Latest News

62-ാം വയസിലും അവിവാഹിത; 2024ലും കൈനിറയെ ചിത്രങ്ങളുമായി തിരക്കില്‍; തൃശൂരില്‍ ജനിച്ച കോവൈ സരളയുടെ യഥാര്‍ത്ഥ ജീവിതകഥ ഇങ്ങനെ 

Malayalilife
62-ാം വയസിലും അവിവാഹിത;  2024ലും കൈനിറയെ ചിത്രങ്ങളുമായി തിരക്കില്‍; തൃശൂരില്‍ ജനിച്ച  കോവൈ സരളയുടെ യഥാര്‍ത്ഥ ജീവിതകഥ ഇങ്ങനെ 

നിറം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ രുക്കു എന്ന വീട്ടു വേലക്കാരിയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കുന്നതല്ല. തനി തമിഴ് സ്ത്രീയായി അസാധ്യ പ്രകടനം നടത്തിയ കോവൈ സരള എന്ന നടി തമിഴ് സിനിമാ ലോകത്തെ തിരക്കേറിയ നടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളില്‍ 62-ാം വയസിലും നിറഞ്ഞാടുന്ന കോവൈ സരള ഒരു മലയാളി ആണ് എന്നത് അധികമാര്‍ക്കുമറിയാത്ത രഹസ്യമാണ്. നല്ല തെളിഞ്ഞ മലയാളം സംസാരിക്കുന്ന കോവൈ സരള 2024ലും കൈനിറയെ ചിത്രങ്ങളുമായി നില്‍ക്കുന്നുണ്ടെങ്കിലും ഇന്നും അവിവാഹിതയായി തുടരുന്ന നടിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കുമറിയില്ല.

തൃശ്ശൂര്‍ സ്വദേശിയായ അച്ഛന്റെയും അമ്മയുടെയും മൂത്ത മകളായി ജനിച്ച നടിയുടെ യഥാര്‍ത്ഥ പേര് സരള കുമാരി എന്നാണ്. ജനിച്ചതും വളര്‍ന്നതും എല്ലാം കോയമ്പത്തൂരാണ്.  കുടുംബ സുഹൃത്തായ ഭാഗ്യരാജ് വഴിയാണ് സരള ഒന്‍പതാം ക്ലാസില്‍ പഠിക്കവേ സിനിമാ ലോകത്തേക്ക് എത്തുന്നത്. വെള്ളി രഥം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പത്താം ക്ലാസില്‍ പഠിക്കവേ മുന്താനൈ് മുടിച്ച് എന്ന രണ്ടാമത്തെ സിനിമയില്‍ 32 വയസുള്ള ഗര്‍ഭിണിയായും രണ്ടു വര്‍ഷത്തിനു ശേഷം 65 വയസുള്ള അമ്മയായും അഭിനയിച്ച സരളയുടെ അഭിനയ മികവ് അസാധ്യമായിരുന്നു. പഠിക്കേണ്ട കാലത്ത് സിനിമയില്‍ സജീവമായി നിന്ന സരള കുമാരിയെ പഠനത്തില്‍ സഹായിച്ചതൊക്കെ അച്ഛനും അനുജത്തിയും ചേര്‍ന്നായിരുന്നു.

കോയമ്പത്തൂര് നിന്ന് വന്ന് തമിഴ് സിനിമാ ലോകത്തെ കോമഡി സിഹാംസനം അടക്കിവാണ സരളയെ കോവൈ സരള എന്ന് തമിഴ് സിനിമാ ലോകം വിളിക്കുകയായിരുന്നു. സഹതാര വേഷങ്ങളിലൂടെ സജീവമായ കോവൈ സരള, ആച്ചി മനോരമയുടെ മരണത്തിന് ശേഷം തമിഴ് സിനിമാ ലോകത്ത്, അവരുടെ പിന്മുറക്കാരിയായി കോമഡി റോളുകളിലേക്ക് വന്നതോടെയാണ് തമിഴ് ജനം അകമഴിഞ്ഞ് സ്വീകരിച്ചത്. പിന്നീട് സംഭവിച്ചത് ചരിത്രമാണ്. കമല്‍ ഹസന്‍ വരെ കോവൈ സരളയുടെ അഭിനയത്തെ കുറിച്ച് പ്രശംസിച്ചിട്ടുണ്ട്. കൂടെ അഭിനയിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ച തന്റെ നായികയാക്കുകയും ചെയ്തിരുന്നു. വിവേക്, വടിവേലു തുടങ്ങിയവര്‍ക്കൊപ്പമുള്ള കോവൈ സരളയുടെ കോമഡി രംഗങ്ങളെല്ലാം ഇന്നും പ്രേക്ഷകര്‍ കണ്ടു ചിരിക്കുന്നതാണ്.

