നടി ശിവദയ്ക്ക് പെണ്‍കുഞ്ഞു പിറന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം മകള്‍ ജനിച്ച വിവരം ആരാധകരുമായി പങ്കുവച്ചത്. കുറച്ച് മാസങ്ങളായി ശിവദ സിനിമയില്‍ നിന്നും അകന്നു നിൽക്കുകയായിരുന്നു. അതിന്റെ കാരണം കൂടി വ്യക്തമാക്കിയാണ് കുഞ്ഞിന്റെ വാർത്ത പങ്കുവച്ചത്.
‘ഇത്രയും നാൾ ഞാൻ എവിടെയായിരുന്നു എന്നു ചോദിച്ചുകൊണ്ടിരുന്ന എല്ലാ സുഹൃത്തുക്കൾക്കുമായി. ഇതാ ആ വാർത്ത. ജൂലൈ 20ന് ഞങ്ങൾക്കൊരു കുഞ്ഞു രാജകുമാരി അതിഥിയായി എത്തിയിരിക്കുന്നു. അരുന്ധതി എന്നാണ് അവളുടെ പേര്.’–ശിവദ കുറിച്ചു. ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവയ്ക്കാന്‍ തിരുവോണദിനം വരെ കാത്തിരിക്കുകയായിരുന്നു താരം.
മഴ എന്ന ആല്‍ബത്തിലൂടെയാണ് ശിവദ അഭിനയത്തില്‍ അരങ്ങേറ്റം ഉറപ്പിക്കുന്നത്. പിന്നീട് കേരള കഫേ എന്ന ചിത്രത്തില്‍ശ്രദ്ധേയ വേഷവും ചെയ്തു. പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗദര്‍ എന്ന ചിത്രത്തില്‍ നായികയായെത്തി. തമിഴിലും മലയാളത്തിലുമായി ശിവദ പത്തോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ സു സുധി വാത്മീകമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ് അവസാനം വേഷമിട്ട മലയാള ചിത്രം. തമിഴില്‍ മൂന്ന് സിനിമകള്‍ അണിയറയിലാണ്.
നടൻ മുരളി കൃഷ്ണനാണ് ശിവദയുടെ ഭര്‍ത്താവ്. വിനയന്‍ ചിത്രമായ രഘുവിന്റെ സ്വന്തം റസിയ, ദുൽഖർ ചിത്രം സെക്കൻഡ് ഷോ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനാണ് മുരളി. 2015 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം.