ബസുകളുടെ നടുറോട്ടിലെ മത്സര പാച്ചിലിനെ കുറിച്ചും അതുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ചുമൊക്കെ നാം എന്നും വാര്‍ത്തകള്‍ കേള്‍ക്കാറുള്ളതാണ്. അടുത്തിടെ നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ് ബസുകളുടെ മത്സരയോട്ടം മൂലം തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍ ഉണ്ടായ അനുഭവമാണ് മാധവ് സുരേഷ് പങ്കുവച്ചത്. ഇപ്പോഴിതാ സമാനമായ ഒരു അനുഭവം പങ്കുവച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയരായ അപ്‌സരയും റെസ്മിന്‍ ഭായിയും. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അശ്രദ്ധമായി വാഹനം ഓടിച്ചത് മൂലം വന്‍ അപകടത്തിന് വക്കില്‍ എത്തിയെങ്കിലും തലനാരിഴയ്ക്ക് തങ്ങള്‍ രക്ഷപ്പെട്ടെന്നാണ് ഇരുവരും വീഡിയോയില്‍ പറയുന്നത്.
കൂടാതെ ചോദിയ്ക്കാന്‍ ചെന്നപ്പോള്‍ വീണ്ടും തങ്ങളോട് മോശമായി പെരുമാറിയെന്നും മനപൂര്‍വം വണ്ടി അപകടകരമായ രീതിയില്‍ ഓടിച്ചെന്നും അവര്‍ പറയുന്നു. അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നുള്ള വീഡിയോ ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടാണ് ഇവര്‍ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. കെഎസ്ആര്‍ടിസിയ്ക്ക് ഔദ്യോഗികമായി പരാതി നല്‍കിയെന്നും എങ്കിലും അത് എവിടെ വരെ എത്തുമെന്ന് അറിയില്ലെന്നും ഇവര്‍ പറയുന്നു.
മനുഷ്യനെന്ന പരിഗണന പോലും ഡ്രൈവര്‍ തങ്ങള്‍ക്ക് നല്‍കിയില്ലെന്നാണ് റെസ്മിന്‍ വീഡിയോയിലൂടെ ആരോപിക്കുന്നത്. എന്താണ് പ്രശ്‌നം എന്ന് ചോദിയ്ക്കാന്‍ ചെന്നപ്പോള്‍ പെട്ടെന്ന് ഡ്രൈവര്‍ തങ്ങളുടെ നേരെയുള്ള വശത്തേക്ക് എടുത്തുവെന്നും താന്‍ പെട്ടെന്ന് മാറിയില്ലായിരുന്നു എങ്കില്‍ കാലിലൂടെ ബസ് കയറുമായിരുന്നു എന്നും ഇവര്‍ ആരോപിക്കുന്നു.
ഞങ്ങള്‍ ഇപ്പോള്‍ ഉള്ളത് അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ആണ്. വളരെ മോശമായിട്ടുള്ള ഒരു അനുഭവം ഇന്ന് യാത്ര ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഞങ്ങള്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. റൈറ്റ് സൈഡ് ചേര്‍ന്നാണ് ഞങ്ങള്‍ പോയിരുന്നത്. ലെഫ്റ്റ് സൈഡില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ഒരു സിഗ്നല്‍ പോലും തരാതെയാണ് റൈറ്റിലേക്ക് എടുത്തത്; റെസ്മിന്‍ വീഡിയോയില്‍ പറയുന്നു.
ആ ബസ് ആക്‌സിഡന്റ് ആവേണ്ടതായിരുന്നു. ഞങ്ങള്‍ പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോള്‍ തലയും കൈയും കാലുമൊക്കെ ചെന്നിടിച്ചു. പിന്നെ ഞങ്ങള്‍ അവിടെ നിന്ന് നേരെ കാറും എടുത്ത് കെസ്ആര്‍ടിസിസി അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ ഓവര്‍ടേക്ക് ചെയ്ത് ബസിന്റെ മുന്‍പില്‍ നിര്‍ത്തി. ഞാന്‍ കാറില്‍ നിന്ന് ഇറങ്ങി നേരെ ചെന്ന് അയാളോട് ചോദിച്ചു എന്താ ഉദ്ദേശിച്ചതെന്ന്.
അപ്പോള്‍ അയാള്‍ ഒരു മറുപടിയും പറയാതെ ഞാന്‍ നില്‍ക്കുന്ന സൈഡിലേക്ക് ചേര്‍ത്ത് എടുത്തുകൊണ്ട് ബസും കൊണ്ട് പോയി. എന്റെ ദേഹത്ത് ശരിക്കും കാര്‍ കയറി ഇറങ്ങിയേനെ. ചെറിയ വ്യത്യാസത്തിലാണ് അങ്ങനെ സംഭവിക്കാതിരുന്നത്. അവിടെ നിന്ന് ഞങ്ങള്‍ നേരെ അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് പോയി അവിടെ പരാതി കൊടുത്തു.
അവിടെ ആ ബസ് എത്തിയപ്പോള്‍ വീണ്ടും ചോദിയ്ക്കാന്‍ ചെന്നതോടെ ആ ഡ്രൈവര്‍ ഞങ്ങളുടെ സൈഡ് ചേര്‍ത്ത് അപകടകരമായ രീതിയില്‍ ഒന്നും മിണ്ടാതെ വണ്ടിയും എടുത്തുപോവുകയാണ് ചെയ്തത്. ചെസ്റ്റില്‍ ഇടിക്കാന്‍ പോയിരുന്നു. അവിടെ നിന്ന് ഒരക്ഷരം പറയാതെ കൈകൊണ്ട് എന്തൊക്കെയോ ആക്ഷന്‍ കാണിക്കുകയായിരുന്നു അയാള്‍. പരാതിയില്‍ നടപടി എന്താവുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല, എവിടെ എത്തുമെന്നും.
അതുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്. സംഭവം കണ്ടുനിന്ന അവിടെ കൂടിയ കൊറേ ചേട്ടന്മാര്‍ ഓടിവന്നു ബസ് നിര്‍ത്താന്‍ പറഞ്ഞെങ്കിലും അയാള്‍ കൂട്ടാക്കിയില്ല. പിന്നെ കൂടി നിന്ന ആളുകള്‍ വരെ സ്റ്റേഷന്‍ മാസ്റ്ററോട് അതിനെ പറ്റി പരാതി പറയുകയും ഞങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് ചെയ്തത്. ആ ബസില്‍ ഒരുപാട് യാത്രക്കാരും ഉണ്ടായിരുന്നു; വീഡിയോയിലൂടെ ഇരുവരും പറഞ്ഞു.