ചി ത്രലേഖയുടെ മതം മാറ്റത്തെ ചില മുസ്ലിം സുഹൃത്തുക്കളും ദലിതരുടെ സ്വയം പ്രഖ്യാപിത രക്ഷിതാക്കളും ദലിത് സാമൂഹ്യ ചിന്തകര്‍ തന്നെയും 'മഹാവിപ്ലവ'മായി ആഘോഷിക്കുന്നതിനാലാണ് ഈ എഴുത്ത് .ഞാന്‍ താമസിക്കുന്ന പഞ്ചായത്തില്‍ രണ്ടു പേര്‍ മുസ്ലീങ്ങളായി. അവരെ ഒരു പാര്‍ട്ടിയും സംഘടനയും ആക്രമിച്ചിരുന്നില്ല . അതിലൊരാള്‍ (പേര് പറയുന്നില്ല) കുറച്ചു നാള്‍ പള്ളിയില്‍ പോയിരുന്നു.
പിന്നീട് ജാതി സര്‍ട്ടിഫിക്കേറ്റിനായി വില്ലേജാഫീസില്‍ ചെന്നപ്പോഴാണ് കളി കാര്യമായത്. മുസ്ലീമായതിനാല്‍ എസ്.സി. ജാതി സര്‍ട്ടിഫിക്കേറ്റ് നിഷേധിക്കപ്പെട്ടു. തുടര്‍ന്നദ്ദേഹം എന്തുകൊണ്ടോ പള്ളിയില്‍ പോക്ക് നിര്‍ത്തി. ഒരമ്ബലത്തില്‍ മാത്രമല്ല കുറെയമ്ബലങ്ങളില്‍ തൊഴാന്‍ പോവുകയും സദാ സമയവും കുറിയിട്ട് നടക്കാനും തുടങ്ങി. മറ്റൊരാള്‍ മലയാളിക്ക് സുപരിചിതനായ അന്തരിച്ച ഡോ.രാജു തോമസാണ്. അദ്ദേഹവും കുറച്ചുനാള്‍ പള്ളിയില്‍ പോവുകയും പുതിയ പേര് പറയുകയും ചെയ്തു.
പിന്നീടദ്ദേഹം ആ പരിപാടി നിര്‍ത്തി. ഒരിക്കല്‍ ഞാനദ്ദേഹത്തോടു ചോദിച്ചു ' പുതിയ മതം എങ്ങിനെ ' -മറുപടി ഇപ്രകാരമായിരുന്നു. 'അതൊന്നും നമുക്കു പറ്റില്ല. ആ മതത്തില്‍ ജനിച്ചവര്‍ക്കേ അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ കഴിയുകയുള്ളൂ'.
ഇത്തരം അനുഭവസാക്ഷ്യങ്ങളുള്ളപ്പോള്‍ മതപരിവര്‍ത്തനത്തെ കൊണ്ടാടുന്നവരുടെ ലക്ഷ്യം ഡോ.ബി.ആര്‍.അംബേദ്കര്‍, അയ്യങ്കാളി, പൊയ്കയിലപ്പച്ചന്‍ തുടങ്ങിയവരുടെ ആശയങ്ങളും അവരുയര്‍ത്തിയ സമരമാര്‍ഗങ്ങളും, ദലിതര്‍ക്ക് അന്യമാക്കുക എന്നതാണ്. ഒരിക്കല്‍ മുസ്ലീമായി ഇപ്പോഴും ആ പേരില്‍ അറിയപ്പെടാതെ ദലിതര്‍ക്ക് ഇസ്ലാം സ്വര്‍ഗം ചൂണ്ടിക്കാട്ടുന്ന പ്രഭാകരന്‍ വരമ്ബ്രത്ത് കല്ലറ സുകുമാരനെ അവഹേളിച്ചതോര്‍ക്കുക.
കോടിക്കണക്കിന് മുസ്ലീങ്ങള്‍ ദാരിദ്ര്യത്തിലും നിരക്ഷരതയിലും വംശീയമായ അതിക്രമങ്ങളിലും ആഴ്ന്നു കിടക്കുമ്ബോള്‍ അവരെ രക്ഷിക്കാത്ത ഇസ്ലാം മതം പുത്തന്‍കൂറ്റുകാരായ ദലിതരെ രക്ഷിക്കുമെന്ന് കരുതാനാവില്ല.
കാര്യങ്ങള്‍ ഇപ്രകാരമായിരിക്കെ ചിത്രലേഖയുടെ മതം മാറ്റം തീര്‍ത്തും വ്യക്തിപരമായതിനാല്‍ മറന്നേക്കുക.
( ദലിത് ചിന്തകനും എഴുത്തുകാരനുമാ യ കെ കെ കൊച്ച് ഫേസ്‌ബുക്കില്‍ കുറിച്ചത്)