Latest News

എസ്‌എസ്‌എല്‍സി പരീക്ഷ ജയിച്ച കുട്ടികള്‍ക്ക് ഉപരിപഠനത്തിന് ഏറ്റവും സീറ്റ് കുറവുള്ളത് മലബാറില്‍; മലപ്പുറത്ത് കുട്ടികള്‍ ജയിച്ചത് കോപ്പിയടിച്ചാണ് എന്നും പറഞ്ഞ അച്യുതാനന്ദന്റെ പിന്മുറക്കാര്‍ എന്തെങ്കിലും ചെയ്യുമെന്ന് ഓര്‍ക്കുക വയ്യ; ജയിച്ചിട്ടും തോറ്റുപോയവര്‍: ഇര്‍ഷാദ് മൊറയൂര്‍ എഴുതുന്നു

Malayalilife
എസ്‌എസ്‌എല്‍സി പരീക്ഷ ജയിച്ച കുട്ടികള്‍ക്ക് ഉപരിപഠനത്തിന് ഏറ്റവും സീറ്റ് കുറവുള്ളത് മലബാറില്‍; മലപ്പുറത്ത് കുട്ടികള്‍ ജയിച്ചത് കോപ്പിയടിച്ചാണ് എന്നും പറഞ്ഞ അച്യുതാനന്ദന്റെ പിന്മുറക്കാര്‍ എന്തെങ്കിലും ചെയ്യുമെന്ന് ഓര്‍ക്കുക വയ്യ; ജയിച്ചിട്ടും തോറ്റുപോയവര്‍: ഇര്‍ഷാദ് മൊറയൂര്‍ എഴുതുന്നു

യിച്ചിട്ടും തോറ്റുപോയവര്‍

സം സ്ഥാനത്തെ എസ്‌എസ്‌എല്‍സി റിസള്‍ട്ട് വന്നു. ആഹാ.. ഗംഭീര വിജയം. പിതൃത്വം ഏറ്റെടുക്കലും അവകാശവാദങ്ങളും ഏതാണ്ട് ഒതുങ്ങിയ മട്ടാണ്. ഇനി ബാക്കിയുള്ളത് വിജയിച്ച കുട്ടികളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമാണ്. അതിന് ഇത്തവണയെങ്കിലും അധികൃതര്‍ കണ്ണ് തുറക്കുമോ എന്നാണ് കണ്ടറിയേണ്ടത്. മുന്‍ അനുഭവങ്ങള്‍ നമുക്ക് മുന്നിലുള്ളപ്പോള്‍ സര്‍ക്കാര്‍ കനിയുമെന്ന് ഒട്ടും പ്രതീക്ഷയുമില്ല.

സംസ്ഥാനത്ത് ആകെ 4,21,887 കുട്ടികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്. അതില്‍ 4,19,651 പേരും ഉപരിപഠനത്തിനു യോഗ്യത നേടി. സേ പരീക്ഷ, സി.ബി.എസ്.ഇ, ഐ.ജി.സി.എസ്.ഇ സിലബസ് റിസള്‍ട്ട് കൂടി വന്നാല്‍ എണ്ണം ഇനിയും കൂടും. എന്നാല്‍ ഇത്രയും കുട്ടികള്‍ക്ക് സംസ്ഥാനത്ത് ആകെയുള്ളത് 3,61,742 സീറ്റുകളാണ്. 57905 സീറ്റുകളുടെ കുറവ്. ഇനി ഈ കുറവ് എവിടെയാണ് എന്നു നോക്കിയപ്പോഴാണ് കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാവുക. നമ്മുടെ വികസന മോഡല്‍ എത്ര വിവേചനപരമായിരുന്നു എന്നതിന് ജീവിച്ചിരിക്കുന്ന ഉദാഹരണം.

കുറവുള്ള 57905 സീറ്റുകളും മലബാര്‍ ജില്ലകളിലാണ്. അതില്‍ കൂടുതല്‍ മലപ്പുറത്തും. 75554 കുട്ടികളാണ് ഇത്തവണ മലപ്പുറത്ത് ഉപരിപഠനത്തിനു യോഗ്യത നേടിയത്. ഇതിന് മലപ്പുറത്തുള്ളത് 41200 സീറ്റുകളാണ്. ഇതില്‍ തന്നെ 6463 എണ്ണം നോണ്‍ മെറിറ്റ് സീറ്റുകളാണ്. ഇനി മറ്റു സാധ്യതകള്‍ കൂടി പരിഗണിച്ചാല്‍ തന്നെ ആകെയുള്ളത് 46257 സീറ്റുകള്‍ മാത്രമാണ്. മറ്റൊന്ന്, 18970 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസും ലഭിച്ചു. എല്ലാ വിഷയങ്ങളും എ പ്ലസ് നേടിയ ഒരു കുട്ടി തനിക്ക് ആഗ്രമുള്ള സ്‌കൂളില്‍ പഠിക്കണമെന്നോ അവര്‍ സയന്‍സ് വിഷയം എടുക്കണമെന്നോ ആഗ്രഹിച്ചാല്‍ മലപ്പുറത്ത് അത് നടക്കണമെന്നില്ല. പിന്നെ, ബാക്കിയുള്ളവരുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ!

കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലാണ് സീറ്റ് കുറവുള്ളത്. അതില്‍ പോളി, ഐ.ടി.ഐ, വി.എച്ച്‌.എസ്. സീറ്റുകള്‍ പരിഗണിച്ചാല്‍ മലപ്പുറം ഒഴികെ മറ്റെല്ലാ ജില്ലകളിലും സീറ്റുകള്‍ ഒപ്പിക്കാം. സര്‍ക്കാരിന്റെ മാര്‍ജിനല്‍ ഇന്‍ക്രീസ് കൂടിയാകുമ്ബോള്‍ ആ കടമ്ബ കടക്കാം. എന്നാലും മലപ്പുറത്ത് 29297 കുട്ടികള്‍ക്ക് സ്‌കൂള്‍ വരാന്തകള്‍ അന്യമാകും.

ഇത് ഈ വര്‍ഷം മാത്രമുള്ള പ്രതിഭാസമാണ് എന്നു കരുതരുത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ തുടക്കം മുതല്‍ മലപ്പുറത്തുകാര്‍ ഇത് അനുഭവിക്കുന്നതാണ്. വര്‍ഷവും കാണിക്കുന്ന ചില തട്ടിക്കൂട്ട് നാടകങ്ങള്‍ ഒഴിച്ചാല്‍ മലപ്പുറത്തിന്റെ വിഭ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ മാറി മാറി വന്ന സര്‍ക്കാറുകള്‍ ഒന്നും ചെയ്തില്ല എന്നതാണ് വസ്തുത. ജില്ലയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രിമാര്‍ വരെ ഉണ്ടായിരുന്നിട്ടും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജനപ്രതിനിധികള്‍ക്ക് സാധിച്ചില്ല. കൂടുതല്‍ കാലം വിഭ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ലീഗിനും യു.ഡി.എഫിനും അതില്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ട്.

കേരളത്തെ രണ്ടായി വെട്ടിമുറിച്ചാണ് ഇരു മുന്നണികളും കേരളം ഭരിച്ചിരുന്നത് എന്നതിന് ഈ കണക്കുകള്‍ സാക്ഷിയാണ്. മലപ്പുറത്തെ നയിക്കാന്‍ ജനങ്ങള്‍ ഏല്പിച്ചവര്‍ ആവട്ടെ, ആയ കാലത്ത് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ ഉണ്ടാക്കുന്നതിന് പകരം കോഴ വാങ്ങാന്‍ പാകത്തില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഉണ്ടാക്കുന്ന തിരക്കിലുമായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ മലപ്പുറം ജില്ലയിലാണ് എന്നത് ഇത് ശരിവെക്കുന്നു. തെക്കന്‍ ജില്ലകളില്‍ ഈ പണി നടന്നപ്പോള്‍ ഞമ്മള് അഞ്ചാം മന്ത്രിയുടെ പിന്നാലെയായിരുന്നു.

കാലങ്ങളായി മലപ്പുറം ജില്ല നേരിടുന്ന വിഷയമായതുകൊണ്ട് തന്നെ മുന്‍കൂട്ടി പരിഹരിക്കാനുള്ള ശ്രമം സര്‍ക്കാറുകള്‍ നടത്തിയിട്ടില്ല എന്നതാണ് വസ്തുുത. ജില്ലക്ക് പ്രത്യേക പാക്കേജായി നിലവിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ബാച്ചുകളുടെ എണ്ണങ്ങള്‍ വര്‍ദ്ധിപ്പിക്കാനോ ഹൈസ്‌ക്കൂളുകള്‍ ഹയര്‍ സെക്കണ്ടറിയാക്കി അപ്ഗ്രേഡ് ചെയ്യാനോ ഒരു ശ്രമവും സര്‍ക്കാറോ മലപ്പുറം ജില്ലയെ ഏറെ കാലം പ്രതിനിധാനം ചെയ്ത മുസ്ലിം ലീഗോ നടത്തിയിട്ടില്ല. അഞ്ച് വര്‍ഷം കൂടുമ്ബോള്‍ കിട്ടുന്ന മന്ത്രി സ്ഥാനവും കൊടിവെച്ച കാറും മാത്രമാണ് ലീഗിന് വിശയമായുള്ളത്. മലപ്പുറത്ത് കുട്ടികള്‍ ജയിച്ചത് കോപ്പിയടിച്ചാണ് എന്നും പറഞ്ഞ അച്യുതാനന്ദന്റെ പിന്മുറക്കാര്‍ ഇതിലെന്തെങ്കിലും ചെയ്യുമെന്ന് ഓര്‍ക്കുക കൂടി വയ്യ.

50 കുട്ടികളാണ് ഇപ്പോള്‍ ഓരോ ക്ലാസിലുമുള്ളത്. മാര്‍ജിനല്‍ ഇന്‍ക്രീസ് വരുത്തിയാല്‍ 60 കഴിയും. അതുകൊണ്ട് തന്നെ ഇത് അപ്രയോഗികമാണ്. കൂടുതല്‍ സ്‌കൂളുകളും അധിക ബാച്ചുകളും അനുവദിക്കുക എന്നതാണ് പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ ആത്മാര്‍ഥ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്.

ഉള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തി മലപ്പുറത്തെ കുട്ടികള്‍ ഏറെ ബുദ്ധിമുട്ടി ഉയര്‍ന്ന മാര്‍ക്ക് വാങ്ങുമ്ബോള്‍ അത് സര്‍ക്കാറിന്റെയോ ഭരണ സംവിധാനത്തിന്റെയോ വിജയമായി കോലാഹലങ്ങള്‍ നടത്താന്‍ ഇവരാറും മറക്കാറില്ല. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സൗകര്യം ഒരുക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ആ അവകാശങ്ങള്‍ ഹനിക്കാന്‍ കൂട്ടുനില്‍ക്കുന്നു എന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യമാണ് നിലവിലുള്ളത്. 'അതേ മികച്ച വിജയം നേടിയിട്ടും തോറ്റുപോയവര്‍..'

Read more topics: # irshad morayoor,# note about sslc
irshad morayoor note about sslc

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES