ഒരു കാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന ഒരു പ്രമുഖ നടി ഇന്ന് സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ടിലാണെന്നും, ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ സിനിമകളില്‍ അവസരം തേടി നടക്കുകയാണെന്നും ഗാനരചയിതാവ് അജീഷ് ദാസന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. അതേസമയം അജീഷ് ദാസന്‍ ഉദ്ദേശിച്ച് നായിക ഉണ്ണിമേരി അല്ലേയെന്നും കമന്റുകളില്‍ ചോദ്യം ഉയരുന്നുണ്ട്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കുറച്ചു നാള്‍ മുന്‍പ് ഒരു സിനിമയ്ക്ക് വേണ്ടി പാട്ടെഴുതാന്‍ എറണാകുളത്തെ വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ ഞാന്‍ പോയി.. രണ്ടു ദിവസമായി അവിടെ തന്നെയാണ് ഊണും ഉറക്കവും.. പാട്ട് മാത്രം എഴുതുന്നില്ല.. എനിക്ക് നല്ല ടെന്‍ഷനും ഉണ്ട്.. എഴുതിയില്ലെങ്കില്‍ എന്റെ കുത്തിനു പിടിച്ചു പൈസ മേടിക്കുമോ എന്ന് പേടിയും ഉണ്ട്.. അങ്ങനെ ഇരിക്കുമ്പോള്‍ ഡയറക്ടറുടെ മുറിയിലേക്ക് ഒരു മധ്യവയസ്‌കയായ സ്ത്രീ വരുന്നത് കണ്ടു..
അവര്‍ തമ്മില്‍ എന്തോ സംസാരിക്കുന്നുണ്ട്.. എനിക്ക് എന്തു കാര്യം എന്ന് കരുതി ഞാന്‍ തല കുമ്പിട്ടിരുന്ന് എഴുത്ത് തുടര്‍ന്നു.. ആ സ്ത്രീ പോയതിനു ശേഷം ഡയറക്ടര്‍ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു..'നമ്മുടെ ഈ സിനിമയില്‍ ഒരു ചാന്‍സ് കിട്ടുമോ എന്ന് ചോദിച്ചു വന്നതാണ്.. അവര്‍ക്കു വേണ്ടിയല്ല.. അവര്‍ ഒരു ആയ ആണ്.. താഴെ കാറില്‍ ഒരു വലിയ നടി ഇരിപ്പുണ്ട്.. ' ആരാണ് ചേട്ടാ ആ നടി? എനിക്ക് അത് അറിയാന്‍ ഒരു ആഗ്രഹം.. ഡയറക്ടര്‍ ആ നടിയുടെ പേര് പറഞ്ഞു.. ഞാന്‍ ഞെട്ടിപ്പോയി.. ഒരു കാലത്ത്, മലയാള സിനിമയുടെ ഏറ്റവും വലിയ സൗഭാഗ്യമെന്നോ, സൗന്ദര്യമെന്നോ ഒക്കെ ലോകം വാഴ്ത്തിയ നടി.. നിഷ്‌കളങ്കമായ ആ ചിരിയില്‍ വീണുപോവാത്തവരായി ആരുമുണ്ടാവില്ല... ഇന്ന് അവര്‍ ഒരു നേരം നല്ല ഭക്ഷണത്തിനു പോലും വക ഇല്ലാതെ ചാന്‍സ് ചോദിച്ചു നടക്കുന്നു....എന്തൊരു ലോകമാണ് ഇത്... ദൈവമേ...ഞാന്‍ പേന മടക്കി.. എന്ത് എഴുതാന്‍... കഴിഞ്ഞ ദിവസം ലാലേട്ടന്‍, ഇന്ത്യയിലെ പരമോന്നത സിനിമാ ബഹുമതി സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിന്റെ അവസാനം രണ്ടു വരികള്‍ TV യില്‍ കണ്ടപ്പോള്‍, കേട്ടപ്പോള്‍ എനിക്ക് ആ നടിയെ ഓര്‍മ്മ വന്നു..
'ചിതയിലാഴ്ന്നുപോയതുമല്ലോ ചിര മനോഹരമായപൂവിത്...' ഒരു കാലത്ത് മോഹന്‍ലാലിന്റെ ഉള്‍പ്പെടെ നായികയായിരുന്ന ആ വലിയ താരം ഒരുപക്ഷേ, ഞാന്‍ ഈ കുറിപ്പ് എഴുതുന്ന നിമിഷവും ഒരു പുതിയ സിനിമയില്‍ ചാന്‍സ് ചോദിച്ചു ഏതെങ്കിലും ഒരിടത്ത് കാത്തു നില്‍ക്കുന്നുണ്ടാവാം.. ഇന്ന് ഞാന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.. നടന്‍ മോഹന്‍ലാലിന്റെ നായികയായിരുന്ന താരം പോലും ഇന്ന് അവസരങ്ങള്‍ക്കായി കാത്തുനില്‍ക്കേണ്ടി വരുന്നു എന്നുള്ളത് ഏറെ സങ്കടകരമായ കാര്യമാണ്.
സംഭവം പുറത്തുവന്നതോടെ, അജീഷ് ദാസന്‍ പറഞ്ഞ ആ നടി ആരാണെന്ന് കണ്ടെത്താനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. സിനിമയില്‍ സജീവമായിരുന്ന ഉണ്ണി മേരിയുടെ പേരും ചിലര്‍ കമന്റുകളായി പങ്കുവെക്കുന്നുണ്ട്.