അനുഗ്രഹീത കലാകാരന്‍ മണ്‍മറഞ്ഞിട്ട് 26 വര്‍ഷം തികയുകയാണ്. വിട പറഞ്ഞ് വര്‍ഷമിത്രയായിട്ടും ഭരതന്‍ ചിത്രങ്ങള്‍ക്ക് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. പത്മരാജന്റെ മകന്‍ അനന്ത പത്മനാഭന്‍ ഭരതനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ഓര്‍മ്മ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
ഭരതന്മാമന്റെ ചിത്രങ്ങളില്‍ അനിമല്‍ ലൈഫ് പീലി വീശി നിന്നു. ചിത്രങ്ങള്‍, വര്‍ണ്ണങ്ങള്‍, സംഗീതം, കവിത, താളം, ഗാനരചന ഇങ്ങനെ ഒരാള്‍ വേറെ ഉണ്ടായിട്ടില്ല നമ്മുടെ സിനിമയില്‍ എന്നാണ് അനന്ത പത്മനാഭന്‍ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
പയാണത്തിലെ പശുക്കുട്ടി, ഗുരുവായൂര്‍ കേശവനിലെ ആന, രതിനിര്‍വ്വേദത്തിലെ പാമ്പ്, ആരവത്തിലെ സര്‍ക്കസ്സ് മൃഗങ്ങള്‍, തകരയിലെ വിത്തുകാള, ചാട്ടയിലെ കാലിക്കൂട്ടങ്ങള്‍, നിദ്രയിലെയും, മിന്നാമിനുങ്ങിന്റെ മിനുങ്ങുവട്ടത്തിലെയും ലൗ ബേഡ്‌സ്, ലോറിയിലെ തെരുവ് സര്‍ക്കസ്സ് കുരങ്ങന്‍, സന്ധ്യ മയങ്ങും നേരത്തിലെയും, കാറ്റത്തെ കിളിക്കൂടിലെയും വളര്‍ത്തുനായ്ക്കള്‍, അമരത്തിലെ കൊമ്പന്‍ സ്രാവ്, ഇത്തിരിപൂവേ ചുവന്ന പൂവേ യിലെ വേട്ടനായ്ക്കള്‍, ഓര്‍മ്മയ്ക്കായിലെ കടപ്പുറത്ത് വെറുതെ അലയുന്ന കുതിര, താഴ്വാരത്തിലെയും വൈശാലിയിലെയും മൃതി നോറ്റ കഴുകന്മാര്‍, ചുരത്തിലെ വനജന്തുജാലം....
ഭരതന്മാമന്റെ ചിത്രങ്ങളില്‍ അനിമല്‍ ലൈഫ് പീലി വീശി നിന്നു. ചിത്രകാരന്‍ ഒരൊറ്റ ബ്രഷ് സ്‌റ്റ്രോക്കില്‍ വിഹായസ്സില്‍ പക്ഷിക്കൂട്ടങ്ങളെ പറത്തിവിടും പോലെ ആ ചലച്ചിത്ര ഭൂമികയില്‍ അവ യഥേഷ്ടം മേഞ്ഞു , പാറി നടന്നു..
മരിക്കുന്നതിന് ഒന്ന് രണ്ട് മാസം മുമ്പ് എനിക്കൊരു ഫോണ്‍ വന്നു. ഏതോ ലഹരിയുടെ ശൈലശൃംഗത്തില്‍ ചവിട്ടി നിന്ന ശബ്ദം, 'പപ്പന്‍സ്, ( ആ വിളി തുടങ്ങി വെച്ചത് ഭരതന്മാമന്‍ അല്ലേ. പിന്നെ അല്ലേ അച്ഛന്‍ ഏറ്റെടുത്തത്. അതെ!) തകര നമുക്ക് ഹിന്ദിയില്‍ കാച്ചണം. അതിലെ വിത്തുകാളയെ നമുക്ക് കുതിരയാക്കാം! എന്താ അതിന്റെ ഒരു അനട്ടമിക്ക് ഗ്രേസ് ! '
എന്തിന് തകര
'മഞ്ഞുകാലം നോറ്റ കുതിര എന്നൊരു നോവല്‍ തന്നെ അച്ഛന്റെ ഉണ്ടല്ലൊ. ഗസലുകളുടെ പട്ടുനൂലിഴ കോര്‍ത്ത് ഭരതന്മാമന് അതൊരു കാവ്യചിത്രമാക്കാം.
അതൊന്നും അവിടെ കേള്‍ക്കുന്നില്ല. പിന്നെയും ശബ്ദം,
തകര ഒരു ഷുവര്‍ ഫോര്‍മുലയാ. എപ്പോ എവിടെ കൊണ്ടിട്ടാലും അത് പടരും. കുതിര, കുതിരയൊരസ്സല് അനിമലാ.... സോ ഗ്രേസ്ഫുള്‍... ', ഏതോ സ്വപ്നത്തിലേക്ക് ആഴ്ന്നാഴ്ന്ന് പോകുന്ന വാക്കുകള്‍..
അതായിരുന്നു അവസാനത്തെ വിളി.
ലോറി' കണ്ടിറങ്ങി വന്ന അച്ഛന്‍ അമ്മയോട് അത്യധികം ആരാധനയോടെ പറയുന്നത് കേട്ടു,
കഥ പറയാനുള്ള ഒരു എക്‌സ്‌പെര്‍ട്ടൈസ് കൂടി ഉണ്ടായിരുന്നെങ്കില്‍ ഭരതനെ പിടിച്ചാ കിട്ടില്ലായിരുന്നു '
ചിത്രങ്ങള്‍, വര്‍ണ്ണങ്ങള്‍, സംഗീതം, കവിത,താളം, ഗാനരചന..ഇങ്ങനെ ഒരാള്‍ വേറെ ഉണ്ടായിട്ടില്ല നമ്മുടെ സിനിമയില്‍.
ഇന്ന് ഭരതന്മാമന്‍ പിരിഞ്ഞിട്ട് ഇരുപത്തിയാറ് വര്‍ഷം.മലയാള സിനിമയുടെ സമ്പൂര്‍ണ്ണ കേശാദിപാദം കലാകാരനെ നമസ്‌ക്കരിക്കുന്നു ????(ചിത്രത്തില്‍ താടിക്കാലത്തിന് മുമ്പ് ഉള്ള ഭരതന്‍. 'പ്രയാണ'ത്തിന്റെ രചനാകാലം . സ്റ്റില്‍സ്: എന്‍.എല്‍. ബാലകൃഷ്ണന്‍)