വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ നടക്കുത്തിലാണ് ഒരു നാടും ജനതയും. സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം കരയിപ്പിക്കുന്നതാണ്. സോഷ്യല്‍ മീഡിയയുടെ നല്ല സാധ്യതകളെ ഉപയോഗിച്ചുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനങ്ങളും, പ്രചരണങ്ങളും, സഹായങ്ങളും നടക്കുന്നു. സിനിമാ - സീരിയല്‍ താരങ്ങള്‍ എല്ലാം ഈ ഉദ്യമത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വയനാട് ദുരന്തസമയത്ത് നടി ലിന്റു റാണി പോസ്റ്റ് ചെയ്ത റീല്‍സിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
നടിയില്‍ നിന്നും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ എന്ന നിലയിലേക്ക് മാറിയ ലിന്റു റോണിയുടെ വിഡിയോ എല്ലായ്‌പ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.നാട്ടില്‍ ഇത്രയും വലിയൊരു ദുരന്തം നടക്കുന്ന സമയത്ത് എങ്ങനെയാണ് റീല്‍ ഇടാന്‍ തോന്നുന്നതെന്നായിരുന്നു ചോദ്യം.
ഇതിന് താരം മറുപടി നല്കിയത് ഇങ്ങനെയാണ്.
ഞാന്‍ ഇപ്പോള്‍ യുകെയില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ്. ഞാനിപ്പോള്‍ ഒരു റീല്‍ പോസ്റ്റ് ചെയ്താല്‍ ഫോട്ടോ പങ്കുവച്ചാല്‍, ഞാന്‍ മാത്രമല്ല ആര് ചെയ്താലും, ആദ്യം കുറേ ആളുകള്‍ മെസേജ് അയയ്ക്കുന്നത് 'നാണക്കേട് തോന്നുന്നു, നിങ്ങള്‍ക്കൊരു മര്യാദ ഇല്ലേ' എന്നാകും
വളരെ കഷ്ടപ്പെട്ടാണ് ഇവിടെയുള്ള ആളുകള്‍ നമ്മളെ വര്‍ക്ക് പ്രമോട്ട് ചെയ്യാനായി ബന്ധപ്പെടുന്നതും നമുക്ക് പൈസ തരുന്നതും. ഞാന്‍ ഇന്‍ഫ്ളുവന്‍സറാണ്. ഓരോരുത്തവര്‍ക്കും അവരവരുടേതായ കമ്മിറ്റ്മെന്റ്സ് ഉണ്ട്. ഏറെ കഷ്ടപ്പെട്ടാണ് അവര്‍ ബിസിനസ് തുടരുന്നതും അത് പ്രമോട്ട് ചെയ്യാന്‍ ഞങ്ങളെ ബന്ധപ്പെടുന്നതും. ആ വിഡിയോയില്‍ നിന്നും റീച്ച് കിട്ടിയിട്ടൊക്കെയാകും അവര്‍ക്കൊരു കച്ചവടം നടക്കുന്നത്.
വളരെയധികം വിഷമമുണ്ട്. വളരെയധികം വേദനയോടെയാണ് ഈ വിഡിയോ ഇടുന്നത്. നിങ്ങള്‍ ഈ റീല്‍സ് കണ്ട് ഇങ്ങനെ സ്‌ക്രോള്‍ ചെയ്ത് കമന്റിടുന്ന സമയം മതിയല്ലോ മുട്ടുകുത്തിയിരുന്ന് പ്രാര്‍ഥിക്കാന്‍. നിങ്ങളത് ചെയ്യുന്നുണ്ടോ? നിങ്ങള്‍ കള്ളുകുടിക്കാന്‍ ചെലവാക്കുന്ന പൈസ അവര്‍ക്ക് കൊടുക്കുന്നുണ്ടോ? എനിക്കിപ്പോള്‍ ഇവിടെ നിന്നും പറന്ന് അങ്ങോട്ട് വരാന്‍ പറ്റില്ല. ഇവിടെ എനിക്കൊരു കുടുംബമുണ്ട്, നമ്മുടെ സാഹചര്യം വേറെയാണ്. നമ്മള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യുക, പ്രാര്‍ഥിക്കുക, പറ്റുന്ന രീതിയില്‍ സഹായിക്കുക
2018ല്‍ വെള്ളപ്പൊക്കത്തില്‍പെട്ടു പോയ ആളാണ് ഞാന്‍. എല്ലാം നഷ്ടപ്പെട്ട് തിരികെ യുകെയിലേക്ക് വരാന്‍ പറ്റുമോ എന്നു പോലും അറിയില്ലായിരുന്നു. പത്തിരുപത്തിയൊന്ന് ദിവസം ഒരു പരിചയവുമില്ലാത്തൊരു വീട്ടില്‍ കുടുങ്ങിപ്പോയ ആളാണ് ഞാന്‍. ആ സാഹചര്യവും വേദനയും എനിക്ക് മനസിലാകും.
ഞാനൊരു അമ്മയാണ്. വളരെ കഷ്ടപ്പെട്ടാണ് എന്റെ ജോലി ചെയ്യുന്നത്. അതിനിടയില്‍ കിട്ടുന്ന സമയത്താണ് അതൊന്ന് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യാന്‍ പറ്റുന്നത്. ആ സമയത്ത് അവിടെ വന്ന് നിങ്ങളെപ്പോലുള്ള ആളുകള്‍ ഇങ്ങനെ മോശപ്പെട്ട കമന്റിടുന്നതിലൂടെ എന്താണ് കിട്ടുന്നത്?
കേരളത്തിന് പുറത്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവരാരും സോഷ്യല്‍ മീഡിയയില്‍ ഒന്നും പോസ്റ്റ് ചെയ്യരുതെന്ന് പറയാറില്ലല്ലോ. നമ്മള്‍ ആ ദുഃഖത്തില്‍ പങ്കുചേരുന്നുണ്ട്. നമ്മളാല്‍ പറ്റുന്നത് ചെയ്തു കൊടുക്കുക. ഈ ഇന്‍സ്റ്റഗ്രാമില്‍ സ്‌ക്രോള്‍ ചെയ്ത്, കമന്റ് ചെയ്യുന്ന സമയത്ത് നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്തിരുന്നുവെങ്കില്‍ ഇങ്ങനെ കമന്റ് ചെയ്യില്ലായിരുന്നു. എല്ലാവരും ജോലി ചെയ്ത് ജീവിക്കുന്നവരാണ്. മീഡിയയില്‍ ഉള്ള ആളുകള്‍ മാത്രമല്ല ജോലി െചയ്യുന്നത്.
വയനാടിന് വേണ്ടി അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തുവെന്ന് പറഞ്ഞ് ലൈക്‌സ് കൂട്ടേണ്ട ആവശ്യം എനിക്കില്ല. പലതരം ജോലി ചെയ്യുന്ന ആളുകളുണ്ട്. അവരോടൊക്കെ ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് സമയമുണ്ടോ? സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവരോട് മാത്രമേ നിങ്ങള്‍ക്കു പറയുവാനുള്ളൂ. എല്ലാവരും ജോലി ചെയ്യുന്നത് അവരുടെ കുടുംബം പോറ്റാനാണ്.
എന്റെ ജോലിയാണിത്. പറഞ്ഞ സമയത്ത് ആ റീല്‍ പോസ്റ്റ് ചെയ്യണം എന്നത് എന്റെ ചുമതലയാണ്. മനസാക്ഷിയില്ലാത്ത ആളല്ല ഞാന്‍. വയനാട്ടില്‍ സംഭവിച്ച ദുഃഖത്തില്‍ എനിക്കും വിഷമമുണ്ട്. ആ അവസ്ഥ എനിക്കറിയാം. നിങ്ങളുടെ കമന്റുകള്‍ കാണുമ്പോള്‍ പുച്ഛമാണ് തോന്നുന്നത്. ഞാന്‍ പറഞ്ഞത് മനസിലാക്കാന്‍ സാധിക്കാത്തവര്‍ക്ക് എന്നെ ബ്ലോക്ക് ചെയ്യാം.''-ലിന്റു റോണിയുടെ വാക്കുകള്‍.