Latest News

കഥ അടിച്ചുമാറ്റിയതാണെന്ന് ഉറപ്പുള്ള ഒരാള്‍ക്ക് മാത്രമെ റിലീസിന്റെ തലേന്ന് ഇറങ്ങാന്‍ പോകുന്ന സിനിമയുടെ കഥ പറയാന്‍പറ്റു; മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിച്ചതാണെന്ന നിഷാദ് കോയയുടെ പോസ്റ്റിനെ പിന്തുണച്ച് ഹരിഷ് പേരടിയും; സോഷ്യല്‍മീഡിയയില്‍ ചൂടന്‍ ചര്‍ച്ച

Malayalilife
കഥ അടിച്ചുമാറ്റിയതാണെന്ന്  ഉറപ്പുള്ള ഒരാള്‍ക്ക് മാത്രമെ റിലീസിന്റെ തലേന്ന് ഇറങ്ങാന്‍ പോകുന്ന സിനിമയുടെ കഥ പറയാന്‍പറ്റു; മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിച്ചതാണെന്ന നിഷാദ് കോയയുടെ പോസ്റ്റിനെ പിന്തുണച്ച് ഹരിഷ് പേരടിയും; സോഷ്യല്‍മീഡിയയില്‍ ചൂടന്‍ ചര്‍ച്ച

'ജന ഗണ മന' എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ കോപ്പിയടിയെന്ന ആരോപണം വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. തിരക്കഥാകൃത്തും എഴുത്തുകാരനുമായ നിഷാദ് കോയയാണ് ആരോപണവുമായി രംഗത്തെത്തിയത്. മലയാളി ഫ്രം ഇന്ത്യയുടെ റിലീസിന് തലേ ദിവസം ചിത്രത്തിന്റെ കഥ നിഷാദ് കോയ പുറത്തുവിടുകയായിരുന്നു.

കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ 'ഓര്‍ഡിനറി' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ് റിലീസിന് തലേദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ 'നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ' എന്നുതുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചത്.

നിഷാദ് കോയ പങ്കുവെച്ച കുറിപ്പിലെ കഥയുമായി മലയാളി ഫ്രം ഇന്ത്യക്ക് സാമ്യമുള്ളതിനാല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് അത് വഴിതുറന്നത്. എന്നാല്‍ പിന്നീട് നിഷാദ് കോയ പോസ്റ്റ് പിന്‍വലിച്ചിരുന്നു. താന്‍ തിരക്കഥ എഴുതിയ ഇന്‍ഡോ- പാക് എന്ന കഥ അടിച്ചുമാറ്റി എന്നായിരുന്നു ആരോപണം
തുടര്‍ന്ന് നിഷാദ് ചെയ്തത് മോശം പ്രവൃത്തിയാണെന്ന തരത്തില്‍ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ രംഗത്തെത്തിയിരുന്നു. 

ആരോപണം വലിയ ചര്‍ച്ചയായിരിക്കെ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്തെത്തി. തിരക്കഥാകൃത്ത് നിഷാദ് കോയയ്ക്ക് പിന്തുണയുമായാണ് ഹരീഷ് രംഗത്തെത്തിയത്. നിഷാദ് ചെയ്തത് വളരെ ശരിയായ കാര്യമാണ് എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ കഥ അടിച്ചുമാറ്റിയതാണെന്ന് പൂര്‍ണമായും ഉറപ്പുള്ള ഒരാള്‍ക്ക് മാത്രമേ സിനിമയുടെ റിലീസിന്റെ തലേന്ന് ഇറങ്ങാന്‍ പോകുന്ന സിനിമയുടെ കഥ പറയാന്‍പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.


ഹരീഷ് പേരടിയുടെ പോസ്റ്റ്

നിഷാദ് കോയ ചെയ്തത് വളരെ മോശമായ കാര്യമല്ല ..അത് വളരെ ശരിയായ ഒരു കാര്യമാണ്..തന്റെ കഥ അടിച്ചുമാറ്റിയതാണെന്ന് പൂര്‍ണ്ണമായും ഉറപ്പുള്ള ഒരാള്‍ക്ക് മാത്രമെ സിനിമയുടെ റിലീസിന്റെ തലേന്ന് ഇറങ്ങാന്‍ പോകുന്ന സിനിമയുടെ കഥ പറയാന്‍പറ്റു.. ഇറങ്ങിയ സിനിമയുടെ കഥയും അതുതന്നെ എന്ന് പോസ്റ്റ് വായിച്ച് സിനിമ കണ്ടവര്‍ പറയുന്നു...ആരുടെയോക്കയോ നിര്‍ബന്ധം കൊണ്ട് പിന്‍വലിച്ചാലും ആ പോസ്റ്റ് തന്നെയായിരുന്നു ശരി നിഷാദേ...ശരികളില്‍ ഉറച്ച് നില്‍ക്കാന്‍ നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത്...'Nishad koya from truth