തുടര്‍ന്നിങ്ങോട്ട് 45 വര്‍ഷത്തിനുള്ളില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി മൂന്നുറിലധികം ചിത്രങ്ങളിലാണ് നടി അഭിനയിച്ചത്. ഇതു കൂടാതെ, ടെലിവിഷന്‍ സീരിയലുകളും ഷോകളും അനേകമുണ്ട്. തമിഴരുടെ കോവൈ സരളയായി നടി വളര്‍ന്നപ്പോള്‍, മലയാളിയാണ് എന്നത് മലയാള സിനിമയും ആരാധകരും അറിഞ്ഞില്ല. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ ചെയ്തിട്ടുള്ളൂ. നൂറിലധികം സിനിമകള്‍ തെലുങ്കില്‍ ചെയ്തിട്ടുണ്ട്. പല ഭാഷകളിലായി തൊള്ളായിരത്തിലധികം സിനിമ പൂര്‍ത്തിയാക്കി നില്‍ക്കുന്ന കോവൈ സരള ഇന്നും അഭിനയത്തില്‍ സജീവമാണ്. പക്ഷെ ഇപ്പോള്‍ താന്‍ അഭിനയിക്കുന്നത്, അഭിനയത്തോടുള്ള പാഷന്‍ കൊണ്ട് മാത്രമാണ് എന്നാണ് നടി പറയുന്നത്.

62 വയസ്സ് കഴിഞ്ഞ കോവൈ സരള എന്തുകൊണ്ട് താന്‍ ഇതുവരെ വിവാഹത്തെ കുറിച്ച് ചിന്തിച്ചില്ല എന്നതും വ്യക്തമാക്കുന്നുണ്ട്. 'ജനിക്കുമ്പോള്‍ ഒറ്റയ്ക്കാണ് ഭൂമിയിലേക്ക് വന്നത്. മരണത്തിലൂടെ തിരിച്ചു പോകുന്നതും തനിച്ചായിരിക്കും. കല്യാണത്തിലൂടെ, മക്കളൊക്കെയായി ഇവിടെ കുറെ ബന്ധം സ്ഥാപിക്കാന്‍ ഞാന്‍ ആഗ്രിഹിക്കുന്നില്ല. കല്യാണമൊക്കെ കഴിച്ച് മക്കളായാലും, പ്രായമാകുമ്പോള്‍ ഒറ്റയ്ക്കാവുന്ന ഒരുപാട് അമ്മമാരുണ്ട്. അക്കൂട്ടത്തില്‍ പെടാത്തതിലും നല്ലത് എന്നും ഒറ്റയ്ക്ക് തന്നെ ജീവിക്കുന്നതാണ്. ആരെയും ആശ്രയിച്ച് ജീവിക്കാന്‍ തനിക്ക് ഇഷ്ടമല്ല' എന്നും കോവൈ സരള വ്യക്തമാക്കി. സഹോദരിയുടെ മക്കളെ സ്വന്തം മക്കളേപ്പോലെ കരുതിയാണ് കോവൈ സരള സ്നേഹിക്കുന്നതും വളര്‍ത്തുന്നതും. അവരാണ് നടിയുടെ കുടുംബം.

Read more topics: # കോവൈ സരള
kovai sarala life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES