മ ലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടിക്ക് ഇന്ന് 69 വയസ്സ് തികയുന്നു. ഈ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിനു മുന്നില്‍ ഒരു മാപ്പപേക്ഷയാണ് ഈ കുറിപ്പ്. മമ്മുട്ടിയുടെ സിനിമകള്‍ കാണുന്നയാള്‍ എന്നതിനപ്പുറം അടുപ്പമോ പരിചയമോ ഒന്നും അദ്ദേഹത്തോടില്ല. അദ്ദേഹത്തിന്റെ പ്രതിഭ ആസ്വദിക്കുന്ന ദശലക്ഷക്കണക്കിനു കലാസ്വാദകരില്‍ ഒരാള്‍ മാത്രമാണ് ഞാനും.. അങ്ങിനെയുള്ള ഒരാള്‍ എന്തിനു മമ്മുട്ടിയോടു മാപ്പു ചോദിക്കുന്നു എന്ന സന്ദേഹം സ്വാഭാവികം.
രണ്ടു ദശാബ്ദങ്ങള്‍ക്കു മുന്‍പാണ്. മലയാള സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ രൂപീകരിച്ച സംഘടനയായ ''അമ്മ 'അവരുടെ ധനശേഖരണാര്‍ത്ഥം കേരളത്തില്‍ സ്റ്റേജ് ഷോകള്‍ സംഘടിപ്പിക്കുന്നു. അവശത അനുഭവിക്കുന്ന സിനിമക്കാരെ സഹായിക്കാനുള്ള ഫണ്ട് രൂപീകരണമായിരുന്നു ലക്ഷ്യം. കൊച്ചിയില്‍ നടത്തിയ ആദ്യ ഷോ വമ്ബിച്ച വിജയമായിരുന്നു. അതുകഴിഞ്ഞു കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഷോ നടത്താന്‍ തീരുമാനിച്ചു. മാധ്യമം കോഴിക്കോട് ബ്യുറോയില്‍ ചീഫ് റിപ്പോര്‍ട്ടര്‍ ആണ് ഞാനന്ന്.
Stories you may Like
പി എം ഉതുപ്പിന്റെ മലബാര്‍ പാലസ് ഹോട്ടല്‍ ആയിരുന്നു റിഹേഴ്സല്‍ കേന്ദ്രവും താരങ്ങളുടെ താമസ സ്ഥലവും. പത്രങ്ങളില്‍ ഷോയെ കുറിച്ച് ദിവസവും വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. മമ്മൂട്ടി ഷോയില്‍ പങ്കെടുക്കുമെന്നും സംസ്ഥാനത്തിന് പുറത്തു ഷൂട്ടിങ്ങില്‍ ആയതിനാല്‍ മോഹന്‍ലാല്‍ ഉണ്ടാകില്ലെന്നുമുള്ള വാര്‍ത്തകള്‍ വന്നു. ഷോയുടെ രണ്ടു ദിവസം മുന്‍പ് മലബാര്‍ പാലസില്‍ സംഘാടകര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. വൈകുന്നേരത്തെ പത്രസമ്മേളനത്തില്‍ പത്രക്കാരുടെ അസാധാരണ തിരക്കാണ് അനുഭവപ്പെട്ടത്. പരിപാടി ബ്രീഫ് ചെയ്യുന്നത് മമ്മൂട്ടി ആണെന്നും അദ്ദേഹം ഉടനെ എത്തുമെന്നും നടന്‍ ജഗദീഷ് അറിയിച്ചു.
മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഹാളില്‍ ഉണ്ടായിരുന്നു. മമ്മൂട്ടി എത്തിയതോടെ വാര്‍ത്താ സമ്മേളനം തുടങ്ങി. അമ്മയുടെ ആഭിമുഖ്യത്തില്‍ ഒരു ഷോ നടത്തുന്നു എന്നതിനപ്പുറം വിശദാംശങ്ങളൊന്നും അദ്ദേഹം നല്‍കിയില്ല. അതിനാല്‍ പത്രക്കാരുടെ ഭാഗത്തു നിന്ന് സ്വാഭാവികമായും ചോദ്യങ്ങള്‍ ഉയര്‍ന്നു. അതിനോട് പരിഹാസ രൂപത്തിലാണ് മമ്മൂട്ടി പ്രതികരിച്ചത്. ഓര്‍മയില്‍ വരുന്ന രണ്ടോ മൂന്നോ ചോദ്യങ്ങളും ഉത്തരവും ഇങ്ങിനെ ...എത്ര പേരാണ് ഈ മെഗാഷോയില്‍ പങ്കെടുക്കുന്നത് ? എണ്ണി നോക്കിയിട്ടില്ല ..., എന്തൊക്കെയാണ് പ്രധാന പരിപാടികള്‍ ? അതു അവതരിപ്പിക്കുമ്ബോള്‍ അറിയാം ....., കൊച്ചിയിലെ ഷോ തന്നെ ആയിരിക്കുമോ ഇവിടെ ? അതിനു നിങ്ങള്‍ കൊച്ചിയിലെ ഷോ കണ്ടോ ... ഇങ്ങിനെ ചോദ്യങ്ങളോട് മോശമായ രീതിയില്‍ മമ്മൂട്ടി പ്രതികരിച്ചത് പത്രക്കാരെ മാത്രമല്ല, സംഘാടകരെയും അസ്വസ്ഥരാക്കി.
മുന്‍നിരയില്‍ ഇരുന്ന ഞാന്‍ ഒരു ചോദ്യവും ചോദിച്ചിരുന്നില്ല. അപമാനം സഹിക്കാനാവാതെ വന്നപ്പോള്‍ എഴുന്നേറ്റു .. മിസ്റ്റര്‍ മമ്മൂട്ടി, നിങ്ങള്‍ ക്ഷണിച്ചിട്ടാണ് ഞങ്ങള്‍ വന്നത്. മാന്യമായി പെരുമാറണം. നിങ്ങള്‍ക്ക് വേണ്ടതു പാസല്ലേ എന്നായിരുന്നു പ്രതികരണം. അതോടെ പത്രക്കാരുടെ നിയന്ത്രണങ്ങളുടെ കെട്ടുപൊട്ടി. ദീപിക ലേഖകന്‍ സി എം കൃഷ്ണപ്പണിക്കര്‍ ക്ഷുഭിതനായി എഴുന്നേറ്റു 'നിങ്ങളുടെ അഹങ്കാരം ഞങ്ങളോട് വേണ്ട. പണിക്കരുടെ ശബ്ദം ഹാളില്‍ മുഴങ്ങി. മറ്റു പത്രക്കാരും അതില്‍ പങ്കു ചേര്‍ന്നതോടെ മമ്മൂട്ടി തകര്‍ന്നു പോയി. ഒരക്ഷരം മറുപടി പറയാതെ അദ്ദേഹം കസേരയില്‍ ചാരിക്കിടന്നു.
മലയാള സിനിമയിലെ സീനിയറും ജൂനിയറും സബ് ജൂനിയറുമായ നടീനടന്മാരുടെ നടുവില്‍ നിന്നു കേട്ട ശകാര വചനങ്ങള്‍ ഒരുപക്ഷേ മമ്മൂട്ടിയുടെ ജീവിതത്തില്‍ ആദ്യത്തേതും അവസാനത്തേതുമായിരിക്കാം. വാര്‍ത്താ സമ്മേളനം അലങ്കോലപ്പെട്ടതോടെ പി വി ഗംഗാധരന്‍ മൈക്ക് എടുത്തു മമ്മൂട്ടി അദ്ദേഹത്തിന്റെ പ്രത്യേക ശൈലിയില്‍ സംസാരിച്ചതാണെന്നു വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. അത്താഴവിരുന്നിനു നില്‍ക്കാതെ പത്രക്കാര്‍ മടങ്ങി. അതിനു മുന്‍പേ മമ്മൂട്ടിയും പോയി. എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം മലയാള സിനിമയിലെ അന്നത്തെ പ്രശസ്ത ഹാസ്യ താരം അടുത്തു വന്നു പുറത്തുതട്ടി അസ്സലായി അനിയാ എന്നു പറഞ്ഞതാണ്. വെല്‍ഡണ്‍ ബ്രദര്‍ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
അന്നു രാത്രി കൈരളി ടി വിയില്‍ ക്യാമറമാനായ സുഹൃത്ത് ഫോണില്‍ വിളിച്ചു ക്ഷമാപണ രൂപത്തില്‍ പറഞ്ഞു. മമ്മൂട്ടി അയാളെ വിളിച്ചു വരുത്തി പത്രസമ്മേളനത്തിന്റെ വിഷ്വല്‍ കാണിക്കാന്‍ ആവശ്യപ്പെട്ടെന്നും മുന്‍നിരയില്‍ ഇരുന്ന ഞാന്‍ ആരാണെന്നു ചോദിച്ചെന്നും. പിറ്റേന്ന് മാധ്യമം കണ്ടപ്പോള്‍ ഞെട്ടിപ്പോയി. 'അമ്മ ഷോയുടെ വാര്‍ത്തക്കൊപ്പം മമ്മൂട്ടിയുമായി നടന്ന വാക്കുതര്‍ക്കം വിശദമായി നല്‍കിയിരിക്കുന്നു. അമ്മ ഷോയുടെ വാര്‍ത്ത കൊടുത്ത ശേഷം ഓഫീസില്‍ നിന്ന് ഞാന്‍ പോയിരുന്നു. സിനിമാക്കാരെ കാണാനുള്ള താല്‍പര്യത്തില്‍ എന്നോടൊപ്പം പത്രസമ്മേളനത്തിനു വന്ന സഹപ്രവര്‍ത്തകന്റേതായിരുന്നു ഈ സൃഷ്ടി. രാത്രി ഡ്യൂട്ടിക്കാരനായ അയാള്‍ മറ്റു ബ്യുറോകളില്‍ വിളിച്ചപ്പോള്‍ അവരില്‍ ചിലര്‍ ഇതുകൂടി കൊടുക്കുന്നുണ്ടെന്നു പറഞ്ഞു. അങ്ങനെയെങ്കില്‍ മിസ് ആകേണ്ട എന്നുകരുതി സദുദ്ദേശ്യത്തില്‍ കാച്ചിയതാണ്.
കാലത്തു ബ്യുറോയില്‍ എത്തിയപ്പോള്‍ ചെയര്‍മാന്‍ സിദ്ദിഖ് സാഹിബ് വിളിച്ചെന്ന വിവരമാണ് എതിരേറ്റത്. തിരിച്ചു വിളിച്ചപ്പോള്‍ ആദ്യത്തെ ചോദ്യം സുഖമാണോ എന്ന്. അതങ്ങിനെയാണ് . കയ്‌പ്പുള്ള എന്തും മധുരത്തില്‍ പൊതിഞ്ഞേ തരൂ. മമ്മൂട്ടിയുടെ പത്രസമ്മേളനം അലമ്ബാക്കി അല്ലേ ? വിശദമായ മറുപടി ഞാന്‍ നല്‍കി. കുറച്ചു കഴിഞ്ഞപ്പോള്‍ എഡിറ്റര്‍ അബ്ദുറഹ്മാന്‍ സാഹിബിന്റെ കാള്‍ . മമ്മൂട്ടിയെ അധിക്ഷേപിക്കാന്‍ നിങ്ങള്‍ നേതൃത്വം കൊടുത്തെന്നാണ് പരാതി. അതു നിങ്ങള്‍ പത്രത്തില്‍ കൊടുത്തതു ഒട്ടും ശരിയായില്ല. എനിക്കതില്‍ പങ്കില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറാം. പക്ഷേ , ജൂനിയറായ ഒരു റിപ്പോര്‍ട്ടര്‍ക്ക് അത് ബ്ലാക്ക് മാര്‍ക്കാകും. ഉത്തരവാദിത്തം ഏറ്റെടുക്കുകയല്ലാതെ മറ്റു മാര്‍ഗം ഇല്ലായിരുന്നു. അധികദിവസം ഒന്നും വേണ്ടിവന്നില്ല. കോഴിക്കോട് ബ്യുറോയില്‍ നിന്ന് ഡെസ്‌കിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് എത്തി.. മമ്മൂട്ടി ഇഫെക്‌ട് എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു.
മമ്മൂട്ടിയോടു മോശമായി ഒരു വാക്ക് പോലും പറഞ്ഞില്ലെങ്കിലും മറ്റു നടീനടന്മാരുടെ ഇടയില്‍ അദ്ദേഹം ആക്രമിക്കപ്പെടുന്നതിനു കാരണക്കാരനായി എന്ന കുറ്റബോധം അന്നും ഇന്നും ഉള്ളിലുണ്ട്. മലയാളത്തിന്റെ മഹാ സൗഭാഗ്യമാണ് ഈ മൂന്നക്ഷരം. അഭിനയത്തോട് അദ്ദേഹം കാണിക്കുന്ന പ്രതിബദ്ധതയാണ് എഴുപതിലേക്കു കാലൂന്നുമ്ബോഴും മലയാള സിനിമയില്‍ അദ്ദേഹം നിറഞ്ഞു നില്‍ക്കാന്‍ കാരണം. നാലു പതിറ്റാണ്ടായി മമ്മൂട്ടി ഈ ജൈത്രയാത്ര തുടരുന്നു. അഹങ്കരിക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയുണ്ട് എന്ന വസ്തുത അംഗീകരിച്ചു കൊണ്ട് ഈ മുഖപുസ്തക താളിലൂടെ മാപ്പ് ചോദിക്കുന്നു.