്‍ന്നതല്ല എന്നമട്ടില്‍ മണിസാര്‍ വിഷയം ഡൈവേര്‍ട്ട് ചെയ്യാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തി.
'അമ്മാനൂ, നിനക്കറിയാമോ ഈ പത്രക്കാര്‍ ഒക്കെ ഒട്ടുമിക്ക വാര്‍ത്തകളും മുമ്പേകൂട്ടി ഒണ്ടാക്കി വച്ചേക്കുന്നതാ. സമയാസമയങ്ങളില്‍ അത് പരുവം പോലെ എടുത്തങ്ങ് ചാമ്പും. പ്രശസ്തരായവര്‍ ഒക്കെ കാഞ്ഞുകഴിയുമ്പോള്‍ തേനുംപാലും ഒലിപ്പിച്ച ലേഖനങ്ങള്‍ വരുന്നത്, ഫോട്ടോകള്‍ ഒക്കെ വരുന്നത് പിന്നെ എങ്ങനാന്നാ നിന്റെ വിചാരം?'
'അന്നോ?' അമ്മാനു വാ പൊളിച്ചു.
'പിന്നല്ലാതെ? ഇതിപ്പോ ആര്‍ക്കോ പറ്റിയ അബദ്ധം. റോക്കറ്റ് പോയില്ല, പത്രം അടിക്കാനും പോയി. ബി. ബി.സിയൊക്കെ എലിസബത്ത് രാജ്ഞി മരിച്ചെന്ന് എത്രവട്ടം ന്യൂസ് ഇട്ടതാ. ഇതിപ്പോ പണ്ട് നമ്മുടെ പത്രത്തിലും ഹോട്ട്ഡോഗ് എന്ന കുന്തം മൊഴിമാറ്റം നടത്തി ഒന്ന് വലിച്ചുകെട്ടിയതല്ലിയോ?'
'അതിപ്പോ, ന്യൂസ് കണ്ടിട്ടെങ്കിലും രാജ്ഞ്ഞിക്ക് എന്തേലും തോന്നട്ടെന്ന് ബി.സി.സി ക്കാര് കരുതിക്കാണും. മൂത്ത്നരച്ചു നില്‍ക്കുന്ന ചാള്‍സ് രാജകുമാരനെ കണ്ടാ ഒള്ളത് പറഞ്ഞാ നമ്മക്കും ദയതോന്നിപ്പോകും' സാര്‍തങ്കച്ചന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
'അത് ശരിയാ സാറെ, രാജകുമാരന്‍ എന്നൊക്കെ പറയുമ്പോള്‍ നമ്മള്‍ വിചാരിക്കും നമ്മുടെ കഥകളിലെ ചെറുപ്പക്കാരനാണെന്ന്. ഇതിപ്പോള്‍ ഇതിയാനെ കണ്ടാല്‍ ആരേലും പറയുമോ? ഈ വെള്ളക്കാരുടെ ഒക്കെ ഓരോ എടപാട്'
ഇത് കേട്ട് ചായ അടിച്ചുപതപ്പിച്ചു നിന്ന പിള്ള മനസ്സ് ഗതകാലസ്മരണകളിലേക്ക് ഒന്നൂളിയിട്ടു, പതിറ്റാണ്ടുകള്‍ക്ക് മുമ്പാണത്.
'എടാ, അമ്മാനു, നിനക്ക് പണ്ട് നീ മമ്മൂട്ടിയുടെയും മോന്‍ലാലിന്റേയും സില്‍മാ കണ്ടിട്ട് വന്ന് ഇവിടെക്കിടന്ന് പൂക്കേറുണ്ടാക്കിയത് ഓര്‍ക്കുന്നുണ്ടോടാ മറ്റവനെ?' പിള്ളക്ക് എത്ര കേട്ടാലും മോഹന്‍ലാല്‍ എന്ന് തിരിയത്തില്ല, മോന്‍ലാല്‍ എന്നേ നാക്കില്‍ വരൂ. നല്ല ഈര്‍ക്കില്‍ ചീന്തി നാക്ക് വടിച്ചാല്‍ തീരാവുന്ന കേസുകെട്ടേ നാക്കുകെട്ടില്‍ ഉള്ളൂ എന്നാണ് അമ്മാനുവിന്റെ മതം.
അത് കേട്ട് അമ്മാനു പതിനെട്ടുകാരിയുടെ നാണംപോലെ ഒരു വികാരം എടുത്ത് മുഖത്തേക്ക് എടുത്തിട്ടു. ഒപ്പം ആ സംഭവം ഓര്‍ത്തപ്പോള്‍ കുളിര് കേറിയങ്ങ് കൊള്ളുകയും ചെയ്തു, പിന്നല്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഇതേ പിള്ളേച്ചന്റെ കട. മമ്മുക്കയും ലാലേട്ടനും ഹിന്ദിക്കാരിയും ആഞ്ഞുകുത്തി അഭിനയിച്ച 'ഹരികൃഷ്ണന്‍സ്' സിലിമ പത്തനംതിട്ട അനുരാഗിന്റെ നയനമനോഹരമായ വെള്ളിത്തിരിയില്‍ നിന്നും കണ്ട് ഗാന്ധിമുക്കിന് വന്ന അമ്മാനു ഓട്ടന്‍തുള്ളല്‍ മട്ടില്‍ പിള്ളയുടെ കടത്തിണ്ണയില്‍ ഇരുന്ന് കഥപറയാന്‍ തുടങ്ങി. കഥ കേള്‍ക്കാന്‍ സിനിമ നേരില്‍പോയി കാണുവാന്‍ ഗതിയില്ലാത്ത ഒട്ടനവധിപേര്‍. കൂട്ടത്തില്‍ പുനലൂര്‍ രാംരാജില്‍ നിന്നും അതേ സിലിമ കണ്ടുവന്ന മീന്‍കാരന്‍ ജോയിയും ഉണ്ട്. അമ്മാനുവിന് തൊണ്ടവറ്റുമ്പോള്‍ ജോയി കഥ തുടരും.
വന്ന് വന്ന് ക്ലൈമാക്സില്‍ എത്തി. കഥ പറഞ്ഞ് അവസാനിപ്പേണ്ട കടമ അമ്മാനു ഏറ്റെടുത്തു.
'അങ്ങനെ ചുരുക്കം പറഞ്ഞാ, മ്മടെ മമ്മൂട്ടി ഹിന്ദിക്കാരി പെണ്ണിനെ അടിച്ചോണ്ട് പോയി. പൊന്നാമ്പല്‍ പുഴയും കോപ്പും ഒക്കെ പാടി അവളുടെ പൊറകില്‍ മണപ്പിച്ച് നടന്ന മോന്‍ലാന്‍ പോയി കൂഞ്ഞുവലിച്ചു'
ഇത് കേട്ടതും മീന്‍കാരന്‍ ജോയിക്ക് തറവാനം മറിച്ചുവന്നു. പുനലൂര്‍ രാംരാജില്‍ താന്‍ കണ്ട ഇതേ സിനിമയില്‍ ഹിന്ദിക്കാരിയെ കെട്ടിയത് ലാലാണ്. അതുമല്ല ആയകാലം മുതല്‍ ജോയി കട്ട മോഹന്‍ലാല്‍ ഫാനുമാണ്.
'ഡാ അമ്മാനു, ഒരുമാതിരി പുളുത്തിയ വര്‍ത്തമാനം പറയല്ലേ. നിന്റെ കണ്ണെന്തുവാടാ കുണ്ടിക്കാണോ വച്ചേക്കുന്നേ? നീ എവിടം വച്ചോണ്ടാടാ ഉവ്വേ സിലിമ കാണുന്നത്? ലാല്‍ ആ പെണ്ണിനെ കെട്ടുന്നത് ദാണ്ടേ ഈ രണ്ട് കണ്ണുകള്‍ കൊണ്ട് കണ്ടേമ്മച്ച് വന്ന എന്നോടാ പറയുന്നേ മണ്‍വെട്ടി പെണ്ണിനെ ഞൊട്ടിയെന്ന്'
അമ്മാനു വികാരവിജ്രംഭിതനായി. അപ്പോള്‍ താന്‍ അനുരാഗില്‍ കണ്ടത് എന്നാ കോപ്പാ? ഇവന് വട്ടായോ? എവിടുന്നേലും പൂളാവെള്ളം കേറ്റിയേച്ച് എന്റെ തോളേല്‍ കേറണോ? മുണ്ട് ചുരച്ച് കേറ്റി അമ്മാനു വിടാതെ പിടിച്ചു.
'ഡാ സിലിമ എന്താണെന്ന് നീ പോയി ആദ്യം പടിക്ക്. ഞാനേ സിലിമ ഇന്നും ഇന്നലയെയും ഒന്നും കാണാന്‍ തുടങ്ങിയതല്ല. പട്ടയുംവീശി നീയൊക്കെ സിലിമ കാണാന്‍ പോവാന്നോ, അതോ ഒറങ്ങാന്‍ പോവാന്നോ. തൂറാന്‍ പോന്നപോലെ സിലിമ കാണാന്‍ പോല്ലേ ന്റെ ജോയീ!'
താന്‍ കണ്ടത് തെറ്റാണെന്ന് പറയുക മാത്രമല്ല സിനിമ തിയേറ്ററില്‍ താന്‍ പോകുന്നത് ഉറങ്ങാനാണെന്ന് പ്രഖ്യാപിച്ച് അവഹേളിക്കുന്ന കേട്ട് 'ഫാ ഏര്പ്പെ ലാലിനെ നീ പറയാനായോ' എന്ന് വിളിച്ച് അമ്മാനുവിനെ പിടിച്ച് ഒരു ഉന്തുകൊടുത്തു. തലേദിവസത്തെ കെട്ട് വിട്ടിട്ടില്ലാത്ത അമ്മാനു വെട്ടിയ വാഴപോലെ ആണ്ടടാ നിലത്ത്! അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ല എന്ന മട്ടില്‍ സടകുടഞ്ഞ് എണീറ്റ അമ്മാനു ജോയിയുടെ ചെവിതാത്താര നോക്കി 'നിന്റെ അമ്മേടങ്ങ്' എന്ന് പറഞ്ഞ് ഒരെണ്ണം അങ്ങ് പെടച്ചു. ജോയിയുടെ കണ്ണില്‍ പൊന്നീച്ചപറന്നു, തിരണ്ടിവാല്‍ അടിയേറ്റപോലെ ഒരു ഫീലിങ്.
മണിസാറും, പിള്ളേച്ചനും നോക്കി നില്‍ക്കെ നടുറോഡില്‍ ജോയി അമ്മാനുവിന്റെ നെഞ്ചത്ത് കേറി ഒരിരിപ്പ് അങ്ങിരുന്നു. അമ്മാനു വിടുമോ? തന്റെ നെഞ്ചത്ത് കേറിയിരിക്കുന്ന പ്രതിയോഗിയുടെ മര്‍മ്മത്ത് കുലയോടെ കേറിയൊരു പിടുത്തം! ജോയി ഞെളിപിരികൊണ്ടു പുണ്യവാളച്ചനെ ഉറക്കെ വിളിച്ചു. കൂമ്പിന് കേറിപ്പിടിക്കുമ്പോള്‍ വിളിക്കുന്നത് പുണ്യവാളച്ചന്‍ കേള്‍ക്കുമോ ആവോ?
അങ്ങനെ മാനവും മര്യാദയുമില്ലാത്ത ചന്തപ്പട്ടികള്‍ ആളുംതരവും കാലവും നോക്കാതെ നടുറോഡില്‍ ഇണചേരുന്ന മാതിരി പിള്ളേച്ചന്റെ കടയുടെ മുന്നില്‍ കുരുങ്ങിക്കിടന്ന രണ്ട് മലയാളസിനിമ പ്രേക്ഷകരെ അതുവഴി ജീപ്പില്‍ വന്ന എസ്. ഐ. കുട്ടപ്പന്‍ സാര്‍ എന്ന നിയമപാലകന്‍ കണ്ടു. കണ്ടപാടെ ജീപ്പ് നിര്‍ത്തുന്നതിന് മുമ്പ് മ്മൂട്ടിയെയും മോഹന്‍ലാലിനെയും കവച്ചുവയ്ക്കുന്ന കാലുകവച്ച് മാതിരി ജീപ്പില്‍ നിന്ന് ഒരെടുത്ത് ഒരുചാട്ടം. കുട്ടപ്പന്‍ സാറിന് അമ്മാനുവിനെ പണ്ടേ ചതുര്‍ത്ഥിയാണ്.
'ഫാ.. പൊലയാടിമോന്മാരെ, വഴിക്കിടന്ന് അടിപിടി ഉണ്ടാകുന്നോ?' ഇതും പറഞ്ഞ് രണ്ടേനേം പിടിച്ച് ജീപ്പിലിട്ടു. കൂമ്പിന് പിടി അയഞ്ഞപ്പോള്‍ ജോയി ആശ്വാസം കൊണ്ടു. ജീപ്പിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്ന് വീര്‍പ്പിച്ച മോന്തയുമായി ഓഫീസില്‍ എത്തി രണ്ട് സിനിമ പ്രേക്ഷകരെയും മുണ്ടുരിഞ്ഞ് പാളക്കര അണ്ടര്‍വെയറില്‍ നിര്‍ത്തിയിട്ട് കുട്ടപ്പന്‍സാര്‍ ഒരു ചോദ്യം.
