ലൈംഗിക പീഡന ആരോപണങ്ങളില്‍ പോലീസ് അന്വേഷണം തുടരുന്നു. നടനും മുന്‍ അമ്മ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസില്‍ പരാതിക്കാരിയുമൊത്ത് തെളിവെടുപ്പ് നടത്തി പോലീസ്. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിലെത്തിയായിരുന്നു തെളിവെടുപ്പ്.
സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുത്തു. 101-ഡി എന്ന മുറിയിലാണ് സിദ്ദിഖ് 2016 ജനുവരി 28-ന് താമസിച്ചിരുന്നതെന്ന് സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി.
കേസില്‍ പരാതിക്കാരി പറയുന്നതുപോലെ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു. പരാതിയില്‍ പറയുന്ന പ്രിവ്യു ഷോയ്ക്കും ഇരുവരുമുണ്ടായിരുന്നു. 2016-ലാണ് ഹോട്ടലില്‍ വെച്ച് തന്നെ പീഡിപ്പിച്ചത് എന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുവനടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തുവന്നത്. നടന് സിദ്ദിഖില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികാതിക്രമം നേരിട്ടെന്നും തന്റെ പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.
അതേസമയം സംവിധായകന് രഞ്ജിത്തിനെതിരെ ബംഗാളി നടി നല്കിയ ലൈംഗികാതിക്രമ പരാതിയിലും പോലീസ് തെളിവെടുത്തു. സംഭവദിവസം നടി താമസിച്ച എറണാകുളം കതൃക്കടവിലെ ഹോട്ടലിലാണ് തെളിവെടുപ്പ്. നടിയുടെ സുഹൃത്തും ഡോക്യുമെന്ററി സംവിധായകനുമായ കേസിലെ പ്രധാന സാക്ഷി ജോഷി ജോസഫിനെയും എത്തിച്ചാണ് തെളിവെടുപ്പ് നടന്നത്.
നേരത്തെ, കേസില്‍ ജോഷി ജോസഫിന്റെ സാക്ഷിമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. തുടര്‍ന്ന് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
2009 -ല്‍ 'പാലേരി മാണിക്യം' എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി വെളിപ്പെടുത്തി. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായത്. സംവിധായകന്റെ ഉദ്ദേശം സിനിമയെ സംബന്ധിക്കുന്ന ചര്‍ച്ചയല്ലെന്ന് മനസിലാക്കിയ താന്‍ ഫ്ളാറ്റില്‍നിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നുവെന്നും നടിയുടെ പരാതിയില്‍ പറഞ്ഞിരുന്നു.
നേരിട്ട മോശം അനുഭവം ഉടനെതന്നെ ജോഷി ജോസഫിനെ നടി അറിയിച്ചു. നടിയുടെ അവസ്ഥ മനസിലാക്കിയ ജോഷി ജോസഫ് അവരെ തമ്മനത്തുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
താരസംഘടനയായ 'അമ്മ'യുടെ ഓഫിസിലും വീണ്ടും പൊലീസിന്റെ പരിശോധന നടന്നു. പത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഓഫീസിലെത്തി പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കാനായിരുന്നു പരിശോധനയെന്ന് പൊലീസ് പറയുന്നു. ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘമാണ് എത്തിയത്.
സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടും ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള രേഖകളില്‍ വ്യക്തത വരുത്താനായിരുന്നു പരിശോധന. ഇത് രണ്ടാം തവണയാണ് അന്വേഷണസംഘം അമ്മ ഓഫീസില്‍ പരിശോധന നടത്തുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ സിനിമ പീഡനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഓഫിസിലെത്തി പരിശോധന നടത്തിയത്.
സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടും ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള രേഖകളില്‍ വ്യക്തത വരുത്താനായിരുന്നു പരിശോധന. ഇത് രണ്ടാം തവണയാണ് അന്വേഷണ സംഘം 'അമ്മ' ഓഫിസില്‍ പരിശോധന നടത്തുന്നത്. ആലുവ സ്വദേശിയായ നടിയുടെ മൊഴി പ്രകാരമാണ് എറണാകുളം നോര്‍ത്ത് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്.
അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞു പീഡിപ്പിച്ചു എന്ന പരാതിയില്‍ നടന് ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പോലീസ് കേസ് എടുത്തിരുന്നു. ആലുവ സ്വദേശി നടിയുടെ മൊഴി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 376 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. അതേ സമയം കൊച്ചിയിലെ നടി നല്കിയ ലൈംഗിക പീഡന പരാതിയില്‍ മുകേഷ് എംഎല്‍എക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അമ്മയില്‍ അംഗത്വവും ചാന്‍സും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്.
മുകേഷിന്റെ വീട്ടിൽ തെളിവെടുപ്പ് നടത്തി. കൊച്ചി മരടിലെ വീട്ടിലാണ് തെളിവെടുപ്പ് നടന്നത്. മുകേഷിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച നടിയെ വീട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. നേരത്തെ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും വീടിന്റെ താക്കോൽ മുകേഷ് കൈമാറിയിരുന്നില്ല. ഇതോടെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം .വീട്ടിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ മടങ്ങിയിരുന്നു. പരാതിക്കാരിയെ പീഡനം നടന്നുവെന്ന് കരുതുന്ന മുകേഷിന്റെ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മരടിലെ ഫ്ലാറ്റിൽ പരാതിക്കാരിയുമായി എത്തിയ പ്രത്യേക അന്വേഷണ സംഘം വിശദമായ തെളിവെടുപ്പാണ് നടത്തി.
ഐപിസി 354 പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. നാടകമേ ഉലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മുകേഷ് തന്നോട് ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു നടിയുടെ പരാതി.