പ്രണയം പ്രകൃതിയാൽ സിദ്ധിച്ച വരദാനമാകയാൽ
മനസ്സിലലിഞ്ഞും ഇണകളോടൊത്തണഞ്ഞും, കവിളിണകളിൽ, മിഴികളിൽപൂത്തുലഞ്ഞും,
മധുരമായ്, വിവശമായ്
വക്ഷസിലൂടൊഴുകി നാഭിയിൽ ചുറ്റിക്കറങ്ങി
തടാകമായൊരു കരിവീരൻ സ്നാനം ചെയ്തുണരവെ
കവിളിണകൾ കലങ്ങിയും
മിഴിയിണകൾ കൂമ്പിയും
പ്രണയമൊരാലസ്യമയക്കത്തിലാകവെ
ഋതുക്കൾ പൂക്കും
വസന്തം വിടരും
പ്രകൃതി വീണ്ടുമൊരു പ്രണയത്തിനായ്
കരുക്കളൊരുക്കും.
കാലം നിലനില്പിനായ്
കാതരേ, നിന്നിലും എന്നിലും പ്രണയത്തെ
പ്രവേശിപ്പിച്ചു കൊണ്ടേയിരിപ്പൂ
ആകയാൽ
നമുക്കിനിയും, ഇനിയും പ്രണയിക്കാം.
മനപ്രണയങ്ങൾ മധുരമാകിലും
മിഴിപ്രണയങ്ങളതിമധുരവും
ഉടൽപ്രണയങ്ങൾ വിലങ്ങിൽ നിന്നാലും
ഉയിർപ്രണയങ്ങളടുത്തു നിന്നിടും.
മിഴിച്ചു നില്ക്കാതെ വരൂ സഖി,നമുക്കടുത്തടുത്തുയിർ പ്രണയമായിടാം.
വിലങ്ങിൽ നില്ക്കുവോർ
നാമതാകിലും മനസ്സടുക്കുവാൻ തടസ്സമില്ലയി പ്രണയസാഗരത്തീരം മനോഹരം.
കടപ്പാട്: പോതുപാറ മധുസൂദനൻ