Latest News

'അമ്മിണിപ്പിള്ള': പ്രസക്തമായ ഒരു പ്രമേയത്തിൽ എടുത്ത ലളിതമായൊരു സിനിമ; നവാഗതരുടെത് എന്ന നിലയിൽ പാസ് മാർക്ക് കൊടുക്കാവുന്ന ചിത്രം നിങ്ങളെ ബോറടിപ്പിക്കില്ല; അതിനപ്പുറം അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ച് തിയേറ്ററിലേക്ക് പോവരുത്; ഫറ ശിബിലയുടേത് കിടിലൻ മേക്കോവർ; ആസിഫ് അലിയുടേത് സമീപകാലത്തെ മികച്ച കഥാപാത്രം

കെ വി നിരഞ്ജൻ
'അമ്മിണിപ്പിള്ള': പ്രസക്തമായ ഒരു പ്രമേയത്തിൽ എടുത്ത ലളിതമായൊരു സിനിമ; നവാഗതരുടെത് എന്ന നിലയിൽ പാസ് മാർക്ക് കൊടുക്കാവുന്ന ചിത്രം നിങ്ങളെ ബോറടിപ്പിക്കില്ല; അതിനപ്പുറം അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ച് തിയേറ്ററിലേക്ക് പോവരുത്; ഫറ ശിബിലയുടേത് കിടിലൻ മേക്കോവർ; ആസിഫ് അലിയുടേത് സമീപകാലത്തെ മികച്ച കഥാപാത്രം

വിവാഹ മോചനങ്ങൾ വർധിച്ചുവരുന്ന കാലമാണിത്. നിസ്സാര കാര്യങ്ങൾക്ക് പോലും വളരെയെളുപ്പം ബന്ധം പിരിയാൻ ഭാര്യാഭർത്താക്കന്മാർ തയ്യാറാവുന്നു. ഇത്തരമൊരു കാലത്ത് ഏറെ പ്രസക്തമായൊരു പ്രമേയവുമായാണ് ദിൻജിത്ത് അയ്യത്താൻ എന്ന നവാഗത സംവിധായകൻ 'OP160/18 കക്ഷി അമ്മിണിപ്പിള്ള'യിലൂടെ അരങ്ങേറ്റം കുറിക്കുന്നത്. ലളിത സുന്ദരമായി അയ്യത്താൻ കഥ പറയുന്നുണ്ടെങ്കിലും വലിച്ചുനീട്ടലും മറ്റുമായി കാഴ്ചയുടെ സുഖം ചിലയിടത്ത് കളഞ്ഞു കുളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശരാശരിക്ക് തൊട്ടുമുകളിൽ നിൽക്കുന്നൊരു കാഴ്ചാനുഭവം എന്ന് അമ്മിണിപ്പിള്ളയെ വിശേഷിപ്പിക്കാം.

വിവാഹമോചനവും കോടതി നടപടിക്രമങ്ങളുമെല്ലാമായി വിരസമാകാൻ സാധ്യതയുള്ള കഥഘടനയാണ് ചിത്രത്തിന്റേത്. എന്നാൽ കോടതി രംഗങ്ങൾ ഉൾപ്പെടെ നർമ്മത്തിൽ ചാലിച്ച് ആസ്വാദ്യകരമാക്കിയെങ്കിലും മറ്റ് പലയിടത്തും വലിച്ചുനീട്ടലുകൾ അനുഭവപ്പെടുന്നതാണ് ചിത്രത്തിന്റെ പോരായ്മ. എന്നിരുന്നാലും ആദ്യചിത്രമെന്ന തോന്നൽ ഉണ്ടാക്കാത്ത വിധത്തിൽ അമ്മിണിപ്പിള്ളയുടെ ജീവിതവും കോടതി വ്യവാഹാരങ്ങളെയുമെല്ലാം അണിയിച്ചൊരുക്കാൻ ദിൻജിത്ത് അയ്യത്താന് സാധിച്ചിട്ടുണ്ട്.

ഷജിത് കുമാർ അഥവാ വീട്ടുകാരുടെയും ബന്ധുക്കളുടെയും അമ്മിണിപ്പിള്ളയുടെ ( ചിത്രത്തിൽ അഹമ്മദ് സിദ്ദിഖ്-സാൾട്ട് ആൻഡ് പെപ്പർ കെ ടി മിറാഷ്) വിവാഹത്തോടെയാണ് കഥയുടെ തുടക്കം. വീട്ടിൽ പ്രത്യേകിച്ച് വോയ്‌സ് എന്തെങ്കിലും ഉള്ളയാളല്ല അമ്മിണിപ്പിള്ള. വീട്ടുകാർ പറയും. അത് അനുസരിക്കും. വിവാഹത്തിന്റെ കാര്യത്തിലും സ്ഥിതി അതുതന്നെ. വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് നേരിട്ട് പെണ്ണുകാണുക പോലും ചെയ്യാതെ അയാൾ കാന്തി ശിവദാസനുമായുള്ള (ഫറ ശിബില) വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു. ഏറെ തടിയുണ്ട് കാന്തിക്ക്. അതിൽ അമ്മിണിപ്പിള്ളയ്ക്ക് വല്ലാതെ നിരാശയുണ്ട്. രാത്രിയിൽ കാന്തിയുടെ വലിയ കൂർക്കം വലി കൂടിയായപ്പോൾ വിവാഹജീവിതമേ അയാൾക്ക് മടുക്കുന്നു.

ഭാര്യയുടെ വാരിവലിച്ചുള്ള തീറ്റ ഉൾപ്പെടെ സഹിക്കാൻ പറ്റാതായപ്പോൾ പഴനിയിലേക്കുള്ള ഹണിമൂൺ യാത്രയ്ക്കിടെ അയാൾ തനിക്ക് ഡിവോഴ്‌സ് വേണം എന്നാവശ്യപ്പെടുന്നു. തലശ്ശേരിയിലെ രാഷ്ട്രീയ പ്രവർത്തകനും വക്കീലുമെല്ലാമായ അഡ്വ. പ്രദീപൻ മഞ്ഞോടിയുടെ ( ചിത്രത്തിൽ ആസിഫലി) അടുക്കലാണ് അമ്മിണിപ്പിള്ള എത്തിപ്പെടുന്നത്. വളരെ രസകരമായി മനോഹരമായ നർമ്മത്തിന്റെ അകമ്പടിയോടെയാണ് ഇത്രയും നേരം കഥ അവതരിപ്പിക്കുന്നത്. എന്നാൽ പിന്നീട് കഥയ്ക്ക് ഒഴുക്ക് കുറഞ്ഞ് പലപ്പോഴും ദുർബലമാകുകയാണ്. ആദ്യപകുതിക്ക് ശേഷമാണ് പിന്നീട് കഥ ഒന്ന് ട്രാക്കിലേക്ക് കയറുന്നത്. ആദ്യപകുതിയിലെ തമാശകൾ പലതും ചിരിപ്പിക്കും.

നിഷ്‌ക്കളങ്കനാണ് അമ്മിണിപ്പിള്ള. ഓമനയായി കൊഞ്ചിച്ച് കൂട്ടിലിട്ട് വളർത്തിയതിന്റെ എല്ലാം തകരാറുകളും അയാൾക്കുണ്ട്. വിവാഹമോചനത്തിന് സമീപിച്ച അമ്മിണിപ്പിള്ള ഒടുവിൽ പ്രദീപൻ മഞ്ഞോടി വക്കീലിന് തന്നെ തലവേദനയായി മാറുകയാണ്. വക്കീൽ മാത്രമല്ല പ്രദീപൻ എ വൈ എഫ് ഐ എന്ന യുവജന സംഘടനയുടെ നേതാവ് കൂടിയാണ്. തെരഞ്ഞെടുപ്പിലൊരു സീറ്റ് ഉൾപ്പെടെയുള്ള സ്വപ്നങ്ങളുള്ള അയാൾ ഭാര്യ നിമിഷയ്ക്കും ചേട്ടൻ പ്രകാശനും അമ്മയ്ക്കുമൊപ്പമാണ് താമസം. ഇവരുടെ കുടുംബ ബന്ധമെല്ലാം രസകരമായാണ് അവതരിപ്പിക്കുന്നത്. കേസിന്റെ ആദ്യഘട്ടത്തിൽ അമ്മിണിയുടെയും പ്രദീപന്റെയും വാദങ്ങളെല്ലാം തള്ളിപ്പോകുന്നു. എന്നാൽ കഥയുടെ നിർണ്ണായകമായൊരു ഘട്ടത്തിൽ വെച്ച് പ്രദീപൻ ഈ കേസിനെ തനിക്ക് ഗുണകരമാകുന്നതരത്തിൽ മാറ്റിവിടുന്നതാണ് കഥയുടെ പ്രധാന വഴിത്തിരിവ്. പ്രദീപന്റെ രാഷ്ട്രീയ ബുദ്ധി അമ്മിണിയുടെയും കാന്തിയുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് ചിത്രം പിന്നീട് പറയുന്നത്.

വിവാഹ മോചനങ്ങൾ ഉണ്ടാകുന്നത്?

ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നങ്ങളെല്ലാം വിവാഹമോചനത്തിലേക്ക് എത്തുന്ന ദയനീയ കാഴ്ചകളാണ് ഇന്ന് കാണുന്നത്. ദാമ്പത്യത്തിലൂടെ രണ്ട് അഭിനേതാക്കളല്ല ഉണ്ടാവേണ്ടതെന്ന് കഥയിലൊരിടത്ത് പറയുന്നുണ്ട്. പുറമെ അഭിനയിച്ച് ജീവിക്കുന്നതല്ല ദാമ്പത്യമെന്നും അത് അറിഞ്ഞ് മനസ്സിലാക്കിക്കൊണ്ടുള്ള ഒരു യാത്രയാണെന്നും സിനിമ വ്യക്തമാക്കുന്നു. വിവാഹമോചനം തേടി വരുന്നുണ്ടെങ്കിലും അമ്മിണിപ്പിള്ള പ്രശ്‌നക്കാരനല്ല. ഒന്നും ചെയ്യാൻ കഴിയാതെ.. സ്വന്തമായൊരു ഇഷ്ടത്തിനും വിലയില്ലാതെ ജീവിച്ചുപോന്നവന്റെ വേദനയാണ് ഒരു തരത്തിൽ വിവാഹമോചനമെന്ന ചിന്തയിലേക്ക് നയിക്കുന്നത്. വീട്ടിൽ നിന്നിറക്കിവിടുന്ന അമ്മിണിപ്പിള്ള പിന്നീട് കഴിയുന്നത് പ്രദീപൻ മഞ്ഞോടിയുടെ വക്കീൽ ഓഫീസിലാണ്. അവിടെയാണ് അയാൾ സൗഹൃദവും ജീവിതത്തിലെ നർമ്മങ്ങളുമെല്ലാം തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെയാണ് കല്ല്യാണം കഴിച്ചത് നന്നായി.. അതുകൊണ്ടല്ലേ വിവാഹമോചനത്തെപ്പറ്റി ചിന്തിച്ചത്. അങ്ങിനെയല്ലേ വക്കീലിനെ പരിചയപ്പെടാൻ പറ്റിയത്. അതുകൊണ്ട് ജീവിതത്തിലെ സന്തോഷമെന്തെന്ന് അറിഞ്ഞുവെന്ന് അയാൾ നിഷ്‌ക്കളങ്കമായി വക്കീലിനോട് പറയുന്നുണ്ട്.

പൊരുത്തമില്ലാത്ത വിവാഹത്തിലേക്ക് ആരെയും തള്ളിവിടരുതെന്ന് വ്യക്തമാക്കുന്ന സിനിമ തന്നെ ബന്ധത്തിന്റെ ദൈർഘ്യം എല്ലാം ശരിയാക്കും എന്ന് നേർവിപരീതമായും സംസാരിക്കുന്നുണ്ട്. അമ്മിണിയും കാന്തിയും വീണ്ടും അടുക്കുന്നുണ്ടെങ്കിലും പിരിഞ്ഞ രണ്ടുപേർ അടുക്കാൻ വേണ്ട സാഹചര്യങ്ങളെ തീവ്രതയോടെ അവതരിപ്പിക്കുന്നതിൽ സിനിമ പരാജയപ്പെടുന്നു. കാന്തി വന്ന് അടുത്ത് താമസിച്ച് രണ്ടു ദിവസം ഭക്ഷണമെല്ലാം ഉണ്ടാക്കുന്നതോടെ അമ്മിണിപ്പിള്ളയുടെ ഇഷ്ടക്കേടെല്ലാം മാറി വീണ്ടും പ്രണയം തുടങ്ങുകയാണ്. സിനിമയുടെ മർമ്മപ്രധാനമായ ഈ ഭാഗങ്ങൾ കുറേക്കൂടി തീവ്രതയോടെ ഉള്ളിൽ തട്ടും വിധത്തിൽ പറയാൻ സംവിധായകന് സാധിക്കുന്നില്ല. അത്രത്തോളം വിശ്വസനീയമല്ലെങ്കിലും ഇങ്ങനെയല്ലാതൊരു ക്ലൈമാക്‌സ് പ്രേക്ഷകർ അംഗീകരിക്കാനുമിടയില്ല. ഊഹിക്കാൻ കഴിയുന്ന ക്ലൈമാക്‌സ് ആണെങ്കിലും പ്രേക്ഷകരെ അത് തൃപ്തിപ്പെടുത്തുന്നുണ്ട്. മികച്ച രീതിയിൽ തുടങ്ങി ശരാശരിയിലൂടെ സഞ്ചരിച്ച് താളം തിരിച്ചുപിടിച്ച് കുഴപ്പമില്ലാതെ അവസാനിക്കുന്നൊരും ചിത്രമെന്ന് പൊതുവായി അമ്മിണിപ്പിള്ളയെ വിലയിരുത്താം. വലിച്ചുനീട്ടലുകളെയും ഇടയ്ക്കുള്ള ദുർബല തമാശകളെയും അനാവശ്യ രംഗങ്ങളെയും അവഗണിച്ചാൽ കണ്ടിരിക്കാവുന്ന ഒരു ഫീൽ ഗുഡ് ചിത്രം. സങ്കീർണ്ണതകളോ ജാഡകളോ ഇല്ലാതെ ചെറുവിഷയത്തെ ലളിതമായി അവതരിപ്പിക്കാൻ സാധിച്ചിരിക്കുന്നു എന്നത് തന്നെയാണ് സിനിമയുടെ മേന്മ.

ഫറ ശിബിലയുടേത് കിടിലൻ മേക്കോവർ

മലയാളി സിനിമാ ലോകത്ത് കാലങ്ങളായി നിന്നുപോന്ന വെളുത്തു മെലിഞ്ഞു സുന്ദരിയായ നായികാ സങ്കൽപ്പമെല്ലാം അടുത്തകാലത്ത് പൊളിച്ചെഴുതപ്പെടുന്നുണ്ട്. സ്വന്തം ശരീരത്തിൽ നിരാശ തോന്നാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന നായികമാർ, എന്നോ ഉണ്ടാക്കിവെച്ച ബിംബങ്ങളെയാണ് തച്ചുടയ്ക്കുന്നത്. തടിച്ച്, വാരിവലിച്ച് ഭക്ഷണം കഴിക്കുന്ന, ഉച്ചത്തിൽ കൂർക്കം വലിക്കുന്ന ഇതിലെ നായിക കാന്തി ശിവദാസനെ പ്രേക്ഷകർ വല്ലാതെ ഇഷ്ടപ്പെടുമെന്ന് തീർച്ചയാണ്. ഈ സിനിമയ്ക്ക് വേണ്ടി ഇരുപത് കിലോയോളം തൂക്കം വർദ്ധിപ്പിച്ച ഫറ ശിബില എന്ന നടിയുടെ മേക്കോവർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കഥാപാത്രത്തിനായി നടത്തിയ ശ്രമങ്ങൾ വിജയം കണ്ടുവെന്ന് വ്യക്തമാണ്. അവതാരികയും സഹനഡിയുമായ ഫറയുടെ ആദ്യ നായികാ വേഷവുമാണ് ഇത്. ടൈറ്റിൽ വേഷത്തിൽ അമ്മിണിപ്പിള്ളയും നായകനായി പ്രദീപൻ മഞ്ഞോടിയും ഉണ്ടെങ്കിലും സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് കാന്തി ശിവദാസൻ തന്നെയായിരിക്കും.

പ്രദീപൻ മഞ്ഞോടിയായി ആസിഫ് അലി മികച്ച പ്രകടനം കാഴ്ച വെച്ചു. സമീപകാലത്ത് കാലത്ത് കണ്ട ആസിഫിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിലേത്. തലശ്ശേരി സംഭാഷണം മികച്ചതായില്ലെങ്കിലും ബോറാക്കിയിട്ടില്ല എന്നൊരാശ്വാസമുണ്ട്. ഷജിത് എന്ന അമ്മിണിപ്പിള്ളയായി അഹമ്മദ് സിദ്ദിഖ് ഗംഭീരമായി. സാൾട്ട് ആൻഡ് പെപ്പറിലെ കെ ടി മിറാഷിന്റെ മറ്റൊരു രൂപം ആണെന്ന് തന്നെ പറയം അമ്മിണിപ്പിള്ളയെ. വക്കീലും മാപ്പിളപ്പാട്ട് ഗായകനുമായ പിലാക്കൂൽ ഷംസുവായെത്തുന്ന ബേസിൽ ജോസഫും അമ്മിണിപ്പിള്ളയുടെ സുഹൃത്ത് മുകേഷായെത്തുന്ന നിർമ്മൽ പാലാഴിയും പലപ്പോഴും ചിരിപ്പിക്കുന്നുണ്ട്. കുടുംബ കോടതി ജഡ്ജിയായെത്തുന്ന ശ്രീകാന്ത് മുരളി, പ്രദീപന്റെ ചേട്ടൻ പ്രകാശനാവുന്ന സുധീഷ്, ആർ പി വക്കീലായെത്തുന്ന വിജയരാഘവൻ എന്നിവരും മികച്ചു നിന്നു. ലുക്ക് മാന്റെയും സുധീർ പറവൂരിന്റെയുമെല്ലാം കഥാപാത്രങ്ങൾക്ക് കുറേക്കൂടി പ്രാധാന്യം നൽകാമായിരുന്നെന്ന് തോന്നി. അശ്വതി മനോഹരൻ, മാമുക്കോയ, ബാബു സ്വാമി,സരസ ബാലുശ്ശേരി, രാജേഷ് ശർമ്മ, ശിവദാസൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പറഞ്ഞ് കാടുകയറുന്നതും കോമഡിക്കായുള്ള ദുർബല ശ്രമങ്ങളുമെല്ലാം ഒഴിച്ചു നിർത്തിയാൽ തരക്കേടില്ല സനിലേഷ് ശിവന്റെ തിരക്കഥ. ബാഹുൽ രമേശിന്റെ ക്യാമറാക്കാഴ്ചകളും മനോഹരം. തലശ്ശേരിയുടെ ഭംഗിയും സംസ്‌ക്കാരവുമെല്ലാം കാണിക്കാനും സിനിമ ശ്രമിക്കുന്നുണ്ട്. കാഴ്ചകൾക്കൊപ്പം ചേരുമ്പോൾ സിനിമയിലെ പാട്ടുകളും രസകരമാണ്. പരസ്പരം മനസ്സിലാക്കി ജീവിച്ചാൽ മരണം വരെ സ്‌നേഹസുന്ദരമായി ജീവിക്കാമൈന്ന് വ്യക്തമാക്കിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. നവാഗതകരുടെ സിനിമ എന്ന നിലയിൽ വലിയ പരിക്കില്ലാതെ കഥ പറഞ്ഞു എന്നതിൽ പാസ് മാർക്ക് കൊടുക്കാവുന്ന സിനിമ തന്നെയാണ് കക്ഷി അമ്മിണിപ്പിള്ള. കുടുംബത്തോടൊപ്പം കണ്ടിറങ്ങാവുന്ന ഒരു കൊച്ചു സിനിമ. അതിലപ്പുറം അദ്ഭുതങ്ങളൊന്നും പ്രതീക്ഷിച്ച് തിയേറ്ററിലേക്ക് പോവരുതെന്ന് മാത്രം.

kakshi ammani pilla movie review

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES