Latest News

ജാതിജീവിതങ്ങള്‍: ഒരു ഫേസ്‌ബുക്ക് നോവല്‍

Malayalilife
ജാതിജീവിതങ്ങള്‍: ഒരു ഫേസ്‌ബുക്ക് നോവല്‍

ലയാളിക്ക് രക്തവും മാംസവും പോലെയാണ് ജാതിയും മതവും.

ദൃശ്യവും അദൃശ്യവുമായി ഞരമ്ബുകളില്‍ പ്രവഹിക്കുന്ന, ഇനംമാറിപകരാനാവാത്ത രക്തവും അറുത്തിട്ടാല്‍ തുടിക്കുന്ന, മുറിച്ചാല്‍ മുറികൂടാത്ത മാംസവുമായി മലയാളി തന്റെ ജീവന്റെയും ജീവിതത്തിന്റെയും മൂലാധാരമെന്നോണം ജാതിമതങ്ങളെ സ്വാംശീകരിച്ചിരിക്കുന്നു. സ്വന്തം ചരിത്രത്തെ, അതിന്റെ അടിയടരോളം നീളുന്ന ജാതിമതവേരുകളിലാണ് മലയാളി നട്ടുനനച്ചുവളര്‍ത്തിയിട്ടുള്ളത്. നവോത്ഥാനവും ആധുനികതയും ദേശീയതയും ജനാധിപത്യവും ശാസ്ത്രവും മാര്‍ക്‌സിസവുമൊന്നും മലയാളിയുടെ ഉടലില്‍നിന്നോ ഉണ്മയില്‍നിന്നോ സ്വകാര്യതയില്‍നിന്നോ സമുദായത്തില്‍ നിന്നോ ഭാവനയില്‍ നിന്നോ യാഥാര്‍ഥ്യത്തില്‍ നിന്നോ ജാതിയെയും മതത്തെയും ഉച്ചാടനം ചെയ്തില്ല. ഒന്നാമതായും രണ്ടാമതായും മലയാളി ജാതിമതമനുഷ്യരാണ്. ഭാഷയും ദേശവും വര്‍ഗവും രാഷ്ട്രീയവുമൊക്കെ പിന്നീടേ വരൂ.

നവോത്ഥാന, കൊളോണിയല്‍ ആധുനികതയുടെ ചരിത്രപാഠവും സാംസ്‌കാരികരൂപകവുമായി ഉരുവംകൊണ്ട നോവല്‍ മറ്റെന്തിലുമുപരി മലയാളിയുടെ ജാതിമതസ്വത്വങ്ങളുടെ രാഷ്ട്രീയ ജീവചരിത്രമാണ് ഇക്കഴിഞ്ഞ നൂറ്റിഅറുപതിലധികം വര്‍ഷങ്ങളിലും രചിച്ചുകൊണ്ടേയിരിക്കുന്നത്. 1855ലെ അടിമവിളംബരത്തിന്റെ പ്രൊട്ടസ്റ്റന്റ് ഹ്യൂമനിസ്റ്റ് വ്യാഖ്യാനമായി 1859ല്‍ എഴുതപ്പെട്ട മിസിസ് കൊളിന്‍സിന്റെ 'Slayer Slain' മുതല്‍ ജാത്യടിമത്തത്തിലും ജാതിവെറിയിലും വേരുറച്ചുവളര്‍ന്ന മലയാളിയുടെ സമകാല ചരിത്രജീവിതത്തിന്റെ നോവല്‍പാഠമായി രചിക്കപ്പെട്ടിരിക്കുന്ന അശ്വനി എ പിയുടെ 'നിത്യകല്യാണി' വരെയുള്ളവ തെളിയിക്കുന്നതും മറ്റൊന്നല്ല.

പ്രത്യക്ഷവും പരോക്ഷവും പ്രച്ഛന്നവും പ്രതീകാത്മകവുമായി മലയാളിയുടെ ചരിത്രത്തിലും സാമൂഹിക-കുടുംബജീവിതങ്ങളിലും ബൗദ്ധിക-വൈകാരിക സ്വരൂപങ്ങളിലും ശരീര-കാമനാസ്വത്വങ്ങളിലും രക്തചംക്രമണം പോലെ മൂര്‍ത്തമായി നിലനില്‍ക്കുന്ന ജാതിയുടെ തൂത്താലും തൂത്താലും പോകാത്ത ഉളുമ്ബിന്റെ കഥയാണ് അശ്വനിയുടെ നോവല്‍. ശ്രേണീപരമായി ജാതിവ്യവസ്ഥയുടെ മേല്‍പ്പടികളില്‍ നില്‍ക്കുന്നവര്‍ക്ക് ജാതി, അഭിമാനത്തിന്റെ തുള്ളിയാടുന്ന പുള്ളിവാലാണെങ്കില്‍ താഴ്പടികളില്‍ നില്‍ക്കുന്നവര്‍ക്ക് പൊള്ളിനീറുന്ന പുളിവാറലാണ്. 'ജാതിവേണ്ട' എന്ന മുദ്രാവാക്യം ഒരൊറ്റനൂറ്റാണ്ടുകൊണ്ട് തലകീഴ്മറിഞ്ഞ് കീഴാളരുടെ നാവില്‍നിന്ന് മേലാളരുടെ നാവിലെത്തിയതാണ് കേരളീയ/ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ഏറ്റവും പ്രകടവും പ്രതിലോമപരവുമായ ചരിത്രവിപര്യയം. കോളനിയാധുനികതയില്‍ അത് അടിമജാതികളുടെ രക്തവിലാപവും ചൂടുകണ്ണീരുമായിരുന്നെങ്കില്‍ ആധുനികാനന്തരതയില്‍ അത് സംവരണവിരുദ്ധ സവര്‍ണതയുടെ രാസസൂത്രവാക്യങ്ങളില്‍ പ്രമുഖമായി മാറിയിരിക്കുന്നു. ജാതിവെറിയുടെ നാനാര്‍ഥങ്ങള്‍, ആദിവാസിവിരുദ്ധ ഭൂനിയമങ്ങളും ദളിത് രാഷ്ട്രീയത്തിന്റെ പ്രാതിനിധ്യരാഹിത്യങ്ങളും ഭരണഘടനാതാല്പര്യങ്ങള്‍ക്കു വിപരീതമായുള്ള സാമൂഹികതത്വങ്ങളും സംഘടിതമായ തമസ്‌കരണങ്ങളും സാംസ്‌കാരികമായ വേട്ടയാടലുകളും വംശഹത്യകളും സാമൂഹ്യാനാചാരങ്ങളും വര്‍ണവിവേചനവും ജാതിമതിലുകളും ദുരഭിമാനക്കൊലകളും സംവരണവിരുദ്ധതയും മറ്റും മറ്റുമായി അനുദിനം പെറ്റുപെരുകുന്ന ഇന്ത്യന്‍/കേരളീയ ജീവിതത്തിന്റെ ക്രൂരപരിച്ഛേദങ്ങള്‍ മാധ്യമവാര്‍ത്തകളിലും സാഹിത്യകൃതികളിലും ഡോക്യുമെന്ററികളിലും ചലച്ചിത്രപാഠങ്ങളിലും സാമൂഹ്യസംവാദങ്ങളിലും ദലിത്‌രാഷ്ട്രീയമണ്ഡലത്തിലും സൃഷ്ടിക്കുന്ന വിമര്‍ശനാത്മക വ്യവഹാരങ്ങളുടെ ശൃംഖലയിലാണ് 'നിത്യകല്യാണി'യുടെ നിലപാടുതറ രൂപംകൊള്ളുന്നത്.

ഫേസ്‌ബുക്കില്‍ കണ്ടുമുട്ടി ചാറ്റ്‌ബോക്‌സില്‍ പരിചയം ദൃഢമാക്കി ജാതിവേണ്ടാ മുദ്രാവാക്യത്തില്‍ പിടിച്ചഭിനയിച്ച്‌ പ്രണയികളായി വിവാഹത്തിന്റെ പടിവാതിലില്‍ വരെയെത്തി ജാതിബോധം തിരികെവന്നപ്പോള്‍ രക്തശുദ്ധിവാദമുയര്‍ത്തി പിരിഞ്ഞകലുന്ന നിത്യകല്യാണിയുടെയും അഭിജിത് രാഘവന്റെയും കഥയാണ് നോവല്‍. ഏകപക്ഷീയമായ ജാതിവെറിയുടെ കഥയായല്ല നിത്യകല്യാണി അനുഭവപ്പെടുക. ആന്തരവും ബാഹ്യവുമായ ജാതിബോധങ്ങളുടെ പുളിച്ചുതികട്ടലായി പുറത്തുവരുന്ന കാമനകളുടെ കളിയാട്ടമാണ് നോവല്‍ നിറയെ.

നായര്‍മുക്ക് എന്ന ചെറുഗ്രാമത്തിന്റെ പ്രാന്തത്തിലുള്ള പൊത്തക്കാട് എന്ന ദലിത് കോളനിയില്‍ ജനിച്ചുവളരുന്ന നിത്യ, അച്ഛന്‍ ചങ്കരന്റെ പേരിനു പകരം അമ്മ കല്യാണിയുടെ പേര് തന്റെ പേരിനൊപ്പം ചേര്‍ക്കുന്നതോടെയാണ് കഥയുടെ വര്‍ത്തമാനകാലത്തിനു തുടക്കമാകുന്നത്. ഫേസ്‌ബുക്കില്‍ നിത്യകല്യാണിയെന്ന പേരില്‍ അവള്‍ ഇടുന്ന പോസ്റ്റുകളും അഭിപ്രായങ്ങളും പങ്കെടുക്കുന്ന ചര്‍ച്ചകളും നേടിയ സൗഹൃദങ്ങളും അവളുടെ ജാതിസ്വത്വത്തിന്റെ വെളിപാടുകളായി മാറി.

തിരുവനന്തപുരത്തെ ഒരു നായര്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് തൊഴില്‍തേടി വിദേശത്തുപോയ അഭിജിത്, നിത്യകല്യാണിയുമായി ഫേസ്‌ബുക്കില്‍ ചങ്ങാത്തം സ്ഥാപിക്കുകയും ദീര്‍ഘമായ ചാറ്റുകളിലൂടെ അവളുന്നയിക്കുന്ന ജാതിവിമര്‍ശനങ്ങളില്‍ അവളെക്കാള്‍ ആവേശത്തോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അതുവഴി അവളുടെ വിശ്വാസം പിടിച്ചുപറ്റുകയും ചെയ്യുന്നു. തന്റെ പേരിന്റെ കൂടെയുള്ള രാഘവന്‍ ആരാണെന്ന് തന്നെ അയാള്‍ക്കറിയില്ല. തുടര്‍ന്ന് നാലുവഴിയില്‍ നോവലിന്റെ ആഖ്യാനം ഒരേസമയം ലംബവും തിരശ്ചീനവുമായി മുന്നോട്ടുപോകുന്നു.

സാന്ദര്‍ഭികമായ ചാറ്റ്‌ബോക്‌സ് ഭാഷണങ്ങളിലൂടെ തങ്ങളുടെ ബന്ധം ദൃഢമാക്കുന്ന നിത്യയുടെയും അഭിജിത്തിന്റെയും സാന്നിധ്യമാണ് ഒന്ന്. അവയാകട്ടെ മിക്കതും ജാതിവെറിയെയും ജാത്യഭിമാനത്തിന്റെ മിഥ്യയെയും കുറിച്ചു നടക്കുന്ന സമീപകാല കേരളീയ രാഷ്ട്രീയ സംവാദങ്ങളുടെ ചുവടുപിടിച്ചുണ്ടാകുന്നവയുമാണ്.

നിത്യയുടെ ബാല്യം തൊട്ടുള്ള പൊത്തക്കാട്ട് ജീവിതവും ജാത്യനുഭവങ്ങളുടെ കൊടും കയ്പും നായര്‍മുക്കിന്റെ ജാതിയിലടിയുറച്ച നാട്ടറിവുകളും ജനസംസ്‌കൃതിയും സ്വതന്ത്രബുദ്ധി പ്രകടിപ്പിക്കുന്ന ഒരു ദലിത് യുവതി നേരിടുന്ന സാമൂഹ്യനായാട്ടുകളും പ്രണയാനുഭവങ്ങളില്‍പോലും അവള്‍ക്കുണ്ടാകുന്ന ജാതിഹിംസകളും കൊടിയ വഞ്ചനകളും അതിജീവനത്തിന്റെ സാഹസങ്ങളും ദാരിദ്ര്യത്തിന്റെ നഖങ്ങളും ഉപരിപഠനത്തിന്റെ സമരങ്ങളും മറ്റും ആവിഷ്‌കൃതമാകുന്നതാണ് രണ്ടാംവഴി. ദലിത് ഫെമിനിസത്തിന്റെ രാഷ്ട്രീയ ഭാവബദ്ധത ഈവിധം തീക്ഷ്ണമായവതരിപ്പിക്കപ്പെടുന്ന നോവലുകള്‍ മലയാളത്തില്‍ വിരളമാണ്-കഥകള്‍ ഏറെയുണ്ടെങ്കിലും.

അഞ്ചോ ആറോ തലമുറ മുന്‍പുതൊട്ടുള്ള അഭിജിത്തിന്റെ കുടുംബകഥ, നായര്‍മാടമ്ബിത്തത്തിന്റെയും അച്ചീചരിതങ്ങളുടെയും ശൂദ്രമേധാവിത്തത്തിന്റെയും അനന്തപുരിമാഹാത്മ്യങ്ങളായി രചിക്കപ്പെടുന്നതാണ് മൂന്നാം വഴി. തിരുവിതാംകൂര്‍നായരുടെ ജാതിഹുങ്കിന്റെ കുടുംബപുരാണം.

പ്രണയാനന്തരം നിത്യയും അഭിജിത്തും തമ്മിലുണ്ടാകുന്ന കൂടിച്ചേരല്‍ നാടും വീടും വിട്ടപ്പോഴും ജാതിവൈരുധ്യത്തിന്റെയും കുടുംബാധികാരത്തിന്റെയും മുള്‍വേലികളില്‍ കുരുങ്ങി മുറിവേറ്റ് തകരുന്നതാണ് നാലാംവഴി. ജാതിയില്‍ തുടങ്ങി ജാതിയില്‍ തന്നെ അവസാനിക്കുന്ന സാമൂഹ്യവിപ്ലവങ്ങളുടെ നിരര്‍ഥകതയാണ് ആത്യന്തികമായി നിത്യകല്യാണി മുന്നോട്ടുവയ്ക്കുന്ന വിമര്‍ശനരാഷ്ട്രീയം.

മലയാളിയുടെ ഫേസ്‌ബുക്ക് ചാറ്റുകളുടെ പതിവുഘടനയില്‍ നിത്യയും അഭിജിത്തും തമ്മിലുടലെടുക്കന്ന ജാതിജീവിതത്തിന്റെ ചൂടും ചൂരും നിറഞ്ഞ തര്‍ക്കവിതര്‍ക്കങ്ങളും ഉടലഴകിന്റെ പ്രലോഭനങ്ങില്‍ നിന്നു രൂപം കൊള്ളുന്ന കാമനകളുടെ കയറ്റിറക്കങ്ങളും ഇരയും വേട്ടക്കാരുമായി പരസ്പരം മാറിവരുന്ന വേഷങ്ങളുമാണ് നിത്യകല്യാണിയുടെ ആഖ്യാനത്തിന്റെ അച്ചുതണ്ട്. ഫേസ്‌ബുക്കില്‍ തുടങ്ങി ഫേസ്‌ബുക്കില്‍ തന്നെ അവസാനിക്കുന്ന വിനിമയങ്ങളുടെയും മാനുഷികബന്ധങ്ങളുടെയും പ്രതലമാണ് നോവലിന്റെ രൂപഘടന നിശ്ചയിക്കുന്നത്. 'പരസ്പരം ഇരകളായവരുടെ മുഖം മറഞ്ഞ പുസ്തകം' എന്ന് ഫേസ്‌ബുക്കിനെ നിര്‍വചിച്ചുകൊണ്ട് നിത്യകല്യാണി മുന്നോട്ടുവയ്ക്കുന്ന ജീവിതരാഷ്ട്രീയം ഒരര്‍ഥത്തില്‍ ആണ്‍പെണ്‍ ആസക്തികളെ ഒരേപോലെ തിരിച്ചറിയുന്ന സൂക്ഷ്മമായ സാമൂഹ്യയാഥാര്‍ഥ്യവും മറ്റൊരര്‍ഥത്തില്‍ ജാത്യടിമത്തത്തിന്റെ കീഴാളയുക്തികളെ ജാതിഹുങ്കിന്റെ മേലാളയുക്തികളുമായി സമീകരിക്കുന്ന അതിയാഥാര്‍ഥ്യവുമാണ്. പേരില്‍ ജാതിവാല്‍ കൂട്ടിച്ചേര്‍ത്തര്‍മ്മാദിക്കുന്ന സവര്‍ണമലയാളിയുടെ കൊടിയടയാളം മുതല്‍ ജനിതകപരമോ സാമൂഹികമോ ആയി യാതൊരുറപ്പുമില്ലാത്ത തന്തവാല്‍ കൂട്ടിച്ചേര്‍ത്തു പേരുണ്ടാക്കുന്ന പൊതുമലയാളിയുടെ ആണഹന്തവരെയുള്ളവയെ ഒറ്റയടിക്കു മുനയൊടിച്ചുവിടുകയാണ് നിത്യയും അഭിജിത്തും ചെയ്യുന്നതെങ്കിലും തങ്ങളുടെ മുദ്രാവാക്യങ്ങള്‍ക്കൊത്തു ജീവിതം ചിട്ടപ്പെടുത്താനാവാതെ, അസ്തിത്വത്തിന്റെ ധര്‍മ്മസങ്കടങ്ങളില്‍ വീണ് പരസ്പരം ഉടലും ഉണ്മയും പൊള്ളി നീറിപിന്മടങ്ങുകയാണ് അവര്‍. ജാതിയെ നാനാതരം അധികാരങ്ങളുടെ ആവാസസ്ഥാനമായി തിരിച്ചറിയുന്നുണ്ട് അവരെങ്കിലും ആത്യന്തികമായി അതിന്റെ തോടുപൊട്ടിച്ച്‌ പുറത്തുകടക്കാന്‍ കഴിയുന്നില്ല ഇരുവര്‍ക്കും. അഥവാ തോടുപൊട്ടിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ടെന്ന് വായനക്കാര്‍ക്കു തോന്നുന്നുണ്ടെങ്കില്‍തന്നെ ആ തോട് വീണ്ടും വന്ന് മുറികൂടി അവരുടെ ജീവിതങ്ങളെ മൂടിക്കളയുന്നുവെന്നാണ് മലയാളിയുടെ സാമൂഹ്യചരിത്രമെന്നപോലെതന്നെ നോവലിന്റെ ആഖ്യാനകലയും വെളിപ്പെടുത്തുന്നത്.

നിത്യയുടെ ജാതിജീവിതം തെക്കന്‍ നിരുവിതാംകൂറിലെ കുടിയേറ്റഗ്രാമമായ നായരുമുക്കിന്റെ സാമൂഹ്യചരിത്രത്തിലാണ്ടുകിടക്കുകയാണ്. നാണുനായരുടെ ചായക്കടയും നടേശന്‍ ചാന്നാരുടെ ചായക്കടയും കേന്ദ്രീകരിച്ച്‌ ഗ്രാമത്തില്‍ നായര്‍-ചാന്നാര്‍ സംഘര്‍ഷങ്ങള്‍ രൂപം കൊള്ളുന്നതിന്റെയും അതിനിടയില്‍ സംഭവിക്കുന്ന നാടിന്റെ മലക്കംമറിച്ചിലുകളില്‍ പുലയരുടെയും മറ്റധഃസ്ഥിതരുടെയും സാമൂഹികനിലകള്‍ കുഴമറിയുന്നതിന്റെയും കഥയായി അത് വളരുന്നു. നാണുനായരുടെ പുളിച്ച തെറിനാക്കും മുറിവേറ്റ കാമവും അടിയേറ്റ ജാതിപ്പത്തിയും ഒരുവശത്ത്. നടേശന്‍ തിരുവനന്തപുരത്ത് ജീവിച്ചപ്പോഴനുഭവിച്ച ജാതിവിവേചനത്തിന്റെ കനല്‍പ്പാടുകള്‍ മറുവശത്ത്. ചങ്കരനും പാക്കരനും ഉള്‍പ്പെടെയുള്ള പുലയപുരുഷന്മാര്‍ കഥയിലും ചരിത്രത്തിലുമുണ്ടെങ്കിലും കല്യാണിയെപ്പോലുള്ള ദലിത് സ്ത്രീകളാണ് നിത്യയുടെ ജീവിതബോധ്യങ്ങളെ രാഷ്ട്രീയശരിയുടെ ഒറ്റയടിപ്പാതയില്‍ കൈപിടിച്ചു നടത്തുന്നത്. നാരായണഗുരുവും അയ്യങ്കാളിയും അംബേദ്കറും വി.ടി. ഭട്ടതിരിപ്പാടുമൊക്കെ നടേശന്റെ ചായക്കടയിലിരുന്ന് നായര്‍മാടമ്ബിത്തം മുതല്‍ നമ്ബൂരികമ്യൂണിസം വരെയുള്ളവയെ വെല്ലുവിളിച്ചു. ഗാന്ധിയും മന്നവും നാണുനായരുടെ ചായക്കടയില്‍ അടുത്തടുത്തിരിപ്പായി. വര്‍ഗസമരവാദികള്‍, ആരും കണ്ടിട്ടില്ലാത്ത ഒരു താടിക്കാരന്റെ ചിത്രം പ്രതിഷ്ഠിച്ച്‌ നായരുമുക്കിനെ മാര്‍ക്‌സ് മുക്ക് എന്ന് പുനര്‍നാമകരണം ചെയ്തു.

മേടയില്‍ ഉണ്ണിയെ നിത്യകല്യാണി തല്ലിയതോടെ ഗ്രാമത്തില്‍ ജാതിവെറിയുടെ തിരയിളക്കങ്ങള്‍ മാനംമുട്ടെ ഉയര്‍ന്നു. പൊത്തക്കാടിന്റെ സാമൂഹ്യനരവംശശാസ്ത്രവും സാംസ്‌കാരിക ഭൂമിശാസ്ത്രവും മറനീക്കുന്ന കഥകളിലൂടെ ദലിതരുടെ ജീവിതസമരങ്ങളുടെ ചരിതമെഴുതുന്നു, തുടര്‍ന്നങ്ങോട്ട് നോവല്‍. യാഥാര്‍ഥ്യങ്ങളും ഫാന്റസിയും ഭൂതവും വര്‍ത്തമാനവും തെറിയും മര്‍ദ്ദനവും അരുംകൊലയും പ്രേതങ്ങളും രാപകല്‍ നടക്കാനിറങ്ങിയ പൊത്തക്കാടിന്റെ കഥകള്‍. അടിമുടി സങ്കടം തെഴുത്തുനില്‍ക്കുന്ന ഒറ്റമനുഷ്യരുടെ നഗ്നജീവിതങ്ങള്‍. ഇത്തരം കഥകളിലൂടെയാണ് നിത്യയുടെ ലോകം ദലിത് കേരളത്തിന്റെ സ്‌ത്രൈണപരിച്ഛേദമായി രൂപംകൊള്ളുന്നത്. ഗ്രാമത്തിനു പുറത്തുള്ള അവളുടെ ജീവിതമാകട്ടെ, പില്‍ക്കാല ദലിത്-സ്ത്രീരാഷ്ട്രീയ ബോധപരിണാമങ്ങളുടെ പാഠപുസ്തകംപോലെ ആവിഷ്‌കൃതമാകുകയും ചെയ്യുന്നു. ഈ ഭാഗത്തെ നിരവധി കഥകളില്‍ ഏറ്റവും ശ്രദ്ധേയമായ സ്ത്രീജീവിതങ്ങളിലൊന്നായി എഴുതപ്പെട്ടിരിക്കുന്ന വെള്ളാമ്മയുടെ കഥ കേള്‍ക്കൂ:

''പൊത്തക്കാട്ടീന്നു നായര് മുക്കിലേക്കുള്ള വളവിലാണ് തണ്ടാന്‍ പാക്കരന്‍ മാമന്റെ ഏറ്റവും ഇളയ പെങ്ങള്‍ മോളി ചേച്ചിയും കുടുംബവും പാര്‍ക്കുന്നത്. അവിടെവരെ കറണ്ടുണ്ട്. അവരുടെ വീട്ടിലാണ് ഞങ്ങള്‍ ടി.വി. കാണാന്‍ പോകുന്നത്. ദൂരദര്‍ശനില്‍ ഞായറാഴ്ചകളില്‍ സിനിമയുണ്ട്. പൊത്തക്കാട് ഒന്നടങ്കം നേരത്തേ കുളിച്ചു നനച്ച്‌ നാലുമണിക്ക് മുമ്ബേ സിനിമ കാണാന്‍ ഇടം പിടിക്കും. മോളി ചേച്ചി ടി.വി.യുടെ മേശ ഇറയത്തേക്ക് ഇറക്കി വയ്ക്കും. വരാന്തയിലും മുറ്റത്തും കയ്യാലപ്പുറത്തുമിരുന്നാണ് ഞങ്ങള്‍ ടി.വി. കാണുന്നത്.

ടി.വി. കാണാന്‍ ആദ്യം എത്തുന്നത് വെള്ളാമ്മയാണ്. അവരെ തോല്‍പ്പിക്കാനാണ് ഞങ്ങള്‍ കുട്ടികളുടെയെല്ലാം ഓട്ടം. സത്യത്തില്‍ അവരെ ഞങ്ങള്‍ക്കിഷ്ടമല്ല. കൈയിലും കഴുത്തിലും നിറയെ വളയും കാലില്‍ കിലുങ്ങുന്ന കൊലുസും തലമുടി പിന്നിക്കെട്ടി അതില്‍ നിറയെ പൂവും മുഖത്ത് കുട്ടിക്കൂറ പൗഡറും വാരിപ്പൂശി മേടയില്‍ അമ്മച്ചിയാണെന്നും പറഞ്ഞാണ് നടത്തം. ടി.വി.ക്ക് മുന്നില്‍ ആദ്യത്തെ സീറ്റ് അവരുറപ്പിക്കും.

ഞങ്ങള്‍ കുട്ടികള്‍ ആദ്യം വന്നിരുന്നാല്‍ നുഴഞ്ഞു നുഴഞ്ഞ് ഞങ്ങളുടെയിടയില്‍ കയറും. നീങ്ങിക്കൊടുത്തില്ലേല്‍ തുടയിലും ചന്തിക്കും നുള്ളും. രാമായണം സീരിയല്‍ കണ്ടാല്‍ ഉടനവര് സീതയായി മാറും. പിന്നെ കുറേനേരം സീരിയലില്‍ കണ്ട് പെണ്ണുങ്ങളെപ്പോലെ സംസാരിക്കും. മേനകയെ കണ്ടാല്‍പ്പിന്നെ അവര് അതായി മാറും.

ഇടക്കിടയ്ക്ക് ''കുട്ട്യേ, അങ്ങ്ട് നീങ്ങി ഇരുന്നോളൂട്ടോ'' എന്നൊക്കെ പറയുമ്ബോ ഞങ്ങളെല്ലാം കൂട്ടത്തോടെ ചിരിക്കും.

''എന്തോന്ന് ഭാഷ ഇതമ്മച്ചീ'', കൊച്ചുണ്ണി തലതല്ലി ചിരിച്ചോണ്ട് ചോദിക്കും.

അതു കേള്‍ക്കുമ്ബോള്‍ വെള്ളാമ്മക്ക് കലി വരും.

''ചെലക്കാണ്ടിരുന്ന് സില്മ കാണടീ കൊച്ചറുവാണി''ന്ന് പറഞ്ഞു കൊണ്ട് അവര് വെള്ളാമ്മയിലേക്ക് പരകായ പ്രവേശം ചെയ്യും. നാണുനായര് കഴിഞ്ഞാ ആ നാട്ടില്‍ ഏറ്റവും കൂടുതല്‍ തെറിയറിയാവുന്നത്. വെള്ളാമ്മയ്ക്കാണ്.

അവരില്‍നിന്ന് ഇരുന്നൂറിലധികം പദങ്ങള്‍ ഞങ്ങള്‍ തന്നെ കളക്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരും തെറി പറയുമെങ്കിലും അതൊക്കെ മായിലും കായിലും പൂവിലും അവസാനിക്കും.

ഒരിക്കെ സ്‌കൂള് വിട്ടു വരുമ്ബോ നാണുനായരും വെള്ളാമ്മയും കൂടി കവലയില്‍ നിന്ന് പൂര തെറി. കൊല്ലത്തില്‍ ഒന്നോ രണ്ടോ തവണ ആ കലാപരിപാടി നടക്കുന്നതാണ്. ഇച്ചിരി പഴയ കഥയാണ്.

വെള്ളാമ്മയുടെ മധുരപ്പതിനാറിലേക്ക് കടന്നു ചെല്ലണം.

അന്നൊരു സന്ധ്യ കഴിഞ്ഞനേരം ഇരുട്ടിന്റെ അതിരു പിടിച്ചു നാണുനായര് കപ്പക്കൊലയും പച്ചരിയുമായി വെള്ളാമ്മയുടെ കുടിയിലേക്ക് കയറിച്ചെന്നത്,

വെള്ളാമ്മയ്ക്ക് തള്ളയില്ല. തന്ത ആരെന്നു അറിയുകേമില്ല. ഒരിക്കെ മേടയില്‍ വീട്ടിലെ കാര്‍ന്നോത്തി പേറ്റുകാലത്ത് പുറംപണിക്ക് കൈയാളായി കൊണ്ടുപോയതാണ് വെള്ളാമ്മയുടെ തള്ളയെ. പത്തു മാസം കഴിഞ്ഞ് വീര്‍ത്ത വയറുമായി അവര്‍ മാത്രം ചുരം കയറി വന്നു. അന്ന് വെള്ളാമ്മ തള്ളയുടെ വയറ്റില്‍നിന്ന് തെറിച്ചു വീഴാന്‍ വെമ്ബല്‍ കൂട്ടി കിടന്നു. പള്ളയില്‍ ഒതുക്കിപ്പിടിച്ച പൈസ കൊണ്ട് തള്ളയൊരു പെര കെട്ടി. എട്ടാം മാസം വെള്ളാമ്മയെ പെറ്റിട്ട് മൂന്നാം നാള്‍ തള്ള രക്തം വാര്‍ന്നു ചത്തു. മാസം തൊടാതെ പെറ്റതു കൊണ്ടും അമ്മിഞ്ഞ കുടിച്ചിട്ടില്ലാത്തതുകൊണ്ടുമാണ് വെള്ളാമ്മയ്ക്ക് മുടി നരയ്ക്കാത്തതും പൊക്കം വയ്ക്കാത്തതുമെന്ന് ഞങ്ങളൊക്കെ വിശ്വസിച്ചു.

വയസ്സറിയിച്ച കാലത്ത് വെള്ളാമ്മ സുമലതയെ പോലെ സുന്ദരിയായിരുന്നത്രേ. ആരുകണ്ടാലും ഒന്ന് നോക്കിപ്പോകുമെന്ന് ചക്കിയമ്മാമ്മ എപ്പോഴും പറയും.

തക്കം പാര്‍ത്തുചെന്ന നാണുനായര് അടക്കിപ്പിടിച്ച്‌ ഒച്ചയില്‍ വെള്ളാമ്മയെ വിളിച്ചു.

ചട്ടിക്കകത്ത് ചോറും കിഴങ്ങും ഇച്ചിരി കഞ്ഞോളം കൂട്ടിക്കൊഴച്ചു തിന്നുകൊണ്ടിരുന്ന വെള്ളാമ്മ ചോറ് തിന്നോണ്ട് തന്നെ എഴുന്നേറ്റുവന്നു.

''ആരത്?''

''ഇങ്ങോട്ട് ഇറങ്ങിവാ വെള്ളാമ്മേ, ഇറങ്ങി വന്നു കാണീ ഇതെന്തോന്നാ കൊണ്ട് വന്നേന്ന്''. നാണുനായര് ഒരു വളിച്ച വഷളന്‍ ചിരിയോടെ മറുപടി പറഞ്ഞു.

''ആ... നായരണ്ണനാ. എന്തോന്ന് ഈ സന്ധ്യ തിരിഞ്ഞ നേരത്ത്?''

വെള്ളാമ്മ ചോദ്യം അവസാനിപ്പിക്കും മുമ്ബുതന്നെ. നായര് കപ്പക്കൊല പെരക്കകത്തോട്ട് വെച്ച്‌.

വെള്ളാമ്മ ഒന്നും തിരിയാതെ നിന്നു.

നായര് തിട്ടപ്പുറത്തിരുന്നു വെള്ളാമ്മയുടെ ഉള്ളം കാലു തൊട്ടു ഉച്ചി വരെ ഉഴിഞ്ഞു.

വെള്ളാമ്മ ഇതെന്തോന്നെന്നറിയാതെ നെറ്റി ചുളിച്ചോണ്ട് നായര തുറിച്ചു നോക്കിക്കൊണ്ട് കൊഴച്ച ചോറിന്റെ ഒരുള കൂടി വായിലാക്കി.

നായര് പകുതി മൂട് ഉയര്‍ത്തിക്കൊണ്ട് വെള്ളാമ്മയോട് പറഞ്ഞു.

''ഞാ.. ഞാനൊന്നു പിടിച്ചോട്ടാ.... നമ്മളല്ലാതെ ആരും അറിയില്ല''

''എവിടെ പിടിക്കണ കാര്യമാ നായരേ?'' വെള്ളാമ്മക്ക് ഏത ഉണ്ടാക്കെ തിരിഞ്ഞു തുടങ്ങി.

''ഓ. ഒന്നും അറിയാത്ത പോലെ, മാമ്ബഴം പോലെ തുടുത്തു നിക്കുവല്ലേ നെഞ്ഞത്ത്. ആരാ ഒന്ന് നോക്കി പോകാത്തേ'' ആ വഷളന്‍ ചിരി ഉടലാകെ പടര്‍ത്തിക്കൊണ്ട് നായരൊന്നു കിണുങ്ങി.

വെള്ളാമ്മ നായരെ അടിമുടിയൊന്നു നോക്കി. മുന്നിലെ കഷണ്ടിയില്‍ നരച്ചു നില്‍ക്കുന്ന രണ്ട് മുടിയും വിറയ്ക്കുന്ന അയാളുടെ ഉടലും കണ്ടപ്പോള്‍ അവര്‍ക്ക് ചിരി വന്നു.

അവരാ നായരുടെ അടുത്തേക്ക് നീങ്ങി. കൈയിലിരുന്ന ചട്ടിയും ചോറും കഷണ്ടിയിലേക്ക് കമഴ്‌ത്തി.

വറ്റില്‍ നിന്ന് കഞ്ഞിവെള്ളവും മീന്‍ കറിയും നായരുടെ കണ്ണിലൂടെ ഒഴുകി.

''മാറടി കൂത്തിച്ചീ...'' അയാള്‍ അവരെ പിടിച്ചു തള്ളിയിട്ട് ഇറങ്ങി ഓടി. ഓടുന്നതിനിടയില്‍ നായര് അവിടിവിടെയായി വീണു. നെറ്റിപൊട്ടുകയും കാലു ചെറുമ്ബുകയും ചെയ്തു. ചൂട്ടും കത്തിച്ച്‌ പൊത്തക്കാട് ഇറങ്ങിയവരെല്ലാം നായരുടെ ഓട്ടം കണ്ടു. ഓട്ടം കണ്ടവര്‍ക്കെല്ലാം വെള്ളാമ്മ കപ്പക്കൊലയുടെ പടലയറുത്തുകൊടുത്തു.

ആ സംഭവത്തിന് ശേഷം നായര് നാട്ടിലാകെ ഒന്ന് നാറിയെങ്കിലും അയാളുടെ ചായക്കട ആ നാറ്റത്തില്‍നിന്ന് അയാളെ രക്ഷിക്കാന്‍ പല അടവും പയറ്റി. വെള്ളാമ്മയെ കണ്ടു മോഹിച്ച ചില വിരുതന്മാര് നായരുടെ കടയില്‍ കയറിക്കൂടി.

''ആ കൂത്തിച്ചിമോള് എന്നെ പലവട്ടം മാറും പൂറും കാട്ടി വിളിച്ചിട്ടാണ് ഞാന്‍ പോയത്. തള്ള ഏതാ മൊതലെന്നു നമ്മക്ക് അറിയാല്ലോ ആണൊരുത്തനല്ലേ ഞാന്‍!''

അയാള്‍ തന്റെ ആണത്തത്തിനു മേലെ ഒന്ന് തടവി. അതുവരെ അല്‍പം ഒച്ച താഴ്‌ത്തിപ്പറഞ്ഞ നാണുനായര്‍ ഇച്ചിരി ഉറക്കെ അങ്ങ് പ്രഖ്യാപിച്ചു:

''അവിടെ ചെന്നപ്പഴല്ലേ ഓള് ആണും പെണ്ണും കെട്ടതാന്ന് തിരിഞ്ഞത്''.

അതോടെ വെള്ളാമ്മയുടെ മങ്ങലയോഗം മുടങ്ങി. നാണുനായരുടെ തലയും കാലും വെള്ളാമ്മ തല്ലിയൊടിച്ചതാണെന്ന കഥയും നാട്ടില്‍ പാട്ടായി. പിന്നീട് ഒരുത്തനും വെള്ളാമ്മയുടെ കുടി തേടി പൊത്തക്കാട്ടിലേക്ക് ഇറങ്ങിപ്പോയിട്ടില്ല. കൊല്ലം പത്തുനാല്‍പ്പത്തഞ്ച് കടന്നെങ്കിലും വെള്ളാമ്മ ഇപ്പോഴും ആ മധുര പതിനാറിലാണ്.

ചോവ്വത്തിയുടെ കൂടീന്ന് പറങ്ങേണ്ടിയിട്ട് വാറ്റിയ ചാരായം കുടിച്ചാല്‍പ്പിന്നെ വെള്ളാമ്മ നേരെ കവലയിലേക്ക് പോകും. നായരുടെ പീടികയ്ക്കടുത്തെ കയ്യാല ചാരിനിന്ന് പൂരത്തെറി വിളിക്കും.

''പന്ന കുണ്ണ മോനെ. നിന്റെ ചുണ്ങ്ങു സാമാനം വെട്ടി ഞാന്‍ പട്ടിക്കിട്ടു കൊടുക്കും''.

ഇത് കേള്‍ക്കുമ്ബോള്‍ നായരുടെ പെരുവിരല്‍ ഇരച്ചു കയറും. അയാള് തോര്‍ത്തുമുണ്ട് അരയിലേക്ക് മുറുക്കി മുറ്റത്തേക്ക് ഇറങ്ങും.

''കൂത്തിച്ചി മോളേ അറവാണിച്ച്‌ നടന്ന നിന്റെ തള്ളേ പോയി വിളിയടീ...''

''എടാ പട്ടി നായരേ, നിന്റെ കുണ്ണ പൊങ്ങുന്നില്ലെങ്കില്‍ പോയി മുഴുവനെ മുരുക്കില്‍ കേടാ. തീരും നിന്റെ കടി''.

തെറിയുടെ പൂരമാണ് പിന്നെ. സ്‌കൂള്‍ വിട്ടു വരുമ്ബോള്‍ ഞങ്ങളൊക്കെ ആദ്യം ചെവിപൊത്തി നടക്കുന്നതായി അഭിനയിക്കുമായിരുന്നു. ഓരോ തെറിയും ഉള്ളിലേക്ക് എടുത്തുവച്ചു അതിന്റെ അര്‍ത്ഥത്തെ കീറി മുറിച്ചു പരിശോധിക്കുകയായിരുന്നു അന്നത്തെ ഏറ്റവും രഹസ്യമായ ഹോബികളിലൊന്ന്. വെള്ളാമ്മയുടെ തെറിയില്‍ ഒരിക്കലും പെണ്ണുങ്ങളുടെ ശരീര ഭാഗങ്ങള്‍ കടന്നു വന്നിട്ടില്ല. വെള്ളാമ്മയുടെ തെറിക്ക് ഒരു പെണ്‍പക്ഷമുണ്ടായിരുന്നു എന്ന് മുതിര്‍ന്നിപ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട്. ആണുങ്ങള്‍ക്ക് കേട്ടാല്‍ പൊള്ളുന്ന വാക്കുകള്‍, പെണ്ണുങ്ങളെ കൂട്ടിയോജിപ്പിക്കാതെ പറയാനുള്ള ഒരു രാഷ്ട്രീയ ശരി എപ്പോഴോ അവരുടെ ഭാഷയില്‍ കടന്നു കയറിയിരിക്കണം. നാണുനായര്ക്ക് കുണ്ണയും പൂറുമാണ് തെറി. അതൊക്കെ വെള്ളാമ്മയുടെയും അവരുടെ തള്ളയുടെയും മേലെ കെട്ടിവച്ചു അയാള്‍ സന്തോഷിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്.

തെറിയുടെ ഒടുവില്‍ വെള്ളാമ്മ തന്നെ ജയിക്കും. വെള്ളാമ്മയോട് ഇച്ചിരീം ഇഷ്ടക്കേടൊക്കെയുണ്ടായിരുന്നെങ്കിലും അവര് ജയിക്കണമെന്നാണ് ഞങ്ങുടെ ആഗ്രഹം. ആ തെറിമേളത്തിന് ഒടുവില്‍ വെള്ളാമ്മ കൂടുതല്‍ കരുത്തോടെ നടന്നു നീങ്ങുമ്ബോള്‍, നായര് പിറുപിറുത്തുകൊണ്ട് കടക്കുള്ളിലേക്ക് അല്‍പം തല കുനിച്ചു കയറിപ്പോകും. അയാളുടെ മുഖത്ത് വ്യാപിച്ചു കിടക്കുന്ന ക്ഷീണം മാറ്റാന്‍ കുറച്ചു നേരം അയാള്‍ ആര്‍ക്കും ചായ ഒഴിക്കാറില്ല.

പിന്നേറ്റു കടയില്‍ വരുന്നവരോടൊക്കെ വെള്ളാമ്മയുടെ തള്ള അറുവാണിച്ചു നടന്ന കാലത്തേത് എന്ന നിലയില്‍ അയാള്‍ കഥകളുണ്ടാക്കി പറയും. ഒപ്പം വെള്ളാമ്മയെ അവിടെ കണ്ടു ഇവിടെ കണ്ടൂന്നൊക്കെ അയാള് പറഞ്ഞു പരത്തും. അതിലൂടെ നായര് സ്വയം ശുദ്ധീകരിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.
ചാരായത്തിന്റെ കെട്ടിറങ്ങിക്കഴിഞ്ഞാല്‍ വെള്ളാമ്മ കുളിച്ച്‌ കുറി തൊട്ടു മുടി പിന്നിക്കെട്ടി, പൂവുചൂടി, സുമലതയോ മേനകയോ സീതയോ ഒക്കെയായി പരുവപ്പെടും. പിന്നെ രണ്ടു മൂന്ന് ദിവസം ഒന്നുകില്‍ രാമായണം സീരിയലിലെ അച്ചടി മലയാളമോ, എം ടി. വാസുദേവന്‍ നായരുടെ വള്ളുവനാടന്‍ മലയാളമോ മാത്രമേ ആ വായില്‍ നിന്ന് വീഴൂ. അത് കേള്‍ക്കുമ്ബോള്‍ നാട് ഒന്നടങ്കം അവരെ നോക്കി ചിരിക്കും. ആ ചിരികള്‍ക്കെല്ലാം ഒരു മറു തെറി നല്‍കിക്കൊണ്ട് അവര്‍ വളകള്‍ കിലുക്കി നടക്കും.

മോളി ചേച്ചിയുടെ കേട്ടിയോന് വെള്ളാമ്മയെ ഇഷ്ടമല്ല. അയാള്‍ ദൂരെ നിന്നെങ്ങാനും വരുന്ന ഒച്ച കേട്ടാല്‍ വെള്ളാമ്മ വാരിപ്പിടിച്ചു ഒറ്റ ഓട്ടമാണ്.

ഒരിക്കല്‍ വേണു നാഗവള്ളിയുടെ ദുഃഖഗാനത്തില്‍ ലയിച്ചു കണ്ണീരു തുടച്ച്‌ സ്വയം മറന്നിരിക്കുകയായിരുന്നു വെള്ളാമ്മ. അപ്പോഴാണ് മോളി ചേച്ചീടെ കെട്ടിയോന്‍ നാലാം കാലില്‍ ആടിയാടി കയറി വന്നത്. അയാളെ കണ്ടതും രാജാങ്കണത്തില്‍ രാമനെ വരവേല്‍ക്കുന്ന പ്രജകളെപ്പോലെ ടി.വി. കണ്ടിരുന്നവരൊക്കെ ഇരു ദിശകളിലേക്കും മാറി. വേണുനാഗവള്ളിക്കൊപ്പം കരഞ്ഞു തളര്‍ന്നിരുന്ന വെള്ളാമ്മയെ ഒരു ഫുട്‌ബോള്‍ പന്ത് കറക്കിയെറിയുമ്ബോലെ അയ്യത്തേക്ക് അയാള്‍ ചുരുട്ടിയെറിഞ്ഞു.

ആരും വെള്ളാമ്മ പിടിച്ചെഴുന്നേല്‍പ്പിച്ചില്ല. അയാള്‍ ഉണ്ണിക്കണ്ണന്‍ സീരിയലിലെ രാക്ഷസനെപ്പോലെ വെള്ളാമ്മയെ ചവിട്ടിഞെരിക്കാനായി ഓടി. മോളി ചേച്ചി അയാളുടെ കാലില്‍ പിടിച്ചു നിലത്ത് വീഴ്‌ത്തി നിലവിളിച്ചു. ''എഴുന്നേറ്റു പോ തള്ളേ. ഓടി പൊരേ പോ....''

അയാള്‍ മോളിച്ചേച്ചിയെ അകത്തേക്ക് ആഞ്ഞു ചവിട്ടി. മോളിചേച്ചിക്ക് പിന്നാലെ വീട്ടിലെ കലവും ചട്ടിയും മേശയുമെല്ലാം പുറത്തേക്ക് പറന്നു വീണു.

നിലത്തു വീണു കിടന്ന വെള്ളാമ്മ മെല്ലെ കൈകുത്തി എഴുന്നേറ്റു. അവരുടെ കൈമുട്ടില്‍ നിന്നു ചോര പൊടിയുന്നുണ്ടായിരുന്നു. മുട്ടില്‍ അമര്‍ന്നു കയറിയ മണ്ണ് തുടച്ചു കളഞ്ഞുകൊണ്ട് അവര്‍ വേച്ചു വേച്ചു നടന്നുപോകുന്നത് കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. ആരും വെള്ളാമ്മക്ക് വേണ്ടി ഒരു വാക്കുപോലും പറയാതെ പിരിഞ്ഞു പോയി. അന്ന് തൊട്ടു ഇന്നോളം വെള്ളാമ്മക്ക് ടി.വി. കാണാന്‍ വരുമ്ബോ അയാളെ ചെറിയ പേടിയുള്ളതായി ഞങ്ങള്‍ക്ക് തോന്നിയിട്ടുണ്ട്. അവര്‍ക്ക് മാത്രമല്ല ഞങ്ങള്‍ക്ക''.

അഭിജിത്തിന്റെ കുടുംബപുരാണം തെക്കന്‍ തിരുവിതാംകൂറിലെ നായര്‍മേധാവിത്തത്തിനുണ്ടാകുന്ന ഉത്ഥാനത്തിന്റെയും പതനത്തിന്റെയും കൈവഴികളിലൂടെ അഞ്ചാറു തലമുറകള്‍ പിന്നോട്ടു പായുന്ന ഒരു ജാതിച്ചാലാണ്. പൊന്നുതമ്ബുരാന്റെ ദര്‍ശനപുണ്യം വീണുകിട്ടിയ കുഞ്ഞിക്കുട്ടിത്തങ്കച്ചിയില്‍ നിന്നാണ് ആ പുരാണം തുടങ്ങുന്നത്. അവര്‍ക്കും മുന്‍പ് പെരിയതങ്കച്ചിയിലൂടെ തലമുറകളിലേക്കു നീണ്ടുകിടക്കുന്ന പിന്‍വേരുകള്‍ കഥയില്‍ പ്രസക്തമാകുന്നില്ലെന്നു മാത്രം. കുഞ്ഞിക്കുട്ടിയുടെ തലയും മുലയും വീറും നാവും തറവാടിന്റെ മൂലക്കല്ലുറപ്പിച്ചു. തിരുമനസ്സിനെ വിട്ട് കൊച്ചുതമ്ബുരാനെ പ്രാപിച്ച തങ്കച്ചി കവിതയും കാമവും കൂട്ടിയിണക്കി കൊച്ചുതമ്ബുരാനെ പിണക്കിയെങ്കിലും നാരായണഗുരുവിനെയും കാളിയമ്മയെയും കുമാരനാശാനെയും സ്വായത്തമാക്കി തന്റെ നായര്‍പ്രമാണിത്തത്തിനു പുറത്തേക്കു സഞ്ചരിച്ചു. മകന് നാരായണന്‍ എന്നു മാത്രം പേരിട്ട് ജാതിവാല്‍ മുറിച്ചു. ഉറ്റതോഴി കുഞ്ഞപ്പിയുടെ മകള്‍ക്ക് കാളിയെന്നു പേരിട്ട് രണ്ടു മക്കളെയും ഒന്നിച്ചുവളര്‍ത്തി.

രാജകൊട്ടാരത്തിലെ അന്തപ്പുരത്തില്‍ ആണത്തം ഛേദിച്ചു നിയോഗിക്കപ്പെട്ട കാവല്‍ക്കാരിലൊരാളുമായി പ്രണയത്തിലായ ശീലാത്തിയുടെ കഥ, മഹാറാണിയുടെ മാറാദീനം മാറ്റി പകരം നാട്ടില്‍ കൊറവര്‍ക്കും വേടര്‍ക്കും പഠിക്കാന്‍ പള്ളിക്കൂടങ്ങളനുവദിപ്പിച്ച രായമ്മാളിന്റെ കഥ എന്നിങ്ങനെ സമാന്തരമായി നിരവധി പാഠങ്ങള്‍ നോവല്‍ അവതരിപ്പിക്കുന്നു.

കാളി കഥയെഴുത്തുകാരിയായി വളര്‍ന്നു. നാരായണന്‍ അവളുടെ കഥകള്‍ തന്റെ പേരിലാക്കി പ്രസിദ്ധനാകുന്നു. അയാള്‍ നായര്‍പ്രമാണിമാരെ വെല്ലുവിളിച്ചു ജീവിച്ചു. നായര്‍യുവാവായ കൊച്ചമ്ബുവിനെ പ്രണയിച്ച്‌ കാളിയും ചാലക്കമ്ബോളത്തിലെ വര്‍ത്തകപ്രമാണിയായ ഗോവിന്ദച്ചാന്നാരുടെ മകള്‍ രാധമ്മയെ പ്രണയിച്ച്‌ നാരായണനും കഥയിലെ ജാതിചരിത്രത്തില്‍ വിള്ളലുകള്‍ വീഴ്‌ത്തുന്നു.

മഹാപ്രതാപിയും ധനികനും ഭൂപ്രഭുവുമായ ആലുമ്മൂട്ടില്‍ ചാന്നാരുടെ തറവാട്ടില്‍നിന്ന് രാധമ്മക്ക് വിവാഹാലോചന വരുന്നതോടെ അവള്‍ വീട്ടുകാരെ പിണക്കി നാരായണനൊപ്പം ഇറങ്ങിപ്പോയി. രാധമ്മ ഏഴു പെറ്റു. മക്കളെയെല്ലാം ഒന്നാന്തരം നായന്മാരാക്കി മാറ്റി, നാരായണന്‍. ജാതിവാല്‍ മുറിച്ച ഒരു തലമുറയുടെ പിന്‍ഗാമികള്‍ കടുത്ത ജാതിജന്മങ്ങളായി മാറി. നാരായണന്റെ ഏകമകള്‍ രുക്മിണീദേവിയുടെ മകനാണ് അഭിജിത്. അവന്റെ പിതൃത്വം രുക്മിണി ഒരിക്കലും വെളിപ്പെടുത്തുന്നില്ല.

നിത്യയുടെയും അഭിജിത്തിന്റെയും പ്രണയവും തുടര്‍ജീവിതവും പറയുന്ന നാലാം വഴിയില്‍ നിത്യയുടെ മൂന്നു നാലു മുന്‍ പ്രണയങ്ങളുടെയും ഒരു വിവാഹത്തിന്റെയും കഥകളുണ്ട്. നാട്ടിലെ മേനോന്‍ പ്രമാണിയുടെ മകന്‍ ബിജു നിത്യയുടെ ഉടല്‍മുഴുപ്പു കണ്ട് ഭ്രമിച്ചും ബന്ധുവായ ബിനോയ് അവളുടെ സങ്കടങ്ങളില്‍ സഹതപിച്ചും പ്രണയവുമായി ഒപ്പം കൂടി, കാര്യം കണ്ട് കളം കാലിയാക്കി. ആയുര്‍വേദകോളേജില്‍ പഠിക്കുമ്ബോള്‍ ഓര്‍ക്കൂട്ടില്‍ നിന്നു കിട്ടിയ വിനീഷുമായുള്ള പ്രണയം വിവാഹത്തിലെത്തി. മണ്ണാന്‍ജാതിയില്‍ പെട്ട വിനീഷിന്റെ വീട്ടുകാര്‍ക്ക് പക്ഷെ പുലയജാതിയില്‍പ്പെട്ട നിത്യയെ അംഗീകരിക്കാനായില്ല. ദലിത് ആക്ടിവിസത്തില്‍ മുഴുകിയിറങ്ങിയ നിത്യയില്‍നിന്ന് വിനീഷ് അകന്നു. അവര്‍ വിവാഹമോചനം നേടി സ്വതന്ത്രരായി. പിന്നീടാണവള്‍ ശിവയുമായി അടുക്കുന്നത്. അയാളുമായി അധികനാള്‍ ബന്ധം തുടരാന്‍ നിത്യക്കു കഴിഞ്ഞില്ല. സ്വന്തം ആണനുഭവങ്ങളിലൂടെ അവളെത്തിച്ചേരുന്ന നിഗമനമിതാണ്:

'സത്യത്തില്‍ ആണുങ്ങളുടെ പുരോഗമനം ഒരു മറയാണ്. തങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച്‌ പെണ്ണുങ്ങളെ പരുവപ്പെടുത്തിയെടുക്കാനുള്ള ഒരു വല. ലിംഗംകൊണ്ടു മാത്രം ചിന്തിക്കുന്ന കോപ്പന്മാര്‍'.

അവസാനഭാഗത്ത്, അഭിജിത്തിനൊപ്പം കേരളം വിട്ടുപോകുന്ന നിത്യക്ക് ആ ബന്ധവും ജീവിതവും തലകീഴ്മറിയാന്‍ ഏറെനാള്‍ വേണ്ടിവന്നില്ല. വീട്ടുകാര്‍ അയാളെ തിരിച്ചുവിളിക്കുകയും ജാതിബോധം തലയ്ക്കുപിടിച്ച്‌ പ്രണയത്തിന്റെ തീ തണുത്ത് നിത്യയെ വിട്ടുപേക്ഷിച്ച്‌ അയാള്‍ വേറെ വിവാഹത്തിന് തയ്യാറെടുക്കുകയും ചെയ്യുന്നു. ഫേസ്‌ബുക്കില്‍ തങ്ങള്‍ തമ്മിലുള്ള ബന്ധം തുറന്നെഴുതി നിത്യ അയാളുടെ വിവാഹം മുടക്കി. അയാള്‍ വീണ്ടും നാടുവിട്ടു.

കഥപറച്ചിലിന്റെ ധൃതിപ്പെടലില്‍, നോവല്‍ ഈ ഭാഗത്ത് അതിന്റെ ആഖ്യാനകലയുടെ അതുവരെ സൂക്ഷിച്ച കെട്ടുറപ്പും കഥാത്മകതയും രാഷ്ട്രീയ സൂക്ഷ്മതയും കൈവിട്ടുകളയുന്നു. എങ്കിലും മലയാളനോവലില്‍ അത്രമേല്‍ പരിചിതമല്ലാത്ത ഒരു ഭാവനാഭൂപടം തെക്കന്‍ തിരുവിതാംകൂറിന്റെ കിഴക്കന്മേഖലയില്‍ വരഞ്ഞിട്ടും (പി.എ. ഉത്തമന്റെ നോവല്‍സ്ഥലവും ഇവിടമാണല്ലോ) അനന്തപുരിയിലെ അമ്മച്ചിവീടുകളെക്കുറിച്ച്‌ സി.വി. രാമന്‍പിള്ള തൊട്ടുള്ളവര്‍ പറഞ്ഞുറപ്പിച്ച പെണ്ണരശുനാട്ടുകഥകള്‍ക്ക് പുതിയൊരു ഭാഷ്യം ചമച്ചും നിത്യകല്യാണി വായനാക്ഷമവും രാഷ്ട്രീയതീക്ഷ്ണവുമായ ഒരു നോവല്‍പാഠത്തിനു രൂപംകൊടുത്തിരിക്കുന്നു.

ചരിത്രം, ജാതി എന്നിവയെ മാത്രമല്ല, ഭാഷ മുതല്‍ ശരീരം വരെയും പ്രണയം മുതല്‍ രതി വരെയുമുള്ള മുഴുവന്‍ ഭാവ-ഭാവനാബന്ധങ്ങളെയും രാഷ്ട്രീയശരിയുടെ മാത്രം അളവനുപാതങ്ങള്‍ക്കൊത്ത് തുലനം ചെയ്ത് നോവല്‍വല്‍ക്കരിക്കുന്ന അസാധാരണമായൊരു രചനയാണ് നിത്യകല്യാണി. ദളിത്-സ്ത്രീ പക്ഷത്തുനിന്നാണ് ചരിത്രാഖ്യാനത്തിന്റെയും ജാതിവിമര്‍ശനത്തിന്റെയും രാഷ്ട്രീയമുഖം അശ്വനി വെളിപ്പെടുത്തുന്നത്. നമ്മള്‍ കണ്ടതുപോലെ, സവര്‍ണ ജാതിഹുങ്കിന്റെയും ആണധികാരത്തിന്റെയും ആന്തരവും ബാഹ്യവുമായ ജീര്‍ണതകളുടെ തുറന്നുകാട്ടലാണ് നോവലിന്റെ സമാന്തരമായ രണ്ടാം ഭാവതലം. അതുവഴി, രാഷ്ട്രീയശരികള്‍ക്കായുള്ള കടുംപിടുത്തം ഒരു സാംസ്‌കാരിക വ്യവഹാരത്തിന്റെ കലാപദ്ധതിയില്‍ സൃഷ്ടിക്കാവുന്ന ധനാത്മകവും ഋണാത്മകവുമായ ഭാവപ്രതീതികളുടെ സമ്മിശ്രപാഠമായി ഈ നോവല്‍ മാറുകയും ചെയ്യുന്നു.

നോവല്‍ നിന്ന്

''കൊച്ചപ്പീ... എനിക്ക് ന

jathijeevithangal oru facebook novel

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES