കാലപ്പെരുമകൾ കൊണ്ട് നിറഞ്ഞ
പഴങ്കാലത്തിലെ നേരും നെറിയും
കാലം കരി നിഴൽ കൊണ്ട് മറച്ചേ
കോലം ചെറു കുടലൂരി വലിച്
കരി നാഗം പോൽ ചുറ്റി വരിഞ്ഞ്
വിഹായസ്സിലൂടെ തെന്നി മറിഞ്ഞ്
പിണഞ്ഞൊഴുകുന്നുണ്ടി ന്നൊരു കാലം
നാണക്കേടിൻ നടുവിൽക്കുടെ
കാലക്കേടിൻ കൊടുമുടികയറി
പാതിയിരുണ്ട മനസിൽപന്തം
പാതതെളിച്ച് വരുന്നൊരു കാലം.
തെറ്റുകൾ ശരികളെ വെട്ടിമുറിച്ചും
ശരികൾ തെറ്റിനെ കുത്തിമറിച്ചും
തെറ്റും ശരിയുമിന്നൊത്തുകളിച്ചും
കണ്ണുമറച്ച് നടക്കണ കാലം
പാതാളക്കാറ്റങ്ക പോരിന്
കൂകി വിളിച്ച് വരുന്നത് കണ്ട്
വേതാളങ്ങൾ വെളിച്ചുംതുള്ളി
പാതാളപ്പക തീർക്കും കാലം
കരിവീരന്മാർ കൊമ്പ് കുലുക്കി
കുത്തിമറിച്ച് രസിക്കണ കാലം
പന്ത്രണ്ടരുവികളൊന്നിച്ചൊഴുകി
കരള് പിളർക്കണ പഞ്ഞക്കാലം
ആമാശയത്തിനൊരന്തി കുട്ടിനൊരല്പം
കഞ്ഞി കഴിച്ചും
ആകാശത്തിന് ചന്തംകൂട്ടാൻ ചങ്കു തുരന്നു കൊടുത്തും
കാലിൽ പൊട്ടിയ ചോര തുള്ളികൾ
റോഡിൽ പൊട്ടുകളിട്ടും
തേങ്ങി വിളിച്ച് മുടന്തി നടപ്പു
മാരി നിറഞ്ഞൊരു കാലം
എൻ്റെയും നിൻ്റെയും കയ്യുകൾ കൊണ്ട് താളമടിച്ചാ
മേടുകളൊന്നായ്
തുള്ളിയിറങ്ങി താഴ് വരതാണ്ടി
പണയപ്പാട്ടിൻ പടയണിയായി
പട്ടിണിച്ചുണ്ടുകൾ പട്ടട പാട്ടുകൾ
പാടി വരുന്നൊരു കാലം
കാലത്തിൻ്റെ കരിനിഴൽ പിന്നിൽ
കോലത്തിൻ്റെ കുഴൽവിളി മുന്നിൽ
കാലത്തിൻ്റെ കാലക്കേടുകൾ
കോലത്തിൻ്റെ കോലക്കേടുകൾ
ഇടത്തെ വിരല് ഞൊടിച്ചു വിളിച്ച്
വലത്തെ വിരല് ഞൊടിച്ച് വിളിച്ച്
കാലക്കേടും കോലക്കേടും
കണ്ണിൽ കത്തും പന്തത്താലെ
കാലത്തപ്പൻ കണ്ണൂ തുറന്ന്
കരിച്ചു കളയുമെന്നു നിനച്ച്
കാലത്തേതോ ബീഡിപ്പുകയിൽ
കായംകാഞ്ഞ് രസിപ്പുകാലം
കടപ്പാട്: പോതുപാറ മധുസൂദനൻ