മലയാള സിനിമ മേഖലയിൽ നെപ്പോട്ടിസം ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും എന്നാൽ ഭക്ഷണകാര്യത്തിൽ ചില തരംതിരിവുകൾ ഉണ്ടെന്നത് സത്യമാണെന്നും തുറന്ന് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് രംഗത്ത്. മലയാളികൾ രണ്ടു കയ്യും നീട്ടി കഴിവുള്ളവരെ സ്വീകരിക്കുമെന്നും സിനിമയെ കെട്ടിപ്പിടിച്ചു സ്നേഹിച്ചാൽ സിനിമ മുത്തം തന്നു മുറുകെ പിടിക്കുമെന്നും ജൂഡ് സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു കുറിപ്പിലൂടെ പറയുന്നു.
മലയാള സിനിമയിൽ നെപോട്ടിസം ഉണ്ടെന്നൊന്നും എനിക്കു തോന്നിയിട്ടില്ല. സെറ്റിൽ ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ ചില സിനിമകളിൽ തരം തിരിവുകൾ ഉണ്ടെന്നത് സത്യമാണ് . അസിസ്റ്റന്റ് ഡിറക്ടർസ് കാമറ അസിസന്റ്സ് ജൂനിയർസ് ഇവർക്കൊക്കെ പരിഗണന വേണ്ടുവോളം കിട്ടുന്നില്ല . അത് മാറും . മാറിക്കൊണ്ടിരിക്കുന്നു. കഴിവും കഠിനാദ്ധ്വാനവും കൊണ്ട് ഒരു സിനിമ പാരമ്പര്യവുമില്ലാതെ കയറി വന്നവരാണ് ലാലേട്ടനും മമ്മൂക്കയും സുരേഷേട്ടനും
ജയറാമേട്ടനും ദിലീപേട്ടനും ജയസൂര്യ ചേട്ടനും നിവിനും ടോവിനോയും ആസിഫും . കഴിവുള്ളവരെ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കും . സിനിമയെ കെട്ടിപ്പിടിച്ചു സ്നേഹിച്ചാൽ സിനിമ നിങ്ങള്ക്ക് മുത്തം തന്നു മുറുകെ പിടിക്കും . മറ്റു പലതിന്റെയും പുറകെ പോയാൽ സിനിമ അതിന്റെ പാട്ടിന് പോകും. As simple as that.
നേരത്തെ നടൻ നീരജ് മാധവ് മലയാള സിനിമയിൽ വളർന്നു വരുന്ന നടന്മാരെ മുളയിലെ നുള്ളുന്ന ഗൂഡസംഘം പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിൽ ഇതു സംബന്ധിച്ച് ഉയർന്ന ചർച്ചകളാണ് മലയാളത്തിലും ആരോപണ പ്രത്യാരോപണങ്ങൾക്ക് വഴി വച്ചത്.