അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും സുരാജും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജ് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫറിന്റെ ചിത്രീകരണത്തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. ഇന്ന് വാഗമണ്ണില്‍ ഷെഡ്യൂള്‍ പാക്കപ്പാകും . അടുത്ത ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത് മുംബയിലാണ്.മാര്‍ച്ച് 28-നാണ് ലൂസിഫര്‍ തിയേറ്ററുകളിലെത്തുന്നത്. ലൂസിഫര്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയത്തിലും നിര്‍മ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പൃഥ്വിരാജിന്റെ തീരുമാനം.
മാര്‍ച്ചില്‍ തുടങ്ങുന്ന സച്ചി ചിത്രത്തിന് ശേഷം ഒരുപിടി ചിത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് പൃഥ്വിരാജ് .സച്ചിയുടെ ചിത്രത്തിന് ശേഷം കലാഭവന്‍ ഷാജോണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബ്രദേഴ്‌സ് ഡേയിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.ആക്ഷനും കോമഡിയുമെല്ലാം നിറഞ്ഞ ഒരു എന്റര്‍ടെയ്നറായിരിക്കും ബ്രദേഴ്‌സ് ഡേയെന്ന് ഷാജോണ്‍ പറഞ്ഞു.അടുത്ത കൊല്ലം പൃഥ്വിരാജ് ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം നവാഗതനായ എസ്. മഹേഷ് സംവിധാനം ചെയ്യുന്ന കാളിയനാണ്.