സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാമുവല്‍ അബിയോള റോബിന്‍സണിനെതിരായ വംശീയ അധിക്ഷേപത്തില്‍ മാപ്പുപറഞ്ഞ് അഡ്മിന്മാര്‍. ഒഫന്‍സീവ് മലയാളം മീം എന്ന ട്രോള്‍ പേജിലാണ് താരത്തെ വംശീയമായി അധിക്ഷേപിച്ചുകൊണ്ടുള്ള ട്രോള്‍ വന്നത്.സാമുവല്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പോസ്റ്റ് പിന്‍വലിച്ചെന്നും അഡ്മിന്‍ യുവാക്കളുടെ രക്ഷിതാക്കളുമായി ചര്‍ച്ച നടത്തുമെന്നും സാമുവല്‍ അറിയിച്ചു.
'അവര്‍ കൗമാര പ്രായക്കാരായിരുന്നു. അതൊരു ന്യായീകരണമല്ല എങ്കില്‍ കൂടി. നിര്‍മ്മാതാക്കളായ ഹാപ്പി ഹൗര്‍ എന്‍ര്‍ടൈന്മെന്റ്‌സ് അധികൃതര്‍ അഡ്മിന്മാരുമായും അവരുടെ രക്ഷിതാക്കളുമായും ഒരു കൂടിക്കാഴ്ച വെക്കുന്നുണ്ട്. ഇനി മേലില്‍ അവര്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണം.
പൊലീസില്‍ കേസ് കൊടുത്തെങ്കിലും, ഇപ്പോള്‍ അത് പിന്‍വലിച്ചു. അവരുടെ ഭാവിക്ക് കേസ് ഒരു പ്രശ്‌നമാവേണ്ടെന്ന് കരുതി. ഈ സാഹചര്യത്തില്‍ എനിക്ക് പിന്തുണ നല്‍കിയ എല്ലാ മലയാളികള്‍ക്കും നന്ദി. നിങ്ങളുടെ ക്ഷമാപണം മുഴുവന്‍ ആഫ്രിക്കന്‍ വംശജര്‍ക്കും വേണ്ടി ഞാന്‍ സ്വീകരിക്കുന്നു. - സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഒരു മൃഗത്തെയും ദ്രോഹിച്ചിട്ടില്ലെന്ന് ഉറപ്പു നല്‍കുന്ന സിനിമ പക്ഷെ ഇതിനെ മറന്നു പോയി എന്ന കുറിപ്പിനൊപ്പം സാമുവലിന്റെ ചിത്രവും ചരിത്രവും കൂട്ടിച്ചേര്‍ത്താണ് പ്രചരിപ്പിച്ചത്.ട്രോളിനെ അതിശക്തമായി വിമര്‍ശിച്ച് സാമുവല്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നിരുന്നു. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പൈശാചികമായ വംശീയ അധിക്ഷേപമാണിത്. ഇവിടുത്തെ ചില മനുഷ്യര്‍ എന്നെ മൃഗത്തോട് താരതമ്യം ചെയ്യുന്നത് സങ്കടകരമാണെന്നും സാമുവല്‍ കുറിച്ചു.