വീട് വെക്കുമ്പോള്‍ തന്നെ നമ്മള്‍ ശ്രദ്ധിക്കുന്ന കാര്യങ്ങളാണ് അകവും പുറവും എങ്ങനെ മോടി കൂട്ടാം എന്നത്. അതുപോലെ തന്നെ വീട്ട് മുറ്റമൊരുക്കുന്ന കാര്യത്തിലും മലയാളികള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നുണ്ട്. തുളസിയും, മുല്ലയും, ചെത്തിയും ഇടംപിടിച്ചിരുന്ന വീട്ടുമുറ്റങ്ങളില്‍ ഇന്ന് മെക്സിക്കന്‍, ബഫല്ലോ എന്നീ ഇനങ്ങളിലുള്ള പുല്ലുകള്‍ വച്ച് പിടിപ്പിച്ചുകൊണ്ടാണ് വീട്ടുമുറ്റങ്ങളിലെ ഹരിതഭംഗി കൂട്ടുന്നത്.
മുറ്റം ഡിസൈന്‍ ചെയ്യാം
വീടുനിര്‍മ്മാണം പോലെയാണ് മുറ്റം ഒരുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതും. വീട്ടുകാരുടെ ആശയങ്ങളും അഭിപ്രായങ്ങളും ചോദിച്ചറിഞ്ഞുവേണം മുറ്റം മനോഹരമാക്കുവാന്‍. വീട്ടുമുറ്റത്ത് പച്ചപ്പരവതാനിയൊരുക്കുമ്പോള്‍ നടപ്പാത, വാഹനങ്ങള്‍ക്ക് പോകുവാനുള്ള സൗകര്യം എന്നിവയ്ക്കനുസൃതമായി മുറ്റം ഡിസൈന്‍ ചെയ്യണം. നടപ്പാതകള്‍ നിര്‍മ്മിക്കുന്നതു വഴി പുല്‍ത്തകിടിക്ക്് അലങ്കാരവും പുല്ലുകള്‍ക്ക് നാശം സംഭവിക്കാതെ സംരക്ഷിക്കുകയും ചെയ്യാം.പ്രകാശ ലഭ്യതയും പുല്ലുകളുടെ വളര്‍ച്ചക്ക് വളരെ അത്യാവശ്യമാണ്. അതിനാല്‍ പ്രകാശലഭ്യത ഉറപ്പുവരുത്തിയശേഷമാത്രം പുല്ല് നടുന്നതാണ് ഉചിതം.
നിലമൊരുക്കല്‍
കളകളും കുറ്റിച്ചെടികളും മാറ്റി നിലം കിളച്ച് നിരപ്പാക്കണം. വെള്ളക്കെട്ട് ഒഴിവാക്കിക്കൊണ്ട് വേണം നിലമൊരുക്കുവാന്‍. പുല്ല്നടുന്നതിന് മുന്‍പ് മണ്ണ് പരിശോധന നടത്തേണ്ടത് വളരെ അത്യവശ്യമാണ്.മണ്ണിന്റെ അമ്ല-ക്ഷാര ഗുണ നിര്‍ണയം ചെടിയുടെ വളര്‍ച്ചക്ക് ഏറെ ഗുണകരമായിരിക്കും. ഇതനുസരിച്ച് മണ്ണ് മാറ്റുകയോ, പി.എച്ച് മൂല്യം ക്രമീകരിച്ചുകൊണ്ടോ സസ്യത്തിന്റെ വളര്‍ച്ച കൂട്ടാവുന്നതാണ്.
ചിതലിന്റെ ആക്രമണം ഉണ്ടാകാതെ ഇരിക്കുവാന്‍ ഇതിനെതിരെയുള്ള മരുന്ന് മണ്ണില്‍ നല്‍കണം.
വളപ്രയോഗം
മുറ്റത്തെ മണ്ണിനൊപ്പം മണല്‍, ചകിരിച്ചോറ് എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങള്‍ നല്‍കി പുല്‍കൃഷി ആരംഭിക്കാവുന്നതാണ്. പുല്ല് നട്ടുകഴിഞ്ഞാല്‍ വേരുപിടിക്കുന്നതുവരെ രണ്ടുനേരവും നനയ്ക്കണം. രണ്ട് ആഴ്ചകൂടുമ്പോള്‍ കളകള്‍ നീക്കം ചെയ്യണം. മാസത്തിലൊരിക്കല്‍ പുല്ല് വെട്ടിനിര്‍ത്തേണ്ടതാണ്.