മലയാളിപ്രേക്ഷകർ ഏറ്റെടുത്ത ഒരു ചിത്രമായിരുന്നു നിറം. ചിത്രത്തിലെ പ്രകാശിനെ പറ്റിച്ച് എബിയ്ക്കൊപ്പം പോകുന്ന സോനയേയും തേപ്പുകാരിയുടെ ലിസ്റ്റില്‍ പെടുത്തണമെന്ന ആവശ്യവുമായി ഒരു യുവാവ് പങ്കുവച്ച കുറിപ്പ് വൈറലായി മാറുകയാണ്.
യുവാവിന്റെ കുറിപ്പിലൂടെ
പൊന്മുട്ടയിടുന്ന താറാവിലെ സ്നേഹലതയെയും, മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യയെയും വെറുക്കുന്നവര്‍ എന്തുകൊണ്ട് നിറത്തിലെ സോനയെ വെറുതേ വിടുന്നു? ഒരര്‍ത്ഥത്തില്‍ അവരെക്കാള്‍ കൂടിയ ഇനം തേപ്പുകാരിയാണ് സോന. അതേപോലെ തന്നെ തട്ടാന്‍ ഭാസ്കരനിലും, മഹേഷിലും പാവം തോന്നിക്കുന്ന കഥാപാത്രമാണ് പ്രകാശ് മാത്യു.
എന്തുകോണ്ട് ആ പാവം പ്രകാശ് സോന പുറകേ നടത്തിച്ചു? ആദ്യമേ തന്നെ ഒരു നോ പറഞ്ഞിരുന്നെങ്കില്‍ ഇങ്ങനെയൊന്നും തന്നെ നടക്കില്ലായിരുന്നല്ലോ. പിന്നീട് ഭാവിയില്‍ സുഹൃത്തിനോട് പ്രണയം തോന്നുന്ന എബിക്ക്, ആരെയും നോവിക്കാതെ തന്നെ അച്ഛനോടുമമ്മയോടും സംസാരിച്ചു സോനയുമായി സെറ്റാക്കാമായിരുന്നില്ലേ? പൊന്മുട്ടയിടുന്ന താറാവിലെ ഇന്നച്ചനൊക്കെ എബിയേ വെച്ച് എന്ത് ഭേദം!?
പണക്കാരായ നല്ല അച്ചായന് കുടുംബത്തിലെ ഒറ്റമോനാണ് പ്രകാശ്. അമ്മൂമ്മക്ക് പ്രിയപ്പെട്ടവന്. ഒന്നും കൂടാതെ മേരി ആവാസ് സുനോ എന്ന ആദ്യത്തെ റിയാലിറ്റി ഷോയില്‍ നിന്നും വിജയശ്രീലാളിതനായെത്തി, കോളേജിനും, വീടിനും ചുറ്റുപാടിനുമൊക്കെ പ്രിയപ്പെട്ടവന്. നല്ലൊരു ഭാവി ഇയാളില്‍ എല്ലാരും പറഞ്ഞിരുന്നു.
ഒന്നാലോചിച്ചു നോക്കു. സോനയെ മാത്രമാണ് പ്രകാശ് അതുവരെ ശരിക്കുമോന്നു ആദ്യമായിട്ട് പ്രണയിച്ചത്. സോന തന്നെയാണ് കല്യാണത്തിന് സമ്മതിച്ചതും, അവസാനം എബിക്ക് വേണ്ടി പ്രകാശിനെ തേച്ചു വിട്ടതും. സൗമ്യയും, സ്നേഹലതയും തേച്ചിട്ടുണ്ടെങ്കില്‍ കൂടെ അവര്‍ വിവാഹം എന്ന കടമ്പയിലെത്തുന്നതിനും വളരേ മുന്നെയാണ് ഗുഡ്ബൈ പറഞ്ഞത്. ഒരര്‍ത്ഥത്തില്‍ ഇരുവരും നായകന്മാരെ തങ്ങളില്‍ നിന്നും രക്ഷിക്കുകയാണ് ചെയ്തത്. എന്നാല്‍ സോനയോ?
പാവം പ്രകാശ്. സോനയുമായുള്ള ജീവിതം സ്വപ്നം കണ്ടു കിടന്നിരുന്ന, ഒരുമിച്ചുള്ള നേരങ്ങളില്‍ കുളിരു കൊണ്ടിരുന്ന ആ പാവം ചെറുപ്പക്കാരന്റ്റെ അവസ്ഥ നാളെ ഭാവി യേശുദാസ് ആകേണ്ടിയിരുന്ന(പ്രായം തമ്മില്‍ പാട്ട് പാടി ജയചന്ദ്രന് ആകാമെന്ന് തെളിയിച്ച സ്ഥിതിക്ക് ഇനി ദാസേട്ടനുമായിട്ട് ഒന്നു നോക്കാമല്ലോ. ഏത്? ) ആ കലാകാരന്, കല്യാണം മുടങ്ങി, ജീവിതസഖി നഷ്ടപ്പെട്ടതിന്റെ പേരില്‍ കള്ളുകുടിച്ചു റോഡില്‍ ബോധം കേട്ടു കിടക്കുന്ന അവസ്ഥയിലേക്ക് എത്തില്ല എന്ന് ആര് കണ്ടു? ഒറ്റമകന് നാട്ടുകാരുടെ മുന്നില്‍ ഏല്‍ക്കേണ്ടി വന്ന പരിഹാസവും, അതിനേക്കാളേറെ മകന്റെ ഉള്ളിലെ വിങ്ങലും ഓര്‍ത്തു ഉരുകുന്ന ആ അച്ഛന്റെയും അമ്മയുടെയും അവസ്ഥയൊന്നു ആലോചിച്ചു നോക്കു. അവരുടെ സ്വത്തുക്കള്‍ ഇനി ആര്‍ക്ക് നല്‍കും? എല്ലാം പോട്ടെ. കൊച്ചുമോനെ ജീവനായി കണ്ട ആ പാവം അമ്മച്ചിയുടെ അവസ്ഥ? മിനിമം ഒരു ഹാര്‍ട്ട് അറ്റാക് ഗ്യാരണ്ടീ! അതും ഈ പ്രായത്തില്‍. ഒരുപക്ഷെ എബിയെ ഓര്‍ത്തിട്ടായിരിക്കും, കല്യാണരാമനിലെ ശിവദാസന്‍(എഗൈന്‍ ബോബന് ആലുമ്മൂടന്‍) കല്യാണത്തലേന്ന് ചെക്കന് ഒളിച്ചോടി നാണക്കേട് വരുത്തിയ വധുവിനെ തന്നെ നല്‍കിയത്.
സത്യത്തില്‍ സോന പ്രകാശിനെ സ്നേഹിച്ചിരുന്നോ? മേരി ആവാസ് സുനോ പോലൊരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ സാക്ഷാല്‍ സുനീതി ചൗഹാന് പുഷ് കിട്ടിയ പോലെ എബിയും അങ്ങ് കേറി ബോളിവുഡ് വരെ എത്തുമെന്ന് നേരത്തെ കാല്കുലേറ്റ് ചെയ്തത് കൊണ്ടാണോ? അതോ കൊള്ളാവുന്ന വീട്ടിലെ ചെക്കന് സ്വത്തിനും പണത്തിനും പഞ്ഞമില്ല എന്നറിഞ്ഞു ജീവിതകാലം മൊത്തം സുഖിക്കാന്‍ വേണ്ടി മാത്രം ആ വീട്ടിലേക്ക് കാല് വെച്ച് കേറാന്‍ തീരുമാനിച്ചതാണോ സോന? എന്തൊക്കെയാണെങ്കിലും മോശമായിപ്പോയി കുട്ടി! സ്വന്തം ജീവിതം രക്ഷപെടുമെന്നതിനൊപ്പം, ആ നിഷ്കളങ്കനായ ചെറുപ്പക്കാരനും, അയാളുടെ കുടുംബവും സന്തുഷ്ടനാകില്ലായിരുന്നോ?
ഒരു നിമിഷം ഒറ്റമോള്‍ക്ക് വീട് മാറി അച്ഛന്റെയും അമ്മയുടെയും അടുത്ത് നിന്ന് വേറെയെവിടെയെങ്കിലും താമസിക്കാന്‍ തനിക്ക് ആകില്ല എന്നറിഞ്ഞു ഒരു എക്സ്ക്യൂസ് ആയിട്ട്, കൂട്ടുകാരന് എബിയുടെ ഇഷ്ടത്തിനോട് അരേ വാഹ് എന്നും പറഞ്ഞു ഇറങ്ങിത്തിരിച്ച സോനയോട് എങ്ങനെ നമുക്ക് ക്ഷമിക്കാനാകും? എബിയോട് ഇഷ്ടമുണ്ടായിരുന്നേല്‍ നിശ്ചയത്തിന് ഓപ്പണായിട്ട് സമ്മതമല്ല എന്ന് പറയമായിരുന്നു സോനക്ക്. ഭീകരമായ അവസ്ഥയിലേക്ക് തിരിഞ്ഞ സോനയെ, മികച്ച തേപ്പുകാരുടെ ലിസ്റ്റിലെങ്കിലും, നല്ലൊരു സ്ഥാനത്തിരുത്തി പ്രതിഷ്ഠിക്കണം എന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു. അഭ്യര്‍ത്ഥിക്കുന്നു.