നിഷാദ് കോയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്:

''ആദ്യത്തെ കാര്യം, മലയാളി ഫ്രം ഇന്ത്യയുടെ സംവിധായകനുമായും നിര്‍മാതാവുമായും ഞാന്‍ സംസാരിച്ചിട്ടില്ല എന്ന് പറയുന്നത് നുണയാണ്. അതിനുള്ള എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. രണ്ടാമത്തെ കാര്യം, ഞാന്‍ എന്റെ സിനിമയുടെ കഥ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ സിനിമയുടെ കഥയല്ലെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ ടെന്‍ഷനടിക്കുന്നത്.

അവരുടെ സിനിമ അത് ആയത് കൊണ്ടാണ് ആ രാത്രി തന്നെ എനിക്ക് കോളുകള്‍ വരുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്നും ഫെഫ്കയില്‍ നിന്നുമൊക്കെ എന്നെ വിളിച്ച് സംസാരിച്ചത്. എന്നോട് അവര്‍ പറഞ്ഞത് 'ഒരു സിനിമ ഇറങ്ങുകയല്ലേ, നമുക്ക് ലീഗലി നീങ്ങാം. അല്ലെങ്കില്‍ സംസാരിക്കാം. മുപ്പത് കോടി ബജറ്റില്‍ നിര്‍മിച്ച സിനിമയാണ്. ആ പോസ്റ്റ് ഒന്ന് പിന്‍വലിക്കൂ' എന്നായിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ആ പോസ്റ്റ് പിന്‍വലിച്ചത്. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ നിന്നും മുതിര്‍ന്ന ആളുകള്‍ വിളിക്കുമ്പോള്‍ വില കൊടുക്കണം എന്ന് കരുതിയാണ് ഞാന്‍ അത് പിന്‍വലിച്ചത്. ലീഗലി നീങ്ങാം, അല്ലെങ്കില്‍ ചര്‍ച്ച ചെയ്തിട്ട് വിളിക്കുമായിരിക്കും എന്ന് കരുതി നില്‍ക്കുമ്പോഴാണ് അവരുടെ ഇന്റര്‍വ്യൂ കാണുന്നത്.

ഞാന്‍ ഇന്‍ഡോ - പാക് എന്ന് പറഞ്ഞ് 2021ല്‍ എഴുതിയ കഥയാണ് അത്. ജയസൂര്യയുടെ ബെര്‍ത്ത് ഡേയുടെ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ജോഷി സാര്‍ ഡയറക്ട് ചെയ്ത് വേണു കുന്നപ്പള്ളി പ്രൊഡ്യൂസ് ചെയ്ത് നവാസുദ്ദീന്‍ സിദ്ദീഖിയെയും ജയസൂര്യയെയും കാസ്റ്റിങ് വെച്ച് അനൗണ്‍സ് ചെയ്ത സിനിമയാണ് അത്. അതും 2021ല്‍ ആണ് ആ അനൗസ്‌മെന്റ് നടത്തുന്നത്. ഇന്നലെ ലിസ്റ്റിന്‍ പറഞ്ഞത് ഒന്നേകാല്‍ വര്‍ഷം മുമ്പ് അവര്‍ തുടങ്ങി വെച്ചതാണ് മലയാളി ഫ്രം ഇന്ത്യ എന്നാണ്.

ഞാന്‍ ഈ സിനിമയുടെ പ്ലോട്ട് ഉണ്ടാക്കിയത് മമ്മൂക്കയെ മനസില്‍ കണ്ടാണ്. മാമാങ്കത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ് ഞാന്‍ മമ്മൂക്കയോട് ഈ കഥ പറയുന്നത്. അന്ന് അദ്ദേഹം പറഞ്ഞത്, കഥ നല്ലതാണ് കുറച്ചുകൂടെ യങ് ആയ ഒരാള്‍ ചെയ്യുകയാണെങ്കില്‍ നന്നായിരിക്കും എന്നാണ്. നമുക്ക് വേറെ പരിപാടി പിടിക്കാമെന്നും ഇത് വേറെ ആര്‍ട്ടിസ്റ്റിനെ വെച്ച് പ്ലാന്‍ ചെയ്യാനും പറയുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ ജയസൂര്യയോട് കഥ പറയുന്നതും പുള്ളിക്ക് ഇഷ്ടമാകുന്നതും.'' നിഷാദ് കോയ വെളിപ്പെടുത്തി.

നേരത്തെ ഒരു പ്രമുഖ ടെക്‌സ്‌റ്റൈല്‍സിന്റെ പരസ്യ ചിത്രം സംവിധാനം ചെയ്ത ഡിജോയ്‌ക്കെതിരെ അന്ന് തന്നെ കോപ്പിയടി ആരോപണം വരികയും, തുടര്‍ന്ന് പ്രമുഖ ബ്രാന്‍ഡ് ആ പരസ്യം നീക്കം ചെയ്യുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു

നിഷാദ് കോയ ചിത്രത്തിന്റെ റിലിസിന് തൊട്ട് മുമ്പ് പങ്ക് വച്ച ഫെയസ്ബുക്ക് പോസ്റ്റ്:

''നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ.
കണ്ണൂരിലെ ഒരു ഗ്രാമത്തിലെ സംഘി ആയ കഥാനായകന്‍, തന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും മറ്റും ആയി ജീവിച്ചു പോകുന്നതിനിടയില്‍ രാഷ്ട്രീയ എതിരാളികളും ആയി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കാരണം നാട്ടില്‍ നിന്നും മാറി നില്ക്കാന്‍ ഉള്ള തീരുമാനത്തില്‍ തന്റെ സുഹൃത്ത് വഴി ഗള്‍ഫില്‍ എത്തുന്നു.

 അവിടെ താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പാകിസ്ഥാനിയുടെ കൂടെ റൂം ഷെയര് ചെയ്യേണ്ടി വരുന്ന കഥാനയകനും പാകിസ്ഥനിയും ആയി ഉണ്ടാകുന്ന നര്‍മ്മ രസങ്ങള്‍ ഉള്ള രാഷ്ട്രീയ ആക്ഷേപഹാസ്യ മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്ന കഥയ്ക്ക് ഇടയില്‍ കമ്പനി യുടെ ആവശ്യത്തിനായി ശത്രുക്കള്‍ ആയ കഥാ നായകനും പാകിസ്ഥാനിക്കും ഒരു നീണ്ട യാത്ര പോകേണ്ടി വരുന്നു.

രണ്ട് ശത്രുക്കള്‍ ഒരുമിച്ച് നടത്തുന്ന യാത്രക്കിടയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ തുടര്‍ന്ന് മരുഭൂമിയില്‍ അകപ്പെട്ടു പോകുന്ന കഥാ നായകനും പാകിസ്ഥാനി യും രക്ഷപെടാന്‍ ആയി നടത്തുന്ന ശ്രമങ്ങള്‍, സര്‍വൈവല്‍ എന്ന സത്യത്തിന് മുന്നില്‍ ശത്രുത മറന്ന് ഒരുമിച്ച് ജീവിതം തിരിച്ചു പിടിക്കാന്‍ ഉള്ള ശ്രമത്തിനിടയില്‍ പാകിസ്ഥാനി മരണപ്പെടുന്നു.. തുടര്‍ന്ന് പാകിസ്ഥാനി യുടെ കുടുംബതിനായി നടത്തുന്ന ഒരു സഹായത്തിന്റെ പേരില്‍ നിയമ വ്യവസ്ഥിതിയുടെ പിടിയില്‍ അകപ്പെടുന്ന കഥാ നായകന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍. ശേഷം ഭാഗം സ്‌ക്രീനില്‍.

ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആയിട് ആണ് സിനിമ യുടെ ആദ്യ ഭാഗം ഒരുക്കിയിരിക്കുന്നത്.. രണ്ടാം പകുതി സര്‍വ്വവല്‍ ന് പ്രാധാന്യം കൊടുത്ത് കൊണ്ട്', രാജ്യവും അതിര്‍ത്തിയും മനുഷ്യ നിര്‍മിത വേലി കെട്ടുകളും മറികടന്ന് ഉള്ള മനുഷ്യ സ്‌നേഹത്തിന്റെ കഥ പറയുന്നു.. കഥാ നായകന് കുടുംബവും പ്രണയവും ഒക്കെ ഉണ്ട് കേട്ടോ.'

malayalee from india copy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES