പ്രശാന്ത് കിഷോര്‍ ബിസിനസ് മോഡല്‍ മാധ്യമങ്ങള്‍ ഉപയോഗിച്ചു മാര്‍ക്കെറ്റ് ചെയ്യുന്നു എന്നതാണ്; എന്തുകൊണ്ടു പ്രശാന്ത് കിഷോര്‍ മോഡല്‍ കോണ്‍ഗ്രസില്‍ വര്‍ക്കാകില്ല? ജെ എസ് അടൂര്‍ എഴുതുന്നു

Malayalilife
പ്രശാന്ത് കിഷോര്‍ ബിസിനസ് മോഡല്‍ മാധ്യമങ്ങള്‍ ഉപയോഗിച്ചു മാര്‍ക്കെറ്റ് ചെയ്യുന്നു എന്നതാണ്; എന്തുകൊണ്ടു പ്രശാന്ത് കിഷോര്‍ മോഡല്‍ കോണ്‍ഗ്രസില്‍ വര്‍ക്കാകില്ല? ജെ എസ് അടൂര്‍ എഴുതുന്നു

പ്ര ശാന്ത് കിഷോര്‍ ബിസിനസ് മോഡലിന്റെ കോര്‍ അയാള്‍ എങ്ങനെ അയാളെ മാധ്യമങ്ങള്‍ ഉപയോഗിച്ചു മാര്‍ക്കെറ്റ് ചെയ്യുന്നു എന്നതാണ്.

ഇപ്പോള്‍ അയാള്‍ കൊണ്‌ഗ്രെസ്സ് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുന്നത് പോലും അയാളുടെ മാര്‍ക്കറ്റ് ടീം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കും. അയാള്‍ ഉണ്ടെങ്കില്‍ തിരെഞ്ഞെടുപ്പ് വിജയിക്കാം എന്ന് ധാരണ പരത്തും. അത് വച്ചു കോടികള്‍ ബാര്‍ഗൈന്‍ ചെയ്യും. തിരെഞ്ഞെടുപ്പ് ജയിച്ചാല്‍ അത് വച്ചു വീണ്ടും മാര്‍ക്കറ്റ് ചെയ്യും. അയാള്‍ ഏത് പാര്‍ട്ടിക്കും വന്‍ തുക കൊടുത്തു വാടകക്ക് എടുക്കാവുന്ന പൊളിറ്റിക്കല്‍ മേഴ്‌സിനറിയാണ്. അവിടെ ഐഡിയൊളെജിയൊ പാര്‍ട്ടി ലോയല്‍റ്റിയൊ പ്രശ്‌നം അല്ല.

കൊണ്‌ഗ്രെസ്സ് പാര്‍ട്ടി തിരെഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത് അടി തട്ടില്‍ ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആദര്‍ശവും മൊട്ടിവേഷനും പാര്‍ട്ടി ലോയല്‍റ്റിയൂമൊക്കെയുള്ള പ്രവര്‍ത്തകര്‍ കുറഞ്ഞതുകൊണ്ടാണ്. ആത്മാര്‍ത്ഥയുള്ള പ്രവര്‍ത്തകര്‍ തഴയപ്പെടുന്നു എന്ന ധാരണ വളരുന്നതുകൊണ്ടാണ്.തങ്ങളെ കേള്‍ക്കാന്‍ നേതാക്കള്‍ക്ക് സമയം ഇല്ല എന്നു സാധാരണ പ്രവര്‍ത്തകരില്‍ ധാരണ വളരുന്നതുകൊണ്ടാണ്. അത് ഒരു പ്രശാന്ത് കിഷോറിനെ വാടകക്ക് എടുത്താല്‍ തീരുന്ന പ്രശ്‌നവും അല്ല. ബൂത്ത് തലത്തില്‍ വളരെ മോട്ടിവേറ്റഡ് ആയ പ്രവര്‍ത്തകര്‍ കുറഞ്ഞതിന് കാരണം അധികാരത്തോടും അവനവനോടും പദവികളോടും മാത്രം പ്രതി ബദ്ധതയുയുള്ള അവനവിനിസ്റ്റ് നേതാക്കളും ശിങ്കിടികളും എല്ലാ തലത്തിലും കൂടി എന്നതാണ്. ഭാരവാഹികള്‍ ഭാരവാഹികള്‍ക്ക് വേണ്ടി ഇന്‍സെന്‍സെന്ട്ടീവിന് മാത്രം പ്രവര്‍ത്തിക്കുന്ന പ്രവണത. എനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതില്‍ ഉപരി എനിക്കു എന്ത് കിട്ടും എന്ന ഇന്‍സെന്റ്‌റീവ് പൊളിറ്റിക്‌സാണ് ബൂത്ത് തലത്തില്‍ സജീവ പ്രവര്‍ത്തകര്‍ കുറയൂന്നതിനു ഒരു കാരണം.

യു പി യില്‍ പ്രശാന്ത് കിഷോറിനെ കൊണ്ടു വന്നിട്ടും കൊണ്‌ഗ്രെസ്സ് തോറ്റത് അവിടെ താഴെ തട്ടില്‍ സംഘടനയൊ പ്രവര്‍ത്തകരോ ഇല്ലാഞ്ഞിട്ടാണ്. അടിത്തറ ഇളകി ദ്രവിച്ച പഴയ തറവാടിന്റെ പൂമുഖം പെയിന്റ് ചെയ്താലോ കാരണവന്മാര്‍ നല്ല വസ്ത്രങ്ങള്‍ അണിഞ്ഞു മേക്കപ്പിട്ടാലോ മാറുന്നത് അല്ല പ്രശ്‌നം.അടിസ്ഥാന ഉറപ്പിക്കണം. സാധാരണ പ്രവര്‍ത്തകര്‍ക്ക് വീട് വീടു കയറി ആളുകളെ പ്രചോദിപ്പുക്കാനുള്ള രാഷ്ട്രീയ ബോധ്യങ്ങള്‍ വേണം. താഴെ സാധാരണക്കാരില്‍ നിന്ന് വീടുകളില്‍ പോയി പൈസ പിരിച്ചു അടിയില്‍ നിന്നുള്ള ഓണര്‍ഷിപ്പ് വേണം.അത് തിരഞ്ഞെടുപ്പിന് രണ്ടാഴ്‌ച്ച മുമ്ബ് ചെയ്യേണ്ട കാര്യം അല്ല. കതിരില്‍ കൊണ്ടു വളം വച്ചതുകൊണ്ടോ, തിരെഞ്ഞെടുപ്പിന് തൊട്ട് മുമ്ബ് മുഖം മിനുക്കിയതുകൊണ്ടോ, ചേപ്പട്ടി വിദ്യ കൊണ്ടോ, മുദ്രാവാക്യം കൊണ്ടോ ആഗ്രഹിച്ച ഫലം കിട്ടില്ല എങ്ങനെയാണ് പ്രശാന്ത് കിഷോര്‍ വന്നത്? കൊണ്‌ഗ്രെസ്സ് മുക്ത ഭാരതത്തിനു വേണ്ടി മോദി പാളയത്തിലെ ആര്‍ എസ് എസ് സൈനീകനായി? അയാളെ പിടിച്ചു കൊണ്‌ഗ്രെസ്സ് സര്‍വ്വ സംഘ ചാലകായി ഇരുത്തിയാല്‍ വിനാശകാലേ വിപരീത ബുദ്ധി എന്നത് പോലെയാകും കാര്യങ്ങള്‍.

സംഘടനക്ക് വേണ്ടത് ദിശബോധമാണ്. സംഘനക്ക് വേണ്ടത് ഉദ്ദേശ ശുദ്ധിയോടെ ആദര്‍ശത്തോടെയും ആത്മാര്‍ത്ഥയോടയുള്ള കോടിക്കണക്കിന് പ്രവര്‍ത്തകരാണ്. അതു നല്‍കേണ്ടത് ആരാണ്? പ്രശാന്ത് കിഷോര്‍ പൊതു മണ്ഡലത്തില്‍ രംഗ പ്രവേശനം ചെയ്തത് 2014 ജൂണിലാണ്. 2011 ല്‍ മോദിയുടെ ടീമില്‍ ചേര്‍ന്നെങ്കിലും വളരെ ലോ പ്രൊഫൈല്‍ ആയിരുന്നു. മോദിയുടെ 2014 ലെ വിജയത്തിന് പിന്നില്‍ അയാള്‍ ആണ് എന്ന് മാര്‍ക്കറ്റ് ചെയ്തു. എന്നാല്‍ അതുകൊണ്ടു മോദി അയാളെ പിന്നീട് അടുപ്പിച്ചില്ല. എന്തുകൊണ്ടാണ് ഒരു പ്രാവശ്യം അയാളുമായി ബിസിനസ് ഡീല്‍ ഉറപ്പിച്ചവര്‍ പിന്നീട് അയാളുടെ സേവനം ഉപയോഗിക്കുന്നില്ല.?പഞ്ചാബില്‍ 2017 ല്‍ നടന്നത് 2021 ല്‍ നടക്കാഞ്ഞത് എന്താണ് എന്ന് ആത്മശോധന ചെയ്യണം.
പ്രശാന്ത് കിഷോര്‍ നടത്തുന്ന കമ്ബനി ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മറ്റി I -Pac 2015 ലാണ് തുടങ്ങിയത്. അത് അമേരിക്കയിലെ pac മോഡലിലാണ് തുടങ്ങിയത്. തിരഞ്ഞെടുപ്പിന് പതിനെട്ടു മാസം മുമ്ബ് മുതല്‍ നടത്തുന്ന അടിസ്ഥാന സര്‍വ -ഫീഡ് ബാക്ക് ഉപയോഗിച്ച്‌ സ്ഥാനാര്‍ത്ഥി നിര്‍ണായവും അത് പോലെ ക്യാമ്ബയിന്‍ മെസ്സജ് -മാര്‍ക്കറ്റിങ് ബിസിനസ്. സാധാരണ അവര്‍ മൂന്നു റൗണ്ട് സര്‍വേ നടത്തും.

അതിന് യൂണിവേഴ്‌സിറ്റികളില്‍ നിന്നും മറ്റു സ്ഥപനങ്ങളില്‍ നിന്നും മാസം 50000 രൂപ മുതല്‍ 2 ലക്ഷം വരെ ശമ്ബളം കൊടുത്തു 23-32 വരെ പ്രായമുള്ള ഏതാണ്ട് 300 മുതല്‍ അഞ്ഞൂറ് പേരുടെ ടീമുണ്ടാക്കും. മാര്‍ക്കറ്റിങ്, മീഡിയ മാനേജ്‌മെന്റ് സര്‍വെ ടീമുകള്‍ ഉണ്ട്. ആ കമ്ബനിയുടെ ബ്രാന്‍ഡ് പ്രശാന്ത് കിഷോര്‍ ആണ്. പ്രശാന്ത് കിഷോര്‍ ബ്രാന്‍ഡ് വളര്‍ത്താന്‍ മാര്‍ക്കറ്റിങ് -മീഡിയ ടീം നിരന്തരം വര്‍ക്കും ചെയ്യും. എങ്ങനെയാണ് അയാള്‍ മോദിയുമായി അടുത്തത്?2011 മധ്യത്തില്‍ ല്‍ അയാള്‍ ഗുജറാത്തില്‍ മാല്‍ന്യൂട്രിഷന്‍ എങ്ങനെ മാറ്റം എന്ന് പറഞ്ഞു മുഖ്യമന്ത്രി മോദിയേ സമീപിച്ചു . അന്ന് അയാള്‍ ചാഡ് എന്ന ആഫ്രിക്കന്‍ രാജ്യത്തു യു ന്‍ മിഷനില്‍ ഒരു ഷോട്ട് ടെം കന്‍സല്‍ട്ടണ്ട് (ഇതിനെ കുറിച്ച്‌ വിവരം പിന്നെ ). ആ ഷോട്ട് ടെം കണ്‍സള്‍ട്ടന്‍സി തീരാറായപ്പോഴാണ് അയാള്‍ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കണ്‍സല്‍ന്റായി ചേര്‍ന്നത്.

2014 പ്രധാന മന്ത്രി യാകാന്‍ 2008 മുതലുള്ള വൈബ്രന്റെ ഗുജറാത്ത് മോഡല്‍ തൊട്ട് തുടങ്ങിയ ആറു കൊല്ലത്തെ ക്യമ്ബയിന്‍ കൊണ്ടാണ്. മോദി ഡല്‍ഹിയില്‍ എത്തിയത്. അതിന്റ കോര്‍ ടീം അരുണ്‍ ജത് ലി, അമിത് ഷാ,ആര്‍ എസ് എസില്‍ മോഹന്‍ ഭഗവത്, അഡാനി ടീം എല്ലാം ചേര്‍ന്നു കൃത്യമായ പ്ലാനിങ്ങില്‍ നടത്തിയത്. അതിന്റ ആദ്യ ഘട്ടം 2012 ലെ ഗുജറാത്ത് തിരെഞ്ഞെടുപ്പ്. ആ തിരെഞ്ഞെടുപ്പിലാണ് പ്രശാന്ത് കിഷോര്‍ സര്‍വേ ടീമന്റെ അണലിസ്റ്റായി അംഗമായത്. 2012 ലെ ഗുജറാത്ത് വിജയം കഴിഞ്ഞു മോദി ഡല്‍ഹി ക്യാമ്ബയിന്‍ തുടങ്ങി.

യു പി എ 2 അധികാരത്തില്‍ സാച്ചുറേറ്റെഡ് ആയപ്പോള്‍ ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ അണ്ണാ ഹസാരെ, രാം ദേവ്, കിരണ്‍ ബേദി, കുമാര്‍ വിശ്വാസ്,അരവിന്ദ് കേജരിവാള്‍ എന്നിവരുടെ നേതൃത്വത്തില്‍ മീഡിയ സഹായത്തില്‍ (മീഡിയക്കാര്‍ പിന്നെ രാജ്യ സഭയില്‍ എത്തി ). ക്യാമ്ബയിന്‍ രണ്ടാം ഘട്ടം തുടങ്ങി. 2012 മുതല്‍ സിറ്റിസണ്‍ ഫോര്‍ അക്കൗണ്ടബിലിറ്റി എന്ന ആര്‍ എസ് എസ് /ബിജെപി പ്രോക്സി എന്‍ ജി യൊ യുടെ ചുമതല മോദി ടീം പ്രശാന്ത് കിഷോറിനെ ഏല്‍പ്പിച്ചു. അതിന്റ ഉദ്ദേശം ഫീല്‍ഡ് ഇന്റലിജന്‍സ്, രഹസ്യ സര്‍വേ, മൈക്രോ മാനിപുലേഷന്‍ എന്നിവയായിരുന്നു. അതു ഏറ്റവും നന്നായി നടപ്പാക്കിയത് യു പി യില്‍.ഏതാണ്ട് 13 സംസ്ഥാനങ്ങളില്‍ മണ്ഡലങ്ങള്‍ സെലക്റ്റ് ചെയ്ത ടാര്‍ഗറ്റെഡ് രഹസ്യ ഓപ്പറേഷന്‍. വെളിയില്‍ എന്‍ ജി ഒ, ഫണ്ടിങ് മോദി ക്യാമ്ബൈന്‍ സ്പോണ്‍സര്‍ ചെയ്ത കമ്ബിനികള്‍. അന്ന് 1600 ല്‍ അധികം സ്റ്റാഫ്. അവര്‍ റിപ്പോര്‍ട്ട് ചെയ്തത് അമിത് ഷായോട്. അത് മോദിയുടെ 2012 മുതല്‍ തുടങ്ങിയ മള്‍ട്ടി പ്രോങ് ക്യാമ്ബെയിന്റെ ഭാഗം ആയിരുന്നു. അതില്‍ പ്രശാന്ത് കിഷോര്‍ ശമ്ബളം വാങ്ങുന്ന കണ്‌സള്റ്ററ്റന്‍ഡ് റോളില്‍ മാത്രമായിരുന്നു.

എന്നാല്‍ 2014 ല്‍ മോദി വിജയിച്ചതോടെ പ്രശാന്ത് കിഷോറും സിറ്റിസണ്‍ ഫോര്‍ അക്കൗണ്ടബിലിറ്റിയും മാധ്യമ മാര്‍ക്കറ്റിങ്ങിലൂടെ പ്രശാന്ത് കിഷോര്‍ ശ്രദ്ധ നേടി. അയാളുടെ2014 ല്‍ ഒരു മോദി വിജയത്തിന്റെ ശില്പി എന്ന ബ്രാന്‍ഡ് ബില്‍ഡിങ് ക്യമ്ബതുടങ്ങി. അതോടൊപ്പം മോദി സര്‍ക്കാരില്‍ കയറാന്‍ ലോബിയിങ്ങും തുടങ്ങി. മോദിയും ബിജെപി യും പിന്നെ അടുപ്പിച്ചില്ല. അടുപ്പിച്ചായിരുന്നെങ്കില്‍ അയാള്‍ ബിജെപി കാരനായി തുടര്‍ന്നേനെ. മോദിക്ക് അറിയാം ആരെ കൂടെ നിര്‍ത്തണം. ആരെ കളയണമെന്നു. മോദി ക്യാമ്ബയിന്‍ 2008ല്‍ തുടങ്ങി. അതില്‍ പ്രശാന്ത് കിഷോര്‍,2012 മുതല്‍ അവര്‍ ഏല്‍പ്പിച്ച ജോലി ചെയ്ത് ശമ്ബളം വാങ്ങിയ കണ്‍സല്‍ട്ടന്റ്. അയാളാണ് ക്യാമ്ബയിന്‍ ശില്പി എന്ന അതിശയോക്തി മീഡിയ ക്യാമ്ബയിന്‍ തുടങ്ങിയതോടെ മോദി ഒഴിവാക്കി. കമ്ബനികള്‍ ഫണ്ട് നിര്‍ത്തിയതോടെ സിറ്റിസണ്‍ ഫോര്‍ അല്‍കൗണ്ടബിലിറ്റി പൂട്ടി. കിഷോറിന്റ പണിയും പോയി. ബിജെപി അടുപ്പിച്ചില്ല.

അങ്ങനെയാണ് 2015 ല്‍ ബീഹാറുകാരനായ പ്രശാന്ത് കിഷോര്‍ നിതീഷ് കുമാറിനെകാണുന്നത്. ബിജെപി യില്‍ ഉള്ള അയാളുടെ മെന്റര്‍സിന്റ ശുപാര്‍ശയൂ മായി സമീപിക്കുന്നത്. അപ്പോഴാണ് സ്വന്തം കമ്ബനി ഐ -പാക് തുടങ്ങിയത് . അതിലെ ഐ എന്ന് പറഞ്ഞാല്‍ ഇന്ത്യ എന്നാണ് എങ്കിലും ആ ഐ -പ്രശാന്ത് കിഷോര്‍ തന്നെ. അദ്ദേഹത്തിന്റെ പാക്കേജ് ആണ് ഐ പാക്. അവിടെയാണ് ഇലക്ഷന്‍ ഇന്റലിജന്‍സ് മോഡല്‍ സര്‍വെയും സെല്‍ഫ് മാര്‍ക്കറ്റിങ്ങും മൊക്കെ വീണ്ടും ശക്തമായി ഉപയോഗിച്ചു. ആ ക്യാമ്ബയ്നിലാണ് ദശ കോടികള്‍ വാങ്ങി ബിസിനസ് നടത്തി രാഷ്ട്രീയ ബാര്‍ഗൈനില്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ടായി. അതോടെ നാഷണല്‍ ബ്രാണ്ടായി.

ഐ പാക്ക് പഞ്ചാമ്ബ് ഇലക്ഷന്‍ ഡീല്‍ നേടി. വന്‍ തുകക്ക്. അപ്പോഴേക്കും പ്രശാന്ത് കിഷോര്‍ അത് വന്‍ ലാഭാമുള്ള ബിസിനസാക്കി. പഞ്ചാബില്‍ വിജയിച്ചതോടെ, ബംഗാളിലും അന്ത്രയിലും ഡല്‍ഹിയിലും തമിഴ് നാട്ടിലും ഐ പാക് ബിസിനസ് നേടി. ഒരു തിരെഞ്ഞെടുപ്പ് അഞ്ചു കോടിയില്‍ തുടങ്ങിയ തിരെഞ്ഞെടുപ്പ് ബിസിനസ് ഡീല്‍ പിന്നീട് അതിന്റ പത്തിരട്ടിയായി. അയാളുടെ ഇപ്പോഴത്തെ ആസ്തി ദശ കോടികളുടെതായി.

ബീഹാര്‍ ബ്രാഹ്മണനായ പ്രശാന്ത് കിഷോറിന്റെ വിദ്യാഭ്യാസം ബീഹാറിലും പിന്നെ ഡല്‍ഹി ഹിന്ദു കോളേജില്‍. ഡിഗ്രിക്ക് സ്റ്റാറ്റിറ്റിക്‌സ്. അവിടെ ആദ്യം ഡ്രോപ്പ് ഔട്ട്. പിന്നീട് എഴുതിഎടുത്തു പബ്ലിക് ഹെല്‍ത്തില്‍ ഒരു പോസ്റ്റ്ഗ്രേഡ്വേറ്റ് ഡിപ്ലോമ. അയാള്‍ എട്ടു കൊല്ലം യു എന്നില്‍ ജോലി ചെയ്തു എന്ന് അവകാശപെടുന്നു എങ്കിലും അന്വേഷണതില്‍ മനസ്സിലായത് അയാള്‍ യൂണിസഫില്‍ പ്രൊജക്റ്റ് കാന്‍സല്‍ട്ടണ്ടായിരുന്നു. ആദ്യം ഇന്ത്യയിലും പിന്നെ കുറെ മാസങ്ങള്‍ ചാഡ് എന്ന ആഫ്രിക്കന്‍ രാജ്യത്തും.

ഐ പാക്ക് സര്‍വേ ടീം ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞു പോയി. അവിടെ പ്രധാന ടീം ലീഡേഴ്സ് ആയിരുന്ന പലരും എന്റെ ഇന്റേണ്‍സും പരിചയമുള്ളവരും. അതുകൊണ്ടു എല്ലാ സര്‍വേ പാക്കേജും ബിസിനസ് മോഡലും അറിയാം. അവരാരും അവിടെ രണ്ട് കൊല്ലത്തില്‍ കൂടുതല്‍ ജോലി ചെയ്യാനാകില്ല എന്നാണ് പറഞ്ഞത്. കാരണം അവിടെ ആകെ ഉള്ളത് പ്രശാന്ത് കിഷോര്‍ ബ്രാന്‍ഡാണ്. ബാക്കിയുള്ളത് ഡിസ്‌പോസിബിള്‍ സര്‍വേ തൊഴിലാളികള്‍. ചെയ്യുന്ന ജോലിക്ക് കാശ് വാങ്ങി പോകുക എന്നതില്‍ പ്രശാന്ത് കിഷോറിനെ വിളിച്ചവര്‍ രണ്ടാമത് വിളിക്കാത്തതിന്റെ ഒരു കാരണം അയാള്‍ അയാളുടെ അജണ്ടയും ബിസിനസും നോക്കുന്ന പൊളിറ്റിക്കല്‍ മെഴ്‌സിനറി എന്നതാണ്. അയാള്‍ക്ക് പ്രതിബദ്ധതയുള്ളത് ഒരു പാര്‍ട്ടിയോടൊല്ല. അയാള്‍ക്ക് പ്രതിബദ്ധതയുള്ളത് അയാളോട് മാത്രം. അയാള്‍ക്ക് വേണ്ടത് പണവും സ്ഥാനവും അധികാരവുമാണ്.

എന്തുകൊണ്ടു പ്രശാന്ത് കിഷോര്‍ മോഡല്‍ കോണ്‍ഗ്രസില്‍ വര്‍ക്കായില്ല? കൊണ്‌ഗ്രെസ്സ് വളരെ വൈവിദ്ധ്യമുള്ള പാര്‍ട്ടിയാണ്.കൊണ്‌ഗ്രെസ്സ് ഓരോ സംസ്ഥാനത്തും ഓരോ രീതിയിലാണ്. സംസ്ഥാനങ്ങളില്‍ ഗ്രൂപ്പ് രാഷ്ട്രീയമാണ് പ്രധാന രീതി. പ്രശാന്ത് കിഷോര്‍ ബിസിനസ് വര്‍ക്കായത് എല്ലാം സംസ്ഥാന തലത്തില്‍. അതും ഒരൊറ്റ ലീഡറിന്റ മേജര്‍ ക്യാമ്ബയ്നില്‍ ഒരു ഭാഗമായപ്പോള്‍. കോണ്‍ഗ്രെസ്സില്‍ പ്രശാന്ത് കിഷോറിനെക്കാള്‍ വമ്ബന്‍ അവനവിസ്റ്റുകള്‍ ഉണ്ട് എന്നുള്ളതാണ് അയാള്‍ നേരിടുന്ന വെല്ലുവിളി.

കൊണ്‌ഗ്രെസ്സ് 1935 മുതല്‍ 2009 വരെയുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ പ്രശാന്ത് കിഷോര്‍മാര്‍ ഇല്ലായിരുന്നു. കോണ്‍ഗ്രസില്‍ അന്നും ഇന്നും കഴിവുള്ളവര്‍ അനവധി. പക്ഷെ തിരെഞ്ഞെടുപ്പ് മാര്‍കെറ്റില്‍ ഇപ്പോള്‍ പ്രശാന്ത് കിഷോര്‍ ബ്രാന്‍ഡുകൊണ്ടു മാത്രം കൊണ്‌ഗ്രെസ്സ് മാറുമോ?2024ല്‍ കൊണ്‌ഗ്രെസ്സ് സര്‍ക്കാര്‍ ഉണ്ടാകുമോ? അയാള്‍ ഇപ്പോള്‍ പറയുന്നത് 2014 മുതല്‍ പലരും പല റിപ്പോര്‍ട്ടില്‍ ചിന്തന്‍ ബൈട്ടക്കിലും പറഞ്ഞു. കേരളത്തില്‍ തോറ്റു കഴിഞ്ഞു വിശദ റിപ്പോര്‍ട്ടുണ്ടാക്കി. പിന്നെ ഒന്നും സംഭവിച്ചില്ല എന്നിടത്താണു പ്രശ്‌നം. കൊണ്‌ഗ്രെസ്സ് എന്തുകൊണ്ടാണ് കേരളത്തില്‍ ഉള്‍പ്പെടെ പലയിടത്തും തോല്‍ക്കുന്നത്? അതു ഏറ്റവും അടുത്തും അകത്തും നിന്ന് കണ്ടും അറിഞ്ഞും പ്രവര്‍ത്തിച്ചും നേരിട്ട് അറിയാം. അത് പിന്നീട് വിശദമായി എഴുതാം.

js adoor note about prasanth kishore

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES