Latest News

വിനയന്‍ വെര്‍ഷന്‍ മണി അരങ്ങിലെത്തിയപ്പോള്‍ പലരും ഭയന്നു; സെന്തില്‍ അരങ്ങിലെത്തിച്ചത് മണിയുടെ തുടക്കം മാത്രം; ഒടുക്കമായ വിവാദം സിനിമയിലും ഒഴിയുന്നില്ല;മണിയുടെ മരണം പറയാതെ പറഞ്ഞ് ചാലക്കുടിക്കാരന്‍ ചങ്ങാതി-REVIEW

മഹാദേവന്‍
  വിനയന്‍ വെര്‍ഷന്‍ മണി അരങ്ങിലെത്തിയപ്പോള്‍ പലരും ഭയന്നു; സെന്തില്‍ അരങ്ങിലെത്തിച്ചത് മണിയുടെ തുടക്കം മാത്രം; ഒടുക്കമായ വിവാദം സിനിമയിലും ഒഴിയുന്നില്ല;മണിയുടെ മരണം പറയാതെ പറഞ്ഞ് ചാലക്കുടിക്കാരന്‍ ചങ്ങാതി-REVIEW


കലാഭവന്‍ മണിയുടെ ജീവിതം അതേ പടി പകര്‍ത്തിയ ചിത്രം. ഛായാഗ്രഹണ മികവ് കൊണ്ടും കഥാവിവരണത്തിലെ വേറിട്ട ശൈലി കൊണ്ടും മികച്ച് നില്‍ക്കുന്നു സെന്തില്‍ കൃഷ്ണ (രാജാമണി) നായകനായി എത്തിയ വിനയന്‍ ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതി. മലയാള മനസില്‍ നിറഞ്ഞു നിന്ന മണിക്ക് വിനയന്‍ പുനര്‍ജന്മം നല്‍കിയപ്പോള്‍ ഓരോ കഥാപാത്രങ്ങളും ജീവസുറ്റതായി. മണിയുടെ ജീവിതത്തിലെ പല സംഭവബഹുലമായ കഥാ സന്ദര്‍ഭങ്ങളും വിനയന്‍ പറയാതെ പറഞ്ഞാണ് ചാലക്കുടിക്കാരനിലൂടെ മണിയുടെ ബയോ പിക് അരങ്ങിലെത്തിക്കാന്‍ ശ്രമിച്ചത്.

മണിയുടെ ജീവിതം വെള്ളിത്തിരയിലെത്തിയപ്പോള്‍ മണിയുടെ കഷ്ടപ്പാടുകളും ബാല്യകാലവും എല്ലാം സെന്തില്‍ അതേ പടി അവതരിപ്പിച്ചു എന്നത് ഏറെ ശ്രദ്ദേയമാണ്. പ്രേക്ഷകര്‍ക്ക് ആകാംഷ നിറച്ച രംഗങ്ങളും ഡയലോഗുകളുമാണ് ഏറെയും.


രൂപ സാദൃശ്യത്തിലും ശബ്ദത്തിലും സെന്തിലോളം വേറൊരു നടനും മണിയെ പ്രതിഫലിപ്പിക്കാന്‍ കഴിയില്ല എന്നതില്‍ തര്‍ക്കമില്ല. വിനയന്റെ  ആ കണക്കൂ കൂട്ടല്‍ കാസ്റ്റിങില്‍ പൂര്‍ണ വിജയം കണ്ടു എന്ന് തന്നെ പറയാം. മണിയുടെ ജീവിതം പ്രമേയപ്പോള്‍ മലയാള സിനിമയിലെ ജാതി വെറിയും, നിറത്തിന്റെ പേരിലുള്ള വിവേചനവുമെല്ലാം തുറന്നടിച്ച് അരങ്ങിലെത്തിക്കാനും സംവിധായകന്‍ മറന്നില്ല. ഒരു കാലത്ത് മണി നേരിട്ട പല വിഷമ ഘട്ടങ്ങളും സംവിധായകന്‍ നീണ്ട നീരിക്ഷണത്തിലൂടെ സിനിമയില്‍ പുനരാവിഷ്‌കരിക്കുന്ന്ു.

ഛായഗ്രഹണവും പാട്ടുകളുമാണ് സിനിമയെ ക്ലാസാക്കുന്നത്. വിരക്തമാകുന്ന അസ്ഥാനത്ത് പ്രയോഗിച്ച  കോമഡികള്‍ ഒഴിച്ചാല്‍ കിടിലന്‍ സിനിമ. പല സീരിയസ് രംഗങ്ങളില്‍ പോലും അസ്ഥാനത്തെ കോമഡി സിനിമയില്‍ മുഴുനീളന്‍ വിരക്തി സമ്മാനിക്കുന്നുണ്ട്. എന്നാല്‍ തനി ചാലക്കൂടിക്കാരന്‍ ഭാഷയിലുള്ള മണിയുടെ ആ ക്ലാസ് ഡയലോഗുകള്‍ തീയറ്ററില്‍ മുഴുനീള കയ്യടി സമ്മാനിക്കും. കലാഭവന്‍ മണി എന്തായിരുന്നു എന്നും മണിയെ പോലെ ജീവിത ദുരിതം പേറിയ പച്ചയായ മനുഷ്യനെ വെള്ളിത്തിരയിലെ നക്ഷത്രമാക്കിയത് എങ്ങനെ എന്നുമെല്ലാം സിനിമ ഒരു പുനരവലോകനം നടത്തുകയാണ്. സിനിമയുടെ രണ്ടാം ഭാഗത്തിലേക്ക് കടക്കുന്നതോടെ ഓട്ടോക്കാരനില്‍ നിന്നും കൂലി പണിക്കാരനില്‍ നിന്നും സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം വളര്‍ന്ന സാക്ഷാല്‍ കലാഭവന്‍ മണിയുടെ മിന്നുന്ന പ്രകടനം കാണാം.

മണിയുടെ ജീവിതത്തില്‍ പിറകില്‍ നിന്ന് കുത്തിയ സുഹൃത്തുക്കള്‍ ആരെന്നും. മണിയുടെ മരണത്തില് പിന്നിലെ മൂല കാരണം എന്തെന്നുമുള്ള കാര്യം വിനയന്‍ പറയാതെ പറയുന്നു. മണിയുടെ കഥ പറയുമ്പോള്‍ കഥ വിനയന്റെ ജീവിതത്തിലൂടെയും കൊണ്ടു പോകുന്നു. മലയാള സിനിമയില്‍ നിന്ന് ആട്ടിയോടിച്ച വിനയന്‍ എന്ന സംവിധായകന്റെ അതീജിവനത്തിന്റെ കഥ കൂടി ചിത്രം പ്രമേയമാക്കുന്നു.

ഒരുപക്ഷേ ചിത്രത്തിലെ ചില രംഗങ്ങള്‍ വിവാദത്തിനു കൂടി വഴി തുറക്കാനും സാധ്യതയുണ്ട്. കലാഭവന്‍ മണിയുടെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച വിവാദ വിഷയങ്ങള്‍ എല്ലാം തന്നെ ചിത്രത്തില്‍ പരാമര്‍ശിക്കപ്പെട്ടു പോകുന്നു എന്നതും ശ്രദ്ധേയമാണ്. വിലക്കുകള്‍ മാറി മലയാള സിനിമയിലേക്കുള്ള വിനയന്‍ എന്ന സംവിധായകന്റെ തിരിച്ചുവരവും തന്റെ കഴിഞ്ഞു പോയകാലങ്ങളില്‍ സംഭവിച്ചത് എന്താണെന്ന് പറയുക കൂടിയാണ് ഈ ചിത്രത്തിലൂടെ.

പാഡിയിലെ മണിയുടെ അവസാന നാളുകളും മദ്യപാനം തകര്‍ത്ത  ജീവിതവും പ്രേക്ഷകര്‍ക്ക് മുന്നില്‍ അതേപടി വിനയന്‍ അവതരിപ്പിക്കുന്നു. സിനിമയില്‍ മണിയോടൊപ്പം അഭിനിയിക്കില്ലെന്ന് പറഞ്ഞ ആ പ്രമുഖ നടിയുടെ റോളിലെത്തുന്നത് ഹണി റോസാണ്. തന്റെ വേഷം വളരെ ബോള്‍ഡായി ചെയ്താണ് ഹണി കഥാപാത്രത്തെ ശ്രദ്ദേയമാക്കായിത്. ചിത്രത്തിന്റെ ഒരോ ഷോട്ടുകളും ഒന്നില്‍ നിന്ന് വ്യത്യസ്തമായവയാണ്. വിരക്തമായ വലിച്ച് നീട്ടലില്ലാതെ എന്താണോ മണി അത് അതേപടി പകര്‍ത്തുക മാത്രമാണ് ചിത്രം ചെയ്തത്. കോമഡി കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന സെന്തിലിന്റെ അഭിനയ മൂല്യം കൂടി വിനയന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിച്ചു.


താരാധിപത്യംവും മലയാള സിനിമയിലെ ചേരി തിരിവുകളും വിനയനെന്ന സംവിധായകന്‍ പറയാതെ പറയുന്നു. ധര്‍മ്മജന്‍, വിഷ്ണു എന്നിവരുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. സൗഹൃദം ഒരു മനുഷ്യന് എത്രത്തോളം ബലവും ബലഹീനതയുമാണെന്ന് മണിയുടെ ജീവിതം വ്യക്തമാക്കുന്നു. മണിയുടെ ആ ഉറ്റ തോഴന്മാരായി അരങ്ങിലെത്തുന്നത് ധര്‍മ്മജനും, വിഷ്ണുവുമാണ്.
സുധീര്‍ കരമന വിനയന്റെ ആത്മാംശമുള്ള സംവിധായകവേഷത്തില്‍ തിളങ്ങുന്നു. ചിത്രത്തില്‍ കോട്ടയം നസീറിന്റെ സംവിധായകന്റെ വേഷവും ജോജു മാളയുടെ സൂപ്പര്‍ സ്റ്റാര്‍ വേഷവും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. രമേഷ് പിഷാരടിയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വേഷവും കൊച്ചുപ്രേമന്റെ ക്യാമറാമനായുള്ള വേഷവും രസകരമായി തോന്നി. ജോയ് മാത്യു, സലിം കുമാര്‍, ഹണി റോസ്, കൃഷ്ണ തുടങ്ങിയവരും അവരുടെ കഥാപാത്രങ്ങള്‍ ഭംഗിയായി തന്നെ ചെയ്തു.


ചിത്രത്തിന്റെ ക്യാമറവര്‍ക്ക് മാത്രമാണ് അല്‍പ്പം കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയത്. എഡിറ്റിങ്ങും പശ്ചാത്തല സംഗീതവും ഒക്കെ ചിത്രത്തിന്റെ കഥ പറിച്ചിലുമായി ചേര്‍ന്നു തന്നെ നില്‍ക്കുന്നു. ഗാനങ്ങള്‍ ചിത്രത്തിന് മാറ്റ് കൂടുന്നുണ്ട്. ചുരുള്‍ അഴിയാത്ത കലാഭവന്‍ മണിയുടെ മരണത്തിന്റെ കാരണം സംവിധായകന്‍ വ്യക്തമാക്കുന്നു ഈ ചിത്രത്തിലൂടെ. കലാഭവന്‍ മണിയെന്ന പച്ചയായ മനുഷ്യനെ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.

chalakkudikkaran changathy review

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES