പൃഥ്വിരാജ് ആരാധകര്‍ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും ഉറ്റു നോക്കുന്ന ചിത്രമാണ് 'കാപ്പ'. ഹിറ്റ് മേക്കര്‍ ഷാജി കൈലാസിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. 'കാപ്പ'യുടെ വിശേഷങ്ങളെല്ലാം തന്നെ ഓണ്‍ലൈനില്‍ തരംഗമാണ് സൃഷ്ടിക്കാറുളളത്. ഇപ്പോഴിതാ 'കാപ്പ' എന്ന പൃഥ്വിരാജ് ചിത്രത്തിന്റ ട്രെയിലറിന്റെ അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്.
ഷാജി കൈലാസ് ചിത്രം 'കാപ്പ'യുടെ ട്രെയിലര്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് പുറത്തിറങ്ങും. ചിത്രം റിലീസിങ് തിയതി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുളളത് ഡിസംബര്‍ 22നാണ്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായിക വേഷത്തില്‍ എത്തുന്നത് അപര്‍ണ ബാലമുരളിയാണ്. ചിത്രത്തില്‍ ആസിഫ് അലിയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
കൂടാതെആദ്യമായി ഒരു പൃഥ്വിരാജ് സിനിമയ്ക്ക് ആഘോഷപൂര്‍ണ്ണമായ ട്രെയിന്‍ ബ്രാന്‍ഡിംഗ് പ്രൊമോഷന്‍ ഒരുക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
പ്രൊമോഷന്‍ ഒരുക്കുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സ് ആണ്. സൗത്ത് ഇന്ത്യയിലെ നമ്പര്‍.1 റെയില്‍വേ അഡ്വെര്‍ടൈസിങ് കമ്പനിയായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സ് ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളുടെ സ്ഥിരം റെയില്‍വേ അഡ്വെര്‍ടൈസിങ് പാര്‍ട്ണര്‍ ആണ്. നിരവധി സൂപ്പര്‍ ഹിറ്റ് ബഹുഭാഷാ ചലച്ചിത്രങ്ങള്‍ക്ക് ട്രെയിന്‍ ബ്രാന്‍ഡിംഗ് പ്രൊമോഷന്‍ ഒരുക്കിയിട്ടുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സ് ഒരു പൃഥ്വിരാജ് സിനിമയുടെ ആദ്യത്തെ ട്രെയിന്‍ ബ്രാന്‍ഡിംഗ് പ്രൊമോഷനും വഴിയൊരുക്കുന്നു.
ഇന്റീരിയര്‍ ആന്‍ഡ് എക്സ്റ്റീരിയര്‍ ട്രെയിന്‍ ബ്രാന്‍ഡിംഗ്, സ്റ്റേഷന്‍ ബ്രാന്‍ഡിങ്, പി.എ സിസ്റ്റം (പ്ലാറ്റ്‌ഫോം ഓഡിയോ ബ്രാന്‍ഡിങ്) എന്നീ മേഖലകളില്‍ ഏറ്റവും മികച്ച സേവനമാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സ് നല്‍കി വരുന്നത്.
ഇന്ദുഗോപന്റെ പ്രശസ്ത നോവലായ 'ശംഖുമുഖി'യെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'കാപ്പ'. സരിഗമയും തീയറ്റര്‍ ഓഫ് ഡ്രീംസുമാണ് ഈ ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന കാപ്പയില്‍ അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി ആരാധകര്‍ക്കു മുന്നില്‍ എത്തുന്നുണ്ട്.
ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും 'കൊട്ട മധു' എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജോമോന്‍ ടി ജോണ്‍ ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടര്‍ മനു സുധാകരന്‍, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റില്‍സ്-ഹരി തിരുമല, പിആര്‍ഒ ശബരി എന്നിവരുമാണ്.
ഷാജി കൈലാസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രത്തിലും പൃഥ്വിരാജായിരുന്നു നായക വേഷത്തില്‍ എത്തിയിരുന്നത്. 'കടുവ' എന്ന ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. 'കടുവക്കുന്നേല്‍ കുറുവച്ചന്‍' എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചത്. ജിനു എബ്രഹാമിന്റേതായിരുന്നു രചന.