തല്ലുമാല, അയല്‍വാശി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'തുണ്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബിജു മേനോന് ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്
നവാഗതനായ റിയാസ് ഷെരീഫ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആഷിഖ് ഉസ്മാനും ജിംഷി ഖാലിദും ചേര്‍ന്നാണ് നിര്‍മ്മാണം. സംവിധായകന് റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പന് കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും.ഛായാഗ്രഹണം ജിംഷി ഖാലിദ് .വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം.പ്രൊഡക്ഷന്‍ കണ്ട്രോളര് സുധര്‍മ്മന്‍ വള്ളിക്കുന്ന്.
അതേസമയം ബിജുമേനോന് ഇന്ന് ഗരുഡന് സിനിമയില്‍ ജോയിന്‍ ചെയ്യും. 13 വര്‍ഷത്തിനുശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒരുമിക്കുന്ന ചിത്രമാണ്. 2010 ല്‍ രാമരാവണന്‍ എന്ന ചിത്രത്തിലാണ് അവസാനം ഇരുവരും ഒരുമിച്ചത്. നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഗരുഡന്റെ രണ്ടാംഘട്ട ചിത്രീകരണവും കൊച്ചിയില്‍ ആണ്. സുരേഷ് ഗോപിയും ബിജു മേനോനും ചേര്‍ന്നുള്ള കോമ്പിനേഷന്‍ സീനുകള്‍ വരും ദിവസങ്ങളില്‍ ചിത്രീകരിക്കും.
സുരേഷ് ഗോപിയുടെ രംഗങ്ങള്‍ നേരത്തെ ചിത്രീകരിച്ചിരുന്നു. ഹൈദരാബാദിലും ഗരുഡന്റെ ചിത്രീകരണമുണ്ട്. അഭിരാമിയും ദിവ്യ പിള്ളയുമാണ് നായികമാര്‍. ഒരുമാസത്തെ ചിത്രീകരണം ഇനി അവശേഷിക്കുന്നുണ്ട്. ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന് മിഥുന് മാനുവല്‍ തോമസ് രചന നിര്‍വഹിക്കുന്നു. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ മികച്ച സ്വീകാര്യത നേടിയിരുന്നു.