കഥയും കഥാപാത്രവും തികച്ചും യാഥാര്‍ത്ഥ്യമാണ്!
സൈ ബറിടങ്ങളില്‍ നടി ലക്ഷ്മിപ്രിയയാണല്ലോ ഇപ്പോള്‍ സംസാരവിഷയം. ലക്ഷ്മിയുടെ പോസ്റ്റിനെയും അവരിട്ട ഒരു കമന്റിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന സംവാദങ്ങളല്ലാ ഈ എഴുത്തിന് ആധാരം. ഈ ജനാധിപത്യരാജ്യത്ത് ഏതൊരു വിശ്വാസപ്രമാണത്തെയും നെഞ്ചോട് ചേര്‍ത്തണയ്ക്കാനും വിശ്വാസം ഹനിക്കപ്പെടുമ്ബോള്‍ പ്രതികരിക്കാനും ഏതൊരാള്‍ക്കും അവകാശമുള്ളിടത്തോളം കാലം ക്ഷേത്ര ബലികല്ലില്‍ ചവിട്ടിനിന്ന് ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത ഒരാള്‍ക്കെതിരെ അവര്‍ ഇട്ട കമന്റിനെ അത്ര വലിയ മഹാപാതകമായി കാണുന്നില്ല. അതിലെ വൈകാരിക എലമെന്റായ ഇനി അധിക കാലം അവനില്ല എന്ന ഭാഗത്തോട് ഒട്ടും സമരസപ്പെടുന്നില്ലായെങ്കിലും ആ ഒരൊറ്റ കമന്റിനെ മുന്‍നിറുത്തി സൈബറിടങ്ങളിലെ പല ഗ്രൂപ്പുകളിലും അവരെ കലാപകാരിയായി ചിത്രീകരിക്കുന്നത് കാണുമ്ബോള്‍ പ്രതികരിക്കാതിരിക്കാനും കഴിയില്ല.
ലക്ഷ്മിപ്രിയയെ അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കും ലക്ഷ്മിപ്രിയയെ കുറിച്ച് ആകെയറിയുക അവരൊരു മികച്ച അഭിനേത്രിയാണെന്നതും അവരുടെ പേര് ലക്ഷ്മിപ്രിയ ആണെന്നതും മാത്രമാണ്. അതില്‍ കൂടുതല്‍ നിങ്ങള്‍ക്കെന്തറിയാം ഈ നടിയെ കുറിച്ച്? ലക്ഷ്മിപ്രിയയെന്ന പേര് കണ്ട് ഹാലിളകുന്നവര്‍ ഒന്നോര്‍ക്കുക. അതല്ലാ അവരുടെ യഥാര്‍ത്ഥപേര്( ആദ്യത്തെ പേര്) . ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി എങ്ങനെ ലക്ഷ്മിപ്രിയയായി എന്നതിലുണ്ട് അവരനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങള്‍.
ലക്ഷ്മിപ്രിയയെ ഞാനറിയുന്നത് ജയേഷ് എന്ന അവരുടെ ഭര്‍ത്താവിന്റെ കുടുംബം വഴിയാണ്.സംഗീതജ്ഞായ ശ്രീ.പട്ടണക്കാട് പുരുഷോത്തമന്റെ മരുമകളാണ് ലക്ഷ്മിപ്രിയ. ചിറയിന്‍കീഴിലെ ബന്ധുവിന്റെ വിവാഹവീട്ടില്‍ വച്ച് അദ്ദേഹത്തെ കാണുമ്ബോഴാണ് അറിയുന്നത് അദ്ദേഹത്തിന്റെ ഭാര്യ ഒരു നടിയാണെന്നും പേര് ലക്ഷ്മിപ്രിയയെന്നാണെന്നും. ചക്കരമുത്ത് സിനിമയിലഭിനയിച്ചിരുന്നു ആയിടയ്ക്ക് ലക്ഷി. അന്ന് ആ വീട്ടില്‍ വച്ചറിഞ്ഞ കാര്യങ്ങളാണ് ലക്ഷ്മി ഇസ്ലാം മതത്തില്‍ ജനിച്ചുവളര്‍ന്ന ആളാണെന്നും ഒരുപാട് കയ്പുനീര്‍ കുടിച്ച വ്യക്തിയാണെന്നും മറ്റും. അന്നു മുതലേ എന്തോ ഈ നടിയോട് ഒരടുപ്പം തോന്നുകയും ചെയ്തു. ഉള്ളിലൊരു പത്രപ്രവര്‍ത്തക ഉണ്ടായിരുന്നതിനാല്‍ അവരെകുറിച്ചുള്ള കാര്യങ്ങള്‍ എപ്പോഴും തിരഞ്ഞുമിരുന്നു. ഏറ്റവും അത്ഭുതകരമായി തോന്നിയ ഒരു കാര്യം അവരുടെ ഈശ്വരവിശ്വാസമായിരുന്നു. ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഒരാള്‍ക്ക് എങ്ങനെ ഇത്രമേല്‍ ശ്രീപത്മനാഭനെയും ഗുരുവായൂരപ്പനെയും ഭക്തിപുരസ്സരം ആരാധിക്കാന്‍ കഴിയുന്നുവെന്ന് പലവട്ടം ഞാനാലോചിച്ചിട്ടുണ്ട്.വെള്ളയമ്ബലം ആല്‍ത്തറക്ഷേത്രത്തിലെ നിത്യസന്ദര്‍ശകയായ ലക്ഷ്മിപ്രിയ തിരുവനന്തപുരത്തെ നഗരവാസികള്‍ക്ക് ഒരിക്കലും ഒരു താരമേയല്ല.
സത്യന്‍ അന്തിക്കാട് ചിത്രങ്ങളായ ഭാഗ്യദേവതയിലും കഥ തുടരുന്നുവിലും ലീഡിങ് റോളുകള്‍ ചെയ്തുകണ്ടപ്പോള്‍ കരിയര്‍ഗ്രാഫ് ഇനിയങ്ങോട്ട് ഉയരുമല്ലോയെന്നാണ് കരുതിയത്. പിന്നീട് പക്ഷേ അതല്ലാ സംഭവിച്ചത്. പിന്നെ ഞാന്‍ ലക്ഷ്മിപ്രിയയെ കൂടുതലറിഞ്ഞത് അവരുടെ ആത്മകഥയിലൂടെയാണ്.വായനക്കാരുടെ മനസ്സിനു മുന്നില്‍ നിവര്‍ത്തിയിട്ട തിരശ്ശീലയില്‍ ഒരു ജീവിതചിത്രം തന്നെ കാണിക്കുകയായിരുന്നു ലക്ഷ്മിപ്രിയ ആ പുസ്തകത്തില്‍.
അതില്‍ ഞാന്‍ വായിച്ചറിഞ്ഞ ലക്ഷ്മിപ്രിയയില്‍ ഒറ്റപ്പെട്ട ബാല്യത്തിന്റെ കടുത്തവിങ്ങലുണ്ട്. കൗമാരത്തിന്റെ എല്ലാവിധ കൗതുകങ്ങളുണ്ട്. എല്ലാത്തിനും ഉപരിയായി ആരുടെ മുന്നിലും തോറ്റു കൊടുക്കില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച ഒരു മനസ്സുണ്ട്. നേരത്തെ കേട്ടിരുന്ന കഥകളിലെ ലക്ഷ്മിയോട് തോന്നിയ നേരിയസ്നേഹത്തോടൊപ്പം പിന്നീട് തികഞ്ഞ ബഹുമാനം തോന്നിയത് ആ മനസ്സു കാണാന്‍ ആ പുസ്തകത്തിലൂടെ കഴിഞ്ഞതിനാലാണ്.ചോര പൊടിയുന്ന അനുഭവങ്ങളുടെ നേരെഴുത്താണ് ലക്ഷ്മിപ്രിയയുടെ ''കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല.'' എന്ന പുസ്തകം.
ഉള്ളുനോവുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചയിലൂടെ കുട്ടിക്കാലത്ത് മാനസികമായി നേരിടേണ്ടി വന്ന പൊള്ളലുകളിലൂടെയാണ് ലക്ഷ്മിപ്രിയയുടെ ആത്മകഥ സഞ്ചരിക്കുന്നത്. അമ്മയുടെ സ്‌നേഹമെന്തെന്നറിയാതെ വളര്‍ന്ന ഒരു കുട്ടി അമ്മ ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞത് പോലും പതിനാലാം വയസ്സിലാണ്.കബീറെന്നെ അച്ഛനെക്കാളും സ്‌നേഹിച്ചതും ജീവിതം പഠിപ്പിച്ചതും റ്റാറ്റയെന്നു വിളിക്കുന്ന അച്ഛന്റെ സഹോദരന്‍. അമ്മയും അച്ഛനും സഹോദരങ്ങളും ജീവിച്ചിരിക്കുമ്ബോള്‍ തന്നെ അനാഥയായി ജീവിക്കേണ്ടി വന്ന ഒരുവള്‍ക്ക് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സ്‌നേഹവും കരുത്തും സാന്ത്വനവുമാകുമ്ബോള്‍ സ്വഭാവികമായും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും ജീവിതത്തിന്റെ ഭാഗമാകുക തന്നെ ചെയ്യും. അങ്ങനെ വന്നതിനാലാണ് ലക്ഷ്മിക്ക് ശ്രീപത്മനാഭസ്വാമിയുടെ വലിയ ചിത്രം രാവിലെ കണി കണ്ടുണരുന്നത് ജീവിതവ്രതമായത്.രാമായണകാണ്ഡങ്ങളെല്ലാം ഹൃദിസ്ഥമായത്. ക്ഷേത്ര ബലിക്കല്ലില്‍ ചവിട്ടി നിന്ന ഒരുവന്‍ ഈ പെണ്‍കുട്ടിക്ക് ധിക്കാരിയായി തോന്നിയത് കലര്‍പ്പില്ലാത്ത ഭക്തി അവളിലുണ്ടായതിനാല്‍ മാത്രം. ജന്മം കൊണ്ടല്ലാതെ തന്നെ കര്‍മ്മം കൊണ്ട് ഹൈന്ദവാചാരങ്ങളുടെ ഭാഗമായി തീര്‍ന്ന അവരുടെ പ്രതികരണം പലര്‍ക്കും പൊള്ളിയത് അതുകൊണ്ടാണ്. ആര്‍ത്തവരക്തതുള്ളികള്‍ക്കിടയില്‍ തലകീഴായി വരച്ച അയ്യപ്പഫ്‌ളക്‌സുകള്‍ വച്ചവരെ യും ശിവലിംഗത്തെ ആഭാസമായി വരച്ച ചിത്രകലയും അയ്യപ്പനെതിരെ പുലയാട്ടുകവിതയെഴുതിയവരെയും കയ്യടിച്ചഭിനന്ദിച്ചവര്‍ക്ക് ഇപ്പോള്‍ ഒരു കമന്റ് പൊള്ളിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം ഒന്നുമാത്രമേയുള്ളൂ-അത് നിങ്ങളിലെ തികഞ്ഞ അസഹിഷ്ണുതയാണ്.
ജീവിതത്തിലെ കടുത്ത പരീക്ഷണങ്ങളെ അവള്‍ പൊരുതിതോല്പിച്ചത് എളുപ്പം പ്രശസ്തി കിട്ടുന്ന ആഭാസരീതിയിലൂടെയല്ലാ. ഇതരമതവിശ്വാസങ്ങളുടെ മതചിഹ്നങ്ങളെ മോശമായി ചിത്രീകരിച്ചോ ചിത്രംവരച്ചോ വിലക്കപ്പെട്ട സ്ഥലങ്ങളില്‍ ആചാരലംഘനം നടത്തിയോ നെഗറ്റീവ് പബ്ലിസിറ്റി അവര്‍ ലക്ഷ്യമിട്ടില്ല. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ച് കുടുംബജീവിതത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റി അവര്‍ ജീവിച്ചുപ്പോരുന്നു. വിവാഹിതയായ ശേഷം ഭര്‍തൃവീട്ടുകാരുടെ അനുമതിയോടെ തികഞ്ഞ കലാകാരിയായി അവര്‍ പേരെടുത്തത് അഭിനയസിദ്ധിയിലൂടെയായിരുന്നു. അതേ , ലക്ഷ്മി പ്രിയ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് പൊട്ടിവിരിഞ്ഞതൊന്നുമല്ല. അസാമാന്യമായ തീയില്‍ കുരുത്തത് തന്നെയാണ് ആ യുവതി. അപവാദപ്രചരണങ്ങളുടെയോ ആക്ഷേപശരങ്ങളുടെയോ വെയിലത്ത് അവര്‍ വാടിപ്പോകില്ല.