ജനപ്രിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ അപ്പാനി ശരത്ത് പ്രേക്ഷകരെ ഞെട്ടിക്കാന്‍ സ്വന്തം വെബ്സീരീയുമായെത്തുന്നു. താരത്തിന് പിന്തുണയുമായി ജീവിതപങ്കാളി രേഷ്മയും. അപ്പാനി ശരത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ്സീരീസ് 'മോണിക്ക' ഉടനെ പ്രേക്ഷകരിലേക്കെത്തുന്നു. കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന മോണിക്കയില്‍ അപ്പാനി ശരത്തും ഭാര്യ രേഷ്മ ശരത്തുമാണ് കേന്ദ്രകഥാപാത്രങ്ങള്‍.
താരദമ്പതികളുടെ കളിയും ചിരിയും നിറഞ്ഞ ഒട്ടേറെ കാഴ്ചാനുഭവങ്ങള്‍ നമുക്കുണ്ടെങ്കിലും അതില്‍നിന്നെല്ലാം ഏറെ കൗതുകവും തമാശയും നിറഞ്ഞതാണ് അപ്പാനി ഒരുക്കുന്ന 'മോണിക്ക'. ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇതിന്‍റെ കഥ സഞ്ചരിക്കുന്നത്. തമാശയാണ് മോണിക്കയുടെ കേന്ദ്രപ്രമേയമെന്ന് അപ്പാനി ശരത്ത് പറഞ്ഞു. ഗൗരവമേറിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെങ്കിലും വളരെ തമാശയോടെ എല്ലാവരെയും രസിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ശരത്ത് ചൂണ്ടിക്കാട്ടി.
കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് തന്നെയായിരുന്നു 'മോണിക്ക'യുടെ ചിത്രീകരണം. എല്ലാത്തിനും ഭാര്യ രേഷ്മ കൂടെനിന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് 'മോണിക്ക'യുടെ പിന്നില്‍. ഇതൊരു കൂട്ടായ്മയുടെയും സ്നേഹത്തിന്‍റെയും പങ്കുവെയ്ക്കലിന്‍റെയും വെബ്സീരീസാണ്.