'നീയൊക്കെ എന്തിനാടാ പുണ്ടച്ചിമോന്മാരെ വഴിയില്‍ക്കിടന്ന് അടിയുണ്ടാക്കുന്നെ? ഇവിടെ പൊലീസും നിയമോം ഒന്നുമില്ല എന്ന് കരുതിയോ?'
രണ്ട് മോന്മാരും മുഖത്തോട് മുഖം നോക്കി. മാനംമര്യാദയ്ക്ക് ഗാന്ധിമുക്കിനിട്ട് 'നിയമം നിയമത്തിന്റെ വഴിക്ക്' നടത്തിക്കൊണ്ടിരുന്ന പൗരന്മാരെയാണ് കോണാന്‍ധാരികളാക്കി നിര്‍ത്തിയിരിക്കുന്നത്.
'എന്താടാ മിണ്ടാത്തെ നിന്റെയൊക്കെ അണ്ണാക്കില്‍ പഴം തിരുകി വച്ചേക്കുവാന്നോ എരപ്പാളികളേ?' ഇതും പറഞ്ഞ് കുട്ടപ്പന്‍സാര്‍ ലാത്തിയെടുത്ത് കപ്പടാമീശ പിരിച്ച് മേശമേല്‍ മുട്ടന്‍ രണ്ടടി. മമ്മൂട്ടിഫാനും ലാലേട്ടന്‍ഫാനും അതോടെ റെഗുലേറ്റര്‍ പോയി. എരണംകെട്ട പൊലീസ് ഇനി വല്ല ഉരുട്ടലോ ഈര്‍ക്കിലി പ്രയോഗമോ നടത്തുമോ ദൈവം കര്‍ത്താവെ? അമ്മാനുവും ജോയിയും ഒന്നിച്ച് വിളിച്ചത് ഒരേ കര്‍ത്താവിനെ ആകുന്നു, കാരണം രണ്ട് മാന്യന്മാരും മാമോദീസാ വെള്ളം ഉച്ചികെട്ടിന് വീണ നസ്രാണികള്‍ ആകുന്നുവല്ലോ.
'സാറേ, ഒള്ള സത്യം പറയാല്ലോ... ഞങ്ങള്‍ ഒരു സിലിമ കണ്ടു. അതിന്റെ കഥ പറഞ്ഞ്പറഞ്ഞ് കേറിയങ്ങ് കൊളാബറേഷന്‍ ആയി'
കൊളാബറേഷനോ? അതെന്ത് കുന്തമാ? കുട്ടപ്പന്‍ എസ്. ഐ. കടുകട്ടിയുള്ള ആംഗലേയപദം ഗാന്ധിമുക്കിനെ ഊച്ചാളികള്‍ പറയുന്നത് കേട്ട് ഞെട്ടി. അബോര്‍ഷന്‍ എന്ന് കേട്ടിട്ടുണ്ട് ഇതെന്ത് കുന്തം?
'എന്തോന്ന് കൊളാബറേഷന്‍? ഇങ്ങോട്ട് നീങ്ങിനില്ലെടാ' ഇതും പറഞ്ഞ് രണ്ടിന്റെയും ചന്തിനോക്കി രണ്ട് പൂശങ്ങ് പൂശി.
'അവന്റമ്മേടെ കൊളാബറേഷന്‍.... പൊക്കോണം മുന്നീന്ന്! ഇനി എപ്പളെങ്കിലും മുക്കിന് കിടന്ന് കൊളാബറേഷന്‍ നടത്തിയാല്‍ കൂമ്പിടിച്ച് ഞാന്‍ കലക്കും പറഞ്ഞേക്കാം'.
ഇതും പറഞ്ഞ് രണ്ട് സിനിമപ്രേമികളെയും കുട്ടപ്പന്‍ പൊലീസ് പിടിച്ച് പുറത്തേക്ക് തള്ള് . അഴിച്ചുവച്ച മുണ്ടും എടുത്തുടുത്ത് രണ്ടെണ്ണവും ഒട്ടെടാ ഓട്ടം. കുട്ടപ്പന്‍ പൊലീസിന്റെ കൂമ്പിനിടി താങ്ങാനുള്ള ആരോഗ്യം തങ്ങള്‍ക്ക് ആയിട്ടില്ല എന്ന തിരിച്ചറിവായിരുന്നു അവരുടെ ഓട്ടത്തിന് കാരണം. താന്‍ കൂമ്പിന് പിടിച്ചപ്പോള്‍ ജോയി ഇരുന്ന് ഞെളിപിരി കൊണ്ടത് അമ്മാനുവും, അമ്മാനുവിന്റെ പിടുത്തത്തില്‍ ഈരേഴുപതിനാല് ലോകം ദര്‍ശിച്ചത് ജോയിയും ആ ഓട്ടത്തില്‍ ഓര്‍ത്തുപോയി.
ദിവസങ്ങള്‍ കഴിഞ്ഞാണ് ഈ ഫാന്‍സ് അസോസിയേഷന്‍കാരെ ഒക്കെ ഒരുമാതിരി മറ്റേടത്തെ അവന്മാരാക്കി സിലിമാക്കാര്‍ ചിലേടത്ത് മമ്മുക്കയും, ചിലേടത്ത് ലാലേട്ടനും ഇനിയും ചിലേടത്ത് വേറെ ഏതോ അവതാരവും ഹിന്ദിക്കാരെ പെണ്ണിനെ കെട്ടിയ വാര്‍ത്ത ഗാന്ധിമുക്കിന് പാട്ടായത്. അമ്മാനു അന്ന് നെഞ്ചത്ത് കൈ വച്ച് അന്ന് പറഞ്ഞു. 'ഇവന്മാര്‍ക്കൊക്കെ പോയി ചത്തൂടെ.
അല്ലേലും ഈ നോര്‍ത്ത് ഇന്ത്യാക്കാര്‍ക്കൊക്കെ എന്തും ആകാലോ. പണ്ട് പാഞ്ചാലിയെ കെട്ടിക്കൊണ്ട് അര്‍ജുനന്‍ വന്നപ്പോള്‍ പായസം ആണെന്ന് കരുതി പഞ്ചപാണ്ഡവന്മാരോട് 'നിങ്ങള്‍ പകുത്തെടുത്തോ' എന്ന് തള്ള പറഞ്ഞപ്പോള്‍ കമാ എന്നൊരക്ഷരം മിണ്ടാത്ത ഐറ്റംസാ. ഇതല്ല ഇതിനപ്പുറവും ചെയ്യും വടക്കന്മാര്. അല്ല പിന്നെ.
'സംഭവം ശരിയാ പിള്ളേച്ചാ, ഇനി ഒരു കൊളാബറേഷന്‍ നടത്താനുള്ള പാങ്ങെനിക്കില്ല. ചന്ദ്രനിലോ, സൂര്യനിലോ ഏത് ബൂലോകത്തേക്ക് വേണേലും റോക്കറ്റ് വിടട്ടെ. പിന്നെ പത്രക്കാരും ചാനല്‍ക്കാരും പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കാനും മേല. വയറ്റിളക്കം പിടിച്ചവന്മാരെപ്പോലെ വന്നിരുന്ന് കൈകാലിട്ടടിക്കുന്നത് കാണുന്നില്ലേ? നിങ്ങള്‍ നല്ല കടുപ്പത്തില്‍ ഒരു ചായ എടുക്ക്'.
ഇതും പറഞ്ഞ് അമ്മാനു പിള്ളേയുടെ കടത്തിണ്ണയിലെ കാലുകള്‍ക്ക് വാതം പിടിച്ച ബഞ്ചില്‍ കുത്തിയിരുന്നു. മണിസാര്‍ പാര്‍ട്ടിപത്രത്തില്‍ ബാക്കികിടന്ന വിഭങ്ങള്‍ അകത്താക്കുകയും, സാര്‍ തങ്കച്ചായന്‍ കോട്ടയം കട്ടായം എന്നമട്ടില്‍ തന്റെ കയ്യിലിരുന്ന പത്രം അരിച്ച് പെറുക്കുകയും ചെയ്തു.
ഇനിയിപ്പോ ഐ.എസ്. ആര്‍.ഒ ക്ക് എപ്പോള്‍ വേണേലും റോക്കറ്റ് വിടാം. നോ ഒബ്ജെക്ഷന്‍.