മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. ബണ്ണി, ആര്യ, ഹാപ്പി എന്നീ ചിത്രങ്ങളെല്ലാം മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. കേരളം തന്റെ രണ്ടാം വീടാണെന്ന് അല്ലു ഇതിന് മുന്നേ തുറന്ന് പറഞ്ഞിരുന്നതാണ്. ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കണമെന്ന മോഹവും അല്ലു തുറന്ന് പ്രകടിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഒരു മലയാളിസംവിധായകനും ഇതുവരെ തന്നോട് കഥ പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോൾ അല്ലു വെളിപ്പെടുത്തന്നത്.
‘ഇന്ത്യയിലെ എല്ലാ താരങ്ങള്‍ക്കും മലയാള സിനിമയോട് പ്രത്യേക ബഹുമാനമുണ്ട്. ചര്‍ച്ചകളിലും മലയാള സിനിമകള്‍ കടന്നുവരാറുണ്ട്. ഒരുപാട് നല്ല നടന്മാരുള്ള നാടാണ് കേരളം. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഒരുപാട് മികച്ച യുവതാരങ്ങളുമുണ്ട്. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, നിവിന്‍ പോളി… എല്ലാവരും ഒരുപാട് കഴിവുള്ള നടന്മാര്‍. എന്നാല്‍, എപ്പോള്‍ ഒരു മലയാളം സിനിമയുണ്ടാകും എന്ന് ചോദിച്ചാല്‍…? ഒരു ഉത്തരം മാത്രമേയുള്ളൂ… ഒരു മലയാളി സംവിധായകനും ഇതുവരെ എന്നോട് കഥ പറഞ്ഞിട്ടില്ല. കുറേക്കാലമായി ഒരു മലയാളിസംവിധായകന്റെ വരവിനായി ഞാനും കാത്തിരിക്കുകയാണ്.’
‘സിനിമാമേഖലയില്‍ എല്ലാവര്‍ക്കും പരസ്പരം കണക്ഷനുകള്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം. അതല്ലെങ്കില്‍ എന്നിലേക്കെത്താന്‍ ചെറിയൊരു പരിശ്രമത്തിന്റെ ആവശ്യമേയുള്ളൂ. എന്റെ ഓഫീസില്‍ ഒന്ന് വിളിക്കുക. ഈയൊരു ശ്രമം നടത്താന്‍ എല്ലാ മലയാളി സംവിധായകരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അല്ലു അര്‍ജുന്‍ പറഞ്ഞു.