സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും നടന്‍ ടൊവിനോയും തമ്മില്‍ വാക്ക് തര്‍ക്കത്തിന് ഇടയാക്കിയ വഴക്ക് സിനിമാ വിവാദം തീരുന്നില്ല. സിനിമാ രംഗത്തെ തര്‍ക്കം പുതിയ തലത്തില്‍ എത്തിച്ചു സിനിമയുടെ പൂര്‍ണരൂപം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് സനല്‍ കുമാര്‍ ശശിധരന്‍.
സിനിമ റിലീസ് ചെയ്യാന്‍ ടൊവിനോ അനുവദിക്കുന്നില്ലെന്ന ആരോപണമാണ് തുടക്കം. പ്രേക്ഷകര്‍ക്ക് കാണാനുള്ളതാണ് സിനിമയെന്നും എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവര്‍ക്ക് മനസിലാക്കാമെന്നുമുള്ള കുറിപ്പോടെയാണ് സിനിമയുടെ പൂര്‍ണരൂപം പങ്കുവെച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ 33 മിനിറ്റുള്ള സിനിമ വിമിയോ വെബ്സൈറ്റിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.
ടൊവിനോ തോമസ് മുഖ്യ കഥാപാത്രമായും നിര്‍മ്മാണ പങ്കാളിയുമായി എത്തിയ ചിത്രം പുറത്തിറക്കാന്‍ താരം ശ്രമിക്കുന്നില്ലെന്നും കരിയറിനെ ബാധിക്കുമെന്നാണ് പറഞ്ഞതെന്നുമുള്ള സനലിന്റെ ആരോപണത്തിലൂടെയാണ് വഴക്ക് സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ആരംഭിക്കുന്നത്. സിനിമ റിലീസ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'വഴക്ക്' ഫെസ്റ്റിവല്‍ സിനിമയാണെന്നും അത് സാധാരണ ജനങ്ങള്‍ ഇഷ്ടപ്പെടില്ലെന്നുമായിരുന്നു ടോവിനോയുടെ മറുപടിയെന്നും സനല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.
സനല്‍ കുമാറിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ടൊവിനോ തന്നെ രംഗത്തെത്തിയിരുന്നു. സനല്‍കുമാറുമായി തനിക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും പണ്ടത്തെ സനല്‍കുമാറിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും എന്നാല്‍ ഇപ്പോഴത്തെ സനല്‍കുമാറിനെ തനിക്ക് മനസിലാവുന്നില്ലെന്നും ടൊവിനോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.
വഴക്ക് സിനിമ തുടങ്ങുന്നതിന് മുമ്പ് പലരും തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് തനിക്ക് പ്രശ്‌നമൊന്നും തോന്നിയിരുന്നില്ല. ചിത്രത്തിനായി താന്‍ 27 ലക്ഷം രൂപ നിര്‍മ്മാണ ചെലവ് നല്‍കി, പ്രതിഫലമായി ഒരു രൂപപോലും ലഭിച്ചിട്ടില്ലെന്നായിരുന്നു ടൊവിനോയുടെ പ്രതികരണം. വഴക്ക് വിതരണം ചെയ്യാനോ ഒടിടി റിലീസിനോ അവസരമുണ്ടെങ്കില്‍ അതിനോട് സഹകരിക്കാന്‍ യാതൊരു മടിയുമില്ലെന്നും പ്രെമോഷനായി വന്നിരിക്കാന്‍ തയ്യാറാണെന്നും ടൊവിനോ തോമസ് പറഞ്ഞു. സനല്‍കുമാര്‍ ഉന്നയിക്കുന്ന ആരോപണങ്ങളുമായി പാരമൗണ്ടിന് ഒരു ഉത്തരവാദിത്വവുമില്ലെന്ന് നിര്‍മ്മാതാവ് ഗിരിഷും വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, ടൊവിനോ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടിയായി സനല്‍കുമാര്‍ വീണ്ടും രംഗത്ത് വന്നിരുന്നു. അസത്യങ്ങള്‍ കൊണ്ട് വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് ടൊവിനോ നടത്തിയതെന്നാണ് സനല്‍കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. തനിക്ക് 'വഴക്ക്' സിനിമയില്‍ നിന്നും ഒരു പ്രതിഫലവും ലഭിച്ചിട്ടില്ലെന്നും ടോവിനോയും ഗിരീഷ് നായരും 27 ലക്ഷം രൂപ വീതം ചെലവാക്കി അല്ല സിനിമ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറയുകയായിരുന്നു. 25 ലക്ഷം രൂപ വീതം രണ്ടുപേരും നിക്ഷേപിക്കാം എന്ന ധാരണയിലാണ് സിനിമ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സനല്‍കുമാറിന്റേത് ശരിയായ വാദമല്ലെന്ന് തെളിയിക്കുന്ന പണം നല്‍കിയതിന്റെ സ്‌ക്രീന്‍ ഷോട്ട് ടൊവിനോയുടെ മാനേജര്‍ ഗോകുല്‍ നാഥ് സനല്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ തന്നെ പോസ്റ്റ് ചെയ്തിരുന്നു.