അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് ഗായിക സയനോര ഫിലിപ് രംഗത്ത്. അവയവ ദാതാക്കളുടെ എണ്ണം രാജ്യത്ത് വളരെ കുറവും ആവശ്യക്കാരുടെ എണ്ണം കൂടുതലുമാണെന്നു സ്വന്തം അവയവങ്ങള്‍ ദാനം ചെയ്യാൻ തീരുമാനിച്ചതായും താരം തുറന്ന് പറയുന്നു.
സയനോരയുടെ വാക്കുകളിലൂടെ
‘രാജ്യത്ത് അവയവം ദാനം ചെയ്യുന്നവരുടെ എണ്ണവും ആവശ്യക്കാരുടെ എണ്ണവും തമ്മിൽ വളരെ വലിയ അന്തരമുണ്ട്. ദാതാക്കളുടെ എണ്ണം വർധിപ്പിക്കേണ്ടത് വളരെ അനിവാര്യമാണ്. അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പൊതുസമൂഹത്തിന് വ്യക്തമായ അവബോധം നൽകേണ്ടിയിരിക്കുന്നു. അവയവ ദാനത്തിനു തയ്യാറായി മുന്നോട്ടു വരുന്നവരെയും അതിനു നേതൃത്വം നൽകുന്നവരെയും പിന്തുണയ്ക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്നു. എന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ഞാൻ തീരുമാനിച്ചു. നിങ്ങളോ?’.
ഡോക്ടേഴ്സ് ദിനമായി ആചരിക്കപ്പെടുന്ന ഇന്നാണ് അവയവ ദാനത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് സയനോര ഹ്രസ്വ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത്. സ്വന്തം അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധതയറിയിച്ച സയനോരയെ നിരവധി പേരാണു പ്രശംസിച്ചത്.