Latest News

പ്രണയത്തിന്റെ വേറിട്ടഭാവങ്ങള്‍ പകര്‍ന്ന് ടൊവിനോ ചിത്രം ലൂക്ക; ശില്‍പിയായി ടൊവിനോ തകര്‍ത്തപ്പോള്‍ രണ്ടാം വരവില്‍ അതിഗംഭീര പ്രകടനവുമായി അഹാനയും; ഇഴഞ്ഞ് തുടങ്ങുന്ന ഒന്നാം പകുതിയും; പ്രണയം പറയുന്ന രണ്ടാം പകുതിയും; വേറിട്ട പ്രമേയവുമായി എത്തിയ ലൂക്ക ഒരു ഡ്രാമാറ്റിക്ക് പ്രണയചിത്രം 

എം.എസ് ശംഭു
 പ്രണയത്തിന്റെ വേറിട്ടഭാവങ്ങള്‍ പകര്‍ന്ന് ടൊവിനോ ചിത്രം ലൂക്ക; ശില്‍പിയായി ടൊവിനോ തകര്‍ത്തപ്പോള്‍ രണ്ടാം വരവില്‍ അതിഗംഭീര പ്രകടനവുമായി അഹാനയും; ഇഴഞ്ഞ് തുടങ്ങുന്ന ഒന്നാം പകുതിയും; പ്രണയം പറയുന്ന രണ്ടാം പകുതിയും; വേറിട്ട പ്രമേയവുമായി എത്തിയ ലൂക്ക ഒരു ഡ്രാമാറ്റിക്ക് പ്രണയചിത്രം 

'അസ്വാഭാവിക മരണം നടന്ന വീട്ടില്‍ ഇന്‍ക്വസ്റ്റ്നടപടികള്‍ പൂര്‍ത്തിയാക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍. വീടിന്റെ അന്തരീക്ഷം എന്നത് ഒരു കലാകാരന്റെ വീടെന്ന് അടയാളപ്പെടുത്തവണ്ണം ചിത്രഭംഗികളും ശില്‍പങ്ങളും' തുടക്കത്തില്‍ തന്നെ കഥ ട്രാജഡിയിലുടെ കടന്നു പോകുന്നു!പിന്നീട് ഭൂതകാലത്തിന്റെ വിവരണം. അടുത്തകാലത്ത് പ്രണയകഥകള്‍ ധാരാളം വന്നിട്ടുണ്ടെങ്കിലും ഇവയില്‍ നിന്നെല്ലാം ഏറെ വ്യത്യസ്ത്ഥമാണ് അരുണ്‍ ബോസിന്റെ സംവിധാനത്തിലും കഥയിലും പുറത്തിറങ്ങിയ ടൊവിനോ തോമസ് ചിത്രം ലൂക്ക.

നായകന്റെ മരണത്തോടെ കഥയെ വിവരിച്ചു തുടങ്ങുന്നു. കലാകാരനായ ലൂക്ക എന്ന ചെറുപ്പക്കാരന്റെ ജീവിതവും പ്രണയവും ഇഴകലര്‍ന്ന് ആസ്വാദനലഹരി സമ്മാനിക്കുന്ന രണ്ട് മണിക്കൂര്‍. അതിലുപരി പ്രണയത്തിന്റെ അതിവൈകാരിക ഭാവങ്ങളും ചേര്‍ത്തുപിടിക്കലും നഷ്ടബോധത്തിന്റെ അലയൊലികളും സന്തോഷവും സങ്കടങ്ങളും അതിതീവ്രമായി തന്നെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമ കടന്ന് പോകുന്നത്.

കൊച്ചിയെ കാണിച്ചികൊണ്ടാണ് കഥ തുടങ്ങുന്നത് പ്രശസ്തനായ ശില്‍പിയും ചിത്രകാരനുമൊക്കെയായ ലൂക്ക എന്നയാള്‍ കൊല്ലപ്പെടുന്നു. കേസ് അന്വേഷിക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അക്ബര്‍ ഹുസൈന്‍ എന്ന കഥാപാത്രമായി നിഥിന്‍ ജോര്‍ജ് എന്ന നടന്‍ കടന്നെത്തുന്നു. ലൂക്കയുടെ കഥ പറഞ്ഞുപോകുമ്പോള്‍ തന്നെ കേസ് അന്വേഷിക്കുന്ന അക്ബര്‍ ഹുസൈന്റെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളെയെല്ലാം നാടകീയമായ രീതിയില്‍ കോര്‍ത്തിണക്കി കഥ മുന്നോട്ട് പോകുന്നു.ലൂക്കയുടെ മരണത്തെ പിന്തുടര്‍ന്ന് അന്വേഷണ വഴിയില്‍ നീഹാരിക എന്ന സുഹൃത്തിന്റെ മരണവും കടന്നെത്തുന്നു.

ഇവയിലേക്കുള്ള അന്വേഷണത്തിന്റെ വെള്ളിവെളിച്ചമാണ് ചിത്രം. കഥ വാര്‍ത്തമാനകാലത്തിലൂടെ പറഞ്ഞുപോകുമ്പോള്‍ തന്നെ ഇവയില്‍ നിന്ന് ലൂക്കയുടെ മരണത്തിലെ അന്വേഷണം നീളുന്നത് പിന്നീട് ഭൂതകാലത്തേക്കാണ്. കൊല്ലപ്പെട്ട ലൂക്കയുടെ അടുത്ത സുഹൃത്തുക്കളിലും വീട്ടുജോലിക്കാരിലേക്കും നീളുന്ന ചോദ്യം ചെയ്യലില്‍ നീഹാരിക എന്ന പെണ്‍കുട്ടിയിലേക്ക് അക്ബറിന്റെ അന്വേഷണം എത്തുന്നു. ആരാണ് നീഹാരിക, ലൂക്കയുടെ മരണവും നീഹാരികയും തമ്മിലുള്ള ബന്ധം എന്നിവ എന്താണ് എന്നുള്ള അന്വേണവും കണ്ടെത്തലുമൊക്കെയാണ് ചിത്രം. ഒരേ സമയം ഇന്‍വസ്റ്റിഗേറ്റിങ് ത്രില്ലര്‍ എന്നു പറയാന്‍ സാധിക്കുമ്പോള്‍ തന്നെ ഒരു പ്രണയഡ്രാമയെന്നും ചിത്രത്തെ വര്‍ണിക്കാന്‍ സാധിക്കുന്നു. 

പ്രണയിച്ച് തകര്‍ത്ത് ടൊവിനോയും അഹാനയും

ടൊവിനോയുടെ കലാകാരന്‍  മേക്കോവര്‍ അതിഗംഭീരം തന്നെയാണ്. ബിനാലെ ആര്‍ട്ടിസ്റ്റായും ചിത്രകാരനായും ചായക്കൂട്ടുകുളിലും തന്റെ ശില്‍പങ്ങളുടെ ലോകത്തും മാത്രം ഒതുങ്ങി കൂടുന്ന വ്യക്തിയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്ന ലൂക്ക എന്ന കഥാപാത്രം. ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടമായ ലൂക്കയെ ചിത്രത്തിന്റെ ചായക്കൂട്ടുകള്‍ പഠിപ്പിക്കുന്നത് സന്തോഷ് ശര്‍മ അവതരിപ്പിക്കുന്ന ശിവന്‍ എന്ന കഥാപാത്രമാണ്.മരണത്തെ സദാ ഭയപ്പെടുന്ന മരണക്കാഴ്ചകളില്‍ അസ്വസ്ഥനാകുന്ന ലൂക്കയുടെ ലോകത്തിലേക്ക് അപ്രതീക്ഷിത അതിഥിയായിട്ടാണ് അഹാന കൃഷ്ണന്‍ അവതരിപ്പിക്കുന്ന നീഹാരിക എന്ന കഥാപാത്രം കടന്നെത്തുന്നത്.

സയന്റിഫിക് കെമിസ്ട്രിയില്‍ ഗവേഷകയായ നീഹാരിക ബാനര്‍ജി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അഹാന എത്തുന്നത്. ബിനാലെയില്‍ വച്ച് അപരിചിതമായി ലൂക്കയെ കണ്ടുമുട്ടുന്നു. പിന്നീട് ലൂക്കയുടെ ജീവിതത്തില്‍ നീഹാരിക വരുത്തുന്ന മാറ്റങ്ങള്‍, പ്രണയരംഗങ്ങള്‍ എന്നിവയൊക്കായണ് ചിത്രം. സുഹൃത്ത് എന്ന നീഹാരികയുടെ അടുപ്പം ഒടുക്കം പ്രണയം വരെ എത്തുന്നു.

ഇതിനിടയില്‍ ഏറെ നര്‍മം ചാലിച്ച കഥാസന്ദര്‍ഭങ്ങളും ചിത്രത്തിന്റേയും കലയുടേയും ലോകത്തെ മാന്ത്രിക കാഴ്ചകളുമെല്ലാം പ്രേക്ഷകന് ഹൃദയാസ്വാദനം പോലെ കിട്ടിയിരിക്കും. അതി വൈകാരികം തന്നെയാണ് ചിത്രത്തിലെ പ്രണയരംഗം എന്നല്ലാതെ മറ്റൊന്നും പറയാന്‍ സാധിക്കുന്നില്ല.

ഫര്‍ഹാന്‍ ഫാസിലിനൊപ്പം സ്റ്റീവലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണകുമാറെന്ന നടി വെള്ളിത്തിരയിലേക്ക് ആദ്യമായി എത്തിയത്. ഈ ചിത്രം വാണിജ്യപരമായി പരാജയപ്പെട്ട് പോയെങ്കിലും പിന്നീട് മലയാളത്തില്‍ അധികം അവസരം ലഭിക്കാതിരുന്ന നടിയുടെ തിരിച്ചുവരവാണെന്നാണ് പറയാന്‍ സാധിക്കുക. അതിവൈകാരികമായ പല രംഗങ്ങളും അതിഗംഭീരമായിട്ടാണ് അഹാന അവതരിപ്പിച്ചത്. പാര്‍വതിയ്ക്ക് ലഭിക്കേണ്ടിയിരുന്ന റോള്‍ അഹാനയ്ക്ക് ലഭിച്ചതാണോ എന്നൊക്കെ. ഒരുപക്ഷേതോന്നിപ്പോയേക്കാം.

 

തീര്‍ത്തും റിയലിസ്റ്റിക്കായ അഭിനയ ചാരുത കൊണ്ട് തന്നെ നീഹാരിക എന്ന കഥാപാത്രത്തെ അതിഗംഭീരമായി അഹാന അഭിനയിച്ച് തകര്‍ത്തിട്ടുണ്ട്. തീര്‍ത്തും മനോഹരമായ ഒരു പ്രണയകഥ അതിന്റെ തീര്‍ത്തും വ്യത്യസ്ഥമായ ക്ലൈമാക്‌സിലെത്തിച്ചാണ് അവസാനിപ്പിക്കുന്നത് തന്നെ. കഥ ലൂക്കയുടെ മരണത്തിന്റെ അന്വേഷണങ്ങള്‍ തേടുന്ന പോലെ തന്നെ അക്ബര്‍ എന്ന കഥാപാത്രത്തിന്റെ ജീവിതസംഘര്‍ഷങ്ങളിലൂടെയും കടന്ന് പോകുന്നു. 


മലയാളത്തില്‍ ഒരു പുതുമുഖ നടന്‍ കാഴ്ചവെച്ച മികച്ച പ്രകടനം തന്നെയായിരുന്നു നിഥിന്‍ ജോര്‍ജിന്റെ പൊലീസ് റോള്‍. സി.ഐ ആയ അക്ബറിന്റെ ഭാര്യയായി വീനിത കോശിയുടെ ഫാത്തിമ എന്ന കഥാപാത്രം കടന്നുവരുന്നു. ചിത്രത്തിന്റെ മൂഡ് എന്നത് തന്നെ ഓരോ സന്ദര്‍ഭത്തിലും കടന്നുവരുന്ന മഴയാണ്. എല്ലാ ഫ്രയിമിലും മഴ ഒരു അടയാളപ്പെടുത്തലായി കടന്നെത്തുന്നു. ഇതിനോടൊപ്പം പശ്ചാത്തല സംഗീതം കൂടി ചേരുമ്പോഴുള്ള വൈകാരിക രംഗങ്ങളൊക്കെ അതിഗംഭീരമാണ്. പ്രണയും പ്രണയത്തിലെ ശാരീരമായ അടുപ്പവും നഷ്ടബോധത്തിന്റെ നേര്‍കാഴ്ചകളും എല്ലാം തന്നെ ഹൃദയഭേദകമാകുന്ന രീതിയാലാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒരല്‍പം ഡ്രാമാറ്റിക് രീതിയലേക്ക് തോന്നുന്നത് ചില രംഗങ്ങളില്‍ മാത്രമാണ്. നാടകരീതിയിലുള്ള സംഭാഷണങ്ങള്‍ അവതരിപ്പിക്കുന്ന പൊലീസുകാരന്‍, ഇദ്ദേഹത്തിന്റെ ഭാര്യയായി എത്തുന്ന വിനീത കോശിയും ചേര്‍ന്ന രംഗങ്ങള്‍ ചില സ്ഥലത്ത് ബോരഡിപ്പിക്കും. എങ്കിലും ടൊവിനോ നീഹാരിക പ്രസന്‍സാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. ചിത്രത്തിന്റെ കഥയൊരുക്കിയ അരുണ്‍ബോസ്, മൃതുലാ ജോര്‍ജ് എന്നിവര്‍ പ്രശംസ അര്‍ഹിക്കുന്നുണ്ട്. ഛായാഗ്രഹണം ഒരുക്കിയ നിമിഷ് രവി, സൂരജ് എസ് കുറുപ്പിന്റെ സംഗീതം എന്നിവ തന്നെയാണ് ചിത്രത്തിലെ എടുത്ത് പറയേണ്ട സാങ്കേതിക വശങ്ങള്‍. 

Read more topics: # luca movie review
luca movie review

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES