കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അസമിലെ ഗുവാഹത്തിയിൽ ചേർന്ന കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ജനറൽ കൗൺസിലിലാണ് പ്രഖ്യാപനം നടന്നത്. പ്രമുഖ തബല വാദകൻ സാക്കിർ ഹുസൈൻ, നർത്തകി സൊണാൽ മാൻസിങ്, സത്രിയ നൃത്തകലാകാരനും കൊറിയോഗ്രാഫറുമായ ജതിൻ ഗോസ്വാമി, വിഖ്യാത ഭരതനാട്യം ഗുരു കെ. കല്യാണസുന്ദരംപിള്ള എന്നിവർക്ക് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അക്കാദമി രത്‌ന ഫെലോഷിപ് (3 ലക്ഷം രൂപ).
44 കലാകാരന്മാർക്ക് അക്കാദമി പുരസ്‌കാരവും 32 യുവ കലാകാരന്മാർക്ക് ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്‌കാരവും പ്രഖ്യാപിച്ചു. പുരസ്‌കാരകര തിളക്കത്തിൽ മലയാളികളുമുണ്ട്. മോഹിനിയാട്ടം നർത്തകി ഗോപിക വർമ, കൂടിയാട്ടം കലാകാരൻ അമ്മന്നൂർ പരമേശ്വരൻ ചാക്യാർ (കുട്ടൻ ചാക്യാർ) എന്നിവർ അക്കാദമി പുരസ്‌കാരം ലഭിച്ചവരിൽ പെടുന്നു. ഓരോ ലക്ഷം രൂപയാണ് അവാർഡ് തുക.ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്‌കാരം ലഭിച്ചവരിൽ കഥകളി കലാകാരൻ കലാമണ്ഡലം വൈശാഖ്, കൂടിയാട്ടം കലാകാരൻ കലാമണ്ഡലം സജിത് വിജയൻ എന്നിവരും ഉൾപ്പെടുന്നു(25,000 രൂപ).