മലയാളി മനസുകളില്‍ തരംഗം തീര്‍ത്ത ചിത്രമാണ് നീലത്താമര. യൂസഫലി കേച്ചേരി സംവിധാനം ചെയ്ത ആദ്യ നീലത്താമരയില്‍ നായകനായി അഭിനയിച്ച രവികുമാര്‍ അപ്രതീക്ഷിത മരണത്തിനു കീഴടങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ ഒന്‍പതു മണിയോടെ അവിടെവച്ചായിരുന്നു അന്ത്യം സംഭവിച്ചത്. തൃശൂര്‍ സ്വദേശിയാണെങ്കിലും അദ്ദേഹം സെറ്റില്‍ ചെയ്തത് ചെന്നൈയിലായിരുന്നു. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഭൗതികശരീരം ഇന്ന് ചെന്നൈ വല്‍സരവാക്കത്തെ വസതിയിലെത്തിക്കും. സംസ്‌കാരം നാളെ നടക്കുമെന്നാണ് വിവരം.
തൃശൂര്‍ സ്വദേശികളായ കെ.എം.കെ.മേനോന്റെയും ആര്‍.ഭാരതിയുടെയും മകനായ രവികുമാര്‍ ചെന്നൈയിലാണ് ജനിച്ചത്. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണെങ്കിലും സ്വകാര്യ വിവരങ്ങള്‍ മറ്റൊന്നും തന്നെ ലഭ്യമായിട്ടില്ല. 1967ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മധുവിനെ നായകനാക്കി എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1976ല്‍ റിലീസ് ചെയ്ത 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തില്‍ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകള്‍, അങ്ങാടി, സര്‍പ്പം, തീക്കടല്‍, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍,
1970 കളിലും 80 കളിലും നായക, വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്താണ് രവികുമാര്‍ ശ്രദ്ധേയനാകുന്നത്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്റെ മികവ് തെളിയിച്ചു. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഒരു വര്‍ഷം മുമ്പു വരെയ്ക്കും തമിഴ് സീരിയലുകളിലും അദ്ദേഹം സജീവമായിരുന്നു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായതോടെയാണ് അഭിനയ ലോകത്തു നിന്നും അദ്ദേഹം ഇടവേളയെടുത്തതും ചികിത്സ തുടങ്ങിയതും.
എന്നാല്‍ ഇന്നലെയോടെ ആരോഗ്യ സ്ഥിതി ഏറെ വഷളായ അവസ്ഥയിലായിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്. മലയാള തമിഴ് സിനിമാ ലോകം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് ഇപ്പോള്‍.