ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും മകള്‍ സുഹാന ഖാനും വെള്ളിത്തിരയില്‍ ഒരുമിക്കുന്നു. കഹാനിയുടെ സംവിധായകന്‍ സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലാണ് അച്ഛനും മകളും ഒരുമിക്കുന്നത്. അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കും.
റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാരൂഖ് ഖാനും സിദ്ധാര്‍ത്ഥ് ആനന്ദും ചേര്‍ന്നാണ് നിര്‍മ്മാണം. ഷാരൂഖ് ഖാന്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ പത്താന്‍ സിനിമയുടെ സംവിധായകനാണ് സിദ്ധാര്‍ത്ഥ് ആനന്ദ്. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സുഹാന ഖാന്റെ രണ്ടാമത്തെ ചിത്രമാണിത്. സോയ അക്തര്‍ സംവിധാനം ചെയ്ത ദ് ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെയാണ് സുഹാന ഖാന്‍ അരങ്ങേറ്റം കുറിച്ചത്.
സുഹാനയോടൊപ്പം ബോണി കപൂര്‍ - ശ്രീദേവി ദമ്പതികളുടെ മകള്‍ ഖുഷി കപൂറും അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചനും നന്ദയുടെ മകന്‍ അഗസ്ത്യ നന്ദയും പ്രധാന വേഷങ്ങളില്‍ എത്തിയ ദ ആര്‍ച്ചീസ് നെറ്റ് ഫ്‌ളിക്‌സിലൂടെയാണ് സ്ട്രീം ചെയ്തത്. ചിത്രത്തില്‍ ബെറ്റി എന്ന കഥാപാത്രത്തെയാണ് സുഹാന അവതരിപ്പിച്ചത്. ആര്‍ച്ചി എന്ന ലോക പ്രശസ്തമായ കോമിക് ബുക്കിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. അതേസമയം കിംഗ് ഖാനും മകളും ഒരുമിക്കുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.സുഹാനയുടെ ചിത്രം തിയേറ്ററിലേക്ക് എത്തുന്നു എന്നതാണ് മറ്രൊരു പ്രത്യേകത.ബോളിവുഡിലെ അടുത്ത താരറാണി എന്ന് ജാന്‍വി കപൂറിനെ പോലെ സുഹാനയെയും വിശേഷിപ്പിക്കുന്നവര്‍ ഏറെയാണ്.