ഒന്നിനും സമയം തികയുന്നില്ലെന്ന പരാതി പറയാത്തവരുണ്ടാകില്ല. ജോലി ഭാരം കൂടുമ്പോള്‍ എല്ലാവരും നേരിടുന്ന പ്രശ്‌നമാണ് സമയക്കുറവ്. എന്നാല്‍ മറ്റു ചില മിടുക്കന്മാര്‍ സമയ ക്ലിപ്തതയോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാറുമുണ്ട്. ഇത് കണ്ട് അതിശയിച്ചിട്ടോ അസൂയപ്പെട്ടിട്ടോ യാതൊരു കാര്യവുമില്ല. ഇത്തരക്കാര്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ എന്തുകൊണ്ട് തനിക്കിതൊന്നും സാധിക്കുന്നില്ലെന്ന ചിന്ത പലരുടെയും ഉറക്കം കെടുത്തുന്നുണ്ടാകാം.
അല്‍പ്പമൊന്നു മനസു വച്ചാല്‍ സമയബന്ധിതമായി കാര്യങ്ങള്‍ ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ എല്ലാ
വര്‍ക്കും സാധിക്കും. അതിനായി സമയത്തെ നമ്മുടെ കൈക്കുള്ളിലാക്കണം. ടൈം മെഷിന്‍ ഓടുന്നതിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറായാല്‍ കൃത്യമായ സമയവിനിയോഗവും ജീവിതവിജയവും ഉറപ്പ്.
ഒരു കാര്യവും സമയത്ത് ചെയ്തു തീര്‍ക്കാന്‍ കഴിയുന്നില്ലെന്നു ആശങ്കപ്പെടുന്നവര്‍ക്ക് ഒരു ദിവസം ചെയ്തു തീര്‍ക്കാനാഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു ചാര്‍ട്ട് തയാറാക്കുന്ന രീതി പരീക്ഷിക്കാവുന്നതാണ്. ഒരു ദിവസം ചെയ്യാനാഗ്രഹിക്കുന്ന ചെറുതും വലുതും പ്രധാനപ്പെട്ടതും അപ്രധാനവുമായ കാര്യങ്ങളൊക്കെ ഒന്നൊന്നായി ഒരു പേപ്പറില്‍ രേഖപ്പെടുത്തുക. മറ്റൊരു പേപ്പറില്‍ അതേ ദിവസം ചെയ്ത കാര്യങ്ങള്‍ ഓരോന്നായി രേഖപ്പെടുത്തുക.
എഴുതിവെച്ച പട്ടികകളില്‍ ചെയ്യാനാശിച്ചതില്‍ നിന്ന് ചെയ്തത് ഒഴിവാക്കുമ്പോള്‍ തീര്‍ച്ചയായും ചെയ്യാനാകാതെ പോയതിനെക്കുറിച്ച് മനസിലാക്കാനാകും. ചെയ്യാനാശിച്ച ഏതെല്ലാം കാര്യങ്ങള്‍ വിട്ടുപോയിട്ടുണ്ടെന്നു ഇങ്ങനെ കണ്ടെത്തുക. അതോടൊപ്പം എന്തുകൊണ്ട് ചെയ്യാതെപോയി എന്ന വിശകലനവും നല്ലതാണ്്.
പലപ്പോഴും ഓരോരുത്തരുടെയും ദിനങ്ങളെ കെട്ടിവരിയുന്നത് അത്ര പ്രധാനപ്പെട്ടതല്ലാത്ത കാര്യങ്ങളായിരിക്കും. മറ്റു പലരുടെയും ആവശ്യമോ സമ്മര്‍ദ്ദമോ കാരണം അപ്രധാനമായ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ട സാഹചര്യമുണ്ടാകാം. ജോലി സ്ഥലങ്ങളില്‍ ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്നവരാണ് ഭൂരിഭാഗവും.
ഇത്തരം പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ ഏറ്റവും പ്രധാനപ്പെട്ടതും ഉടനെ ചെയ്യേണ്ടതുമായ ഓരോ ദിവസത്തെയും കാര്യങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ തയാറാക്കുന്നത് സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സഹായകമാകും.
അഥവാ കൂടുതല്‍ സയം എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് നഷ്ടപ്പെട്ടാല്‍ അത് മനസിലാക്കി പരിഹാരം കണ്ടെത്തുന്നതും സ്വയം മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതും നല്ലതാണ്. വിശ്രമത്തിനും വിനോദത്തിനുമായി അല്‍പ്പസമയം ചിലവഴിക്കുന്നതില്‍ തെറ്റില്ല. അപ്പോഴും സമയം വേണ്ടതുപോലെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ സാധിക്കും.
കൃത്യസമയത്തുള്ള പ്രവര്‍ത്തി ആയാസവും മാനസിക പിരിമുറുക്കങ്ങളും ഇല്ലാതാക്കും. അതോടൊപ്പം അനാവശ്യമായി സമയം ചെലവഴിച്ച സന്ദര്‍ഭങ്ങള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാന്‍ ശ്രമിച്ചാല്‍ ഒരു കാര്യങ്ങളും ചെയ്തു തീര്‍ക്കാന്‍ സമയമില്ലെന്ന സ്ഥിരം വാചകത്തിനു പരിഹാരം കണ്ടെത്താനാകും. മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളില്‍ നിന്നും കൃത്യനിഷ്ടയില്ലാത്ത വ്യക്തിയെന്ന ദുഷ്‌കീര്‍ത്തിയില്‍ നിന്നും നിങ്ങള്‍ക്ക് വളരെ വേഗം മോചിതരാകാന്‍ സാധിക്കും.
നമ്മള്‍ എത്രയൊക്കെ സമയം ചിട്ടപ്പെടുത്തിയാലും ബാഹ്യമായ ചില ഇടപെടലുകള്‍ എല്ലാം താളം തെറ്റിച്ചേക്കാം. മറ്റുള്ളവരുടെ സഹവാസവും ഇടപെടലുകളും പൂര്‍ണമായും ഒഴിവാക്കാന്‍ നമുക്ക് സാധിച്ചെന്നു വരില്ല. എങ്കിലും നമ്മുടെ പ്രവര്‍ത്തികളെ പ്രതികൂലമായി ബാധിക്കുന്ന സുഹൃത്തുക്കളോ സന്ദര്‍ഭങ്ങളോ ഇടപെടലുകളോ ഉണ്ടെങ്കില്‍ അവയെ പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക.
ചെയ്യതു തീര്‍ക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുക. നിശ്ചയിച്ച സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ കഴിയില്ലെന്ന ഉത്തമ ബോധ്യം നിങ്ങള്‍ക്കുണ്ടെങ്കില്‍ മടി വിചാരിക്കാതെ ആരോടും നോ പറയാന്‍ പരിശീലിക്കുക. ചെയ്തു തീര്‍ക്കേണ്ട ജോലിക്ക് തടസമായി നില്‍ക്കുന്ന വ്യക്തികളോടും നോ പറയാന്‍ ശീലിക്കണം. സമയ നഷ്ടം വരുത്തുന്ന കാര്യങ്ങള്‍ കണ്ടെത്തി പരിഹരിക്കണം. നമ്മുടെ പ്രധാന ലക്ഷ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് പ്രധാനം.
1. വീടിനകത്തും ഓഫീസിലും കാഴ്ചപ്പുറത്ത് ഒരു ക്ലോക്ക് തൂക്കുക. സമയബോധം നിലനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്.
2. ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നതിന് മൊബൈലിലോ, ഐപാഡിലോ മുന്നറിയിപ്പുകള്‍ രേഖപ്പെടുത്തി വയ്ക്കുക.
3. വീട്ടിലും ഓഫീസിലും കാണാവുന്ന വിധത്തില്‍ ഒരു വൈറ്റ് ബോര്‍ഡില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ എഴുതിവയ്ക്കുക.
4. ജോലിഭാരം കൂടുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അത്തരം അവസരങ്ങളില്‍ ഇടവേളകള്‍ നല്‍കുന്നത് നന്നായിരിക്കും.
5. അനാവശ്യ ഫോണ്‍ കോളുകള്‍ ഒഴിവാക്കുക.
6. യാഥാര്‍ഥ്യ ബോധത്തോടെ സ്വന്തം കഴിവും കഴിവുകേടുകളും മനസിലാക്കി ചെയ്യാനുള്ള കാര്യങ്ങള്‍ ചിട്ടപ്പെടുത്തുക.
7. ചെയ്യാനാകാത്തതിനെ പഴിക്കുന്നതും സ്വയം കുറ്റപ്പെടുത്തുന്നതും ഒഴിവാക്കുക.
8. ഒരു കാര്യം ചെയ്യുമ്പോള്‍ അതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുക.
9. ചെയ്യുന്ന കാര്യങ്ങള്‍ ആസ്വദിച്ച് ചെയ്യുക. അത് മറ്റുള്ളവര്‍ക്ക് വേണ്ടിയാകരുത്്. മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ പോലും ആസ്വദിച്ച് ചെയ്യാന്‍ ശ്രമിക്കുക.
10. പ്രവര്‍ത്തിക്കനുസരിച്ച് ഭക്ഷണം, ഉറക്കം എന്നിവയ്ക്കും ആവശ്യമായ പ്രാധാന്യം കൊടുക്കുക.
11. ഇടവേളകളില്‍ വ്യായാമം ചെയ്യുക.
12. സ്വയം വിശകലനം ചെയ്യുന്നത് തുടര്‍ന്നുകൊണ്ടിരിക്കുക. തെറ്റുകള്‍ തിരുത്തുക.